Tuesday 08 March 2022 04:34 PM IST

‘നിന്റെ അമ്മയെ ഇറക്കി വിടെടാ...’: അന്ന് കടക്കാർ വീടുവളഞ്ഞു; ഇന്ന് അശ്വതി ഹോട്ട് ചിപ്സിന്റെ അമരക്കാരി

Tency Jacob

Sub Editor

ilavarasi-cover ഫോട്ടോ ശ്രീകാന്ത് കളരിക്കൽ

നാലു പതിറ്റാണ്ട് മുൻപ് തമിഴ്നാട്ടിൽ ഏഴുവർഷം നീണ്ട, കടുത്ത വേനൽക്കാലമുണ്ടായിരുന്നു. മൺകട്ടകൾ വിണ്ടുകീറി,പക്ഷികൾ പറക്കാൻ പോലും മടിച്ചൊരു കാലം.അക്കാലത്ത് ജീവിക്കാൻ മാർഗം തേടി മധുരൈയിലെ ഉസലംപെട്ടിയിൽ നിന്ന് ഒരു കൂട്ടം ആളുകൾ കേരളത്തിലേക്കു വന്നു.

ചോളവും മുല്ലപ്പൂവും വിളയിക്കാൻ കൃഷിഭൂമികൾ കിട്ടിയില്ല അവർക്ക്. അതുകൊണ്ട് വീട്ടുകാരികൾ അടുക്കളയിൽ മൊരിയിച്ചെടുത്ത അരിമുറുക്കും കൊക്കുവടയും പനമ്പുകൊട്ടയിൽ നിറച്ച്, പുരുഷന്മാർ തലച്ചുമടായി വീടുകൾ തോറും കയറിയിറങ്ങി വിറ്റു. കിട്ടുന്ന ചെറിയ കാശുകൊണ്ടു ജീവിതം കെട്ടിപ്പടുത്തു. അവർക്കിവിടെ തലമുറകളും വേരുകളുമായി. അതിലൊരു പൊടിപ്പ് ഇന്ന് ലോകമറിയുന്ന രുചിയുടെ രാജകുമാരിയാണ്.

‘‘എന്റെ ജീവിതത്തിലും വേനൽക്കാലങ്ങൾ ചുട്ടുപഴുത്തിട്ടുണ്ട്. ഒരു പുൽത്തലപ്പു പോലും മുളച്ചു പൊന്തുമെന്നു നിനയ്ക്കാത്ത തരത്തിൽ കൊടിയേറിയ വരൾച്ചാകാലം. ‘ഉന്നാലെ മുടിയാത് ഏതുമേയില്ലൈ, മുരട്ച്ചി മട്ടും താൻ മുഖ്യം.’ കുളന്തയായിരിക്കുമ്പോഴേ അ ച്ഛൻ പെരിയ കറുപ്പ തേവർ എന്റെയുള്ളിൽ നിറച്ചു തന്ന ‘പരിശ്രമം മാത്രം മതി’ എന്ന വാചകങ്ങളിൽ തൂങ്ങിയാണ് ഞാൻ എഴുന്നേറ്റു നിന്നത്.

അശ്വതി ഹോട്ട് ചിപ്സ് എന്ന ബ്രാൻഡ് ഉടമ ഇളവരശിയുടെ തൃശൂരിലെ അഞ്ചു കടകളിലായി പാചകം ചെയ്യുന്നത് 126 പലഹാരങ്ങളാണ്. ഓൺലൈൻ ബിസിനസ് കൂടാതെ ഇളവരശി പ്രൈവറ്റ് ലിമിറ്റഡ് എന്ന ബ്രാൻഡ് നാലു രാജ്യങ്ങളിലേക്കു കയറ്റുമതി നടത്തുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ മികച്ച സംരംഭകയ്ക്കുള്ള അവാ ർഡും ബ്രിട്ടനിലെ കിങ്സ് സർവകലാശാലയിൽ നിന്നു പാചകത്തിൽ ഡോക്ടറേറ്റും സ്വദേശത്തു നിന്നും വിദേശത്തു നിന്നുമായി നൂറിനടുത്തു പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഒരു വെയിലിലും വാടില്ലെന്നുറപ്പിൽ പുഞ്ചിരിയോടെയാണ് പേരിനുള്ളിൽ ‘രാജകുമാരി’ ഉള്ള ഇളവരശി ജീവിതം നേരിട്ടത്.

ഒന്നാം ക്ലാസ്സിലെ ബിസിനസ്കാരി

‘‘അന്നു തൃശൂർ അയ്യന്തോളിൽ ഞങ്ങൾ താമസിച്ചിരുന്ന വീടിനടുത്ത് ഒരു ചാരായഷാപ്പുണ്ടായിരുന്നു. കുടിക്കാൻ വരുന്നവർ ചൊടി കിട്ടാൻ കൊക്കുവടയുടെയും മിക്സറിന്റെയും ബാക്കിയാവുന്ന എരിവുപൊടി വാങ്ങാൻ വരും. ഒരു പൈസയാണ് പൊതിയുടെ വില. അതായിരുന്നു എന്റെ ആദ്യ കച്ചവടം.

അന്നു ഞാൻ ഒന്നാം ക്ലാസ്സിലാണ്. മൂത്ത സഹോദരങ്ങൾ പൊതി വിറ്റു കിട്ടുന്ന പണം കൊണ്ടു കൺമഷി യും ചാന്തും ബലൂണും വാങ്ങും. എനിക്കു കിട്ടുന്ന കാ ശ് വൈകുന്നേരം കച്ചവടം കഴിഞ്ഞു കിതച്ചെത്തുന്ന അ ച്ഛനെ ഏൽപിക്കും.’’ അച്ഛന്റെ മുഖത്തു സന്തോഷം പരക്കുന്നതു കണാൻ എനിക്കിഷ്ടമായിരുന്നു. ‘നീ താൻ എൻ തങ്കം. ഉനക്ക് നേരുതാൻ അഴക്.’ എന്നു പറഞ്ഞ് അച്ഛൻ അരുമയോടെ ചേർത്തു പിടിക്കും.’’

പെരിങ്ങാവിലെ ഓഫിസിലിരുന്ന് രുചിയിൽ കെട്ടിപ്പടുത്ത ജീവിതത്തെ ഇളവരശി തുറന്നുവച്ചു.

‘‘പെൺകുട്ടികൾക്ക് വിലയില്ലാത്തൊരു ഗ്രാമമായിരുന്നു ഉസലംപെട്ടി. കൂട്ടത്തിൽ സ്കൂളിൽ പോയി അഞ്ചാം ക്ലാസ് വരെ പഠിച്ചത് ഞാൻ മാത്രമാണ്. പെണ്ണാകാൻ ത യാറെടുക്കുന്ന പ്രായമാകുമ്പോഴേക്കും വീട്ടിൽ അടച്ചിരുത്തും. കുറച്ചു മുതിർന്നപ്പോൾ എനിക്കു വീണ്ടും പഠിക്കാ ൻ മോഹമായി. ഏട്ടന്മാർ കളിയായി പറഞ്ഞു.‘നീ പത്താം ക്ലാസ്സിൽ പഠിച്ചോ.’ രണ്ടു ദിവസം കഴിയുമ്പോൾ ഞാൻ വീണ്ടും വീട്ടിലിരിക്കുമെന്നായിരുന്നു അവർ കരുതിയത്.

എനിക്കു വാശികേറി. രാവും പകലുമില്ലാതിരുന്നു പഠിച്ച് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പരീക്ഷയെഴുതി. ആദ്യ തവണ പൊട്ടിപ്പോയെങ്കിലും രണ്ടാം തവണ പാസ്സായി. പ്രീഡിഗ്രി ആദ്യത്തെ വർഷം പഠിക്കുമ്പോഴാണ് അച്ഛൻ മ രിക്കുന്നത്. പിറ്റേകൊല്ലം കല്യാണമായി. ഏട്ടന്റെ ഭാര്യയുടെ ആങ്ങളയുമായി മാറ്റക്കല്യാണമായിരുന്നു. കല്യാണനിശ്ചയമായ ‘പരിസംപ്പോടലി’ന് ഊരിൽ നിന്നു വന്ന അ ൻപതോളം ബന്ധുക്കൾക്ക് ഉച്ചയ്ക്കുള്ള ശാപ്പാടൊരുക്കിയത് ഞാൻ തനിച്ചായിരുന്നു. അന്ന് അങ്ങനെയൊക്കെ ക ഴിവു തെളിയിക്കേണ്ട കാലമായിരുന്നു.

സൂപ്പർ മാർക്കറ്റ് കാലം

ഭർത്താവ് ജയകാന്തിന് ജോലിയുണ്ടായിരുന്നില്ല. എന്റെ ജ്യേഷ്ഠൻമാരുടെ കൂടെ പലഹാരം വറുക്കാൻ നിന്നു കിട്ടുന്ന ചെറിയ വരുമാനം കൊണ്ടു ജീവിതം മുന്നോട്ടു പോകില്ലെന്നു മനസ്സിലായി. പാചകം ചെയ്തു പേടി മാറിയിരുന്നതുകൊണ്ടു കച്ചവടം തുടങ്ങാൻ രണ്ടാമതൊന്ന് ആ ലോചിക്കേണ്ടി വന്നില്ല. വെളുക്കുമ്പോൾ എഴുന്നേറ്റ് അ രിമുറുക്ക് ചുറ്റി എണ്ണയിലിടാൻ തുടങ്ങി. അതു പാക്കറ്റുകളിലാക്കി അടുത്തുള്ള പീടികകളിൽ കൊണ്ടുക്കൊടുക്കും.

സൂപ്പർമാർക്കറ്റുകളുടെ തുടക്കകാലമായിരുന്നു അത്.മൂത്തമോനെ ഒക്കത്തു വച്ചു കച്ചവടത്തിനു ചെല്ലുന്ന പെമ്പിളയെക്കണ്ടു അവർ ഒരു സഹായം വച്ചു നീട്ടി. സൂപ്പർമാർക്കറ്റുകളിൽ നിന്നു തരുന്ന മുളക്, മല്ലിയെല്ലാം പാറ്റി വെടിപ്പാക്കി പാക്കറ്റുകളിലാക്കി തിരിച്ചു കൊടുക്കണം. പാക്കറ്റിന് ഒരു രൂപയായിരുന്നു ലാഭം. കൂട്ടത്തിലുള്ള പത്തു പേരെ കൂട്ടി ഞാൻ അതു ചെയ്യാൻ തുടങ്ങി. ദിവസം നാലായിരം പാക്കറ്റൊക്കെ ചെയ്തുകൊടുക്കും. രാത്രിയിൽ പിറ്റേന്നു കടകളിൽ കൊടുക്കാനുള്ള പലഹാരങ്ങളുണ്ടാക്കും. പലഹാരങ്ങൾക്കു ഭംഗിയും സ്വാദും കൂട്ടാൻ നിറങ്ങളും മായവും ചേർക്കരുതെന്ന് എനിക്കു നിർബന്ധമുണ്ടായിരുന്നു.

തുടക്കത്തിലൊന്നും വലിയ ലാഭം കിട്ടിയിരുന്നില്ല. ബിസിനസ് പച്ചപിടിച്ചു വന്നപ്പോൾ കൂർക്കഞ്ചേരിയില്‍ സ്ഥലം വാങ്ങി, വീടു വച്ചു. കച്ചവടം കൂടിയപ്പോൾ ഒരു ചെറിയ കാറു വാങ്ങി. അന്ന് എന്റെ മുറുക്കിനും മിക്സചറിനുമൊന്നും പേരില്ലായിരുന്നു. 2004ലാണ് രണ്ടാമത്തെ മകന്റെ ജ ന്മനക്ഷത്രമായ ‘അശ്വതി’ എന്നു പലഹാര കൂടിനു മുകളി ൽ ഒട്ടിച്ചു തുടങ്ങുന്നത്. പാചകത്തിലെ പുതിയ കാര്യങ്ങ ൾ ഞാനപ്പോഴും പഠിച്ചുകൊണ്ടിരുന്നു.

2010 ആയപ്പോഴേക്കും സൂപ്പർമാർക്കറ്റ് തുടങ്ങിയാലോ എന്ന ആഗ്രഹം വന്നു. കയ്യിലുണ്ടായിരുന്ന സ്വർണമെല്ലാം പണയം വച്ച് പൂങ്കുന്നത്ത് ഒരു സൂപ്പർമാർക്കറ്റ് തുടങ്ങി.ലൈവ് ബേക്കറിയൊക്കെയായി കച്ചവടം പൊടിപൊടിച്ചു. രണ്ടുകൊല്ലം കഴിഞ്ഞപ്പോഴാണ് ആ വഴിത്തിരിവ് സംഭവിക്കുന്നത്.

ilavarasi-2

അതൊരു തെറ്റായ തീരുമാനമായിരുന്നു

ഒരു ദിവസം കടയിൽ നിന്നു വീട്ടിലെത്തുമ്പോൾ സമ്പാദ്യമായി സൂക്ഷിച്ചു വച്ചിരുന്ന നൂറിനടുത്ത് പവൻ സ്വർണം കളവു പോയിരിക്കുന്നു. പൊലീസിൽ പരാതിപ്പെട്ടു. പിന്നീട് തുടർച്ചയായി കാറും ചാക്കു കണക്കിനു പലഹാരങ്ങളെല്ലാം മോഷണം പോകാൻ തുടങ്ങി. പരാതിപ്പെടാൻ പൊലീസ് സ്േറ്റഷനിൽ എത്തുമ്പോഴേ അവരെല്ലാം ചിരിക്കാൻ തുടങ്ങി. ‘ഇന്നെന്താണ് കളവു പോയത്?’

എനിക്ക് എവിടെയാണ് പിഴവു പറ്റുന്നത് എന്നു രാവുംപകലും ഞാൻ ചിന്തിച്ചു കൂട്ടി. കൂടെയുള്ള ആരെയും അവിശ്വസിക്കാനും തോന്നിയില്ല. എന്നെ തകർത്തു കളയുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ആ മോഷണമെല്ലാം. ഇന്നും ആ കേസുകളിൽ ഒരു തുമ്പും കിട്ടിയിട്ടില്ല. ആ ആധിപിടിക്കൽ എന്റെ ആരോഗ്യം തകർത്തു. പരസഹായമില്ലാതെ, ഒരടി പോലും നടക്കാനാകാതെ ഞാൻ കിടക്കയിൽ തളർന്നു കിടന്നു.

ജയകാന്ത് കൃഷിക്കാരനായതുകൊണ്ടു കച്ചവടം കൊണ്ടുപോേകണ്ടതെങ്ങിനെയെന്ന് അറിയില്ലായിരുന്നു. ബിസിനസെല്ലാം തകർന്നു. ബാങ്കിൽ നിന്നുള്ള ലോൺ തിരിച്ചടയ്ക്കാൻ പലിശക്കാരെ ആശ്രയിച്ചു. പലഹാരങ്ങൾ വിതരണം ചെയ്യലും മുടങ്ങി. വരുമാനം കുറ‍ഞ്ഞു. കടങ്ങൾക്കു മേൽ കടം വർധിച്ചു. അപ്പോഴും, ഈ കടങ്ങളൊക്കെ തീർത്തു ഞാൻ കച്ചവടത്തിൽ തിരിച്ചെത്തും എന്നൊരു അതിരുകവിഞ്ഞ ആത്മവിശ്വാസം എന്നെ ഭരിച്ചിരുന്നു. അവിടെയാണ് എനിക്കു ചുവടു പിഴച്ചത്.

ഒളിച്ചിരിക്കാതെ വെളിച്ചത്ത് നിന്നപ്പോൾ

സൂപ്പർമാർക്കറ്റ് അടച്ചുപൂട്ടാം എന്ന തീരുമാനത്തിലെത്തി.കടങ്ങൾ വീട്ടാൻ വഴിതേടി ഞാൻ കാലത്തേ വീട്ടിൽ നിന്നിറങ്ങും. ഞങ്ങൾ തമിഴ്നാട്ടിലേക്ക് ഒളിച്ചു പോകാൻ തയാറെടുക്കുന്നു എന്ന് വാർത്ത പരന്നു. കടം തന്നവരെല്ലാം പരിഭ്രാന്തരായി വീട്ടിലെത്തി. ആറാം ക്ലാസ്സിൽ പഠിക്കുന്ന മകനോട് ആക്രോശിച്ചു. ‘നിന്റെ അമ്മയെ ഇറക്കി വിടെടാ.’ മൂന്നു വയസ്സുള്ള അനിയനെ കെട്ടിപ്പിടിച്ച് അവൻ പേടിച്ചു കരഞ്ഞു. മക്കളുടെ കണ്ണിലെ പേടിയും കരച്ചിലും കാണുമ്പോൾ നിവർന്നു നിൽക്കണമെന്നു ഞാനുറപ്പിക്കും.‘ഞാൻ തൃശൂരു വിട്ടു പോകില്ല’ എന്നുറപ്പു കൊടുത്തെങ്കിലും ആരും വിശ്വസിച്ചില്ല. ‘പെണ്ണിന്റെ വാക്കു കേട്ട് തുടങ്ങിയ ബിസനസല്ലേ’ എന്നു പറഞ്ഞു ബന്ധുക്കളും തുണച്ചില്ല.

വീട് ഒഴിച്ച് ബാക്കിയെല്ലാം വിറ്റു കുറേ കടങ്ങൾ വീട്ടി. ആളുകൾ കാണുന്ന സ്ഥലത്ത് നിന്ന് ഈ പ്രതിസന്ധിയെ നേരിടണം എന്നുറപ്പിച്ചു. മണ്ണുത്തി ബൈപാസിൽ ഒ രു ഉന്തുവണ്ടിയിൽ ഞാനൊരു തട്ടുകട തുടങ്ങി. പരിപ്പുവടയും ഉഴുന്നുവടയുമൊക്കെ നട്ട വെയിലത്തു നിന്നു വറുത്തു കോരി. ആദ്യത്തെ ദിവസം 750 രൂപ ലാഭം കിട്ടി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ കറന്റും വെള്ളവുമില്ലാത്തൊരു കടമുറി കിട്ടി. അതു വാടകയ്ക്കെടുത്ത് കച്ചവടം വീണ്ടും തുടങ്ങി.

ilavarasi-1 ഇളവരശി, ഭർത്താവ് ജയകാന്ത്, മക്കൾ വിഷ്ണു, അശ്വിൻ

മുന്നിലേക്കു നീണ്ട കരങ്ങൾ

2015 ജനുവരി 15. വീട് ജപ്തി ചെയ്യാനായി ബാങ്ക് മാനേജരും തഹസിൽദാരും പൊലീസും ഒക്കെ വീട്ടിലെത്തി. വീട്ടുപരിസരത്തും വഴിയിലും നിറയെ കാഴ്ചക്കാർ. വനിതാപൊലീസ് എന്റെ ചുറ്റുവട്ടത്തുണ്ട്. ഞാനെങ്ങാനും ആത്മഹത്യയ്ക്കു ശ്രമിക്കുമോ എന്നൊരു ചിന്ത അവരുടെ മുഖത്തുണ്ട്. ‘പേടിക്കേണ്ട, കടം തീർക്കാതെ ഞാൻ മരിക്കില്ല’ ഞാൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.

വീട് നഷ്ടപ്പെടില്ല എന്നൊരു ചിന്ത ആ നിമിഷവും എ ന്റെയുള്ളിലുണ്ടായിരുന്നു. അവസാനവട്ട ശ്രമമെന്ന നിലയ്ക്ക് പല ബാങ്കിലേക്കും വിളിച്ചു. അതിലൊരു ബാങ്ക് മാനേജർ ജപ്തിനടപടിക്കു വന്ന ബാങ്കിന്റെ മാനേജരോട് ‘ഞാൻ അഞ്ചുലക്ഷം രൂപ ഇന്നുതന്നെ അടയ്ക്കാം. ജപ്തിനടപടികൾ നിർത്തി വയ്ക്കൂ’ എന്നു പറഞ്ഞു. അയാളുടെ സ്വകാര്യ സമ്പാദ്യത്തിൽ നിന്നെടുത്താണ് ആ പണമടച്ചത്. അതിനേക്കാളും വിലപിടിപ്പുള്ള പണമൊന്നും ഞാ ൻ വേറെ കണ്ടിട്ടില്ല.‘തമിഴത്തിയാണ്, പറ്റിക്കും’ എന്നു നാടു മുഴുവൻ പിറുപിറുത്തിട്ടും അയാൾ മാത്രം എന്നെ വിശ്വസിച്ചു.അന്നു തൈമാസത്തിലെ പൊങ്കലായിരുന്നു.ദൈവം തേരിറങ്ങി വന്നത് അദ്ദേഹത്തിന്റെ രൂപത്തിലായിരുന്നു.

ഞാൻ ബിസിനസുകാരുടെ പുസ്തകങ്ങൾ ധാരാളം വായിച്ചിരുന്നു. ബിസിനസ് വളർത്തിക്കൊണ്ടു തന്നെ കൈവായ്പകൾ വീട്ടുകയാണ് ചെയ്തത്. പിന്നീടൊരിക്കലും ഞാൻ കടം വാങ്ങിയിട്ടില്ല. മൂത്തമകൻ വിഷ്ണു ഡിഗ്രി മൂന്നാം വർഷമാണ്. ഇളയമകൻ അശ്വിൻ പത്താം ക്ലാസിലും.രണ്ടുപേരും കടയിൽ ഞങ്ങളെ സഹായിക്കുന്നുണ്ട്.

ഫെബ്രുവരിയിൽ ദുബായിൽ നടക്കുന്ന ഇൻഡോ അറബ് മേളയായ കമോൺ കേരളയിലേക്ക് ഫ്രൈഡ് പ്രൊഡക്ടിൽ എന്നെയാണ് ഇന്ത്യയെ പ്രതിനിധീകരിച്ചു തിരഞ്ഞെടുത്തിരിക്കുന്നത്.

പിന്നോട്ടു ചിന്തിക്കുമ്പോൾ, ചുറ്റുമുള്ളവരെ മനസ്സിലാക്കാൻ എനിക്ക് ആവശ്യമായിരുന്നു ഇങ്ങനെയൊരു അടി. ഒരു ദിവസം ബന്ധു എന്നോട് ചോദിച്ചു. ‘‘നീ ഏൻ ഊര്ക്ക് പോകാമയിരുക്ക്?’’ ഞാൻ അമ്പരന്നു.

‘‘നാൻ ഏത്ക്ക് പോണം?’’

‘‘ഉൻ അണ്ണൻ പയ്യൻ കല്യാണത്തുക്ക്.’’

എന്റെ ആങ്ങളയുടെ മകന്റെ കല്യാണം പോലും ഞങ്ങളെ വിളിച്ചില്ല. മക്കൾക്കെല്ലാം വളരെ വിഷമമായി.

ഏതു പെരുംസങ്കടത്തിലും എനിക്കു തുണ വടക്കുന്നാഥനാണ്. ആ സന്നിധിയിൽ പറയാതെ ഞാൻ ഒന്നും ചെയ്യാറില്ല. അതിന്റെ നേരാണ് എന്റെ വിജയവും ജീവിതവും.

ടെൻസി ജെയ്ക്കബ്

ഫോട്ടോ ശ്രീകാന്ത് കളരിക്കൽ