Thursday 03 March 2022 11:28 AM IST

‘ജനതയുടെ സുരക്ഷയാണ് നമ്മുടെ കൈകളിൽ, ഒരു നിമിഷത്തേക്ക് പോലും ജാഗ്രത കൈവിടാൻ കഴിയില്ല’: യൂണിഫോമണിഞ്ഞ് നിറതോക്കുമായി അതിർത്തി കാക്കാൻ ആതിര, ഇന്ത്യയുടെ പുലിക്കുട്ടി

Rakhy Raz

Sub Editor

athira-army2

ഓമനത്തം തുളുമ്പുന്ന മുഖവും നീണ്ട മുടിയും ചന്ദനക്കുറിയും അണിഞ്ഞ മലയാളിക്കുട്ടി. യൂണിഫോമണിഞ്ഞ് നിറതോക്കുമായി അതിർത്തി കാക്കാൻ നിൽക്കുന്ന ആതിരയെ കാണുമ്പോൾ ആരും പറയും, ഇതാ ഇന്ത്യയുടെ പുലിക്കുട്ടി.

കശ്മീരിൽ അതിർത്തി കാക്കാൻ ആദ്യമായി സ്ത്രീ പട്ടാളക്കാർ നിയോഗിക്കപ്പെട്ടപ്പോൾ അതിൽ ഒരാൾ ആതിരയായിരുന്നു. അന്ന് കശ്മീരിലെ മീഡിയ വാർത്ത നൽകിയത് ആതിര കെ. പിള്ള എന്ന കായംകുളംകാരിയുടെ മുഖചിത്രത്തോടെ. അത് രാജ്യമാകെ വൈറലായി. ആതിര ഇതെല്ലാം അറിഞ്ഞത് വൈകി മാത്രം, കൂട്ടുകാരും ഭർത്താവ് സ്മിതേഷും പറയുമ്പോൾ.

‘‘കോവിഡ് കാലമായതിനാൽ മാസ്ക് അണിഞ്ഞ ഫോട്ടോ ആയിരുന്നു എല്ലായിടത്തും വന്നത്. എന്നിട്ടും നാട്ടിലുള്ളവർ എന്നെ തിരിച്ചറിഞ്ഞു. ഒരുപാട് കൂട്ടുകാർ മെസേജ് അയച്ചു. നീ ഞങ്ങളുടെ അഭിമാനമെന്ന് പറഞ്ഞു.’’

ഇന്ത്യൻ ആർമിയിൽ മലയാളി സ്ത്രീകളുണ്ടെങ്കിലും ആസാം റൈഫിൾസിൽ നിന്ന് കശ്മീരിൽ അതിർത്തി കാക്കാൻ പോകുന്ന ആദ്യ വനിതാ ബാച്ചിലെ ഏക മലയാളിയായിരുന്നു ആതിര കെ. പിള്ള.

‘‘പുതിയ ബാച്ചുകളിൽ മലയാളി കുട്ടികളുണ്ട്. ഞങ്ങളെപ്പോലുള്ളവരെ കണ്ട് കൂടുതൽ പെൺകുട്ടികൾ പട്ടാളത്തിൽ ചേരാൻ പ്രചോദിതരാകുന്നുണ്ട്. പട്ടാളത്തിൽ ചേരാൻ പെൺകുട്ടികൾ തീരുമാനിക്കുമ്പോൾ പലരും നിരുത്സാഹപ്പെടുത്തുകയാണ് പതിവ്. അപകടം പിടിച്ച ജോലിയാണ്, പെൺകുട്ടികൾക്ക് പറ്റിയതല്ല എന്നൊക്കെ പറഞ്ഞ്. പക്ഷേ, ധൈര്യവും മനക്കരുത്തുമുള്ള പെൺകുട്ടികൾക്ക് യൂണിഫോമിനെ ആരാധനയോടെ കാണുന്നവർക്ക് തീർച്ചയായും അഭിമാനവും സന്തോഷവും തരുന്ന ജോലിയാണിത്.’’

പരിശീലനം തന്ന കരുത്ത്

‘‘കുട്ടിക്കാലത്ത് അച്ഛനെ കണ്ടും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മലയാള സിനിമകളും ഹിന്ദിയിലെ പട്ടാള സിനിമകളും കണ്ട് യൂണിഫോമിനോട് വല്ലാത്ത ആരാധനയായിരുന്നു എനിക്ക്. പതിമൂന്നു വർഷം മുൻപ് അ ച്ഛൻ കേശവപിള്ള ഞങ്ങളെ വിട്ടു പോയി. അച്ഛൻ ആസാം റൈഫിൾസിൽ ആയിരുന്നു. അച്ഛന്റെ ജോലിയാണ് പിന്നീട് എനിക്ക് കിട്ടിയത്. എനിക്കും ചേട്ടൻ അഭിലാഷിനും അവസരം കിട്ടിയെങ്കിലും ചേട്ടന് പട്ടാളത്തിൽ ചേരാൻ താൽപര്യമില്ലായിരുന്നു. സർവീസിലിരിക്കുമ്പോ ൾ മരിച്ചു പോയവരുടെ ആശ്രിതർക്ക് ജോലി നൽകുന്നതിനായി ഡിപെൻഡന്റ് റാലി നടത്തിയപ്പോഴാണ് എനിക്ക് ജോലി ലഭിച്ചത്.

athira-army3

പരീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ, മറ്റെല്ലാ പട്ടാള ട്രെയിനിങ്ങും പാസായാലേ പോസ്റ്റിങ് കിട്ടൂ. അഞ്ച് കിലോമീറ്റർ ബിപിഇടി (ബെറ്റർ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്) , പന്ത്രണ്ട് കിലോമീറ്റർ പിപിടി (ഫിസിക്കൽ പ്രൊഫിഷ്യൻസി ടെസ്റ്റ്), എട്ട്, പതിനാറ്, മുപ്പത്തിരണ്ട് കിലോമീറ്റർ റോഡ് മാർച്ച്, ഫയറിങ് ഒക്കെ പാസാകണമായിരുന്നു.

ഏകദേശം ഇരുപത്തഞ്ച് കിലോ ഭാരമുള്ള ബാഗും ആയുധങ്ങളുമുണ്ട്. ഒപ്പം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമിട്ടാണ് പരിശീലനം. ഓപറേഷനു പോകുമ്പോൾ പിന്നീട് ഇതെല്ലാം വേണം. കഠിനമായ പരിശീലനമാണ് ജോലിയിൽ ആത്മവിശ്വാസം നൽകിയത്. എങ്കിലും വീട്ടിലെത്തുമ്പോൾ ഞാന്‍ പഴയതു പോലെ തന്നെ.’’ അമ്മ ജയലക്ഷ്മിയുടെ പുന്നാരക്കുട്ടി ചിരിയോടെ പറഞ്ഞു.

‘‘ഓപറേഷന് പോകും മുൻപ് അവൾ വിളിക്കും. അപ്പോൾ അൽപം ടെൻഷൻ വരും. രാജ്യരക്ഷയെന്ന കർത്തവ്യം നിർവഹിക്കുകയാണ് അവൾ. എന്നിരുന്നാലും നമ്മുടെ പ്രിയപ്പെട്ടവർ ജീവൻ പണയം വച്ചു പ്രവർത്തിക്കുമ്പോൾ വിഷമവും അതേ സമയം അഭിമാനവും തോന്നും. പട്രോളിങ്ങിനും ഓപറേഷനും മറ്റും പോയാൽ പിന്നെ, ഫോൺ വഴി ബന്ധപ്പെടാനൊന്നും പറ്റില്ല. സോഷ്യൽ മീഡിയ ഉപയോഗത്തിലും നിയന്ത്രണമുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയാലേ വിളിച്ചു സംസാരിക്കാനൊക്കെ പറ്റൂ.’’ ഭാര്യയെ അഭിമാനപൂർവം ചേർത്തു നിർത്തി സ്മിതേഷ് പറയുന്നു.

‘‘ഏട്ടന് ഗൾഫിൽ എൻഎസ്എച്ച് എന്ന കമ്പനിയിലാണ് ജോലി. ഏട്ടന്റെ അച്ഛൻ പരമേശ്വരനും അമ്മ ശാന്തകുമാരിയും ചേച്ചി സ്മിതയും ഭർത്താവ് സുരേഷ് കുമാറും അവരുടെ മകൻ സൂര്യ നാരായണനും ഒക്കെ തരുന്ന പിന്തുണ വലുതാണ്. അവർക്കെല്ലാം എന്റെ ജോലി അഭിമാനമാണ്.’’ ആതിരയുടെ വാക്കിലുണ്ട് ആ സന്തോഷത്തിളക്കം.

മുടി വെട്ടാത്ത ട്രെയിനിങ്

‘‘ട്രെയിനിങ് സമയത്ത് മുടി വെട്ടണം എന്നാണ് നിയമം. ഡിപൻഡന്റ് റാലിയിൽ കൂടുതലും നോർത്ത് ഈസ്റ്റിൽ നിന്നുള്ളവരും പ്രായമുള്ളവരുമായിരുന്നു. പലരും പട്ടാളക്കാരുടെ ഭാര്യമാർ. അവരിൽ പലർക്കും മുതിർന്ന മക്കളുണ്ട്. മക്കളുടെ മുന്നിൽ മുടി വെട്ടിക്കളഞ്ഞ ശേഷം ചെല്ലാൻ ബുദ്ധിമുട്ടാണ് എന്ന് അറിയിച്ചപ്പോൾ മനസില്ലാ മനസ്സോടെയാണ് മുടി വെട്ടാതെ പരിശീലനം നേടാൻ ഓഫിസർമാർ സമ്മതിച്ചത്.

മുടി അഴിഞ്ഞു കിടക്കുന്ന കണ്ടാൽ അപ്പോൾ മുടി വെട്ടിക്കളയും എന്നറിയിച്ചിരുന്നു. അതുകൊണ്ട് ട്രെയിനിങ് പീരിയഡിലെ ഒന്നര വർഷക്കാലം 24 മണിക്കൂറും ഞങ്ങൾ മുടി എയ്റ്റ് ഫിഗറിൽ (എട്ടിന്റെ ആകൃതിയിൽ) കെട്ടിവച്ചു. വല്ലപ്പോഴും മാത്രം മുടി കഴുകാനായി അഴിക്കും. എത്രയും പെട്ടെന്ന് വീണ്ടും കെട്ടി വയ്ക്കും.

കശ്മീർ ഓപ്പറേഷന് പോയപ്പോൾ മുടിവെട്ടണമായിരുന്നു എന്ന് എനിക്ക് ശരിക്കും തോന്നി. അവിടെ എപ്പോഴും തല നനയ്ക്കാനും കുളിക്കാനും അവസരം കിട്ടില്ല. ഇടതൂർന്ന മുടി ശരിക്കും കഷ്ടപ്പെടുത്തി. ഏട്ടന് എന്റെ മുടി വളരെ ഇഷ്ടമായതിനാലാണ് മുറിക്കാതിരുന്നത്. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ട് വർഷമായി. ജോലി ലഭിച്ചിട്ട് നാലു വർഷവും.

മണിപ്പൂരിലായിരുന്നു ആദ്യ ഓപറേഷൻ. തീവ്രവാദികൾ ഒളിച്ചിരിക്കുന്നു എന്ന വിവരം കിട്ടിയാൽ ആ ഏരിയ വളയും, നിരീക്ഷിക്കും, തീവ്രവാദി ഉണ്ടെന്ന് ഉറപ്പായാൽ അങ്ങോട്ട് ചെന്നു പരിശോധിക്കും. കാസോ, (കോർഡൺ സെർച്ച് ഓപ്പറേഷൻ) എന്നാണ് ഇതിനു പറയുക.

കാസോ ശരിക്കും ബുദ്ധിമുട്ടേറിയതാണ്. ഉൾക്കാടുകളിലും മലമുകളിലും മറ്റുമായിരിക്കും ഓപറേഷൻ. മണിപ്പൂരിൽ ഓപറേഷൻ നാലു ദിവസത്തേത് ആയിരുന്നു. നാലു ദിവസം കാട്ടിൽ തന്നെ തങ്ങേണ്ടി വന്നു. ഡ്രൈ ഫ്രൂട്ട്സ് മാത്രമായിരുന്നു ഭക്ഷണം. കാട്ടിനുള്ളിൽ അരുവികൾ കണ്ടാൽ വെള്ളം കുടിക്കാം ഇല്ലെങ്കിൽ വെള്ളം കുടിക്കാതെ ദിവസങ്ങളോളം കഴിയേണ്ടി വരും.

കശ്മീർ ഓപറേഷൻ വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. കുത്തനെയുള്ള മല കയറണമായിരുന്നു. കാൽ തെറ്റിയാൽ ചെങ്കുത്തായ താഴ്ചയിലേക്ക് വീഴും. രാത്രി സമയം ടോർച്ച് പോലും ഉപയോഗിക്കാൻ പറ്റില്ല. കാരണം തീവ്രവാദികൾ പട്ടാളത്തിന്റെ വരവ് അറിയും. ഇതൊക്കെ നേരിടാ‍നുള്ള കരുത്തുണ്ടെങ്കിലേ പട്ടാളത്തിൽ സേവനമനുഷ്ഠിക്കാനാകൂ.’’

athira-army1

അഭിമാനമായി റിപ്പബ്ലിക് ദിന റാലി

‘‘ഇപ്പോൾ കശ്മീരിലാണ് ജോലി ചെയ്യുന്നത്. നാലു വർഷത്തിനിടയിൽ ഏറ്റവും അഭിമാനം തോന്നിയ നിമിഷം ഡൽഹിയിൽ റിപ്പബ്ലിക് ദിന പരേ‍ഡിൽ പങ്കെടുക്കാൻ കഴിഞ്ഞതാണ്. ഇപ്പോൾ പതിനെട്ടും ഇരുപതും വയസ്സായ പല പെൺകുട്ടികളും എനിക്ക് മെസേജ് അയക്കും. വൈറലായ ചേച്ചിയുടെ ഫോട്ടോ കണ്ടപ്പോൾ പട്ടാളത്തിൽ ചേരാൻ കൊതിയാകുന്നു എന്ന്.

പട്ടാളത്തിലെ ജോലി ഒരിക്കലും എളുപ്പമല്ല. ആ മേഖലയെക്കുറിച്ച് നന്നായി മനസ്സിലാക്കണം. നിരുത്സാഹപ്പെടുത്താൻ ധാരാളം പേരുണ്ടാകും. ആഗ്രഹം ആത്മാർഥമെങ്കിൽ ധൈര്യമായി മുന്നോട്ടു നീങ്ങുക. കാരണം രാജ്യസ്നേഹവും ആത്മാർഥതയും ഏറെ വേണ്ട ജോലിയാണിത്. രാജ്യത്തിന്റെ, ജനതയുടെ സുരക്ഷയാണ് നമ്മുടെ കൈകളിൽ. ഒരു നിമിഷത്തേക്ക് പോലും ജാഗ്രത കൈവിടാൻ നമുക്ക് കഴിയില്ല. ’’