Friday 08 March 2019 04:43 PM IST

‘മഹതിയാം ഖദീജ ബീവി’! ഒരു അഡാർ കരാട്ടെ സ്റ്റോറി; ഖദീജ ജാഫർ പറയുന്നു കരളുറപ്പിന്റെ കരാട്ടെ പാഠങ്ങൾ

Binsha Muhammed

k5

തിരുവനന്തപുരം ജില്ലയിലെ സെൻട്രൽ സ്‌റ്റേഡിയമാണ് വേദി. കരാട്ടെ ചാമ്പ്യൻഷിപ്പ് നടക്കുകയാണ്. കുട്ടികളും മുതിർന്നവരുൾപ്പെടെ നിരവധി പേർ മാറ്റുരയ്ക്കാനെത്തിയിട്ടുണ്ട്. ഒരു കായികയിനം എന്നതിലുപരി കൗതുകം സമ്മാനിക്കുന്ന മത്സരമായതു കൊണ്ടാകണം അത്യാവശ്യം കാഴ്ച്ചക്കാരുണ്ട്. ന്യൂജെൻ ചെക്കൻമാർ വേറെയും. കരാട്ടെയിൽ മത്സരാർത്ഥികളുടെ ശബ്ദ വിന്യാസങ്ങൾക്കൊപ്പിച്ച് കാഴ്ച്ചക്കാരും ഒപ്പം കൂടിയതോടെ മത്സരം ബഹുജോറായി.

ഈ തിരക്കുകൾക്കിടയിലേക്കാണ് തട്ടമിട്ടൊരു മൊഞ്ചത്തി കടന്നു വരുന്നത്. അതുവരെ കരാട്ടെയ്ക്ക് ആർപ്പു വിളിച്ചിരുന്ന ചില ചെത്ത് ചെക്കൻമാർ അവളെ കണ്ട മാത്രയിൽ ചെറുതായെങ്കിലും ഒന്നു കൺനോട്ടമെറിഞ്ഞു, ‘മത്സരിക്കാൻ വന്നതാണോ? ഒരു കൈ നോക്കുന്നോ?’... എന്ന കമന്റുകൾ വേറെയും. ഒരു ചെറു പുഞ്ചിരി മാത്രം സമ്മാനിച്ച് അവൾ പുറത്തേക്ക് പോയി.

പത്തു മിനിട്ടു കഴിഞ്ഞിട്ടുണ്ടാകണം. ചുരിദാറിൽ സുന്ദരിയായി അൽപം മുമ്പെത്തിയ ആ പെൺകൊടി, കരാട്ടെ ഗി അണിഞ്ഞ് (കരാട്ടെ മത്സരാർത്ഥികൾ ധരിക്കുന്ന വസ്ത്രം) ആ വേദിയിലേക്ക് കയറി വന്നു. മത്സരിക്കാൻ റെഡിയായി, തന്റെ ഊഴവും കാത്ത് വേദിക്കരികിലായി നിന്ന അവളെ കണ്ടപ്പോൾ നേരത്തെ കമന്റുമായി ചുറ്റും നിന്നവർക്ക് മിണ്ടാട്ടമില്ല, അമ്പരപ്പ് മാത്രം. ഖദീജ ജാഫറെന്ന മൊഞ്ചത്തി ആ ചാമ്പ്യൻഷിപ്പിൽ എതിരാളികളെ നിലംപരിശാക്കി വിജയകിരീടം നേടുമ്പോഴും അവർ അമ്പരന്നു തന്നെ നിന്നു.

ചാമ്പ്യൻഷിപ്പുകൾക്കും കിരീടനേട്ടങ്ങള്‍ക്കും പിന്നാലെ കരാട്ടെ അടിതടകളുടെ പുതിയ പാഠങ്ങളും കൂടെക്കൂട്ടിയ ഖദീജ ഇന്നൊരു വീട്ടമ്മയാണ്. സർവ്വോപരി പരിമിതികളെയും പരിഹാസങ്ങളെയും പാട്ടിനു വിട്ട് സ്വപ്നങ്ങളെ സ്വന്തമാക്കിയ പുതിയ കാലത്തിന്റെ പ്രതിനിധിയാണ്. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ നിന്നും കരാട്ടെയിൽ ചുവടുറപ്പിച്ച് വിജയഗാഥ രചിച്ച പത്തനാപുരംകാരി ഖദീജ ‘വനിത ഓൺലൈനോടു’ സംസാരിക്കുന്നു, താണ്ടിയ വിജയവഴികളെക്കുറിച്ച്.


ഡോജോയിൽ പിച്ചവച്ചു തുടങ്ങിയ ബാല്യം

‘വാപ്പച്ചി ജാഫർ അറിയപ്പെടുന്ന കരാട്ടെ മാസ്റ്ററാണ്. കരാട്ടെയിൽ സെവൻത് ഡാൻ വരെ നേടിയ ആൾ. വാപ്പ മാത്രമല്ല കുടുബത്തിൽ പതിനഞ്ചോളം പേർ കരാട്ടെ പഠിച്ചിട്ടുള്ളവരാണ്. അപ്പോൾ പിന്നെ ഞാൻ മാത്രം എങ്ങനെ കരാട്ടെയോടു മുഖംതിരിച്ചു നിൽക്കും. കുട്ടിക്കാലത്ത് എന്റെ നേരമ്പോക്കുകൾ അവരോടൊപ്പം ഡോജോയിലായിരുന്നു (കരാട്ടെ സ്കൂൾ). കരാട്ടെയോടു കൂട്ടുകൂടുന്നത് അവിടെ നിന്നാണ്. ഗുരുവും വഴികാട്ടിയുമെല്ലാം എന്റെ വാപ്പച്ചിയാണ്.


പെൺകുട്ടികൾക്ക് പറ്റിയ പണിയാണോ ?

കരാട്ടെ എന്റെ ജീവിത്തിന്റെ ഭാഗമായിട്ട് 25 വർഷമാകുന്നു. പെൺകുട്ടികൾക്ക് പറ്റിയ പണിയാണോ ഇത് എന്ന നാട്ടുകാരുടെ ചോദ്യത്തിനും അത്ര തന്നെ പ്രായം കാണും. മുസ്ലീം പെൺകുട്ടികൾ കരാട്ടെ പഠിക്കാൻ പോകുന്നത് ശരിയല്ല എന്ന ഉപദേശം വേറെയും. സ്വയം പ്രതിരോധം ജീവിതത്തിന്റെ ഭാഗമാക്കണമെന്ന പ്രവാചക വചനം ഈ പറയുന്ന എത്ര പേർക്കറിയാം? വിവാഹ പ്രായമെത്തിയപ്പോൾ മേൽപ്പറയപ്പെട്ട ഉപദേശങ്ങൾ ഒന്നു കൂടി കനത്തു. ‘എന്റെ മകളുടെ ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും മനസിലാക്കുന്ന ഒരു ചെക്കൻ മതി അവളുടെ കൂട്ടിന്’ എന്ന വാപ്പച്ചിയുടെ നിശ്ചയദാർഢ്യമാണ് ഇന്ന് വിവാഹ ശേഷവും കരാട്ടെ ജീവിതത്തിന്റെ ഭാഗമാക്കി നിർത്തുന്നത്.

പെണ്ണിന് വേണ്ടത് പെപ്പർ സ്പ്രേകളല്ല

മറ്റൊരാളെ അടിച്ചു വീഴ്ത്താനുള്ളതല്ല കരാട്ടെ. ഇതൊരു സ്വയം പ്രതിരോധമാണ്. പിന്നെ സ്ത്രീകൾക്കു മേലുള്ള ചൂഷണങ്ങൾ തുടർക്കഥയാകുന്ന ഇക്കാലത്ത് കരാട്ടെ പോലുള്ള ആയോധന കലകൾ ഏതൊരു പെണ്ണിനും ഒരു കവചമാണ്. പെപ്പർ സ്പ്രേയും മൊട്ടു സൂചിയും വാനിറ്റി ബാഗിൽ കരുതുന്നത് കൊണ്ട് മാത്രം സ്ത്രീക്ക് സുരക്ഷിതയായി പുറത്തിറങ്ങി നടക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. അവിടെയാണ് ഇത്തരം ആയോധന കലകളുടെ പ്രസക്തി.

‘കരാട്ടെക്കാരി പെണ്ണ് ഫുട്ബോളർ ചെക്കൻ’

നമ്മുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും സത്യമാണെങ്കിൽ അതിനനുസരിച്ചുള്ള ഒരു കൂട്ട് നമുക്ക് കിട്ടും. ഷെഫിൻ ഫാസിൽ എന്ന ഭർത്താവിനെ എന്റെ ജീവിതത്തിൽ പടച്ചവൻ കൊണ്ടെത്തിക്കുന്നത് അങ്ങനെയാണ്. ഷെഫിന്റെ വിവാഹാലോചന വന്നപ്പോൾ ഞാൻ മുന്നോട്ടു വച്ച ഒരേയൊരു ഡിമാന്റ് കരാട്ടെയുമായി മുന്നോട്ടു പോകാൻ അനുവദിക്കണമെന്നാണ്. ഫുട്ബോളിൽ സ്റ്റേറ്റ് ലെവലിൽ കളിച്ചിട്ടുള്ളയാണ് ഷെഫിൻ. സ്പോർട്സിനോട് ആഭിമുഖ്യമുള്ള ഒരാളെ കണ്ടപ്പോൾ രണ്ടാമതൊന്നു ചിന്തിക്കുക കൂടി ചെയ്തില്ല, അപ്പോൾത്തന്നെ പറഞ്ഞു, ഡബിൾ ഓകെ. വീട്ടമ്മയുടെ തിരക്കുകൾക്കിടയിലും ഇന്നും കരാട്ടെ എന്റെ ജീവിതത്തിന്റെ ഭാഗമാകുന്നതിന്റെ മുഴുവൻ ക്രെഡിറ്റും ഷെഫിനാണ്. ഒമാനിൽ ബിസിനസുകാരനാണ്. ഷെഫിന്റെ വീട്ടുകാരും എനിക്ക് പൂർണ്ണപിന്തുണയാണ് നൽകുന്നത്. ഷെഫിനെ മര്യാദ പഠിപ്പിക്കാൻ ഒരു കരാട്ടെക്കാരി കൂടിയേ തീരൂ എന്ന് അവർ തമാശയായി പറയും.

ടീച്ചർ കരാട്ടെയാണ്

ദൈവാനുഗ്രഹമാണ് എല്ലാ നേട്ടങ്ങൾക്കും പിന്നിൽ. പിന്നെ ചിട്ടയായ പരിശീലനവും. കരാട്ടെയിൽ ഫിഫ്ത്ത് ഡാനാണ് ഞാൻ. കേരളത്തിൽ നിന്നും കരാട്ടെ നാഷണൽ റഫറിയാകാനുള്ള അപൂർവ്വ അവസരവും ലഭിച്ചിട്ടുണ്ട്. പത്തനാപുരത്ത് ജപ്പാൻ കരാട്ടെ സെന്റർ എന്ന കരാത്തെ ഡോജോ ഞങ്ങൾ നടത്തുന്നുണ്ട്. വാപ്പച്ചിയും ഞാനുമാണ് നേതൃത്വം നൽകുന്നത്. ഏകദേശം നൂറോളം വിദ്യാർത്ഥികൾ ഞങ്ങളുടെ കീഴിൽ കരാട്ടെ അഭ്യസിക്കുന്നു. കൊല്ലം ജില്ലയുടെ മറ്റു കേന്ദ്രങ്ങളിലും ഞങ്ങൾക്ക് കരാട്ടെ ഡോജോകളുണ്ട്. പിന്നെ, പത്തനാപുരം മൗണ്ട് ടാഗോർ സ്കൂളിൽ പെൺകുട്ടികൾക്കായി പ്രത്യേകം ക്ലാസുകളെടുക്കുന്നുണ്ട്.

കരാട്ടെയുടെ പാഠങ്ങൾ മാത്രമല്ല ഭൗതിക ശാസ്ത്രത്തിന്റെ സ്പന്ദനങ്ങൾ കൂടി അറിയുന്ന ആളാണ് ഖദീജ ജാഫർ. ഫിസിക്സിൽ മാസ്റ്റർ ബിരുദമുള്ള ഖദീജ സെന്റ് മേരീസ് റെസിഡൻഷ്യൽ സ്കൂളിൽ അധ്യാപികയാണ്. സഹോദരി ഫാത്തിമയും കരാത്തേയിൽ ബ്ലാക്ക് ബെൽറ്റാണ്. അസൂയപ്പെടുത്തുന്ന നേട്ടങ്ങൾ ഒന്നിനു പുറകേ ഒന്നായി കൂടെക്കൂട്ടുമ്പോഴും തന്റെ കരാട്ടെ പഠനം എങ്ങുമെത്തിയിട്ടില്ല എന്ന് ഖദീജ പറയുന്നു. പുതിയ നേട്ടങ്ങൾ സ്വന്തമാക്കുന്നതിനു വേണ്ടിയുള്ള ഖദീജയുടെ തയ്യാറെടുപ്പുകൾ ഇന്നും തുടരുന്നു. പിന്നെ പഴയ പല്ലവി വീണ്ടും ആവർത്തിക്കുന്നു. ‘ആത്മാർഥമാണെങ്കിൽ സ്വപ്നങ്ങൾക്ക് ഒന്നും തടസമല്ല’...