Friday 08 April 2022 12:42 PM IST : By സ്വന്തം ലേഖകൻ

മരുന്ന്കൊണ്ട് മാത്രം ഭേദമാകില്ല പാർക്കിൻസൺസ്: തളർന്ന ശരീരങ്ങൾക്ക് രോഗമുക്തി ഉറപ്പാക്കി ഡിബിഎസ് തെറപ്പി

parkinsons

തലച്ചോറിലെ സെറിബെല്ലം ശരീരത്തിന്റെ സന്തുലനാവസ്ഥയെ നിയന്ത്രിക്കും. ശരീരത്തിന് സന്തുലനമില്ലെങ്കിൽ ജീവിതത്തിന്റെ താളം െതറ്റും. ലക്ഷക്കണക്കിനാളുകളുടെ തലച്ചോറിനെ ബാധിച്ച്, നിത്യജീവിതവും മനസ്സമാധാനവും അവതാളത്തിലാക്കുന്ന രോഗമാണ് പാര്‍ക്കിന്‍സണ്‍സ്. കൈകളിലെ വിറയല്‍, മരവിപ്പ്, നിയന്ത്രണമില്ലാത്ത പേശീചലനം (ഡിസ്‌ക്കിഗ്ലേസ്യ) എന്നിവ പാര്‍ക്കിന്‍സണ്‍സ് രോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ ചിലതാണ്. ലളിതമായ ദൈനംദിന പ്രവൃത്തികള്‍ പോലും ഈ രോഗികൾക്ക് കഠിനമായി മാറുന്നു. മരുന്നുകൾ കൊണ്ട് പാർക്കിൻസൺസ് രോഗം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുമെങ്കിലും പരിപൂർണമായ രോഗമുക്തി സാധ്യമല്ല. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങള്‍ ഇടയ്ക്കിടെ അലോസരപ്പെടുത്തുകയും ജീവിതം തടസ്സപ്പെടുത്തുകയും ചെയ്യും.

ഈ രോഗത്തിനെതിരെയുള്ള ചികിത്സകളിൽ പ്രധാനപ്പെട്ട മുന്നേറ്റമാണ് ഡിബിഎസ് അഥവാ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ തെറാപ്പി. മരുന്നുകൾ നിർത്താതെ കഴിച്ചിട്ടും നിരാശരായ പല രോഗികൾക്കും പുത്തന്‍ പ്രതീക്ഷയാണ് ഈ ആധുനിക ചികിത്സാവിദ്യ നൽകുന്നത്. ഡിബിഎസ് തെറാപ്പി ഒരു പേസ്‌മേക്കറിന് സമാനമാണ്. തലച്ചോറിലെ വ്യത്യസ്ത ഇടങ്ങളില്‍ ഘടിപ്പിച്ച ലീഡുകളിലേക്ക് നേരിയ വൈദ്യുതി പ്രവഹിപ്പിച്ച് ഉത്തേജിപ്പിക്കും. ഇതിലൂടെ ശരീരഭാഗങ്ങളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന സര്‍ക്യൂട്ടുകളുടെ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമാക്കാനും അനിയന്ത്രിതമായ ശരീരചലനങ്ങളെ നിയന്ത്രിച്ച് സാധാരണ ജീവിതം ഉറപ്പ് വരുത്താനുമാകും.

ഡിബിഎസ് തെറാപ്പിയെക്കുറിച്ച് ഏറെ ആശങ്കകള്‍ നിലനിൽക്കുന്നത് കൊണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത് സംബന്ധിച്ച് കൃത്യമായ തീരുമാനം എടുക്കാൻ പല രോഗികൾക്കും കഴിയാതെ പോകുന്നുണ്ട് . പരിശോധനകള്‍ക്ക് വിധേയമാക്കുന്നതിന് മുന്‍പ് ഡിബിഎസ് തെറാപ്പിയുടെ എല്ലാ സാധ്യതകളും ആരോഗ്യവിദഗ്ധര്‍ വിശദീകരിക്കും . തെറാപ്പിയുടെ അപകടസാധ്യതകൾ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് ആവശ്യമായ പരിശോധനകള്‍ നടത്തുക. ആദ്യം എംആര്‍ഐ സ്‌കാനിങ്ങിനാണ് വിധേയമാകേണ്ടത്. തലച്ചോറിനുള്ളില്‍ ലീഡുകള്‍ സ്ഥാപിക്കേണ്ട ക്യത്യമായ സ്ഥാനം നിര്‍ണയിക്കുന്നതിന് ന്യൂറോ സര്‍ജന് എംആര്‍ഐ സ്കാനിങ് ഏറെ ഉപകാരപ്രദമാണ്. ഇത്തരത്തില്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയതിന് ശേഷമാണ് ഓപ്പറേഷന്‍ തിയറ്ററില്‍ രോഗിയെ കൊണ്ടു പോകുക. തിയറ്ററില്‍ രോഗി ഒരു ഹെഡ്‌ഫ്രെയിം അണിയണം. ലീഡുകള്‍ കൃത്യസ്ഥാനത്ത് ഉറപ്പിക്കാൻ ഹെഡ്‌ഫ്രെയിം സഹായിക്കും. രോഗിയുടെ ഭയാശങ്കകള്‍ മാറ്റി സാന്ത്വനിപ്പിച്ചതിനു ശേഷമേ ഡിബിഎസ് തെറാപ്പി ആരംഭിക്കൂ. തെറാപ്പി സമയത്ത് രോഗി ബോധാവസ്ഥയിൽ തന്നെ തുടരും. തെറാപ്പിക്കിടയില്‍ ഫലപ്രാപ്തി അളക്കുന്നതിനുള്ള കാര്യങ്ങളും നടത്തുന്നു.

കൈകള്‍ അനക്കാതെ പരമാവധി ഉയര്‍ത്തിപ്പിടിക്കുക, സാധ്യമായ വേഗത്തില്‍ വിരലുകള്‍ മടക്കാനും നിവര്‍ത്താനും ആവശ്യപ്പെടുക എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. ഇതിന് ശേഷമാണ് തലച്ചോറിലെ വൈദ്യുത സൂചനകള്‍ നിയന്ത്രിക്കുന്ന ന്യൂറോ സ്റ്റിമുലേറ്റര്‍ തോളെല്ലില്‍ സ്ഥാപിക്കുന്നത്. അതിനായി രോഗിക്ക് ജനറല്‍ അനസ്‌തേഷ്യ നല്‍കും. ശസ്ത്രക്രിയയ്ക്ക് ശേഷം ഏറ്റവും മികച്ച ഫലം ലഭിക്കാനായി സ്റ്റിമുലേറ്ററും മരുന്നും വേണ്ട രീതിയില്‍ സംയോജിപ്പിച്ച് ഉപയോഗിക്കേണ്ടതുണ്ട്. നിരവധി ആഴ്ചകള്‍ അതിനായി വേണം. ഡിബിഎസ് തെറാപ്പിയിൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങൾ സാധാരണഗതിയിൽ ആറ് മാസത്തിനുള്ളിൽ പരിഹരിക്കപ്പെടും. ഡിബിഎസ് തെറാപ്പി കഴിഞ്ഞ രോഗികൾക്ക് സഹായവും പിന്തുണയുമേകുന്നതിന് ഡിബിഎസ് സപ്പോർട്ട് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്.

പാർക്കിൻസൺസ് രോഗം പൂർണമായും സുഖപ്പെടുത്താൻ കഴിയുന്നതല്ല. അതേസമയം ഡിബിഎസ് തെറാപ്പിയും മരുന്നുകളും കൃത്യമായ തോതിൽ ഉപയോഗിക്കുന്നതിലൂടെ രോഗിയുടെ ജീവിതനിലവാരത്തിൽ വലിയ അളവിൽ മാറ്റങ്ങൾ ഉണ്ടാക്കാനാകും. ലക്ഷക്കണക്കിന് രോഗികൾ ഈ ചികിത്സയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ആയാസരഹിതമായ ജീവിതത്തിലേക്ക് തിരികെയെത്തി. ജീവനും ജീവിതവും ചേർത്തു പിടിക്കാൻ ആർക്കും പാർക്കിൺസൺസ് രോഗം തടസ്സമാകാതിരിക്കട്ടെ.

വിവരങ്ങൾക്ക് കടപ്പാട്;

Dr. Dilip Panikar

Senior Consultant, Neuro Surgery

Aster Medcity

Kuttisahib Road, Cheranelloor,

South Chittoor, Kochi, Kerala 682027

Ph : +91 8111998005

Email : astermedcity@asterhospital.com