Friday 04 August 2023 03:43 PM IST : By സ്വന്തം ലേഖകൻ

200 വയസ്സിന്റെ അവശതകൾ ഉണ്ടായിരുന്നു; എന്നിട്ടും തനിമ ചോരാതെ ചെറുപ്പം തിരിച്ചെത്തി

tha1

ഇനി നാട്ടിൽ വിശ്രമജീവിതം നയിക്കണം. അതിന് ശാന്തസുന്ദരമായൊരു സ്ഥലവും നല്ലൊരു വീടും വേണം. ഈ ആഗ്രഹമാണ് റിട്ട. കമാണ്ടർ രാജീവ് ശ്രീധരനെയും കുടുംബത്തെയും പറവൂരിലെ 200 വർഷം പഴക്കമുള്ള ബംഗ്ലാവിലെത്തിച്ചത്. പെരിയാറിന്റെ തീരത്ത് പഴമയുടെ എല്ലാവിധ മനോഹാരിതകളും നിറഞ്ഞ കെട്ടിടം ആദ്യകാഴ്ചയിൽ തന്നെ രാജീവിന്റെ മനസ്സ് കീഴടക്കി. വരാന്ത, ഓക്സൈഡ് പൂശിയ നിലം, കുമ്മായം തേച്ച ചുമരുകൾ, മംഗലാപുരം ഓടുമേഞ്ഞ മേൽക്കൂര... ഭംഗിയും പ്രൗഢിയും സമ്മേളിക്കുന്ന കാഴ്ചകളായിരുന്നു ബംഗ്ലാവിൽ നിറയെ. കൊളോണിയൽ കേരളീയ ശൈലികളുടെ സമന്വയത്തിലായിരുന്നു നിർമാണം.

കെട്ടിടം കുറേനാളായി അടച്ചിട്ടിരിക്കുകയായിരുന്നു. അതിനാൽ‌ പ്രായത്തിന്റെ അവശതകളുണ്ടായിരുന്നു. അങ്ങിങ്ങായി ചോർച്ച, ചിലയിടത്ത് ചുമരിലെ കുമ്മായം പൊട്ടിയിളകൽ, നിറം മങ്ങിയ തറ...എന്നിങ്ങനെ. ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാം എന്ന് രാജീവിന് ഉറപ്പുണ്ടായിരുന്നു. എന്നാൽ, കെട്ടിടത്തിൽ കുറച്ച് സൗകര്യങ്ങൾ ഉൾപ്പെടുത്തണം. പഴമയുടെ തനിമ നഷ്ടപ്പെടാനും പാടില്ല. ഇത് എങ്ങനെ സാധിക്കും എന്ന കാര്യത്തിലായിരുന്നു ടെൻഷൻ മുഴുവൻ. പക്ഷേ, ആ ടെൻഷനും അധികം ആയുസ്സുണ്ടായില്ല. പൈതൃകസംരക്ഷണത്തിൽ പ്രത്യേക വൈദഗ്ധ്യമുള്ള ആർക്കിടെക്ട് വിനോദ്കുമാറിനെ പരിചയപ്പെട്ടതോടെ രാജീവിനും കുടുംബത്തിനും ആത്മവിശ്വാസമായി.

Tha2

പ്രായമായ അച്ഛനും അമ്മയും രണ്ട് മക്കളും അടങ്ങുന്ന കുടുംബമായതിനാൽ ആധുനിക സൗകര്യങ്ങളുള്ള കിടപ്പുമുറികൾ ഉൾപ്പെടുത്തണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. വലുപ്പം കുറവാണെന്നതും അറ്റാച്ഡ് ബാത്റൂം ഇല്ല എന്നതുമായിരുന്നു നിലവിലുള്ള കിടപ്പുമുറികളുടെ ന്യൂനത. നിലവിലുള്ള കെട്ടിടത്തിൽ ഘടനാപരമായ മാറ്റങ്ങളൊന്നും വരുത്താതെ പുതിയൊരു ‘ബെഡ്റൂം ബ്ലോക്ക്’ കൂട്ടിച്ചേർത്ത് പ്രശ്നം പരിഹരിക്കാം എന്നതായിരുന്നു ആർക്കിടെക്ടിന്റെ നിർദേശം. നിലവിലുള്ള കെട്ടിടം അതേ തനിമയോടെ സംരക്ഷിക്കാമെന്നും ഇതിനോട് ലയിച്ചുചേരുന്ന രീതിയിൽ തന്നെ പുതിയ ഭാഗം രൂപകൽപന ചെയ്യാം എന്നും ബോധ്യപ്പെടുത്തിയതോടെ വീട്ടുകാർക്ക് സന്തോഷമായി.

Tha3

താഴെയും മുകളിലുമായി രണ്ടു വീതം കിടപ്പുമുറികളുളള ‘ബെഡ് റൂം ബ്ലോക്ക്’ കൂട്ടിച്ചേർത്തതാണ് ബംഗ്ലാവ് നവീകരണത്തിലെ സുപ്രധാന നടപടി. നിലവിലുള്ള കെട്ടിടത്തിന്റെ അതേ ശൈലിയിലും സമാനമായ നിർമാണവസ്തുക്കൾ ഉപയോഗിച്ചുമാണ് ഈ ഭാഗം നിർമിച്ചത്. കണ്ടാൽ പുതിയതാണെന്ന് പറയുകയേ ഇല്ല.

ബംഗ്ലാവിന്റെ തെക്കുപടിഞ്ഞാറു ഭാഗത്താണ് പുതിയ ബ്ലോക്ക്. അടിത്തറയുടെയും ചുമരിന്റെയും പൊക്കം, മേൽക്കൂരയുടെ ഡിസൈൻ എന്നിവയെല്ലാം ബംഗ്ലാവിന്റെ അതേപടി തന്നെ പിന്തുടർന്നു. പഴയ വീടിന്റെ മേൽക്കൂര തടികൊണ്ടായിരുന്നെങ്കിൽ പുതിയതിന്റേത് സ്റ്റീൽ ട്രസ്സ് ആണെന്നതു മാത്രമാണ് മാറ്റം. ഡ്രസ്സിങ് സ്പേസ്, റീഡിങ് സ്പേസ്, അറ്റാച്ഡ് ബാത്റൂം എന്നീ സൗകര്യങ്ങളെല്ലാം പുതിയ നാല് കിടപ്പുമുറികളിലുമുണ്ട്.

ബംഗ്ലാവിന്റെ താഴത്തെ നിലയിൽ അടുക്കളയോടു ചേർന്നായിരുന്നു ഊണുമുറി. ഇതിന് വലുപ്പം കുറവായിരുന്നതിനാൽ തൊട്ടുചേർന്നുള്ള വരാന്ത കൂട്ടിയെടുത്ത് വലുതാക്കി. അതുപോലെ അടുക്കളയ്ക്കു പിന്നിലുള്ള വരാന്തയുടെ കുറച്ചുഭാഗം കെട്ടിയടച്ച് സെർവന്റ്സ് റൂം നിർമിച്ചു. ഇതു രണ്ടുമാണ് ബംഗ്ലാവിന്റെ സ്ട്രക്ചറിൽ വരുത്തിയ ചെറിയ മാറ്റങ്ങൾ.

Tha4

വിശാലമായ വരാന്ത, സ്വീകരണമുറി, ഊണുമുറി, അടുക്കള, മാസ്റ്റർ ബെഡ്റൂം എന്നിവയാണ് ഇപ്പോൾ ബംഗ്ലാവിന്റെ താഴത്തെ നിലയിലുള്ളത്. തടികൊണ്ടാണ് ഈ ഭാഗത്തിന്റെ മേൽക്കൂര. മുകളിലുള്ള ഭാഗം വീട്ടുകാർക്ക് വായിക്കാനും പഠിക്കാനും വിശ്രമിക്കാനുമൊക്കെയുള്ള ‘മൾട്ടി പർപ്പസ് ഏരിയ’ ആയി നിലനിർത്തി.

ചുമരിൽ കുമ്മായം ഇളകിയ സ്ഥലങ്ങൾ വൃത്തിയാക്കി കുമ്മായം തന്നെ തേച്ചു. പരമ്പരാഗത ശൈലിയിലുള്ള കുമ്മായക്കൂട്ടിനു പകരം ‘പ്രീ മിക്സ് കുമ്മായം’ ആണ് ഉപയോഗിച്ചത് എന്നുമാത്രം. നല്ല കാതലുള്ള ആഞ്ഞിലിയും തേക്കും ഉപയോഗിച്ചുള്ളതായിരുന്നു ബംഗ്ലാവിന്റെ മേൽക്കൂര. കാലപ്പഴക്കം കൊണ്ടും വെള്ളം നനഞ്ഞും കഴുക്കോലുകളിലും പട്ടികയിലും ചിലത് നശിച്ചിരുന്നു. ഓടുകൾക്കും പൊട്ടലുണ്ടായിരുന്നു. തകരാറുകൾ പൂർണമായി പരിഹരിക്കാനായി മേൽക്കൂര മുഴുവനായി അഴിച്ചിറക്കി. ഓരോ തടിക്കഷണവും നമ്പറിട്ട് അടുക്കി സൂക്ഷിച്ചു. കേടുവന്നവ പൂർണമായും മാറ്റി പകരം അതേ തടിയുടെ തന്നെ പുതിയ കഴുക്കോലും പട്ടികയും കയറ്റിയാണ് മേൽക്കൂര തിരിച്ചുപിടിപ്പിച്ചത്.

Tha5

പഴയ ഫർണിച്ചറിന്റെ കേടുപാടുകൾ നീക്കി പോളിഷ് ചെയ്ത് വൃത്തിയാക്കിയെടുത്തു. പുതിയ കെട്ടിടത്തിലേക്കും ഏറെക്കുറേ സമാന ഡിസൈനിൽ തന്നെയുള്ള പുതിയ ഫർണിച്ചർ വാങ്ങി. ചിലത് പണിയിപ്പിച്ചെടുത്തു. ബംഗ്ലാവിന് അടുത്തായി കുളമുണ്ടായിരുന്നതും കാടുപിടിച്ചു കിടക്കുകയായിരുന്നു. പുതിയ പടവുകൾ കെട്ടിയും ഉറവകൾ തെളിച്ചും ഇതും നവീകരിച്ചെടുത്തു. വീട്ടുകാർ മോഹിച്ചതു പോലെ തണലും തണുപ്പുമെല്ലാമുള്ളൊരു തറവാട് അങ്ങനെ പുനർജന്മമെടുത്തു.

ചിത്രങ്ങൾ: മിഥുൽ കിഴക്കിനിയേടത്ത്

കടപ്പാട്:

എം.എം. വിനോദ്കുമാർ, ആർക്കിടെക്ട്, തൃശൂർ mail@ddarchitects.in