Friday 08 February 2019 06:40 PM IST : By തയാറാക്കിയത്: സോന തമ്പി

ജാപ്പനീസ് ശാന്തതീരം; കേരളത്തിന്റേയും ജപ്പാന്റെയും സംസ്കാരങ്ങൾ സമന്വയിക്കുന്നു ഇൗ വില്ലയിൽ

japan-1

ജപ്പാനിൽ താമസിക്കുന്ന സുനിതും സവീനയും സ്വന്തം നാടായ കൊച്ചിയിൽ വീടുവയ്ക്കാനാഗ്രഹിച്ചാണ് സ്റ്റുഡിയോ ടാബിന്റെ അടുത്തെത്തിയത്. നഗരത്തിലെ കോൺക്രീറ്റ് കാടുകളുടെ പ്രത്യേകതകളൊന്നും ഇല്ലാത്ത വീടായിരുന്നു അവരുടെ മനസ്സിൽ. പകരം തനിമയുള്ളതും വ്യക്തിത്വമുള്ളതും ബഹളങ്ങളൊഴിഞ്ഞതും കഴിയുന്നത്ര ശാന്തത നിറയുന്നതുമായ വീടായിരുന്നു അവരുടെ സ്വപ്നം. കുട്ടികളുടെ മനസ്സിൽ എന്നും പച്ചപിടിച്ചുനിൽക്കുന്നൊരു വീടായിരിക്കണം എന്ന് മാതാപിതാക്കൾ ആഗ്രഹിച്ചു. അവരെ എന്നും നാട്ടിലേക്ക് മാടിവിളിക്കുന്നൊരു ഭവനം. നല്ലൊരു ഫ്രഷ് ഫീൽ വേണം, സുഖസൗകര്യങ്ങൾ വേണം, പിന്നെ അൽപസ്വൽപം ട്രഡീഷനൽ ഘടകങ്ങളും... ഇങ്ങനെയായിരുന്നു വീട്ടുകാരുടെ ആഗ്രഹങ്ങൾ.

ഡിസൈൻ

നഗരത്തിന്റെ വന്യമായ രീതികളിൽ നിന്ന് വ്യത്യാസമായിരിക്കണം എന്ന തീരുമാനത്തിലെത്തി സ്റ്റുഡിയോ ടാബിലെ ആർക്കിടെക്ടുമാർ. കൊച്ചിയുടെ ‘ഫ്ലേവർ’ ലഭിക്കാൻ ചരി‍ഞ്ഞ റൂഫും കൊത്തുപണികൾ ചെയ്ത തടിപ്പണിയുമാവാമെന്ന് തീരുമാനിച്ചു. അതേസമയം, രണ്ടു കൊച്ചു പെൺകുട്ടികൾ മുതൽ അവരുടെ മുത്തശ്ശനും മുത്തശ്ശിയും വരെ മൂന്നു തലമുറ ആളുകളെ തൃപ്തരാക്കുകയും വേണം. ജീവിതത്തിന്റെ എല്ലാ പ്രായത്തിലും താലോലിക്കാൻ പറ്റുന്നതാവണം വീട്.

j6

വീടിനകത്തൊരു ഫാം

ചെടികളും പച്ചപ്പും ജീവനെ പ്രതിനിധാനം ചെയ്യുന്നവയാണ്. അവ ഒരു ഇടത്തെ പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും; തിരിച്ചും. മൃദുലമായ പച്ചനിറം ഏതു പ്രായത്തിലുള്ള കണ്ണുകൾക്കും ആശ്വാസം നൽകുന്ന കാഴ്ചയാണ്. അതുകൊണ്ട് ഏതു മൂലയിലും ചെറിയ ചെറിയ ഗാർഡനുകൾ ഒരുക്കുക എന്നത് വീട്ടിലെ എല്ലാ തലമുറക്കാർക്കും താൽപര്യമായിരുന്നു. ചെറിയ പൂന്തോട്ടമുക്കുകളിൽ നാട്ടിൻപുറത്തെ ചെടികൾ ഉൾപ്പെടുത്തുകയും ചെയ്തു. മൂന്നു നിലകളുള്ള വീടിന് മൂന്നു തട്ടുകളിലായുള്ള ജാപ്പനീസ് പൂന്തോട്ടശൈലിയാണ് സജ്ജീകരിച്ചത്. എല്ലാവർക്കും കാണാവുന്നതും പാതി വീട്ടുകാർക്കും പാതി മറ്റുള്ളവർക്കും കാണാവുന്നതും വീട്ടുകാർക്കു സ്വകാര്യമായിട്ടുള്ളതുമായി മൂന്നു തരത്തിലാണ് ഇൗ ജാപ്പനീസ് പൂന്തോട്ടം ക്രമീകരിച്ചത്.

j7

ആദ്യ നിലയിൽ

എല്ലാവർക്കും കാണാവുന്ന പൂന്തോട്ടമാണ് താഴത്തെ നിലയിൽ. ലിവിങ് റൂം, അതിഥികൾക്കുള്ള കിടപ്പുമുറി, അടുക്കള, ഡൈനിങ് എന്നിവയാണ് ഇവിടെയുള്ള മുറികൾ. ഇൗ മുറികളെല്ലാം നിറങ്ങൾ കൊണ്ടും കാഴ്ചയുടെ തുടർച്ച കൊണ്ടും ജീവസ്സുറ്റ രീതിയിലാണ്.

ലിവിങ് ഏരിയ മുഴുവനായി പൂന്തോട്ടത്തിലേക്കു തുറക്കുന്നതിനാൽ പുറംകാഴ്ചകൾ വീടിന്റെ ഭാഗമാകുന്നു. പുറത്തെ ‘ഫ്രഷ്‌നെസ്’ മുഴുവനായി സ്വീകരണമുറിയിലേക്ക് കടന്നുവരും. അകം, പുറം വ്യത്യാസങ്ങളില്ലാതെ രണ്ടിനുമിടയിൽ ഒരു താളം സൃഷ്ടിക്കാനും രണ്ടും ചേർന്നൊരു വലിയ സ്പേസ് ആയി തോന്നാനും ഇൗ ഡിസൈൻ സഹായിക്കുന്നു. കൈവേലയായ ആത്തംകുടി ടൈലുകളും ഗ്രേ നിറത്തിൽ ശാന്തമായ ഒാക്സൈഡ് ഫ്ലോറിങ്ങും ഇവിടെ ഉപയോഗിച്ചപ്പോൾ തടിപ്പണികൾക്ക് കൂടുതൽ മിഴിവ് കൈവന്നു. ലിവിങ്ങിന്റെ ഒരു വശത്ത് മാർബിൾ കൊണ്ടുള്ള ഇരിപ്പിടം പൂന്തോട്ടത്തിന്റെ ഏരിയയോട് തൊട്ടുരുമ്മി നിൽക്കുന്നു.

j3

സ്പേസ് കൃത്യമായി ഉപയോഗിച്ച ഇടമാണ് ഡൈനിങ് ഏരിയ. ലാളിത്യം നിറഞ്ഞ ഡൈനിങ് ഇരിപ്പിടങ്ങളിൽ ടെംപിൾ ഗ്രാനൈറ്റ് സ്റ്റോൺ ആണ് വ്യത്യസ്തത പകരുന്നത്. അഞ്ച് അടി X അഞ്ച് അടി വലുപ്പമുള്ള തേക്കിന്റെ മേശയാണ് ഉൗണിടത്തിലുള്ളത്. മൂന്നു ചുവരുകളിൽ ‘സി’ ആകൃതിയിൽ ചുറ്റിപ്പോകുന്ന ‘സ്റ്റെയർവെല്ലി’നടിയിലാണ് മനോഹരമായ ഡൈനിങ് സ്പേസ്. മുകളിലാണെങ്കിൽ, മൂന്നു നില പൊക്കത്തിലുള്ള സ്കൈലിറ്റ് ഒാപനിങ്ങിലൂടെ ധാരാളം സൂര്യപ്രകാശം താഴേക്കെത്തും.

അടുക്കളയ്ക്ക് മൊത്തത്തിൽ കൊടുത്തിരിക്കുന്ന ‘റസ്റ്റിക് ഫീലിങ്’ ആണ് അതിന്റെ ഭംഗി. വെള്ളയും തടിയുടെ ബ്രൗണും നിറങ്ങളാണ് കൂടുതലും. അതിനിടയിൽ ഹാൻഡ്മെയ്ഡ് ഗ്രീൻ ടൈലുകൾ കൂടി ചേരുമ്പോൾ കിച്ചൻ പച്ചപ്പും പുതുമയും നിറയുന്ന അനുഭവമാകുന്നു.

കിച്ചൻ കാബിനറ്റുകൾ കണ്ടുമടുത്തെങ്കിൽ ഇതാ പുതിയൊരു സ്റ്റോറേജ് െഎഡിയ – ഇംഗ്ലിഷ് വീടു കളിലെ ധാന്യപ്പുരയുടെ വാതിൽ പോലൊരു സ്ലൈഡിങ് ഡോർ. പൈൻവുഡ് കൊണ്ട് ഉണ്ടാക്കിയ ഇൗ വാതിൽ ലോഹ റെയ്‍‌ലിങ്ങിലാണ് നിരങ്ങി നീങ്ങുന്നത്. കിച്ചന്റെ ഏറ്റവും വലിയ ആകർഷണവും ഇതുതന്നെ.

j4

സ്റ്റെയർകെയ്സും ട്രാൻസിഷൻ സ്പേസും

നൂറു വർഷത്തോളം പഴക്കമുള്ളൊരു വീടിന്റെ തേക്കിൻതടി പുനരുപയോഗിച്ച് ഗോവണിയുടെ പടികൾ ക്ലാ‍ഡ് ചെയ്തെടുത്തു. വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത് ഇൗ തേക്കിൻ തടികൾ പോളിഷ് ചെയ്തെടുക്കുകയായിരുന്നു. പടികളുടെ താഴെ പ്രിന്റഡ് ടൈലുകൾ കൂടി ഒട്ടിച്ചപ്പോൾ കലക്കൻ സ്റ്റെയർകെയ്സ് റെഡി!

j2

രണ്ടാം ലെവൽ

മൂന്ന് നിലകളിലുള്ള ഗാർഡൻ ഹോമിന്റെ സെമി പ്രൈവറ്റ് ഏരിയയാണ് ഇൗ ഭാഗം. കുടുംബത്തിന് ഒത്തുചേരാനുള്ള സ്ഥലം, ഒരു അതിഥി മുറി, മാസ്റ്റർ ബെഡ്റൂം എന്നിവയാണ് ഇൗ തട്ടിലുള്ളത്. ചൂരൽ മനോഹരമായ അലങ്കാരവസ്തുവായി ഉപയോഗിച്ചിരിക്കുന്നത് കാണണമെങ്കിൽ ഇൗ മാസ്റ്റർ ബെഡ്റൂം ഒന്നു നോക്കിയാൽ മതി. കട്ടിലിന്റെ ഡിസൈനിലും വാഡ്രോബിന്റെ ഡിസൈനിലുമുണ്ട് ചൂരൽ മാഹാത്മ്യം. നാട്ടിലെ പണിക്കാരെ കൊണ്ടാണ് ഇതു ചെയ്തെടുക്കാൻ സാധിച്ചതെന്ന് ആർക്കിടെക്ട് ടീം പറയുന്നു. ഉപയോഗശൂന്യമായ മറ്റൊരു വീട്ടിൽ നിന്നു ലഭിച്ച കട്ടിലിന് നാല് പോസ്റ്റുകൾ പിടിപ്പിച്ചാണ് വേറൊരു കട്ടിൽ ശരിയാക്കിയെടുത്തത്. പഴയൊരു ആന്റിക് തടിപ്പെട്ടി സംഘടിപ്പിച്ചതാണ് ഇവിടെ സൈഡ് ടേബിൾ ആയി ഉപയോഗിച്ചത്.

കുടുംബത്തിനൊത്തുകൂടാനുള്ള ഇടമാണ് ഒ ന്നാം നിലയിലെ ‘ട്രാൻസിഷൻ സ്പേസ്’. ഒരു ദിവാ നും ചെടികളുടെ ഒരു ചുമരും കൊണ്ടാണ് ഇവിടം ‘സ്പെഷൽ’ ആക്കിയത്. എക്സ്പോസ്‍ഡ് ബ്രിക് വോൾ കൊടുത്ത് ഇവിടെ ചെടികൾക്കും ടൈലുക ൾക്കും നല്ലൊരു പശ്ചാത്തലം സൃഷ്ടിച്ചു.

തേർഡ് ലെവൽ

ഗാർഡന്റെ ഏറ്റവും സ്വകാര്യമായ ഭാഗമാണ് ഇവിടം. ഇംഗ്ലിഷ് വീടുകളിലേതുപോലെ ആറ്റിക് സ്പേസും ടെറസും ചേർന്നതാണ് ഇൗ ഭാഗം. ഫെയറിടെയ്‌ൽ കഥകളിലെപ്പോലെയുള്ള ലൈബ്രറിയാണ് ഇവിടത്തെ ആകർഷണം. നല്ല വായനാശീലം പ്രതിഫലിക്കുന്ന ലൈബ്രറിയിൽ ഉയരം കൂടിയ റാക്കുകളാണുള്ളത്. ചരിഞ്ഞ റൂഫാണ് ഇൗ ലൈബ്രറിക്ക്. ലൈബ്രറി കഴിഞ്ഞാൽ കുടുംബസംഗമങ്ങൾക്കും മറ്റുമുള്ള മൾട്ടിപർപ്പസ് റൂം ആണുള്ളത്. കുട്ടികൾക്ക് ഇവിടെ കളിക്കാം, പഠിക്കാം, അച്ഛന് വായിക്കാം.. അങ്ങനെ പലതും. ഒരു മൂലയ്ക്കായി പഴയൊരു സ്റ്റഡി ടേബിളും അതിന് ചേരുന്നൊരു മുത്തശ്ശി കസേരയുമുണ്ടിവിടെ. സോളിഡ് വുഡൻ ഫ്ലോറിങ്ങും എക്സ്പോസ്ഡ് ബ്രിക്കിന്റെ വോളും ഇവിടത്തെ മൃദുലഭാവങ്ങൾക്ക് ചാരുത പകരുന്നു.

japan-1

മെറ്റീരിയൽ

സർഗാത്മകമായ കാഴ്ചപ്പാടും കേരളത്തിന്റ തനതു ഭാവങ്ങളും പ്രതിഫലിപ്പിക്കാൻ ഉപയോഗിച്ചത് പ്രാദേശികമായി കണ്ടെത്തിയ നിർമാണവസ്തുക്കളാണ്. തേക്കിൻതടി, പൈൻവുഡ്, ആത്തംകുടി ടൈലുകൾ, ഒാക്സൈഡ് ഫ്ലോറിങ് തുടങ്ങിയവ. അകൃത്രിമമായ സൗന്ദര്യമാണ് വീടിനുള്ളിൽ കാണാനാവുക. ഒരിക്കലും പൂർണതയ്ക്കുവേണ്ടിയല്ല പരിശ്രമിച്ചത്, പകരം നിർമാണവസ്തുക്കളുടെ സ്വാഭാവിക ടെക്സ്ചറുകളും നിറങ്ങളുമായിരുന്നു ലക്ഷ്യം. ഒാരോ വസ്തുവിനും വ്യത്യസ്തമായ സ്പർശനം, കാഴ്ച, അനുഭവം എന്നിവയുണ്ട്. അതുകൊണ്ടാണ് സിമന്റ് ഫിനിഷുള്ള ഫ്ലോറിങ്ങും പരുപരുത്ത രീതിയിൽ കട്ട് ചെയ്ത സ്റ്റോണും തേക്കാത്ത കട്ടകളും ഇവിടെ ഉപയോഗിച്ചത്. മിനുസമുള്ള പ്രതലങ്ങൾക്കായി എല്ലാ നിറങ്ങളിലുമുള്ള ടൈലുകൾ ഉപയോഗിച്ചു. അടുക്കളയിലെ പച്ച ടൈലുകൾ കണ്ണുകളെ അതിശയിപ്പിക്കുന്നു, സ്റ്റെയർകെയ്സ് പടികളിലെ ടൈലുകൾ തടിക്ക് പ്രത്യേക ശോഭ പകരുന്നു, ബാത്റൂമിലും ലിവിങ് റൂമിലുമുള്ള ടൈലുകൾ പുതുമ കൊണ്ടുവരുന്നു.

സൂര്യനെ ചുംബിച്ചുകൊണ്ടുനിൽക്കുന്ന സുന്ദരമായൊരു വീട്. വേരുകളും ശാഖകളും ഉള്ള വീട്. നിങ്ങൾക്കൊപ്പവും നിങ്ങളിലും വളരുന്ന വീട്. ■

family