Wednesday 13 March 2019 04:21 PM IST : By

ശ്വസിക്കാം, തണുപ്പിന്റെ കുളിരിൽ മയങ്ങാം; വേനലിൽ ചുട്ടുപൊള്ളിക്കാത്ത ‘ശ്വസിക്കുന്ന വീട്’

v1

റോഡിൽ നിന്ന് അൽപം താഴെയുള്ള പ്ലോട്ടിൽ ചുവന്നു തുടുത്ത് ഗരിമയോടെ നിൽക്കുകയാണവൻ. അന്തരീക്ഷത്തിലെ തണുത്ത വായു അകത്തേക്കെടുക്കുന്നതിലാണ് അവന്റെ ശ്രദ്ധ. പറഞ്ഞുവരുന്നത് മലപ്പുറം മങ്കടയിലുള്ള നവാസിന്റെ വീടിനെക്കുറിച്ചാണ്. പുറത്തെ ചൂടൊന്നും തന്നെ ബാധിക്കില്ലെന്ന മട്ടിൽ വീട്ടുകാർക്ക് കുളിർമ നൽകിയുള്ള നിൽപ്. വീടിന്റെ ഈ ഡിസൈനിനു പിറകിൽ എൻജിനീയറായ വാജി‍ദ് റഹ്മാനാണ്.

ഇനി വാജിദ് പറയട്ടെ;

‘‘വീട് വീട്ടുകാർക്ക് സ്വസ്ഥതയും സമാധാനവും നൽകുന്ന ഇടമാകണം, അതുകൊണ്ടുതന്നെ പ്രകൃതിയോടിണങ്ങുന്ന വീടുകൾ പണിയാനും പ്രോൽസാഹിപ്പിക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്.

വീട് നമ്മുടെ വിശ്രമ ഇടമല്ലേ? അതിലെന്തിനാണ് ചൂടു നിറച്ച് വീര്‍പ്പുമുട്ടുന്നത്? കോൺക്രീറ്റ് പരമാവധി കുറച്ചുള്ള നിര്‍മാണമാണ് താൽപര്യം. ഇത് വരുന്ന തലമുറയോടും പ്രകൃതിയോടുമുള്ള എന്റെ ഉത്തരവാദിത്തം കൂടിയാണ്.

രാവിനെ പകലാക്കുന്ന, ലൈറ്റുകൾ കൊണ്ടുള്ള മാജിക്കിനോട് താൽപര്യമില്ല. പ്രക‍ൃതിയുടെ വെളിച്ചത്തിലും കാറ്റിലുമാണ് വിശ്വാസം.

വലിയ വീടുകൾ ചെയ്യില്ല എന്നതുതന്നെയാണ് തീരുമാനം. കുറച്ച‌ു വസ്തുക്കള്‍ ഉപയോഗിച്ച് ചെറിയ ബജറ്റിൽ വീടു നിര്‍മിക്കാനാഗ്രഹിക്കുന്നവരെ സഹായിക്കാനാണ് ഏറെ ഇഷ്ടം.പ്രകൃതിയിൽ നിന്നു ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണമാണ് താൽപര്യം. ഉൽപന്നങ്ങൾ കുത്തിനിറച്ചുള്ള ഇന്റീരിയർ ഡെക്കറേഷനും പ്രോൽസാഹിപ്പിക്കാറില്ല.

ആരാണ് നമ്മുടെ നിർമിതികൾക്ക് അതിരു നിശ്ചയിച്ചത്? പ്രക‍ൃതിയോടു കലഹിക്കാത്ത നിർമാണ ആശയങ്ങൾ വിരിയട്ടെ, അവ വീടുകളായി ജനിക്കട്ടെ.’’

v4

പ്രകൃതിയോടിണങ്ങി

പതിനാല് ലക്ഷം രൂപ കൊണ്ടു നിർമിച്ച 960 ചതുരശ്രയടിയുള്ള വീട്ടിൽ സിറ്റ്ഔട്ട്, രണ്ട് കിടപ്പുമുറികൾ, ഓഫിസ് മുറി, അടുക്കള, ഡൈനിങ്, കോമൺ ബാത്റൂം എന്നിവയാണുള്ളത്. പ്രാദേശികമായി ലഭിക്കുന്ന വെട്ടുകല്ലുകൊണ്ടാണ് തറയും ഭിത്തിയും പൂർത്തിയാക്കിയത്. ഒൻപത് അടിയുള്ള ഭിത്തിക്ക് മുകളിൽ ലിന്റൽ വാർത്തു. ഹാൾ ഒഴികെയുള്ള ഇടങ്ങളിൽ മേൽക്കൂര നാല് ഇഞ്ച് കനത്തിൽ കോൺക്രീറ്റ് ചെയ്തു. ഇതിനു മുകളിലേക്ക് ഹോളോബ്രിക്സ്കൊണ്ട് അഞ്ച് അടിയിലാണ് ഭിത്തി പണിതത്. പുറംഭിത്തിയിൽ പ്ലാസ്റ്ററിങ് ചെയ്യാതെ, വെട്ടുകല്ലിന്റെ ഭംഗി കാണുന്ന വിധത്തിൽ ചുവന്ന പെയിന്റ് ചെയ്തു. അകത്ത് വൈറ്റ് വാഷ് അടിച്ചു. വലിയ വാതിലുകളും ജനലുകളുമാണ് വീടിന്റെ ആകർഷണം. പ്രധാന വാതിൽ തടി കൊണ്ടുള്ളതാണ്.

മറ്റുള്ളിടങ്ങളിൽ ഫൈബർ ഡോറുകള്‍ പരീക്ഷിച്ചു. അടുക്കളയിൽ സ്റ്റീൽ ഡോർ നൽകി. അകത്തളത്തിൽ ടെറാക്കോട്ട ടൈൽ ഉപയോഗിച്ചത് ചെലവു ചുരുക്കലിനൊപ്പം വീടിന്റെ നിറത്തോടു നീതി പുലർത്തുന്നുമുണ്ട്. അടുക്കളയിലും ബാത്റൂമിലും സെറാമിക് ടൈൽ ഉപയോഗിച്ചു. ഡബിൾ ഹൈറ്റുള്ള ഹാളിൽതന്നെ ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ പ്രത്യേകം ഭിത്തി നൽകാതെ വേർതിരിച്ചത് വീടിനക‌ം വിശാലവും ഭംഗിയുള്ളതുമാക്കി.

v-2

റബ്‌വുഡിലും സ്റ്റീലിലും പണിത സ്റ്റെയർകെയ്സ് കയറി ഹാളിൽ നിന്ന് മുകളിലെത്തിയാൽ, കാണുന്ന യൂട്ടിലിറ്റി ഏരിയയാണ് വീടിന്റെ ഏറ്റവും ആകർഷകമായ ഭാഗം.

ജിഐ അഴികളുള്ള ബാൽക്കണിയും ജിഐ ട്രസ് റൂഫിട്ട് ഓടു മേഞ്ഞ മേൽക്കൂരയും മനോഹരം തന്നെ. ഭാവിയിൽ ആവശ്യമനുസരിച്ച് ഈ ഭാഗത്തിന് മാറ്റം വരുത്തുകയുമാകാം. മേൽക്കൂരയിൽ നിന്ന് വീടിന്റെ പുറം ഭിത്തിയിലേക്ക് ചെരിച്ച് നൽകിയിരിക്കുന്ന ജിഐ പൈപ്പുകളും ആകർഷകമാണ്.

v-3

ശ്വസിക്കുന്നതിങ്ങനെ

വീടിനകത്തേക്കുള്ള വായുവിനെ തടഞ്ഞു നിർത്തിയില്ല. വായുസഞ്ചാരം സുഗമമാക്കാനുള്ള സൗകര്യമൊരുക്കി. ഇഷ്ടം പോലെ വായു വീട്ടിലൂടെ ക യറിയിറങ്ങിപ്പോകാൻ പാകത്തിൽ സാധാരണത്തേതിൽനിന്നു വ്യത്യസ്തമായി ഭിത്തി മുഴുവൻ നിറയുന്ന ജനലുകളാണ് നൽകിയത്.

തിരശ്ചീനമായ അഴികൾ മാത്രം നൽകിയ, അലുമിനിയം ഫ്രെയിമിലുള്ള സ്ലൈഡിങ് ജനലുകൾ കാറ്റിനെയും വെളിച്ചത്തെയും യഥേഷ്ടം വീടിനകത്തു സ്വീകരിച്ചിരുത്തും. ജനലിന് മുകളിൽ ഉയർത്തി നിർത്താവുന്ന വാതിലുകളുള്ള ഓപനിങ്ങും മുകളിലെ നിലയിലെ ഗ്രില്ലും വീടിനകത്തെ ചൂടു വായു പുറത്തെത്തിക്കാന്‍ സഹായിക്കുന്നു.

ഡബിൾ ഹൈറ്റിൽ ഓട് പതിച്ച മേൽക്കൂരയും ഫ്ലോറിനു നൽകിയ ടെറാക്കോട്ട ടൈലും വീടിനകത്ത് എപ്പോഴും തണുത്ത അന്തരീക്ഷം നൽകുന്നു. പ്രകൃതിയോടിണങ്ങിയുള്ള നിർമിതികൾ താമസിക്കുന്നവർക്ക് നൽകുന്ന ആശ്വാസം ചെറുതല്ലെന്ന് ബോധ്യപ്പെടുത്തുന്നതിന്റെ യഥാർഥ ഉദാഹരണമാണ് ഈ വീട്. ■

ചിത്രങ്ങൾ: അജീബ് കൊമാച്ചി

v5
നവാസും കുടുംബവും

Project Facts

Area: 960 sqft

Engineer:

വാജിദ് റഹ്മാൻ

ഹൈരാർക്കിടെക്ട്സ്

മലപ്പുറം

hierarchyarchitects@gmail.com

Location:

മങ്കട, മലപ്പുറം

Year of completion:

ഏപ്രിൽ, 2018