Saturday 21 November 2020 06:07 PM IST

സ്വിമ്മിങ്പൂൾ, ഹോംതീയറ്റർ, നാല് കിടപ്പുമുറി, വിശാലമായ ലാൻഡ്സ്കേപ്, 5200 ചതുരശ്രയടിയിൽ പ്ലോട്ടിനനുസരിച്ച വീട്

Sunitha Nair

Sr. Subeditor, Vanitha veedu

vengara9

വീട് രൂപകൽപന ചെയ്യാൻ ഡിസൈനർ മുഹമ്മദ് മുനീറിനെ ഏൽപിക്കുമ്പോൾ കുറച്ചു നിബന്ധനകൾ മാത്രമേ മലപ്പുറം വേങ്ങര സ്വദേശികളായ കുഞ്ഞുമുഹമ്മദ്, അജ്മി ദമ്പതികൾക്കുണ്ടായിരുന്നുള്ളൂ. വിശാലമായ ലാൻഡ്സ്കേപ്പിങ്, സ്വിമ്മിങ് പൂൾ, രണ്ട് കാർ ഇടാനുള്ള സൗകര്യം...അങ്ങനെ ചിലത്.

vengara1

നീളം കുറഞ്ഞ് വീതി കൂടുതലുള്ള 35 സെന്റിൽ അതിനനുസരിച്ചുള്ള പ്ലാൻ ആണ് തയാറാക്കിയിരിക്കുന്നത്. കന്റെംപ്രറി ശൈലിയിലാണ് 5200 ചതുരശ്രയടിയുള്ള വീട് ഒരുക്കിയിട്ടുള്ളത്. രണ്ടു നിലകൾ കൂടാതെ, ഒരു മെസനൈൻ ഫ്ലോർ കൂടിയുണ്ട്. ആ മെസനൈൻ ഫ്ലോറിനെ മുന്നിലേക്ക് പ്രോജക്ട് ചെയ്തു നിൽക്കുന്ന ബോക്സ് ആക്കി എലിവേഷന് ഭംഗിയേകി. കാർപോർച്ചിന്റെയും സിറ്റ്ഔട്ടിന്റെയും മുകളിലായി വരുന്ന മെസനിൻ ഫ്ലോറിലാണ് ഹോം തിയറ്റർ. കൂടുതൽ വാഹനങ്ങൾ പാർക് ചെയ്യാൻ വീടിനോടു ചേർന്ന് സൗകര്യം നൽകി. കിടപ്പുമുറികൾ വരുന്ന ഭാഗത്ത് ചൂടു കുറയ്ക്കാൻ ഷിംഗിൾസ് നൽകി.

vengara6

‘എൽ’ ആക‍ൃതിയിലാണ് സിറ്റ്ഔട്ട്. ഇരിപ്പിടങ്ങൾ ഒരു വശത്തേക്ക് ക്രമീകരിച്ചതിനാൽ സിറ്റ്ഔട്ടിൽ നടക്കുമ്പോൾ തടസ്സങ്ങളുണ്ടാകില്ല. വീട്ടിലേക്കു കയറുമ്പോൾ തന്നെ ഹാളിനോടു ചേർന്ന് ഡ്രൈ കോർട്‌യാർഡ് നൽകി.

vengara3

ഇവിടം ഇന്റീരിയർ പ്ലാന്റ്സും പെബിൾസും കൊണ്ട് മനോഹരമാക്കി. ഭിത്തിയിൽ വുഡൻ ക്ലാഡിങ് നൽകി. ഡിസ്ട്രസ് ലുക്കിനായി തടിയുടെ കുറച്ചു ഭാഗം കത്തിച്ചതിന് ശേഷം ക്ലാഡ് ചെയ്തു. ലിവിങ്റൂമിനെ സ്റ്റീലും തടിയും കൊണ്ടുള്ള പാർട്ടീഷൻ വഴി വേർതിരിച്ചിട്ടുണ്ടെങ്കിലും അവിടെ നിന്ന് കോർട്‌യാർഡിന്റെ കാഴ്ച ആസ്വദിക്കാം.

vengara4

ഫാമിലി ലിവിങ്ങിന് ‘എൽ’ ആകൃതിയിലുള്ള ലെതർ സോഫ, സീലിങ്ങിലെ വുഡൻ പാനലിങ്, ചുമരിലെ വുഡൻ റീപ്പറുകൾ, ഗോൾഡൻ ടെക്സ്ചർ എന്നിവ മിഴിവേകുന്നു. ഇവിടെ നിന്ന് പുറത്തെ വരാന്തയിലേക്കിറങ്ങാം. ഈ വരാന്ത ചെന്നെത്തുന്നത് സ്വിമ്മിങ് പൂളിലേക്കാണ്. പൂളിനോടു ചേർന്ന് വെർട്ടിക്കൽ ഗാർഡന്റെ ഹരിതഭംഗിയുമായി ഓപൻ ഡെക്കുമുണ്ട്.

vengara5

ഊണുമുറിയുടെ ഫോൾഡിങ് സ്ലൈഡിങ് ഡോർ വഴിയും സ്വിമ്മിങ് പൂളിലേക്കെത്താം. ഊണുമുറിയിൽ നിന്ന് വീടിന്റെ മുന്നിലേക്കും ഒരു ഓപനിങ് ഉണ്ട്. വാട്ടർ ബോഡിയും കോഫീടേബിളും ഈയിടത്തിന് മാറ്റുകൂട്ടുന്നു. ഡൈനിങ്, ഫാമിലി ലിവിങ് എന്നിവയുടെ ഗ്ലാസ് ചുമരുകളിലൂടെ അകത്തിരുന്നാലും സ്വിമ്മിങ് പൂളും ഡെക്കും കണ്ട് ആനന്ദിക്കാം.

vengara7

വലിയ ഹാളിന്റെ ഭാഗമാണ് ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് എന്നിവ. എന്നാൽ പാർട്ടീഷൻ വഴി ഇവ മൂന്നിനും സ്വകാര്യത ഉറപ്പാക്കിയിട്ടുണ്ട് താനും.അതിഥികൾക്ക് ഇരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള സംവിധാനം അടുക്കളയിൽ ഏർപ്പെടുത്തി.പ്ലാനിലാക് ഗ്ലാസ് കൊണ്ടുള്ള കാബിനറ്റുകളാണ് െഎലൻഡ് കിച്ചന്. കാബിനറ്റിന് ഉൾവശം പ്ലൈവുഡ് ലാമിനേറ്റ് ആണ്.

vengara2

തേക്കിൻ തടിയും ഗ്ലാസും കൊണ്ടുള്ള സ്റ്റെയർകെയ്സിന്റെ ലാൻഡിങ്ങിൽ സ്റ്റഡി ഏരിയ ക്രമീകരിച്ചു. ഈ സ്റ്റഡി ഏരിയയിൽ നിന്ന് മെസനിൻ ഫ്ലോർ ആയി നൽകിയിട്ടുള്ള ഹോം തിയറ്ററിലേക്ക് പ്രവേശിക്കാം. രണ്ടു നിലകളിലുമുള്ളവർക്ക് എത്താൻ എളുപ്പമാണെന്നതാണ് ഈ മെസനിൻ ഫ്ലോറിന്റെ ഗുണം.

താഴത്തെ നിലയിൽ രണ്ട്, മുകളിലെ നിലയിൽ രണ്ട് എന്നിങ്ങനെ നാല് കിടപ്പുമുറികളാണുള്ളത്. കിടപ്പുമുറികളിൽ ഡ്രസ്സിങ് ഏരിയയും ബാത്റൂമും തമ്മിൽ ഗ്ലാസ് പാർട്ടീഷൻ ആണ് നൽകിയിട്ടുള്ളത്.

കിടപ്പുമുറികൾ ഓരോന്നും ഓരോ കളർ തീമിനനുസരിച്ചാണ് ഫർണിഷിങ് ചെയ്തിട്ടുള്ളത്. ട്രെൻഡ് മാറുമ്പോൾ ഇന്റീരിയർ പഴയതായി തോന്നാതിരിക്കാൻ ഇളംനിറങ്ങളാണ് ഉപയോഗിച്ചത്. അവ എക്കാലത്തും ട്രെൻഡി ആണല്ലോ! മറൈൻ പ്ലൈവുഡും വെനീറും കൊണ്ടാണ് വാഡ്രോബുകൾ. പൂളും ലാൻഡ്സ്കേപ്പുമെല്ലാം ഈ ബാൽക്കണിയിൽ നിന്ന് ആസ്വദിക്കാം.

കടപ്പാട്: മുഹമ്മദ് മുനീർ

എംഎം ആർക്കിടെക്ട്സ്, കോഴിക്കോട്

mmarchitects444@gmail.com

Tags:
  • Vanitha Veedu