Thursday 24 December 2020 10:45 AM IST

പ്ലോട്ടിനനുസരിച്ച് ഡിസൈൻ ചെയ്ത വീട്, വിശാലമായ അകത്തളം, അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് സൗകര്യങ്ങൾ ഒരുക്കേണ്ടത് ഇങ്ങനെ

Ali Koottayi

Subeditor, Vanitha veedu

manjeri 1

മലപ്പുറം മഞ്ചേരിയിലെ നിഷാന്തിനും ഉമ്മുഹബീബയ്ക്കും വേണ്ടി ഡിസൈനർ ഷഫീഖ് ഡിസൈൻ ചെയ്ത വീടാണിത്. ചതുരാകൃതിയിൽ പ്ലോട്ടിന്റെ ഘടനയ്ക്കനുസരിച്ചാണ് ഡീസൈൻ. റോഡ് നിരപ്പിൽ നിന്ന് അൽപം ഉയർന്ന പ്ലോട്ടാണ്. പ്ലോട്ടിന്റെ ഈ ഉയർച്ച അനുകൂല ഘടകമാക്കി മാറ്റി. മുറ്റത്തെ രണ്ട് തെങ്ങുകൾ അതേപോലെ നിലനിർത്തി. കന്റെംപ്രറി സ്റ്റൈൽ, വെളുത്ത നിറം, വിശാലമായ അകത്തളം, രണ്ട് കിടപ്പുമുറി, വലിയ കിച്ചൻ, കാറ്റും വെളിച്ചവും തുടങ്ങിയവയായിരുന്നു വീട്ടുകാരനായ നിഷാന്തിന്റെ ആവശ്യങ്ങള്‍.

manjeri3

ഷഫീഖ്, പ്ലാൻ വരച്ചു ത്രീഡി ചെയ്തു കാണിച്ചു. വേഗം തീർത്ത് കയറി താമസിക്കണമെന്ന ധൃതിയും നിഷാന്തിന് ഇല്ലാത്തതിനാൽ ഒരേസമയം വിവിധ പണികളും പണിക്കാരും എന്ന രീതി ഉണ്ടായില്ല. ഒന്ന് തീർത്ത് മറ്റൊന്ന് എന്ന രീതിയിലാണ് മുന്നോട്ടു പോയത്. കൂടാതെ കേറിതാമസത്തിന്റെ തലേന്നുള്ള ധൃതിയിലുള്ള മിനുക്കുപണികൾ ഉണ്ടായിരുന്നില്ല. എല്ലാം ആദ്യമേ തീർത്തു. വീട്ടുകാരുടെ ഇഷ്ടവും എക്സ്റ്റീരിയറിലെ ആകർഷണവുമായ ബോക്സ് ഡിസൈൻ സൺ‌ഷേഡ് നീട്ടിപ്പണിതതാണ്. ഇതിനുള്ളിലാണ് ജനലുകൾ നൽകിയത്. ഭിത്തി നിറയുന്ന 18 പാളി ജനലുകളുണ്ട്. വീടിന്റെ മുൻവശത്ത് ലിവിങ്ങിലേക്കും കിടപ്പുമുറിയോട് ചേർന്നുമാണ് ഈ ബോക്സും ജനലുകളും ഉള്ളത്.

manjeri2

ആവശ്യങ്ങളിൽ പ്രധാനമായിരുന്നുകാറ്റും വെളിച്ചവും വിശാലമായ അകത്തളവും. സൂര്യപ്രകാശത്തിന്റെയും കാറ്റിന്റെയും ഗതിക്കനുസരിച്ചാണ് അകത്തളത്തിൽ പർഗോളയും ജനലുകളും ക്രമീകരിച്ചത്. ലിവിങ്, ഡൈനിങ് എരിയകളിൽ സിറ്റ്ഔട്ടുമായി വേർതിരിക്കുന്ന ഭിത്തിയിൽ വെർട്ടിക്കലായും ലിവിങ്ങിലെ ഡബിൾ ഹൈറ്റ് മേൽക്കൂരയില്‍ തിരശ്ചീനമായും പർഗോള നൽകി. വെളിച്ചം മാത്രം കടത്തിവിടാൻ പാകത്തിൽ ഗ്ലാസ് നൽകി അടച്ചു. സ്റ്റെയർ ലാൻഡിങ്ങിലും ജനലുകൾ നൽകി. രണ്ട് കിടപ്പുമുറിയിലും ഒരു ഭിത്തി നിറയെ ജനലുകളാണ്. രാത്രിയല്ലാതെ ഒരു സമയത്തും വീട്ടിനകത്ത് ലൈറ്റിന്റെ ആവശ്യമില്ല.

manjeri7

വെള്ളയല്ലാത്ത മറ്റൊരു നിറവും വീടിനു നല‍്‍കിയില്ല. വെള്ള നിറത്തോടുള്ള വീ‍ട്ടുകാരന്റെ ഇഷ്ടമാണ് മുഖ്യ കാരണം. ലിവിങ്ങിലെ സോഫ, കിച്ചൻ കൗണ്ടർ ടോപ്പ്, ഫ്ലോറിലെ ടൈൽ എല്ലാം വെള്ള മയം. ഇതിനോട് ചേർന്ന് തടിയുടെ നിറത്തിൽ കട്ടിൽ, ഹെഡ്ബോർഡ്, ബ്ലൈൻഡ്, കിച്ചൻ കാബിനറ്റ്, സ്റ്റെയർ റെയിൽ, ടിവി യൂണിറ്റ്, ഡൈനിങ് ടേബിളും ഇരിപ്പിടവും ഒരുക്കി. പ്ലൈവുഡിൽ‌ തടിയുടെ ടെക്സ്ചറുള്ള വെനീർ ഒട്ടിച്ചാണ് ഇത് സാധ്യമാക്കിയത്. ഡൈനിങ്ങും കിച്ചനും വേർതിരിക്കുന്ന പാർടീഷൻ വോളിനും ഈ രീതി പിന്തുടർന്നു.

manjeri5

800x1200 വലുപ്പത്തിൽ വിട്രിഫൈഡ് ടൈലാണ് ഫ്ലോറിൽ തിളങ്ങുന്നത്. വെട്ടുകല്ല് കൊണ്ടാണ് ഭിത്തി. ജനല്‍ കട്ടിള മലേഷ്യൻ ഇരൂൾ കൊണ്ടും ജനൽ ഷട്ടറും വാതിലും മഹാഗണിയിലുമാണ്. ഡൈനിങ്ങിനടുത്തായി വാഷ് ഏരിയ ക്രമീകരിച്ചു. ഡൈനിങ് ലെവലില്‍ നിന്ന് ചെറുതായി താഴേക്ക് ഇറങ്ങാവുന്ന രീതിയിലാണിത്. അടുത്തായി ഒരു കോമൺ ബാത്റൂമിനും സ്ഥാനം നൽകി.മൂന്ന് അംഗങ്ങൾക്കുള്ള വീട്. അവർക്കാവശ്യമുള്ള സൗകര്യങ്ങൾ, ഡിസൈൻ ചെയ്യുമ്പോൾ മനസ്സില്‍ അത്രമാത്രമെ ഉണ്ടായിരുന്നുള്ളു. ഇരുനില വീട് എന്ന് പറച്ചിൽ മാത്രമാണ്. ഫാമിലി ലിവിങ്, ബാൽക്കണി എന്നിവ മാത്രമാണ് മുകള്‍ നിലയിൽ. ഭാവിയിൽ ആവശ്യമെങ്കിൽ കൂടുതൽ മുറി പണിയാം.

manjeri6

കിടപ്പുമുറികളും അത്യാവശ്യം സൗകര്യത്തിൽ ക്രമീകരിച്ചു. കട്ടില്‍ പ്ലൈവുഡിൽ കസ്റ്റംമെയ്ഡായി നൽകി. ഹെഡ്ബോർ‌ഡും പൗഡർ ഏരിയയും പ്ലൈവുഡിൽ ചേർത്ത് പണിതു. മുറികളിലെ മറ്റു അലങ്കാരങ്ങൾ സീലിങ്ങും ഹാങ്ങിങ് ലൈറ്റുകളുമാണ്. വിശാലമായ കിച്ചനിൽ മൾട്ടിവുഡിലാണ് കാബിനറ്റ് നൽകിയത്. നാലു പേർക്ക് ഇരിക്കാവുന്ന ടേബിൾ കിച്ചനിൽ നൽകി.

manjeri4

ഷഫീഖ്, വി.എം.

ബിൽഡേഴ്സ്, മഞ്ചേരി,

vmbuildersmanjeri@gmail.com

Tags:
  • Vanitha Veedu