എങ്ങനെയായിരിക്കണം നല്ല വീട്? ഒട്ടേറെ ആർക്കിടെക്ടുമാരോട് വനിത വീ ട് പല ലക്കങ്ങളിലായി ചോദിച്ച ചോദ്യമാണ്. മിക്കവരുടെയും ഉത്തരം ഒരു പോലെയായിരുന്നു; ‘വീട്ടുകാരുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നതാകണം വീട്’. പക്ഷേ, പല കാരണങ്ങൾ കൊണ്ടും, പലപ്പോഴും ഇത് പ്രാവർത്തികമാകാറില്ല. എറണാകുളം ചിറ്റൂർ സ്വദേശിയായ ഷാൻവിൻ പക്ഷേ ,അങ്ങനെ വിട്ടുകൊടുക്കുന്ന ആളല്ല. ആർക്കിടെക്ട ജയദേവിനോട് പറഞ്ഞ പ്രധാന പോയിന്റ് ഇങ്ങനെ. ‘ഞങ്ങളുടെ ഇഷ്ടങ്ങളായിരിക്കണം ഈ വീട് പ്രതിഫലിപ്പിക്കേണ്ടത്’. അങ്ങനെ വീട്ടുകാരുടെ ഇഷ്ടങ്ങൾ ചേർത്തു വച്ചു നിർമിച്ച വീട് ഇന്ന് അയൽക്കാരുടെയും അഭിമാനമാണ്. ‘മെല്ലോ’ യുടെ വിശേഷങ്ങളറിയാം.
4000 ചതുരശ്രയടിയാണ് വീടിന്റെ വിസ്തൃതി. സ്റ്റീൽ ഫാബ്രിക്കേഷൻ യൂണിറ്റ് നടത്തുന്ന ഷാൻവിന്റെ വീട്ടിൽ താരം സ്റ്റീൽ തന്നെയാണ്. സ്പോൻജ് ഫിനിഷാണ് എക്സ്റ്റീരിയറിന്റെ ഹൈലൈറ്റ്. വീടിനും മതിലിനുമെല്ലാം ചാരനിറം നൽകി. തേക്കിൻതടി കൊണ്ടുള്ള ലൂവർ ഡിസൈനും എക്സ്റ്റീരിയറിന്റെ ഗാംഭീര്യം വർധിപ്പിക്കുന്നു. സ്റ്റീൽ ഉപയോഗിച്ച് നിർമിച്ച ഗെയ്റ്റിന്റെ ഡിസൈനും ശ്രദ്ധേയമാണ്. അലുമിനിയം ഷീറ്റ് കൊണ്ടാണ് പോർച്ചിന് മേൽക്കൂര പണിതത്.
പച്ച തൊട്ട് ഇന്റീരിയർ
ഗാർഡനിങ് ഇഷ്ടപ്പെടുന്ന വീട്ടുകാരുടെ ആവശ്യങ്ങളിലൊന്ന് കോർട്‌യാർഡുകളായിരുന്നു. അ വരുടെ ഇഷ്ടം തിരിച്ചറിഞ്ഞ ആർക്കിടെക്ട് മൂന്ന് കിടിലൻ കോർട്‌യാർഡുകളാണ് ഇന്റീരിയറിൽ ഒരുക്കിയത്. സ്വീകരണമുറിയിലും ഹാളിലും മാസ്റ്റർ ബെഡ്റൂമിലുമായിട്ടാണ് ഇവയ്ക്ക് സ്ഥാനം നൽകിയത്. എല്ലാറ്റിനും മുകളിൽ പർഗോള നൽകി വെളിച്ചവിതാനം കൃത്യമാക്കിയിട്ടുണ്ട്. പരിചരണം കുറവുള്ള ചെടികളാണ് ഇവിടേക്കു തിരഞ്ഞെടുത്തത്. നാടൻ ചേമ്പ് വരെ ഇക്കൂട്ടത്തിൽ പെടുന്നു!
വഴിപോക്കരിൽ നിന്ന് കാഴ്ച മറയ്ക്കുന്ന രീതിയിലാണ് സിറ്റ്ഒൗട്ട് രൂപകൽപന ചെയ്തിരിക്കുന്നത്. സമീപത്ത് തന്നെ കോർട്‌യാർഡും കാണാം. സ്വീകരണമുറിയിലെ യാർഡ് തറനിരപ്പിൽ നിന്ന് ഉയർന്നിട്ടാണ്. ഇതിനോട് ചേർന്ന് നൽകിയിരിക്കുന്ന വുഡൻ ഡെക്ക് ഇരിപ്പിടമായും ഉപയോഗിക്കാം.
സ്വീകരണമുറിയിൽ നിന്ന് ചെറിയൊരു ഇടനാഴി കടന്നാൽ ഹാളിലേക്കെത്താം. വീട്ടിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇടമാണിത്. അതിനാൽത്തന്നെ ഹാളിനെ ഏറ്റവും ജീവസ്സുറ്റ ഇടമാക്കി നിലനിർത്തുക എന്നതായിരുന്നു വെല്ലുവിളി. ഫാമിലി ലിവിങ്, ഡൈനിങ്, അടുക്കള എന്നിവ ഒാപൻ ശൈലിയിൽ രൂപകൽപന ചെയ്തതോടെ ഹാൾ ഉഷാറായി. മൂന്നിനെയും ബന്ധിപ്പിക്കുന്ന രീതിയിൽ കോർട്‌യാർഡ് കൂടി വന്നതോടെ കാര്യങ്ങൾക്കൊരു തീരുമാനമായി. യാർഡിന്റെ മുകളിൽ പർഗോളയാണെങ്കിൽ ഒരു ഭാഗത്ത് മെഷ് പിടിപ്പിച്ച ഗ്രിൽ നൽകി. പുറത്തേക്കിറങ്ങാനുള്ള വാതിലും കൊടുത്തിട്ടുണ്ട്. ഉള്ളിലെ വെളിച്ചത്തിന്റെയും വായുവിന്റെയും മൊത്തവിതരണം ഈ കോർട്‌യാർഡിന്റെ കുത്തകയാണ്. യാർഡിന്റെ മുൻവശത്ത് തടിഫ്ലോറിങ് നൽകി.
ഇന്റീരിയറിലെ സ്പേസുകൾ തമ്മിലുള്ള ഉയരവ്യത്യാസമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഫോയറിന്റെ ഉയരം ഏഴടിയാണെങ്കിൽ അത് ഫോർമൽ ലിവിങ്ങിലെത്തുമ്പോൾ 10 അടിയായി മാറുന്നു. ഹാളിലേക്കു പോകുന്ന ഇടനാഴി വീണ്ടും ഏഴടിയിലേക്ക് ചുരുങ്ങുന്നു. ഇത് ചെന്നെത്തുന്ന ഹാൾ ആകട്ടെ, ഡബിൾഹൈറ്റിലാണ് ഡിസൈൻ ചെയ്തത്.
ഉള്ളിലെങ്ങും മിനിമലിസ്റ്റ് ശൈലി പിന്തുടർന്നിരിക്കുന്നു. മുഴച്ചു നിൽക്കുന്ന തരം അലങ്കാരങ്ങൾക്കൊന്നും ഇവിടെ സ്ഥാനമില്ല. ഒന്നു രണ്ട് പെയിന്റിങ്ങുകളും പിന്നെ കുടുംബാംഗങ്ങളുടെ ചിത്രങ്ങൾ തുക്കിയിട്ടൊരു ഫോട്ടോവോളും മാത്രമാണ് ഒഴിച്ചു നിർത്താവുന്നത്.
നിറങ്ങളുടെ കാര്യത്തിൽ അധികം പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ല. വെള്ളയും സിമന്റ് ഫിനി ഷുമാണ് ഭിത്തികൾക്കു നൽകിയത്. ഫർണിഷിങ്ങും ചെടികളുമാണ് നിറങ്ങൾ സംഭാവന ചെയ്യുന്ന രണ്ട് കൂട്ടർ.
ഫാമിലി ലിവിങ്ങിൽ തന്നെയാണ് ടിവി ഏരിയയും ഒരുക്കിയത്. സ്റ്റീൽ കൊണ്ടുള്ള കോണിപ്പടിയാണ് ഇന്റീരിയറിലെ മറ്റൊരു ഹൈലൈറ്റ്. പടികൾ തേക്കിൻപലക കൊണ്ട് പൊതിഞ്ഞു.
മുകളിലും താഴെയുമായി കിടപ്പുമുറി നാലെണ്ണമുണ്ട്. കോണിപ്പടിയുടെ ആദ്യ ലാൻഡിങ്ങിലുള്ള കിടപ്പുമുറി തൽക്കാലത്തേക്ക് സ്റ്റഡി റൂമായി മാറ്റിയെടുത്തിരിക്കുന്നു. ബെഡ്റൂമുകളിലും കെട്ടുകാഴ്ചകളെല്ലാം പടിക്കു പുറത്താണ്. മുറികളുടെ വിന്യാസത്തിലും സൂക്ഷ്മമായ പ്ലാനിങ് നടന്നിട്ടുണ്ട്. ദിവസത്തിൽ ഏറ്റവും കുറച്ച് സമയം ചെലവിടുന്ന ഭാഗങ്ങൾ തെക്കുപടിഞ്ഞാറ് വശങ്ങളിലായാണ് ക്രമീകരിച്ചത്. ഏറ്റവും കൂടുതൽ സമയം വെയിലടിക്കുന്ന ഭാഗമാണിതെന്നതു തന്നെ കാരണം.
ഒാപൻ അടുക്കളയെ മറ്റിടങ്ങളിൽ നിന്ന് വേർതിരിക്കാൻ ബ്രേക്ക്ഫാസ്റ്റ് ടേബിൾ നൽകിയിട്ടുണ്ട്. പ്ലൈവുഡിന് മേൽ തേക്കിന്റെ വെനീർ ഒട്ടിച്ചാണ് കാബിനറ്റുകൾ തയാറാക്കിയത്. തൊട്ടുചേർന്നുള്ള വർക്ഏരിയയുടെ വാതിൽ പെട്ടെന്ന് ശ്രദ്ധയിൽ പെടില്ല. പുതുതായി വാങ്ങിയ ഫ്രിജ് ഭിത്തിയുടെ ടെക്സ്ചറിനനുസരിച്ച് രണ്ടാമത് പെയിന്റടിക്കുകയായിരുന്നു!
കാര്യങ്ങൾ എത്രത്തോളം ലളിതമാക്കാമെന്നതിന്റെ ഉദാഹരണമാണ് ഡൈനിങ് ഏരിയ. സ്റ്റീൽ കാലുകൾക്കു മേൽ തേക്കിൻ പലക പിടിപ്പിച്ചാണ് ടേബിൾ തയാറാക്കിയത്. കസേരകളുടേതും സമാനമായ ഡിസൈൻ തന്നെ. മേശയുടെ മുകളിലേക്കു മാത്രം വെളിച്ചം വീഴ്ത്താനായി നൽകിയ ഹാങ്ങിങ് ലൈറ്റ് ആർക്കിടെക്ടിന്റെ സ്വന്തം സൃഷ്ടിയാണ്. ഡൈനിങ്ങിനോട് ചേർന്നുള്ള ഭിത്തിയിൽ ജനാലകളില്ല. രണ്ട് നീളൻ ലൂവറുകളാണ് തൽസ്ഥാനത്ത്. അടുത്തുതന്നെയുള്ള വാഷ്ഏരിയയ്ക്ക് ഒരു ഭിത്തിയുടെ മറ നൽകിയിട്ടുണ്ട്.
നാട്യങ്ങളില്ലാത്ത പച്ച മനുഷ്യരെ ഇഷ്ടമാകാത്തവരില്ല. അതുപോലെയാണ് ആധുനിക വീടുകളും. ഒട്ടേറെ വിമർശനങ്ങൾ ഉയരുമ്പോഴും ഇവയുടെ എണ്ണം കൂടിവരുന്നതിന്റെ കാരണവും മറ്റൊന്നല്ല. ■
Project Facts
Area: 4000 sqft
Architect:
ജയദേവ്
ജെ ഡോട്ട്, എറണാകുളം
jayadev.architect@gmail.com
Location:
ചിറ്റൂർ, എറണാകുളം
Year of completion:
മേയ്, 2017