പ്രകൃതിയെ അധികം വേദനിപ്പിക്കാത്ത ജീവിതമാണ് കോട്ടയം മണർകാടുള്ള ലോറൻസ് മാത്യു–സിന്ധുകല ദമ്പതികൾ ആഗ്രഹിക്കുന്നത്. വീടു വയ്ക്കാൻ ആലോചിച്ചപ്പോഴും അതിനു തന്നെയാണ് മുൻഗണന നൽകിയത്. അങ്ങനെയാണ് തിരുവനന്തപുരത്തുള്ള ഉർവി സസ്റ്റെയിനബിൾ സ്പേസസിനെ കണ്ടെത്തുന്നത്. പ്രകൃതിയോടിണങ്ങിയ നിർമാണരീതി പിന്തുടരുന്ന ഉർവിയിലെത്തിയതും ‘രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും പാല്’ എന്നതു പോലെയായി കാര്യങ്ങൾ.
കല്യാണത്തിനു മുന്നേ മുതൽ വീട് മാസിക വായിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നയാളാണ് ലോറൻസ്. മൺവീട്, പരമാവധി ചൂട് കുറയ്ക്കണം, പ്രകൃതിദത്തമായ വെളിച്ചം, ആവശ്യത്തിന് സ്റ്റോറേജ്, വെറുതെയിരിക്കാനുൾപ്പെടെ പല ആവശ്യങ്ങൾക്കായി പല ഇടങ്ങൾ, മുറികളുടെ സ്വകാര്യത തുടങ്ങി പുതിയ വീട്ടിലേക്കായി നാൽപതോളം ആവശ്യങ്ങളാണ് ഇവർ മുന്നോട്ടുവച്ചത്. കുടുംബാംഗങ്ങളുടെ ഇഷ്ടങ്ങളും സ്വഭാവസവിശേഷതകളും വരെ പറഞ്ഞുകൊടുത്തു. ചീഫ് ആർക്കിടെക്ട് ഹസൻ നസീഫും ചീഫ് എൻജിനീയർ നജീബ് നാസറും ചേർന്ന് ആ ആവശ്യങ്ങളെല്ലാം ഉൾപ്പെടുത്തി വീട് നൽകിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

സാധാരണ ‘റാൻഡം റബിൾ’ രീതിയിലുള്ള ഫൗണ്ടേഷനാണ്. റാംഡ് എർത് രീതിയിലാണ് 1950 ചതുരശ്രയടിയുള്ള വീടിന്റെ ഭൂരിഭാഗം ഭിത്തികളും നിർമിച്ചത്. സൈറ്റിൽ നിന്നുതന്നെയുള്ള മണ്ണാണ് ഇതിനായി ഉപയോഗിച്ചത്. തൊട്ടടുത്ത ഒഴിഞ്ഞ പറമ്പിലെയും മണ്ണ് എടുത്തിട്ടുണ്ട്. പ്രത്യേകം നിർമിച്ച ഷട്ടറിനുള്ളിലേക്ക് മണ്ണ് നിറച്ച് ഇടിച്ചു താഴ്ത്തുന്ന നിർമാണരീതിയാണ് റാംഡ് എർത്.
മണ്ണ് ലാബിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് ഉപയോഗിക്കുന്നത്. വളരെ ചെറിയ അരിപ്പയിൽ അരിച്ചെടുത്ത മണ്ണിനൊപ്പം ഉറപ്പിന് അഞ്ച് ശതമാനം സിമന്റും (20 ചട്ടി മണ്ണിന് ഒരു ചട്ടി സിമന്റ്) കൂടി ചേർക്കും. ഷട്ടറിനുള്ളിലേക്ക് മണ്ണ് മിശ്രിതം ലെയറുകൾ ആയി ഇടുകയും ഓരോ ലെയറും ഇട്ട ശേഷം ഇടിച്ചുറപ്പിക്കുകയും ചെയ്യുന്നു. ഓരോ െലയറിലും 11 സെമീ കനത്തിൽ മണ്ണിട്ട് ഇടിച്ചുറപ്പിച്ച് ആറ് സെമീ കനത്തിലേക്ക് എത്തിക്കും. ലിന്റലില്ലാതെയാണ് നിർമാണം. 12 അടി വരെ ഇങ്ങനെ കെട്ടാം. ഈ വീടിന്റെ ഉയരം 10 അടിയാണ്. വയറിങ്ങിന് ആവശ്യമായ എല്ലാ കോൺഡ്യൂട്ടുകളും നിർമാണ സമയത്തു തന്നെ ഷട്ടറിനുള്ളിൽ ഇട്ടുപോകുന്നു. ഇതുവഴി നിർമാണശേഷമുള്ള കട്ടിങ് കുറയ്ക്കാം. മണ്ണിന്റെ തണുപ്പും പ്രകൃതിയോടിണങ്ങിയ നിർമാണ രീതിയുമാണ് വീട്ടുകാരെ ഇതിലേക്ക് അടുപ്പിച്ചത്.

ചിലയിടങ്ങളിൽ വെട്ടുകല്ല് ഉപയോഗിച്ചു. നനയാൻ സാധ്യതയുള്ളതിനാൽ ബാത്റൂമിന്റെ ചുമരുകൾ വെട്ടുകല്ലു കൊണ്ടാണ്. മൺഭിത്തിയുടെ ബോർഡർ ഒഴിച്ച് വെള്ള നിറത്തിൽ കാണുന്നയിടങ്ങളെല്ലാം വെട്ടുകല്ലിനു മുകളിൽ പ്ലാസ്റ്റർ ചെയ്ത് പെയിന്റ് ചെയ്തതാണ്.
മൺചട്ടി വച്ച് ഫില്ലർ സ്ലാബ് രീതിയിലാണ് മേൽക്കൂര വാർത്തത്. ഇത് കോൺക്രീറ്റിന്റെയും കമ്പിയുടെയും ഉപയോഗം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം വീടിനുള്ളിലെ ചൂടും കുറയ്ക്കുന്നു. ആർച്ച് ആകൃതിയിലുള്ള ചട്ടിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഏകദേശം 1000 ചതുരശ്രയടി മേൽക്കൂര ഇങ്ങനെയാണ് നിർമിച്ചിട്ടുള്ളത്. ഫില്ലർ സ്ലാബ് രീതിയിൽ മേൽക്കൂര പണിയുമ്പോൾ 25Ð30% വരെ കോൺക്രീറ്റും കമ്പിയും ലാഭിക്കാം.
മുകളിലെ നിലയ്ക്ക് പോറോതേം കട്ടകളാണ് ഉപയോഗിച്ചത്. അകം പൊള്ളയായ ടെറാക്കോട്ട കട്ടയാണ് ഇത്. പ്രകൃതിദത്ത നിർമാണ സാമഗ്രിയായ കളിമണ്ണ് ഉപയോഗിക്കുന്നതു കൊണ്ടും കട്ടകൾക്കുള്ളിൽ സുഷിരങ്ങൾ അഥവാ വായു അറകൾ ഉള്ളതു കൊണ്ടും ചൂട് കുറയ്ക്കാൻ സാധിക്കുമെന്നതാണ് പോറോതം ചുമരുകളുടെ പ്രധാന സവിശേഷത.
ഈ കട്ടകൾക്ക് ഭാരം കുറവാണ്. ഇവ കൊണ്ട് ചുമരു കെട്ടുമ്പോൾ ബീം കുറച്ചു മതി. മിനുസമുള്ള പ്രതലമാണ്. ഇഷ്ടികകളുെട ഗ്രൂവ് ഉള്ള ഭാഗം ചേർത്തുവച്ച് ചാന്ത് കൊണ്ട് ഒട്ടിച്ചാൽ മതി. തേക്കേണ്ട ആവശ്യമില്ല, പുനരുപയോഗിക്കാം എന്നതും ഗുണങ്ങളാണ്. 40x 20x20 സെമീ അളവിലുള്ള പോറോതേം കട്ടയ്ക്ക് ഏകദേശം 100 രൂപയാണ് വില.

വീടിന്റെ എക്സ്റ്റീരിയറിൽ ജാളി നൽകി മോടി കൂട്ടിയിട്ടുണ്ട്. ജിെഎ പൈപ്പ് നൽകി അതിനുള്ളിൽ ചെടി വച്ചത് പുറംകാഴ്ചയ്ക്ക് ഭംഗിയേകുന്നു. ഡെക്കിങ് പാനൽ കൊണ്ടാണ് ഗേറ്റ്. കാർപോർച്ചിലും ഈ ഡെക്കിങ് പാനലിന്റെ സ്പർശം കാണാം. മുറ്റം നിറയെ ഉരുളൻ കല്ലുകൾ വിരിച്ചതും വീട്ടുകാരുടെ ഇഷ്ടപ്രകാരമാണ്. മഴവെള്ളം ഭൂമിയിലേക്കിറങ്ങും, ചൂടു കുറവ്, മുറ്റം അടിക്കേണ്ട തുടങ്ങി ഉരുളൻ കല്ലിന് ഗുണങ്ങൾ പലതാണ്. കല്ലിനും വിരിക്കാനുമായി 55,000 രൂപ ചെലവായി.
ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, സ്റ്റഡി ഏരിയ, അടുക്കള, രണ്ട് കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിലെ നിലയിൽ അറ്റാച്ഡ് കിടപ്പുമുറിയും യൂട്ടിലിറ്റി ഏരിയയുമാണുള്ളത്. തയ്യൽ ഇഷ്ടവിനോദമാക്കിയ വീട്ടുകാരിക്ക് അതിനുള്ള സൗകര്യങ്ങൾ യൂട്ടിലിറ്റി ഏരിയയിൽ ഒരുക്കി. വീടിനുള്ളിൽ കോർട്യാർഡ് നൽകി. അതിനു മുകളിലുള്ള സ്കൈലൈറ്റ് മുറിയിൽ വെളിച്ചമെത്തിക്കുന്നു. ക്രോസ് വെന്റിലേഷൻ ഉറപ്പാക്കിയുള്ള ഡിസൈൻ വീടിനുള്ളിൽ വായുസഞ്ചാരം സാധ്യമാക്കി.
കോൺക്രീറ്റിൽ നിർമിച്ച സ്റ്റെയറിന്റെ പടികളിൽ തേക്കിൻ തടി പൊതിഞ്ഞു. കോട്ടാ സ്റ്റോൺ കൊണ്ടാണ് ഫ്ലോറിങ്. ജനലും വാതിലും തടി കൊണ്ടാണ്. പറമ്പിലുണ്ടായിരുന്ന പ്ലാവും വാങ്ങിയ തേക്കുമാണ് ഇതിന് ഉപയോഗിച്ചത്. അടുക്കളയിലെ കാബിനറ്റിനും വാഡ്രോബിനും തടി തന്നെ.
വീട് നന്നാകണമെങ്കിൽ വീട്ടുകാർ കൂടി വിചാരിക്കണം എന്നത് സത്യമാണെന്ന് ഈ വീട് കാണിച്ചു തരുന്നു.
ചിത്രങ്ങൾ: ഷട്ടർഫോക്സ് ഫൊട്ടോഗ്രഫി
PROJECT FACTS
Area: 1950 sqft Owner: ലോറൻസ് മാത്യു & സിന്ധുകല Location: മണർകാട്, കോട്ടയം Design: ഉർവി സസ്റ്റെയ്നബിൾ സ്പേസസ്, തിരുവനന്തപുരം inbox@urvi.co