Saturday 21 November 2020 10:39 AM IST

പടിപ്പുര,നടുമുറ്റം, മണ്ണ് തേച്ച ഭിത്തി, പഴയ വീടല്ല, കിടു ലുക്കിൽ വീട്ടുകാർ തന്നെ ഡിസൈൻ ചെയ്ത പുതിയ വീട്

Ali Koottayi

Subeditor, Vanitha veedu

mud8

ഗൃഹാതുരതയുണർത്തുന്ന വീട്, മനസ്സിൽ കാണുക മാത്രമല്ല സ്വന്തമായി ഡിസൈൻ ചെയ്തു യാഥാർഥ്യമാക്കുകയും ചെയ്തു ഷൊർണ്ണൂർ സ്വദേശി പ്രവീണും ഭാര്യ രൂപയും.

mud3

‘‘കന്റെംപ്രറി ഡിസൈൻ വീടുകളോട് താൽപര്യമില്ലായിരുന്നു. രണ്ട് പേരുടെയും ഇഷ്ടങ്ങൾ ഒന്നായിരുന്നതു കൊണ്ട് പെട്ടെന്ന് തീരുമാനത്തിൽ എത്തി. മനസ്സിൽ കണ്ട വീട് കടലാസിലേക്കു പ‍കർത്തി. ഓരോ ഇടങ്ങളും പ്രത്യേകം വരച്ചു. ഇന്റീരിയറിൽ വേണ്ട പെയിന്റിങ് വരെ എന്തു വേണമെന്നു തീരുമാനിച്ചു. അടിത്തറക്കു വേണ്ടി കുഴിച്ചെടുത്ത മണ്ണു തന്നെയാണ് പ്ലാസ്റ്ററിങ്ങിന് ഉപയോഗിച്ചത്. വിവിധ നിറത്തിലുള്ള മണ്ണ് കിട്ടിയത് ഒരർഥത്തിൽ നല്ലതായി. അകത്തെ ഭിത്തികൾ വ്യത്യസ്ത നിറത്തിൽ കാണാനായി.

mud12

കുമ്മായവും ഉമിയും ചേർത്താണ് പ്ലാസ്റ്ററിങ്. പരുക്കാനാക്കിയും മിനുസമാക്കിയും നൽകിയിട്ടുണ്ട്. മിനുസപ്പെടുത്താൻ ഡീസൽ പോളിഷ് ചെയ്തു. ഭിത്തി പ്ലാസ്റ്ററിങ് ചെയ്ത് പുട്ടിയിട്ട് പെയിന്റ് ചെയ്യുന്നതിനേക്കാള്‍ ചെലവു കുറവാണ് മഡ് പ്ലാസ്റ്ററിങ്. വീട് പിന്നീട് പെയിന്റ് ചെയ്യേണ്ടതുമില്ല. വീടിനകം എപ്പോഴും തണുത്തിരിക്കുന്നതാണ് മറ്റൊരു ഗുണം. അകത്തളത്തിൽ ലൈറ്റിന്റെയും ഫാനിന്റെയും ഉപയോഗം നന്നേ കുറവാണ്. അതുകൊണ്ട് വൈദ്യുതി ചാർജും അധികമാകുന്നില്ല,’’ പ്രവീണും രൂപയും പറയുന്നു.

mud9

മുറ്റത്തുള്ള മരങ്ങൾ നിലനിർത്തിയാണ് വീടിനു സ്ഥലം കണ്ടത്. ആദ്യം വരച്ച പ്ലാനില്‍ വാസ്തു പ്രകാരമുള്ള തിരുത്തലുകൾ വേണ്ടിവന്നു. പൂജാമുറിയുടെ സ്ഥാനം ശരിയാക്കി. വീടിന്റെ പ്രധാന വാതിലിൽ നിന്നും ദർ‌ശനം ലഭിക്കുന്ന രീതിയിൽ തുളസിത്തറ ഒരുക്കി.

mud5

സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, പൂജാമുറി, നടുമുറ്റം, രണ്ട് കിടപ്പുമുറി എന്നിവയാണ് 1800 ചതുരശ്രയടിയില്‍ ക്രമീകരിച്ചത്. പ്രധാന വാതിൽ കടന്ന് കയറുന്നത് ഹാളിലേക്കാണ്. പഴയ വീടുകളിലേതുപോലുള്ള നാല് പാളിയുള്ള ഡിസൈനാണ് പ്രധാന വാതിലിന്. കയറിവരുമ്പോൾ തന്നെ നടുമുറ്റം കാണാം. റസ്റ്റിക് ഫിനിഷുള്ള സെറാമിക് ടൈലുകളാണ് നിലത്തു വിരിച്ചത്.

mud2

വീടിന്റെ സ്വഭാവത്തോട് ചേർന്നുനിൽക്കുന്ന, പഴമ വിളിച്ചോതുന്ന തടി ഫർണിച്ചർ! ഒപ്പം വാതിൽ, ജനൽ, ജനലഴികൾ, കബോർഡുകൾ ഗോവണി എന്നിവയും തടിയിൽ തന്നെ. മേൽക്കൂര ഓട് തന്നെയാണ്. പക്ഷേ അതിനു താഴെ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. സിറ്റ്ഔട്ട്, കിച്ചൻ, ലിവിങ്റൂം ഒഴികെയുള്ള ഇടങ്ങളിലാണ് കോൺക്രീറ്റ് ചെയ്തത്.ലിവിങ്ങിലും സിറ്റ്ഔട്ടിലും ഓട് മേൽക്കൂരയ്ക്കു താഴെ സീലിങ് ഓട് പാകി. ഹാളിൽ നിന്ന് ഗോവണി കയറി ടെറസ്സിന് മുകളിലെ യൂട്ടിലിറ്റി ഏരിയയിലെത്താം.

mud7

മഴയും വെളിച്ചവും അകത്തളത്തിലേക്ക് എത്തിക്കുന്ന ജോലി നടുമുറ്റം ഭംഗിയായി നിർവഹിക്കുന്നു.സുരക്ഷയ്ക്ക് മെറ്റൽ ഗ്രിൽ നൽകിയിട്ടുണ്ട്. നടുമുറ്റത്തിന് ചുറ്റുമാണ് യഥാർഥത്തിൽ വീട്. ചുറ്റുമുള്ള വരാന്തയാണ് മുറികളെയും പൂജാമുറിയെയും ഡൈനിങ്ങിനെയും ബന്ധിപ്പിക്കുന്നത്.

Tags:
  • Vanitha Veedu