Saturday 11 February 2023 04:37 PM IST : By സ്വന്തം ലേഖകൻ

ജോസഫ്, നായാട്ട്, ഇലവീഴാപ്പൂഞ്ചിറ... സിനിമകളെല്ലാം ത്രില്ലർ; വീട് ഫാമിലി എന്റർടെയ്നർ

van1

ആളുകളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന തിരക്കഥാകൃത്തും സംവിധായകനുമാണെങ്കിലും വീടുപണിയുടെ പേരിൽ ടെൻഷനടിക്കാൻ ഷാഹി കബീർ തയാറായിരുന്നില്ല. അതിനൊരു എളുപ്പവഴിയും ഷാഹി കണ്ടുപിടിച്ചു ‘ഡിസൈനറെ എല്ലാമങ്ങ് ഏൽപ്പിക്കുക’. ജനുവരി എട്ടിന് നടന്ന പാലുകാച്ചലിന് കുഞ്ചാക്കോ ബോബനടക്കമുള്ള താരങ്ങൾ എത്തിയിരുന്നു. വീട് നന്നായെന്ന് പറഞ്ഞവരോടെല്ലാം ഷാഹി സത്യം തുറന്നു പറഞ്ഞു.

‘‘ഇതിന്റെ മുഴുവൻ ക്രെഡിറ്റും ഡിസൈനർ അനീസ് ഹക്കിമിനുള്ളതാണ്. ഒരു വീട് വേണം എന്നു പറഞ്ഞതേയുള്ളൂ... ബാക്കിയൊന്നും ഞാൻ അറിഞ്ഞിട്ടില്ല.’’

van2 സ്വീകരണമുറി, ഫോയർ

തുടക്കത്തിൽ തന്നെ വീടിന്റെ ത്രീഡി ഡിസൈൻ ഷാഹിയുടെ ഫോണിലേക്ക് അയച്ചുകൊടുത്തിരുന്നു. ‘ഒാക്കെ’ എന്ന് മറുപടിയും കിട്ടി. ഫയൽ തുറന്നുപോലും നോക്കിയിരുന്നില്ല എന്നു മനസ്സിലായത് പിന്നീടാണ്.

‘‘ഒരു നല്ല വീടു വേണം. അത്രയേ ഉണ്ടായിരുന്നുള്ളൂ. ഒാരോന്നും ഇങ്ങനെ വേണം എന്ന രീതിയിലുള്ള നീണ്ട നിർദേശങ്ങളൊന്നും കൊടുത്തില്ല. വേണ്ടത് ഡിസൈനർ തരുമെന്ന ഉറപ്പുണ്ടായിരുന്നു. പിന്നെന്തിന് ടെൻഷനാകണം?’’ ഷാഹി ചോദിക്കുന്നു.

നാല് കിടപ്പുമുറി, ഹോംതിയറ്റർ, നല്ലൊരു സിറ്റ്ഔട്ട്... ഇത്രയേ വീട്ടുകാരുടെ മുൻഗണനാപട്ടികയിലുണ്ടായിരുന്നുള്ളൂ.

van3 ഡൈനിങ് ഏരിയ

ആലപ്പുഴ ബീച്ചിന് അടുത്തുള്ള ഏഴ് സെന്റിലാണ് ഷാഹിയുടെ പുതിയ വീട്. വീട്ടിൽ നിന്ന് 200 മീറ്റർ ദൂരമേയുള്ളൂ ബീച്ചിലേക്ക്. കുടുംബവീട്ടിലേക്കും അധികം ദൂരമില്ല.

സ്ഥലം കുറവായതിനാൽ കരുതലോടെയാണ് പ്ലാൻ തയാറാക്കിയതെന്ന് ഡിസൈനർ അനീസ് ഹക്കീം പറയുന്നു.

‘‘ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തുന്ന മിനിമലിസ്റ്റിക് ശൈലിയിലാണ് വീടിന്റെ ഡിസൈൻ. സ്വകാര്യതയ്ക്കും വൃത്തിയാക്കാനുള്ള സൗകര്യത്തിനും മുൻഗണന നൽകി. വീട്ടുകാർ ആവശ്യപ്പെട്ടതുപോലെ നാല് കിടപ്പുമുറി, ഹോംതിയറ്റർ എന്നിവയെല്ലാം ഉൾക്കൊള്ളിച്ചു. ’’

van6 അടുക്കള

വീട്ടിൽനിന്ന് മാറിയുള്ള കാർപോർച്ചിന് സ്ഥലം ഒഴിച്ചിടേണ്ടിവന്നതിനാൽ മുൻവശത്ത് വലിയ സിറ്റ്ഔട്ട് മാത്രം നൽകാൻ കഴിഞ്ഞില്ല. മുറ്റത്ത് ‘ഗസീബോ’ മാതൃകയിൽ സ്ഥലമൊരുക്കി ഇതിനു പരിഹാരം കണ്ടു. ആത്തംകുടി ടൈൽ പോലെയുള്ള വിട്രിഫൈഡ് ടൈൽ വിരിച്ച പ്ലാറ്റ്ഫോമും കരിങ്കല്ല് കടഞ്ഞെടുത്തതു പോലെ തോന്നിക്കുന്ന ഫൈബർ ഇരിപ്പിടവുമാണ് ഇവിടെയുള്ളത്. ‘സെൽഫിക്കല്ല്’ എന്നാണ് വീട്ടുകാർ ഈ ഇരിപ്പിടത്തിനിട്ടിരിക്കുന്ന പേര്. വീട്ടിലെത്തുന്ന ഒട്ടുമിക്ക ആളുകളും ഇവിടെയിരുന്ന് സെൽഫിയെടുത്തേ മടങ്ങാറുള്ളൂ.

സിനിമാസംബന്ധമായ ചർച്ചകൾക്കും ആവശ്യങ്ങൾക്കുമൊക്കെ ഉപകരിക്കത്തക്ക രീതിയിൽ ഹോംതിയറ്ററിന് സമീപത്തു തന്നെ ഓഫിസ്മുറിയും നൽകി. മുകൾനിലയിലാണ് ഇതിന് സ്ഥാനം എന്നതിനാൽ മറ്റ് ബഹളങ്ങളില്ലാതെ എഴുത്തിലും വായനയിലും മുഴുകാം. ഷാഹിക്ക് ലഭിച്ച പുരസ്കാരങ്ങളെല്ലാം ഓഫിസ് മുറിയിലാണ് ഇടംപിടിച്ചിരിക്കുന്നത്. ഓഫിസ് മുറിയോട് ചേർന്ന് ബാൽക്കണിയുമുണ്ട്. ഇതുകൂടാതെ രണ്ട് കിടപ്പുമുറിയും ഓപ്പൻ ടെറസുമാണ് രണ്ടാംനിലയിലുള്ളത്.

van4 കിടപ്പുമുറി

ഡബിൾ ഹൈറ്റിലാണ് താഴത്തെ നിലയിലെ ലിവിങ് സ്പേസ്. ഒരു ചുമരിനും മേൽക്കൂരയ്ക്കും ഇടയിലായി നെടുനീളത്തിൽ രണ്ട് അടി വീതിയിൽ വിടവ് (എയർ വെന്റ്) നൽകി അവിടെ ഗ്രിൽ പിടിപ്പിച്ചാണ് ലിവിങ് സ്പേസ് ഒരുക്കിയത്. തണുത്ത കടൽക്കാറ്റ് ഇതുവഴി വീടിനുള്ളിലെത്തും. ചൂടുവായു പുറത്തു പോകാൻ സ്റ്റെയർ ഏരിയയ്ക്കു മുകളിൽ ഓപ്പനിങ് നൽകിയിട്ടുണ്ട്. വീട് അടച്ചിട്ടാലും കാറ്റിന്റെ കയറിയിറക്കം തടസ്സപ്പെടില്ല!

van5 ഓഫിസ് റൂം

സ്ഥലം കുറവായതിനാൽ പതിവിലും വലുപ്പത്തിലുള്ള വാതിലും ജനലും നൽകിയാണ് വീടൊരുക്കിയത്. എട്ടടിയാണ് പ്രധാന വാതിലിന്റെ പൊക്കം. വലിയ ജനാലകളായതിനാൽ തടിക്കു പകരം യുപിവിസി ഉപയോഗിച്ചു. ഡിസൈനർ തന്നെയാണ് നിർമാണവസ്തുക്കളും ഫർണിച്ചറുമെല്ലാം തിരഞ്ഞെടുത്തത്. തുടക്കത്തിൽ ഒരു കടയിലേക്ക് ഷാഹിയെ നിർബന്ധിച്ചു കൂട്ടിക്കൊണ്ടുപോയി. കടയിലെത്തി രണ്ടു മിനിറ്റ് കഴിഞ്ഞില്ല, ഫോൺ വന്നതിന്റെ പേരിൽ ഷാഹി പുറത്തിറങ്ങി. അര മണിക്കൂർ കഴിഞ്ഞിട്ടും ആളെക്കാണാതെ അന്വേഷിച്ചപ്പോൾ ഷാഹി പരിസരത്തെങ്ങുമില്ല. ഫോണിൽ വിളിച്ചപ്പോൾ മറുപടി ഇതായിരുന്നുÐ ‘‘അയ്യോ, ഞാനതു മറന്നുപോയി. അനീസിന് ഇഷ്ടമുള്ളത് വാങ്ങിക്കോളൂ.’’

പുതിയ വീട്ടിൽ താമസം തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നതേയുള്ളൂ. അടുക്കളയ്ക്കു മുന്നിലുള്ള ഡൈനിങ് സ്േപസ് ആണ് നിലവിൽ ഷാഹിയുടെ പ്രിയപ്പെട്ട ഇടം. ഇവിടെയിരുന്നാൽ വലിയ ഗ്ലാസ്സ് വാതിലിലൂടെ ചുറ്റുവട്ടത്തെ കാഴ്ചകൾ ആസ്വദിക്കാം. മുറ്റത്തെ ചക്കരമാവിന്റെ പച്ചപ്പിലേക്ക് മിഴികൾ തുറക്കാം.

ചിത്രങ്ങൾ: ടിബിൻ അഗസ്റ്റിൻ