Friday 04 January 2019 01:00 PM IST : By സ്വന്തം ലേഖകൻ

വെള്ളാരങ്കല്ലുകൾ വിരിച്ച നടുമുറ്റം മനംമയക്കും ഡിസൈൻ; മൗനം വാചാലമാക്കും `സൈലന്റ് ഹൗസ്`–ചിത്രങ്ങൾ

veedu-

കരയിൽ കനവ് വിതറിയൊഴുകുന്ന കല്ലടയാറിൻ തീരം. ജലകണങ്ങളുടെ പ്രണയം ഏറ്റുവാങ്ങി ഹരിതശോഭയിൽ തിളങ്ങുന്ന പ്രകൃതി. ഏതു കോണിൽ നിന്നു നോക്കിയാലും മനോഹരമായൊരു കലണ്ടർചിത്രം പോലെ... ഇവിടെയൊരു വീടു കെട്ടുമ്പോൾ ഈ കാഴ്ചകളാകെ മറയ്ക്കാനാകുമോ? ഒരിക്കലുമില്ല. പ്രകൃതിയുടെ നൈസർഗിക സൗന്ദര്യത്തിലേക്കുള്ള കവാടമാകണം വീടിന്റെ ഓരോ ജാലകങ്ങളും. ഈ ആശയത്തിൽ നിന്നു രൂപപ്പെട്ടതാണ് ‘സൈലന്റ് ഹൗസ്’.

കൊട്ടാരക്കരയ്ക്കടുത്ത് പുത്തൂരിലുള്ള 72 സെന്റിലാണ് സൈലന്റ് ഹൗസ് എന്ന ഒറ്റനില വീട്. 2550 ചതുരശ്രയടിയാണ് വലുപ്പം. തൊട്ടുചേർന്നൊഴുകുന്ന കല്ലടയാറിന്റെ ദൃശ്യവിസ്മയങ്ങൾ ഒന്നിനൊന്നു മികവോടെ ഓരോ മിഴിയനക്കത്തിലും തെളിയും വിധമാണ് സൈലന്റ് ഹൗസിന്റെ ഡിസൈൻ. അകം, പുറം എന്നിങ്ങനെയുള്ള വേർതിരിവുകളൊന്നുമില്ലാതെ അത് വീടിനെ പ്രകൃതിയിലേക്ക് ലയിപ്പിക്കുന്നു.

veedu-10

അകം, പുറം വേർതിരിവിനെ പൊളിച്ചെഴുതുന്നതുപോലെ കണ്ടുശീലിച്ച രൂപവിന്യാസങ്ങളെയും സൈലന്റ് ഹോം തിരുത്തിക്കുറിക്കുന്നു. പ്രൈവറ്റ്, സെമി പബ്ലിക്, പബ്ലിക് എന്നിങ്ങനെ മൂന്ന് മേഖലകളായാണ് വീടിന്റെ ക്രമം. വിശാലമായ നടുമുറ്റം ഇവയെയെല്ലാം കൂട്ടിയിണക്കുന്നു.

വെള്ളാരങ്കല്ലുകൾ വിരിച്ച നടുമുറ്റത്തിന് ചുറ്റുമുള്ള പാസേജ് അല്ലെങ്കിൽ വരാന്തയാണ് വീടിന്റെ ഹൃദയം. സിറ്റ്ഔട്ട്, പത്രവായനയ്ക്കും കാപ്പി കുടിക്കാനുമുള്ള ഇടം എന്നുവേണ്ട അടുപ്പക്കാരോട് വർത്തമാനം പറഞ്ഞിരിക്കാനും ഭക്ഷണം കഴിക്കാനും വരെ ഇവിടം പ്രയോജനപ്പെടുന്നു. പുഴയൊരുക്കുന്ന ദൃശ്യവിരുന്നു തന്നെയാണ് ഈ മൾട്ടി പർപ്പസ് ഏരിയയുടെ ഹൈലൈറ്റ്.

veedu-2

പബ്ലിക് ഏരിയ എന്നു വിശേഷിപ്പിക്കാവുന്ന നടുമുറ്റത്തിന്റെ രണ്ടു വശങ്ങളിലായാണ് പ്രൈവറ്റ് ഏരിയയും സെമി പ്രൈവറ്റ് ഏരിയയും വരുന്നത്. ലിവിങ്, ഡൈനിങ്, അടുക്കള, അതിഥികളുടെ കിടപ്പുമുറി എന്നിവയാണ് സെമി പ്രൈവറ്റ് ഏരിയയിൽ. രണ്ട് കിടപ്പുമുറികളാണ് പ്രൈവറ്റ് ഏരിയയിലുള്ളത്.

veedu-2

ഇത്തരത്തിലുള്ള ഡിസൈൻ അവതരിപ്പിച്ചപ്പോൾ അത് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് വീട്ടിലെ വല്ല്യമ്മച്ചി തൊണ്ണൂറ്റിനാലുകാരിയായ റെബേക്ക തോമസിനായിരുന്നു. നിരണത്തുണ്ടായിരുന്ന വല്ല്യമ്മച്ചിയുടെ തറവാടിനും ഇതേപോലെ രണ്ട് ഭാഗങ്ങളുണ്ടായിരുന്നു. തെക്കേപ്പുര, വടക്കേപ്പുര എന്ന പേരിൽ. അതിനാൽ ഇത്തരത്തിലുള്ള ക്രമീകരണത്തിന്റെ മേന്മ അവർക്ക് പെട്ടെന്ന് മനസ്സിലാക്കാനായി.

veedu-9

പ്രതികരണം ക്രിയാത്മകം

കാലം, കാലാവസ്ഥ... ഇവയോട് ക്രിയാത്മകമായി പ്രതികരിക്കും വിധമാണ് സൈലന്റ് ഹൗസിന്റെ രൂപകൽപന. പ്രാദേശികമായി ലഭിക്കുന്ന നിർമാണവസ്തുക്കളും തൊഴിൽ വൈഭവവും ഇതിനായി പ്രയോജനപ്പെടുത്തി. തടി, കല്ല്, ഓട് എന്നിവയാണ് നിർമാണത്തിന് കൂടുതലായി ഉപയോഗിച്ചത്. ഇതിൽ തടിയും ഓടും പുനരുപയോഗിക്കുകയായിരുന്നു. പഴയൊരു കശുവണ്ടി ഫാക്ടറി പൊളിച്ചപ്പോൾ അവിടെനിന്ന് ശേഖരിച്ച ഓടും തടിയുമാണ് പ്രയോജനപ്പെടുത്തിയത്. നാട്ടുകാരായ തൊഴിലാളികളെത്തന്നെ ജോലികളേൽപ്പിക്കുകയും ചെയ്തു.

veedu-12

പ്രാദേശിക കാലാവസ്ഥ സൂക്ഷ്മമായി വിലയിരുത്തിയ ശേഷമായിരുന്നു ഓരോ ഘടകത്തിന്റെയും ഡിസൈൻ. നടുമുറ്റത്തിന് ചുറ്റുമുള്ള പാസേജിന്റെ മേൽക്കൂര മാത്രമേ വാർത്തിട്ടുള്ളൂ. ഓടുമേഞ്ഞ ചരിഞ്ഞ മേൽക്കൂരയാണ് ബാക്കി ഇടങ്ങളിലെല്ലാം. ട്രസ്സ് റൂഫിൽ ഓടുമേഞ്ഞ് അതിനു താഴെ ചൂട് കുറയ്ക്കുന്ന ഹീറ്റ് റെസിസ്റ്റന്റ് ഷീറ്റ് വിരിക്കുകകൂടി ചെയ്തതോടെ മഴയിൽ നിന്നും വെയിലിൽ നിന്നും സംരക്ഷണമായി.

veedu-8

കൂടുതലായി വെയിൽ പതിക്കുന്ന ചുമരുകൾ നി ർമിക്കാൻ പൊട്ടിയ ഓട് ഉപയോഗിച്ചു. പകുതിയോളം ഭാഗം ഓട് വരുന്ന രീതിയിലുള്ളവയാണ് ഇത്തരം ചുമരുകൾ. ചൂട് അകത്തേക്ക് കടക്കുന്നത് നല്ലൊരു പരിധിവരെ തടയാൻ കളിമൺ ഓടിന്റെ സാന്നിധ്യം സഹായിക്കും. മതിൽ നിർമിച്ചതും ഇതേ രീതിയിലാണ്.

veedu-5

സുസ്ഥിരം നിർമാണം

ലൈറ്റിങ്, വെന്റിലേഷൻ, ഊർജ ഉപയോഗം എ ന്നിവയുടെ കാര്യത്തിലെല്ലാം പിന്തുടർന്നത് സുസ്ഥിര നിർമാണശൈലി തന്നെ. സ്വാഭാവിക വായുപ്രവാഹം ഉറപ്പാക്കാൻ താഴെയും മുകളിലും വെന്റിലേഷനോടു കൂടിയതാണ് സൈലന്റ് ഹൗസിന്റെ ഒട്ടുമിക്ക ചുമരുകളും. ക്രോസ് വെന്റിലേഷൻ പരിഗണിച്ച് ജനാലകളും നൽകിയിട്ടുണ്ട്.

veedu-7

വീട്ടിലേക്കാവശ്യമായ വൈദ്യുതിയുടെ നല്ലൊരു പങ്കും മേൽക്കൂരയിലെ സൗരോർജ പാനൽ വഴി ഉൽപാദിപ്പിക്കുന്നു. തകർന്നു കിടന്നിരുന്ന കുളം നന്നാക്കിയെടുത്തത് മഴവെള്ള സംഭരണിയായും പ്രയോജനപ്പെടുത്തുന്നു. വെള്ളത്തിന്റെയും വൈദ്യുതിയുടെയും കാര്യത്തിൽ അധികം വൈകാതെ സൈലന്റ് ഹൗസ് സ്വയം പര്യാപ്തമാകും.

veedu-1

ശാന്തമായൊഴുകുന്ന പുഴ പോലെയാണ് സൈല ന്റ് ഹൗസ്. മൗനത്തിനുള്ളിൽ ഒളിഞ്ഞിരിപ്പുണ്ട് വാചാലതയുടെ മഴവില്ലഴകുകൾ. ■

veedu-11

വിവരങ്ങൾക്ക് കടപ്പാട്; Fahed Abdul Majeed