Friday 24 April 2020 01:33 PM IST

ചെറിയ വീട് വലിയ പ്ലോട്ടിൽ പണിയാനാകുമോ? സംശയിക്കുന്നവർക്കിതാ റാന്നിയിൽ നിന്ന് ഒരു മോഡൽ വീട്.

Ali Koottayi

Subeditor, Vanitha veedu

1

മൂന്ന് ബെഡ്റൂം വീട് എന്ന ആവശ്യവുമായാണ് അംഖുഷ് എബ്രഹാം ആർക്കിടെക്ട് ഫ്രഡിയെ സമീപിക്കുന്നത്. വീട് ബഡ്ജറ്റിലൊതുങ്ങണമെന്നും പറഞ്ഞു. ഒരു ഏക്കറോളം വരുന്ന പ്ലോട്ട് ചൂണ്ടിക്കാണിച്ചാണ് അംഖുഷ് ഇത്രയും പറഞ്ഞത്.വിശാലമായ ഇടത്തിൽ എത്ര വലിയ വീട് വച്ചാലും അതിന് മതിപ്പുണ്ടാവില്ല. വലുപ്പം കൂട്ടി ബഡ്ജറ്റ് കൂടാനും പാടില്ല. ഒറ്റനില മതിയെന്ന വീട്ടുകാരുടെ താൽപര്യം മുൻനിർത്തി ലീനിയർ പ്ലാനിങ് സ്വീകരിച്ചു. വീട് 1700 സ്ക്വയർഫീറ്റ് ഉള്ളുവെന്ന് പറഞ്ഞാൽ വിശ്വസിക്കാത്തതും അത് കൊണ്ടാണ്ടാണ്. പഴയ വീടിന്റെ കോൺക്രീറ്റ് ഭാഗം ഔട്ട് ഹൗസ് ആക്കി മാറ്റിയതും ആർക്കിടെക്ടിന്റെ മറ്റൊരു ബുദ്ധിയാണ്.

2


ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് മൂന്ന് കിടപ്പുമുറി, കിച്ചൻ എന്നിവയാണ് വീട്ടിലുള്ളത്. ന്യൂ ക്ലാസിക്കൽ ഡിസൈൻ ആണ് പരീക്ഷിച്ചത്. മുൻവശത്തെ ത്രികോണാകൃതിയിലുള്ള ജാളി ഭാഗമാണ് ആകർഷകമാക്കുന്നത്. ഫ്ലാറ്റ് വാർത്ത് ട്രസ്സ് വർക്ക് ചെയ്തു ചൂടിനെ പുറത്ത് നിർത്തി.
കുത്തി നിറച്ചുള്ള ഇന്റീരിയർ പരീക്ഷണത്തിന് മുതിർന്നില്ല. മിനിമൽ രീതി പിൻതുടർന്നു. രണ്ട് കിടപ്പുമുറികൾ വിശാലമായി നൽകിയപ്പോൾ ഒന്ന് നോർമൽ സൈസിൽ നൽകി. വലിയ ജനലുകൾ, മുറികളിൽ നൽകി വായു സഞ്ചാരം ഉറപ്പു വരുത്തി. ഡ്രസ്സിങ് ഏരിയയും സജ്ജീകരിച്ചു. ഹാളിൽ നൽകിയ കോമൺ ബാത്റൂം ഗസ്റ്റ് ബെഡ്റൂമിൽ നിന്നും പ്രവേശിക്കാൻ പാകത്തിലാണ് ക്രമീകരിച്ചത്.

3


തേക്കിലാണ് വാതിലും ജനലും നൽകിയത്. മറ്റു തടിപ്പണികൾ പ്ലാവിലാണ്. കിച്ചൻ കാബിനറ്റുകൾ താഴെ തടിയിലും ഓവർ ഹെഡിൽ മൾട്ടിവുഡിലും നൽകി. ഫ്ലോറിലെ വൈവിധ്യമാണ് അകത്തളത്തിലെ മറ്റൊരു അകർഷണം. സിറ്റ്ഔട്ട് കടന്ന് കയറി വന്ന് ലിവിങ്ങ് വരെ വുഡൻ ഫിനിഷ് നൽകി. ഹാളിൽ ഗ്ലോസി ഫിനിഷും ഓരോ മുറികളിലും വ്യത്യസ്ത നിറത്തിൽ  മാറ്റ് ഫിനിഷ് ടൈലും പരീക്ഷിച്ചു.

4


നാൽപത് ലക്ഷമാണ് വീടിന്റെ ചെലവ്. കാഴ്ചയിൽ ഇതിനേക്കാൾ ചിലവും വലുപ്പവും തോന്നിക്കുന്നിടത്താണ് അർക്കിടെക്ടിന്റെ കഴിവ് വീട് കാണുന്നവരും സാക്ഷ്യപ്പെടുത്തുന്നത്. " പ്ലോട്ടിനനുസരിച്ച് വീട് പ്ലാൻ ചെയ്യണം. അത് ബജറ്റിൽ നിന്ന് കൊണ്ട് വീട്ടുകാരുടെ ഇഷ്ടം മനസ്സിലാക്കി ചെയ്യണം. അങ്ങനെ വരുമ്പോഴാണ് വീട് പണി പൂർത്തിയാക്കി നൽകുമ്പോൾ മനസ്സ് നിറയുന്നത്. " ഫ്രഡി പറഞ്ഞു.

വിവരങ്ങൾക്ക് കടപ്പാട്: ഫ്രഡി എബ്രഹാം, സെവൻ സ്കേപ് ആർക്കിടെക്ട്സ്. ഫോൺ: 95624 64770