Monday 14 June 2021 04:23 PM IST

ഒരനക്കം മതി പിടിവീഴും, പൂന്തോട്ടത്തിന് സംരക്ഷണവും കൗതുകമായും ഇരപിടിയൻ ചെടികൾ

Sreedevi

Sr. Subeditor, Vanitha veedu

garden 1

രപിടിയൻ ചെടികൾ ( carniv orous plants) ആണ് പൂന്തോട്ടത്തിലെ ഇപ്പോഴത്തെ ശ്രദ്ധാകേന്ദ്രം. കൗതുകം മാത്രമല്ല, പൂന്തോട്ടത്തിന്റെ മാറ്റുകൂട്ടുമെന്നതും നമ്മുടെ കാലാവസ്ഥയിൽ നന്നായി വളരുമെന്നതും കൊതുകിനെയും മറ്റ് ഉപദ്രവകാരികളായ പ്രാണികളെയും നശിപ്പിക്കുമെന്നതുമെല്ലാം ഇരപിടിയൻ ചെടികളെ പ്രിയങ്കരമാക്കുന്നു. വളരെ കുറച്ചു പരിചരണം മ തി ഈ ചെടികൾക്ക്.

garden 3

വീനസ് ഫ്ലൈ ട്രാപ്പും പിച്ചർ പ്ലാന്റുമാണ് നമ്മുടെ നാട്ടിൽ ഏറ്റവും പ്രചാരമുള്ള, വിപണിയിൽ ലഭിക്കുന്ന ഇരപിടിയൻ ചെടികൾ. സൺഡ്യൂ പ്ലാന്റ് നമ്മുടെ കാടുകളിൽ ഉണ്ടെങ്കിലും അലങ്കാരച്ചെടി എന്ന നിലയിൽ വിപണിയിൽ പ്രിയങ്കരമല്ല. കാട്ടിൽ വളരുന്ന ചെടികളായതിനാൽ കൂടുതൽ വെയിൽ അടിക്കാത്ത സാഹചര്യം ഒരുക്കിക്കൊടുക്കണം. ചെടിയുടെ ചുവട്ടിൽ എപ്പോഴും ഈർപ്പവുമുണ്ടാകണം. ഇരപിടിയൻ ചെടികൾ എല്ലാം കൊക്കോപിത്തിൽ ആണ് നടുന്നത്. ശക്തിയായി വെയിൽ അടിക്കാത്ത ബാൽക്കണി, സിറ്റ്ഔട്ട്, മരത്തണൽ എന്നിവിടങ്ങളിലെല്ലാം ഇരപിടിയൻ ചെടികൾ നന്നായി വളരും. ചെറിയ രീതിയിൽ വെയിൽ കിട്ടുന്ന കോർട്‌യാർഡുകളും ജനലരികുമെല്ലാം ഇരപിടിയൻ ചെടികൾക്ക് ഇഷ്ടമാണ്.

ട്രാപ്പിനുള്ളിൽ വീഴുന്ന പ്രാണികളെ ഭക്ഷിക്കുന്നതിനാൽ ചെടിക്ക് പ്രത്യേകിച്ച് വളം നൽകേണ്ടിവരില്ല. ചെടിക്ക് ആരോഗ്യമില്ലെന്ന് തോന്നിയാൽ മാത്രം ചെറിയ അളവിൽ ജൈവവളം ചേർത്തുകൊടുക്കാം. പൂവോ കായോ ഒന്നുമില്ല ഇത്തരം ചെടികൾക്ക്. വീനസ് ഫ്ലൈ ട്രാപ്പിനേക്കാൾ ആരാധകർ പിച്ചർ പ്ലാന്റിനാണ്. വള്ളിച്ചെടി ആയതിനാൽ പിച്ചർ പ്ലാന്റിന്റെ ഒന്നിൽ കൂടുതൽ തൈകൾ ഒരുമിച്ചു നട്ടാൽ ട്രോപ്പിക്കൽ ഫോറസ്റ്റിന്റെ പ്രതീതി ലഭിക്കും. വെർട്ടിക്കൽ ഗാർഡനിലോ നിലത്തുവച്ച ചട്ടിയിലോ തൂക്കിയിട്ടോ പിച്ചർ പ്ലാന്റ് വളർത്താം. കുഴൽ ആകൃതിയിലുള്ള കെണിയാണ് പിച്ചർ പ്ലാന്റിന്റെ ഭംഗി. നീളം കൂടിയതും കുറുകിയതുമായ കെണിയുള്ള പിച്ചർ പ്ലാന്റുകൾ വിപണിയിൽ ഉണ്ട്. പച്ച, ചുവപ്പ്, സ്പോട്ടഡ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ളതുമുണ്ട്. ചുവപ്പിനാണ് ഡിമാൻഡ് കൂടുതൽ.

garden 2

പിച്ചർ പ്ലാന്റ്സിന്റെ കെണിയിൽ ഒരു ദ്രാവകം നിറഞ്ഞിരിക്കും. ഈ ദ്രാവകത്തിന്റെ സുഗന്ധത്തിൽ ആകൃഷ്ടരാകുന്ന പ്രാണികൾ കുഴലിലേക്ക് വീഴുന്നു. ദ്രവിക്കുന്ന പ്രാണികളിൽ നിന്ന് ആവശ്യമായ പോഷകം ചെടി വലിച്ചെടുക്കും. കൊതുകിനെ ആകർഷിക്കും എന്നതാണ് പിച്ചർ പ്ലാന്റിന്റെ ഡിമാൻഡ് കൂടാൻ കാരണം. രണ്ടിനം വീനസ് ഫ്ലൈ ട്രാപ്പ് ആണ് നമ്മുടെ നാട്ടിൽ പ്രചാരത്തിലുള്ളത്. മുള്ളുകൾ പോലെ അരികുള്ള, തുറന്നുവച്ച വായ പോലെയാണ് ഈ ചെടിയുടെ ഇരപിടിക്കാനുള്ള അവയവം. ഈ കെണി പുറപ്പെടുവിക്കുന്ന പ്രത്യേകതരം ഗന്ധത്തിൽ ആകൃഷ്ടരായി എത്തുന്ന പ്രാണികളെയാണ് ചെടി ഭക്ഷിക്കുന്നത്. ഈച്ചയോ ഉറുമ്പോ മറ്റു പ്രാണികളോ സമീപത്തെത്തിയാൽ കെണി ക്ഷണവേഗം അടയും, പ്രാണി ഉള്ളിൽപ്പെടും.വീനസ് ഫ്ലൈ ട്രാപ്പ് ചട്ടിയിലാണ് വളർത്തുന്നത്. മറ്റു കാര്യങ്ങളെല്ലാം പിച്ചർ പ്ലാന്റിനുള്ളതുപോലെത്തന്നെ. ഇരപിടിയൻ ചെടികൾ എല്ലാംതന്നെ തൈകൾ നട്ടോ കമ്പ് മുറിച്ചു നട്ടോ പുതിയ ചെടി ഉൽപാദിപ്പിക്കാം. ഇരപിടിയൻ ചെടികൾക്ക് ഡിമാൻ‍ഡ് കൂടുതൽ ആയതിനാൽ തൈ ഒന്നിന് 600 രൂപയിൽ കൂടുതലാണ് മിക്ക നഴ്സറിക്കാരും ഈടാക്കുന്നത്.

Tags:
  • Vanitha Veedu