Friday 13 November 2020 03:26 PM IST : By സ്വന്തം ലേഖകൻ

വില കൂടിയ ചെടികൾ ഇല്ല, പുതിയ ഇനങ്ങളില്ല; എന്നിട്ടും ഇതുപോലൊന്ന് ചെയ്തു തരാമോ എന്ന് ബെറ്റിയോട് സുഹൃത്തുക്കൾ ചോദിക്കുന്നതിന്റെ രഹസ്യം ഇതാണ്...

1

വില കൂടിയ ചെടികൾ ഒന്നുമില്ല, ഏതെങ്കിലും ചെടിയുടെ പുതിയ ഇനം വരുന്നത് നോക്കി ഇരിക്കുന്നുമില്ല. എന്നിട്ടും ബെറ്റി ബാബുവിന്റെ പൂന്തോട്ടം അതിസുന്ദരമാണ്. ഇതുപോലൊന്ന് ഞങ്ങളുടെ വീട്ടിലും സെറ്റ് ചെയ്തു തരാമോ എന്ന് ബെറ്റിയോടു സുഹൃത്തുക്കൾ ചോദിക്കാറുമുണ്ട്. സിംപിൾ ആയി പൂന്തോട്ടം ഭംഗിയാക്കുന്നത്തിന്റെ രഹസ്യം ബെറ്റി വനിത വീട് വായനക്കാരോട് പങ്കുവയ്ക്കുന്നു.

3


തൃശൂർ ജില്ലയിലെ മതിലകത്തുള്ള വീടിനു മുന്നിലുള്ള കുറച്ചു സ്ഥലത്താണ് ബെറ്റി പൂന്തോട്ടം സെറ്റ് ചെയ്തിരിക്കുന്നത്. ക്രോട്ടൻസ്, ബൊഗയിൻവില്ല, പോത്തോസ്... ഇങ്ങനെ സാധാരണ നാട്ടിൻപുറങ്ങളിൽ കാണുന്ന, കൂടുതൽ പരിചരണം ആവശ്യമില്ലാത്ത ചെടികൾ മാത്രമേ ബെറ്റിയുടെ വീട്ടിലുള്ളൂ.                                                                                                                                           ബെറ്റി ബാബു പൂന്തോട്ടത്തിൽ

4


ചെടികൾ സെറ്റ് ചെയ്യുന്നിടത്താണ് തന്റെ വിജയമെന്ന് ബെറ്റി പറയുന്നു. ചെടി ഏതുതന്നെയായാലും ഒറ്റയായി നടില്ല. ഒരേയിനം ചെടികൾ ഒരു കൂട്ടമായി നിൽക്കുമ്പോഴാണ് ഭംഗി.
ഇലച്ചെടികൾ ആണ് കൂടുതലും. അതിൽ തന്നെ നിറമുള്ള ഇലകളുള്ള ക്രോട്ടൻസ് ആണ് ബെറ്റിയുടെ തുറുപ്പു ചീട്ട്. വെയിൽ നന്നായി കിട്ടുന്ന എല്ലായിടത്തും ഈ ചെടി നട്ടു. ഇടയ്ക്ക് തിരുവനന്തപുരത്തുള്ള മകന്റെ അടുത്തുപോകേണ്ടി വരുമെന്നതിനാൽ അതനുസരിച്ചാണ് ചെടികളുടെ ക്രമീകരണം.

5


ചട്ടികൾ എല്ലാം നിറമടിച്ച് സംരക്ഷിക്കുന്നതിനാൽ തോട്ടത്തിന് എപ്പോഴും ഫ്രഷ് ഫീൽ ആണ്. ഒരേ നിറമുള്ള ചട്ടികൾ നിരനിരയായും തൂക്കിയിട്ടുമെല്ലാം പൂന്തോട്ടത്തിന് അഴകു കൂട്ടുന്നു. ചില ചെടികൾ സ്റ്റാൻഡുകളിൽ ക്രമീകരിച്ചു. ചെടികൾക്കിടയിൽ ചെറിയ ക്യൂരിയോസ് വച്ചും ഭംഗി കൂട്ടിയിട്ടുണ്ട്. ചട്ടികളുടെ ഡിസൈനും ആകൃതി വ്യത്യാസവുമെല്ലാം പൂന്തോട്ടത്തിന്റെ മാറ്റുകൂട്ടും എന്ന് ബെറ്റി പറയുന്നു.

2


ചെടികളെ പരിപാലിക്കാൻ താൽപര്യമുള്ളവർ മാനസികമായും ശാരീരികമായും ആരോഗ്യവാൻമാർ ആയിരിക്കുമെന്ന് ബെറ്റി പറയുന്നു. ചെടികളോട് താൽപര്യമുള്ളവർക്ക് നല്ല ക്ഷമ ആവശ്യമാണ്. ഹാർഡ് വർക്ക് ചെയ്യാൻ തയാറുള്ളവരും ആയിരിക്കും. അതുപോലെ ചെടിക്കമ്പക്കാർ നല്ല മനസ്സും അനുകമ്പയും ഉള്ളവരായിരിക്കും എന്നാണ് ബെറ്റിയുടെ അനുഭവം. പച്ചപ്പു നിറഞ്ഞ ഈ പൂന്തോട്ടത്തിൽ കൂടുവയ്ക്കാൻ സൂചിമുഖിപക്ഷി എല്ലാ വർഷവും എത്താറുണ്ട്. അത്തരം കാഴ്ചകളും മനസ്സിന് കൂളിർമയേകും.   
ചാണകപ്പൊടി, പിണ്ണാക്ക് വളം എന്നിങ്ങനെയുള്ള ജൈവവളമാണ് പൂന്തോട്ടത്തിൽ ഉപയോഗിക്കുന്നത്. ചെടിയിലെ ഒരില പഴുക്കുന്നതുപോലും കൃത്യമായി അറിയുമെന്ന് പറയുന്നതിൽ നിന്നു മനസ്സിലാക്കാം ബെറ്റിയുടെ കൃഷി സ്നേഹം.