Monday 27 April 2020 03:11 PM IST

ഒരു സെന്റിലുമാകാം മഴക്കുഴി... ചെറിയ സ്ഥലത്തും മഴക്കുഴി നിർമിക്കാനുള്ള വഴികൾ...

Sunitha Nair

Sr. Subeditor, Vanitha veedu

Main

ഒരു സെന്റിലാണ് വീടുണ്ടാക്കുന്നതെങ്കിലും മഴവെള്ളം ഭൂമിയിൽ താഴ്ത്താനും അതുവഴി കിണറിലെ ഉറവകൾ ശക്തിപ്പെടുത്താനും സാധിക്കും. മഴവെള്ളം ഭൂമിയിലേക്ക് ഇറക്കി വിടുന്നതോടെ വെള്ളക്കെട്ട് ഒഴിവാകുകയും ചെയ്യും. തീരദേശങ്ങളിലും  താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടാക്കുമെന്നതിനാൽ അത്തരം പരീക്ഷണങ്ങൾ പറ്റില്ല.
അഞ്ച് സെന്റോ അതിൽ താഴെയോ സ്ഥലമുള്ളവർക്കും മഴവെള്ളം പൂർണമായും പ്രയോജനപ്പെടുത്താൻ സാധിക്കും. മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം അരിച്ച് കിണറ്റിലെത്തിക്കുന്ന മാർഗമാണ് ഏറ്റവും എളുപ്പവും പെട്ടെന്നു തന്നെ ഫലം ലഭിക്കുന്നതും. ഈ മാർഗത്തിന് ചെലവും വളരെ കുറവാണ്. അരിക്കാനുള്ള സംവിധാനത്തിന്റെയും പൈപ്പുകളുടെയും ചെലവേ ഇതിനാകൂ.

1n


മുറ്റത്ത് വണ്ടി പോകുന്ന സ്ഥലത്തു മാത്രം ഗ്രാനൈറ്റോ ഇഷ്ടികയോ വിരിച്ച് ഉറപ്പുള്ളതാക്കി ബാക്കി ഭാഗമെല്ലാം പുൽത്തകിടിയാക്കുക. നാട്ടിലെ കാലാവസ്ഥയോടു യോജിക്കാത്ത പുല്ലാണെങ്കിൽ വേനൽക്കാലത്ത് കൂടുതൽ വെള്ളം വലിച്ചെടുക്കാൻ സാധ്യതയുള്ളതിനാൽ നാടൻ പുല്ല് ഉപയോഗിക്കാം. പുല്ലിനു പകരം കൂട്ടമായി നടുന്ന കുറ്റിച്ചെടികളുമാകാം. പുല്ലിലോ ചെടികളുടെ ചുവട്ടിലോ വെള്ളം തങ്ങി നിന്ന് പതിയേ ഭൂമിയിലേക്ക് ഇറങ്ങും.
സ്ലാബും ഗ്രില്ലും ഉപയോഗിച്ച് വെള്ളം ഭൂമിയുടെ അടിയിലേക്കു കടത്തിവിടുന്ന മാർഗവും നഗരങ്ങളിൽ പ്രാവർത്തികമാക്കാം. വെള്ളക്കെട്ട് ഒഴിവാക്കാനും ഇത് ഫലപ്രദമാണ്. ഒന്നോ രണ്ടോ സ്ലാബുകളാണ് ഇതിനു പ്രധാനമായും വേണ്ടത്. എട്ട് ഇഞ്ച് വ്യാസമുള്ള, ഒരടി നീളമുള്ള പൈപ്പുകൾ ഈ സ്ലാബിൽ സ്ഥാപിക്കണം. സ്റ്റീൽ അരിപ്പയുമുണ്ടെങ്കിൽ വെള്ളം മാത്രം ഭൂമിക്കടിയിലേക്കെത്തും. സ്ലാബിന്റെ നീളവും വീതിയും നോക്കി കുറഞ്ഞത് ഒരടിയെങ്കിലും താഴ്ചയുള്ള കുഴിയെടുക്കുക. മണ്ണ് ഇടിയാതിരിക്കാൻ വശങ്ങളിൽ ഇഷ്ടിക അടുക്കി മുകൾ ഭാഗത്ത് സിമന്റിട്ട് ഉറപ്പിക്കണം. അടിയിൽ ഒന്നും ചെയ്യേണ്ടതില്ല. കുഴിയുടെ മുകളിൽ സ്ലാബിട്ട് വെള്ളം അതിലേക്ക് കടത്തിവിടാം.

2n


കാർപോർച്ചിനടിയിലെ സ്ഥലം വെറുതെ കളയാതെ അവിടെയും ഇത്തരം മഴക്കുഴികൾ ഉണ്ടാക്കാം. ചതുരാകൃതിയിലുള്ള കുഴിയുണ്ടാക്കി മുകളിൽ സ്ലാബിട്ട് കാർപോർച്ച് നിർമിക്കാം. ഈ സ്ലാബിലെ മാൻഹോളിലൂടെ വെള്ളം താഴേക്ക് ഇറക്കി വിടുന്നതാണ് രീതി. സ്ഥലം എത്ര കുറവാണെങ്കിലും ഇത് വളരെ ഫലപ്രദമാണ്. കനം കൂടിയ സ്ലാബ് നിർമിക്കണമെന്നതു മാത്രമാണ് കൂടുതൽ ചെലവ്. വീടുപണി കഴിഞ്ഞ് ബാക്കിയായ ഇഷ്ടികയും മെറ്റലുമെല്ലാം ഈ കുഴിയിലിട്ട് വെള്ളം താഴ്ത്താൻ സഹായിക്കാം.
ബോർവെൽ ഉണ്ടെങ്കിൽ ചുറ്റും കുഴിയെടുത്ത് വെള്ളം താഴത്തി റീചാർജ് ചെയ്തെടുക്കാം.