Monday 22 March 2021 12:24 PM IST : By Sinu K. Cherian

പരിധിയില്ലാതെ ലഭിക്കുന്ന ചരക്കല്ല ജലം; വാട്ടർ റീസൈക്ളിങ്ങിലെ പുതിയ പ്രവണതകൾ അർബൻ പ്ലാനർ എസ്. വിശ്വനാഥ് പങ്കുവയ്ക്കുന്നു

5


തുണി നനയ്ക്കുന്നതും പാത്രം കഴുകുന്നതുമായ വെള്ളം പുനഃചംക്രമണം ചെയ്യണം. ആവശ്യമെങ്കിൽ കുടിവെള്ളമായി ഉപയോഗിക്കണം! ടോയ്‌ലറ്റിൽ ഉപയോഗിക്കുന്ന വെളളം തുണി നനയ്ക്കാനും മറ്റുമായി പ്രയോജനപ്പെടുത്തണം... നമ്മൾ മലയാളികൾക്ക് തീരെ ദഹിക്കാത്ത കാര്യങ്ങളാണ് എസ്.വിശ്വനാഥ് എന്ന നഗരാസൂത്രകൻ പറഞ്ഞിരുന്നത്. അതും മൂന്നു പതിറ്റാണ്ടു മുൻപ്. എന്നാൽ, കാലം മാറിയതോടെ വിശ്വനാഥിന്റെ വാക്കുകളിൽ കാമ്പുണ്ടെന്ന് ജനം തിരിച്ചറിഞ്ഞു. ഇന്ന് ബെംഗളൂരുവിലെ വൻകിട പാർപ്പിട സമുച്ചയങ്ങളും ബഹുരാഷ്ട്ര കമ്പനികളും ഒരേപോലെ ആ വാക്കുകൾക്ക് കാതോർക്കുന്നു. ഉപദേശം തേടുന്നു... കുടിവെള്ളം മുട്ടാതിരിക്കാനായി.
എസ്. വിശ്വനാഥ് വനിത വീടിനോട് സംസാരിക്കുന്നു.

3


വീട്  അല്ലെങ്കിൽ ഒരു കെട്ടിടം രൂപകൽപന ചെയ്യുന്ന വേളയിൽ ‘ജലം’ എന്ന ഘടകത്തെ നമ്മൾ എത്രത്തോളം പരിഗണിക്കുന്നുണ്ട്?
ഗൗരവമായ ഒരു സമീപനം ഇക്കാര്യത്തിൽ ഉണ്ടാകുന്നില്ല എന്നു വേണം പറയാൻ. വീട്ടുകാരന്റെയോ ആർക്കിടെക്ടിന്റെയോ പരിഗണനാവിഷയങ്ങളിൽ ‘ജലം’ കടന്നു വരുന്നത് വളരെ അപൂർവമാണ്. പരിസ്ഥിതി, ജലം, ഊർജം എന്നിവയെ പരിഗണിച്ചു വേണം കെട്ടിടത്തിന്റെ ഡിസൈൻ രൂപപ്പെടാൻ.
ഒരു കെട്ടിടം നിർമിക്കുമ്പോൾ രണ്ട് തരത്തിലുള്ള ജല വിനിയോഗം മുൻകൂട്ടി കാണണം. നിർമാണസമയത്ത് വേണ്ടി വരുന്നതാണ് ഒന്ന്. താമസം തുടങ്ങിക്കഴിഞ്ഞ് ജീവിതാവശ്യങ്ങൾക്കുള്ളതാണ് രണ്ടാമത്തേത്. വീട് രൂപകൽപന ചെയ്യുന്ന ആൾ ഇതു രണ്ടിനെയും അഭിസംബോധന ചെയ്യണം.


ധാരാളം മഴ ലഭിക്കുന്ന നാടാണ് കേരളം. പക്ഷേ, നാൾക്കുനാൾ വരൾച്ചയും ജലക്ഷാമവും കൂടിവരുന്നു. പുതിയ വീടിനെ ‘ജലസൗഹൃദ’മാക്കാൻ എന്തെല്ലാമാണ് ചെയ്യേണ്ടത്?
മഴയാണ് കേരളത്തിന്റെ ഏറ്റവും വലിയ സമ്പത്ത്. അതു തിരിച്ചറിയണം. വീടു പണിയുമ്പോൾ തന്നെ മഴവെള്ളം സംഭരിക്കാനുള്ള ക്രമീകരണങ്ങളും ചെയ്യണം എന്നതാണ് പ്രധാനം. ഇത് ഡിസൈനിന്റെ ഭാഗമായി തന്നെ ഉൾപ്പെടുത്തണം. അധികം വരുന്ന വെള്ളം കിണർ റീചാർജിങ്ങിനായി പ്രയോജനപ്പെടുത്തണം.
അടുത്തതായി ശ്രദ്ധിക്കേണ്ടത് ഷവർ, ഫ്ലഷ് ടാങ്ക്, ടാപ് തുടങ്ങിയവയുടെ തിരഞ്ഞെടുപ്പിലാണ്. വെള്ളം പാഴാക്കാത്ത തരത്തിലുള്ള ഉപകരണങ്ങൾ തന്നെ വാങ്ങണം. വാഷിങ് മെഷീന്റെ കാര്യത്തിൽ വെള്ളം ഏറ്റവും കുറച്ച് ഉപയോഗിക്കുന്ന മോഡൽ വാങ്ങാൻ ശ്രദ്ധിക്കണം. കാരണം വീടുകളിൽ ഏറ്റവുമധികം വെള്ളം പാഴാകുന്ന മേഖലയാണിത്.

ജലവിനിയോഗവുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിലുള്ള പുതിയ പ്രവണതകൾ എന്തെല്ലാമാണ്?
 വീട്ടിലായാലും ഫാക്ടറിയിലായാലും വെള്ളത്തിന്റെ കാര്യത്തിൽ ‘കരുതൽ മനോഭാവം’ കൈവന്നിരിക്കുന്നു എന്നതാണ് പ്രകടമായ മാറ്റം. ജലക്ഷാമത്തിന്റെ അപകടവശങ്ങളെപ്പറ്റി എല്ലായിടത്തും ആളുകൾ ബോധവാന്മാരാണ്. വീടുകളിൽ ‘ഗ്രേ വാട്ടർ’ എന്നു വിളിക്കുന്ന, പാത്രം കഴുകുന്നതും തുണി നനയ്ക്കുന്നതുമായ വെള്ളം റീസൈക്ക്ൾ ചെയ്ത് ഉപയോഗിക്കുന്ന പ്രവണത കൂടുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. പലയിടത്തും ഇതൊരു സ്വാഭാവിക നടപടിയായി മാറിക്കഴിഞ്ഞു.
വീര്യം കുറഞ്ഞതും രാസവസ്തുക്കൾ അടങ്ങിയിട്ടില്ലാത്തതുമായ സോപ്പും ഡിറ്റർജെന്റും ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നു എന്നതാണ് സന്തോഷം നൽകുന്ന മറ്റൊരു കാഴ്ച. വെള്ളം എളുപ്പത്തിൽ പുനഃചംക്രമണം ചെയ്യാം എന്നതാണ് ഇതുകൊണ്ടുള്ള മെച്ചം. മണ്ണും ജലസ്രോതസ്സുകളും മലിനമാകുന്നത് ഒഴിവാക്കാനും ഓർഗാനിക് സോപ്പിന്റെ ഉപയോഗം സഹായിക്കും. കുറച്ച്  വെള്ളം മാത്രം ഉപയോഗിക്കുന്ന ‘വാട്ടർ എഫിഷ്യന്റ്’ ഉപകരണങ്ങളുടെ ഉപയോഗവും ഓരോ ദിവസവും ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് രേഖപ്പെടുത്തുന്ന പ്രവണതയും കൂടിവരുന്നു. ഇക്കോളജിക്കൽ സാനിറ്റേഷൻ ആണ് ഓർത്തിരിക്കേണ്ട മറ്റൊരു പേര്.


എന്താണ് ഇക്കോളജിക്കൽ സാനിറ്റേഷൻ?

ടോയ്‌ലറ്റുകളിൽ വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനുള്ള മാർഗമാണ് ഇക്കോളജിക്കൽ സാനിറ്റേഷൻ അഥവാ പാരിസ്ഥിതിക ശുചീകരണം. മൂത്രവും വിസർജ്യവും വളമാക്കി മാറ്റുന്നു എന്നതാണ് പ്രത്യേകത. അതായത്, മാലിന്യം തലവേദനയാകുന്നില്ല. മറിച്ച് പ്രയോജനപ്രദമായ ഒരു ഉൽപന്നമായി മാറുന്നു.
ഇത്തരം ടോയ്‌ലറ്റുകളിൽ ഖര, ദ്രാവക മാലിന്യങ്ങൾ പ്രത്യേകം അറകളിലായിരിക്കും ശേഖരിക്കുക. ബയോഗ്യാസ് പ്ലാന്റിൽ അടുക്കളയിലെ ഭക്ഷ്യാവശിഷ്ടങ്ങൾ വളമാക്കി മാറ്റുന്നതിന് സമാനമായ രീതിയിലാണ് ഇവയും സംസ്കരിക്കുക. വെള്ളം ആവശ്യമായി വരുന്നില്ല എന്നുമാത്രമല്ല, ഒരുവിധത്തിലും പ്രകൃതിയെ മലിനപ്പെടുത്തുന്നുമില്ല. ബെംഗളൂരുവിൽ നിരവധി വീടുകളിൽ ഇത്തരം ടോയ്‌ലറ്റുകൾ നിർമിച്ചിട്ടുണ്ട്.


മലിനജലമെല്ലാം ഓടയിലേക്ക് ഒഴുക്കുന്നതാണ് നമ്മുടെ നാട്ടിലെ രീതി?
അതേ. അതോടെ നമ്മുടെ ഉത്തരവാദിത്തം കഴിഞ്ഞു. അതിനുശേഷം നദികൾ മലിനമാകുന്നു, ശുദ്ധജലം കിട്ടുന്നില്ല... എന്നൊക്കെ നമ്മൾ  പരാതി പറയുകയും ചെയ്യും. ഈ സമീപനം മാറണം. ‘ഉറവിട മാലിന്യ സംസ്കരണം’ എന്നത് ജലത്തിന്റെ കാര്യത്തിലും ബാധകമാണ്. എന്റെ വീട്ടിലെ ജലം എന്റെ ഉത്തരവാദിത്തം എന്ന നിലയിലാകണം കാര്യങ്ങൾ. പൊതുജലസ്രോതസുകൾ മലിനമാകുന്നത് കുറയ്ക്കാം എന്നതാണ് ഇതിന്റെ മെച്ചം.

6


വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിന്റെ മാതൃകയാണോ ഉദ്ദേശിക്കുന്നത്?  
തീർച്ചയായും. ഇന്ത്യ പോലൊരു രാജ്യത്ത് ജലവിനിയോഗത്തിന്റെയും അതിന്റെ പുനഃചംക്രമണത്തിന്റെയും കാര്യത്തിൽ കേന്ദ്രീകൃതമായ ഒരു സംവിധാനം പലപ്പോഴും അപ്രായോഗികമാണ്. വീടുകളും സ്ഥാപനങ്ങളുമൊക്കെ മുൻകയ്യെടുത്ത് നടപ്പിലാക്കുന്ന ജലസുരക്ഷാ പദ്ധതികളാണ് ഈ സാഹചര്യത്തിൽ കൂടുതൽ അഭികാമ്യം. ഒരു കേന്ദ്രീകൃത സംവിധാനത്തിനു പകരം വികേന്ദ്രീകൃത രീതിയിൽ, അനേകം ചെറിയ ചെറിയ ഉദ്യമങ്ങളിലൂടെ വലിയ ലക്ഷ്യം പൂർത്തീകരിക്കുന്ന രീതിയാണിത്.
ഇതുകൊണ്ടാണ് സംയോജിതവും സുസ്ഥിരവുമായ ജലവിനിയോഗ പദ്ധതിയുടെ അടിസ്ഥാനത്തിൽ വീട് ഡിസൈൻ ചെയ്യണം എന്നു പറയുന്നത്.


സംയോജിത ജലവിനിയോഗ പദ്ധതി എന്നതുകൊണ്ട് അർഥമാക്കുന്നത് എന്താണ്?  

ഭൂഗർഭജലം, പൊതു ലൈനിൽ നിന്നുള്ള വെള്ളം, മഴവെള്ളം, പുനഃചംക്രമണം അഥവാ റീസൈക്ക്ൾ ചെയ്ത വെള്ളം എന്നിവയെല്ലാം കണക്കിലെടുത്ത് ഉപയോഗം ചിട്ടപ്പെടുത്തുകയും അതനുസരിച്ച് വീടു പണിയുകയും ചെയ്യുന്ന രീതിയാണിത്.


തുണി നനയ്ക്കുന്നതും പാത്രം കഴുകുന്നതുമായ വെള്ളം പുനരുപയോഗിക്കാനുള്ള ചെലവ് കുറഞ്ഞ മാർഗങ്ങൾ എന്തെല്ലാമാണ്?
ലളിതമായ ഊർജം ഒട്ടും ആവശ്യമില്ലാത്ത നിരവധി മാർഗങ്ങളിലൂടെ വെള്ളം ശുചിയാക്കാം. ഇതിൽ വീടുകളിൽ നടപ്പാക്കാൻ എളുപ്പമുള്ളതും ചെലവ് കുറഞ്ഞതുമായ ഒരു മാർഗമാണ് ‘റൂട്ട് സോൺ ട്രീറ്റ്മെന്റ് സിസ്റ്റം’.
മണൽ, കരി, മെറ്റൽ എന്നിവ നിറച്ച വിവിധ അറകളിലൂടെ മലിനജലം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന രീതിയാണിത്. ആവശ്യത്തിനു സ്ഥലം ഉണ്ടെങ്കിൽ ലാൻഡ്സ്കേപ്പിന്റെ ഭാഗമായി ഇത്തരം അറകൾ അഥവാ ചേംബറുകൾ നിർമിക്കാം. തുണി നനയ്ക്കുന്നതും പാത്രം കഴുകുന്നതുമായ വെള്ളം ഇതിലേക്ക് ഒഴുകി എത്തുന്ന രീതിയിൽ പ്ലമിങ് ക്രമീകരണങ്ങൾ ചെയ്യണം എന്നു മാത്രം. ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ശുദ്ധിയാക്കിയാൽ ഈ വെള്ളം തന്നെ പാത്രം കഴുകാനും നനയ്ക്കാനുമൊക്കെ ഉപയോഗിക്കാം.
സ്ഥലം കുറവാണെങ്കിൽ ടെറസിൽ സ്ഥാപിച്ച വിവിധ വീപ്പകളിലൂടെ കടത്തിവിട്ടു പോലും വെളളം ശുദ്ധീകരിക്കാം. ബെംഗളൂരുവിലെ ഞങ്ങളുടെ വീട്ടിൽ നടപ്പിലാക്കിയിരിക്കുന്നത് ഈ രീതിയാണ്.

4


പുതിയ കാലത്തിൽ എന്തായിരിക്കണം നമ്മുടെ ജലനയം?  
രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.   പരിധിയില്ലാതെ ലഭിക്കുന്ന ചരക്കാണ് ജലം എന്ന കാഴ്ചപ്പാട് മാറണം. ദുർലഭവും പരിമിതവുമായ വിഭവമാണ് ജലം എന്ന തിരിച്ചറിവുണ്ടാകണം. ഇതിന്റെ അടിസ്ഥാനത്തിൽ വേണം ഭൂഗർഭ ജലം കൈകാര്യം ചെയ്യാൻ. കഴിയുന്നത്ര ശുദ്ധീകരിച്ച ശേഷം വേണം മലിന ജലം പുറന്തള്ളാൻ. പൊതു ജലസ്രോതസുകൾ മലിനമാകാൻ അനുവദിച്ചു കൂടാ.

(വാട്ടർ റീസൈക്ളിങ് രംഗത്ത് 34 വർഷത്തെ പ്രവർത്തന പരിചയമുണ്ട് എസ്.വിശ്വനാഥിന്. സുസ്ഥിര നിർമാണശൈലി പിന്തുടരുന്ന ബയോം എൻവയോൺമെന്റൽ സൊലൂഷൻസിന്റെ ഡയറക്ടർ. ഇന്റർനാഷനൽ റെയിൻ വാട്ടർ കാച്ച്മെന്റ് സിസ്റ്റംസ് അസോസിയേഷന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. കർണാടക സർക്കാരിന്റെ ജല വിനിയോഗവുമായി ബന്ധപ്പെട്ട നയരൂപീകരണ സമിതികളിൽ അംഗം.)