Thursday 31 December 2020 05:36 PM IST

പുഴയുടെ കാഴ്ചയിലേക്ക് ക്ഷണിക്കുന്ന എക്സ്റ്റീരിയർ, തട്ടുതട്ടായുള്ള പ്ലോട്ടിൽ പരമ്പരാഗത–ആധുനിക ഡിസൈനുകളുടെ സമന്വയം, പത്ത് സെന്റിലെ 3225 സ്ക്വയർഫീറ്റ് വീട്

Ali Koottayi

Subeditor, Vanitha veedu

brijesh1

കോഴിക്കോട് ചെറുകുളത്തെ ജിജോയുടെയും റോഷ്നിയുടെയും വീടാണ് ഡിസൈൻ ചെയ്തത് ആർക്കിടെക്ട് ബ്രിജേഷ്.പുഴയോട് ചേർന്നുള്ള പ്ലോട്ട്. ഉയര്‍ന്ന പ്ലോട്ട് നിരപ്പാക്കാതെ അതുപോലെ നിലനിർത്തി വീട് പണിയാമെന്ന ആശയം ബ്രിജേഷാണ് മുന്നോട്ടു വച്ചത്. പ്ലോട്ടിന്റെ ഈ ഉയർച്ച താഴ്ച എക്സ്റ്റീരിയറിന്റെ ആകർഷണീയത കൂട്ടുന്നുണ്ട്. റോഡിനപ്പുറമുള്ള പുഴയുടെ കാഴ്ച സിറ്റ്ഔട്ടിൽ നിന്ന് ലഭിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്.

brijesh2

ഗെയ്റ്റ് കടന്നാൽ നേരെ കാണുന്നബേസ്മെന്റ് ഫ്ലോറിൽ ഗാരിജാണ്. താഴത്തെ നിലയിലെ കിടപ്പുമുറിയും ബാൽക്കണിയും ഇതിനു മുകളിലാണ്. ലാൻഡ്സ്കേപ്പിലെ കയറ്റവും പടികളും കടന്നാണ് സിറ്റ്ഔട്ടിലേക്കു പ്രവേശിക്കുന്നത്. ഗാരിജിന് അരികിലൂടെയുള്ള പടവുകൾ വഴി അകത്തെ കോർട്‌യാർഡിലേക്കു കടക്കാം. വെട്ടുകല്ല് കൊണ്ടുള്ള പുറം ഭിത്തിയിൽ കരിങ്കല്ല്, ഇഷ്ടിക എന്നിവ ക്ലാഡ് ചെയ്തിട്ടുണ്ട്. സിറ്റ്ഔട്ടിലെ ചാരുപടിയും തടി ക്ലാഡിങ് ചെയ്ത തൂണുകളും വീട് ട്രഡീഷനൽ ടച്ചിലേക്ക് എത്തിക്കുന്നു. ചരിഞ്ഞ കോൺക്രീറ്റ് മേൽക്കൂരയിൽ ഓട് പതിച്ചതും പുഴയുടെ കാഴ്ചകളിലേക്ക് തുറക്കുന്ന ബാൽക്കണിയും എക്സ്റ്റീരിയറിന്റെ ആകർഷണത്തോടൊപ്പം പഴമയും വിളിച്ചോതുന്നു.

brijesh3

പത്ത് സെന്റ് പ്ലോട്ടിൽ 3225 ചതുരശ്രയടിയാണ് വീട്. ഓരോ ഇടങ്ങളും പ്രയോജനപ്പെടുത്തിയാണ് അകത്തളം ക്രമീകരിച്ചത് എന്നതാണ് വീടിന്റെ പ്രധാന പ്രത്യേകത. താഴെയും മുകളിലുമായി നാല് കിടപ്പുമുറികൾ. കൂടാതെ താഴത്തെ നിലയിൽ ലിവിങ്, ഡൈനിങ്, പൂജാമുറി, കിച്ചൻ, വർക്ഏരിയയും മുകളിൽ‌ ഫാമിലി ലിവിങ്, ബാൽക്കണി എന്നിവയും ക്രമീകരിച്ചു. ഇന്റീരിയറിലെ ഒട്ടുമിക്ക അലങ്കാരങ്ങളും വീട്ടുകാർ തന്നെ ചെയ്തു. തടിയോടുള്ള വീട്ടുകാരുടെ ഇഷ്ടം വീട്ടിലുടനീളം കാണാം.

brijesh5

മുകളിലെ നിലയിലെ സീലിങ് ആണ് ഇതിൽ ആകർഷകം. ലിവിങ്ങിൽ നിന്ന് ഡബിൾ ഹൈറ്റിലുള്ള ഈ മേൽക്കൂരയുടെ കാഴ്ച അകത്തളത്തിലെ അതിശയമാണ്. പഴയ തറവാടുകളെ അനുസ്മരിപ്പിക്കും വിധമുള്ള സ്റ്റെയർ റെയിൽ കൂടാതെ മുകളിലെ നിലയിൽ തടി ഗോവണിയും തട്ടിൻപുറവും ഒരുക്കി. മുറികളിൽ സ്റ്റഡി ഏരിയയും കസേരയും സ്റ്റോറേജ് സ്പേസും നൽകി. അടച്ചിട്ടാലും കാറ്റ് കടക്കാൻ പാകത്തിൽ, ഫ്രെയിമിൽ ജാളി ഡിസൈൻ നൽകിയാണ് ജനലുകൾ ക്രമീകരിച്ചത്.

brijesh4

ഇരൂൾ, തേക്ക് എന്നിവയാണ് തടി. ഫ്ലോറിൽ വുഡന്‍ ‍ടൈൽ പരീക്ഷിച്ചു. ഹാളില്‍ ലിവിങ്, ഡൈനിങ്, പൂജാമുറി എന്നിവ ക്രമീകിച്ചു. ഡൈനിങ്ങില്‍ നിന്നു പ്രവേശിക്കാവുന്ന രീതിയില്‍ ചെറിയ അടുക്കളയും അത്രതന്നെ വലുപ്പമുള്ള വർക്ഏരിയയും നൽകി..

brijesh6

ഡിസൈൻ: Ar. Brijesh

B’s ATELIER, Calicut

atelierb018@gmail.com

Tags:
  • Vanitha Veedu