Friday 25 January 2019 12:35 PM IST : By സ്വന്തം ലേഖകൻ

ആവശ്യാനുസരണം വലുതാക്കാം അഴകിനും കുറവില്ല; അഞ്ചര ലക്ഷത്തിന് അടിപൊളി വീട്; ചിത്രങ്ങൾ

habitat

പ്രളയാനന്തര കേരളത്തിലെ വീടുകൾക്ക് ഒരു മാതൃകയുമായി ആർക്കിടെക്ട് ജി. ശങ്കർ. 500 ചതുരശ്രയടിയുള്ള ഈ വീടിന് ചെലവ് 5.5 ലക്ഷം മാത്രം. സംസ്ഥാന പൊലീസിനു വേണ്ടി നിർമിച്ച ഈ കെട്ടിടം പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസത്തിനുള്ള മാതൃക എന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്ത് ജഗതി ഡിപി െഎ ജംക്‌ഷനിൽ പൊലീസ് ഗസ്റ്റ് ഹൗസ് കോംപൗണ്ടിൽ ഒരു സെന്റിൽ 23 ദിവസംകൊണ്ടാണ് ശങ്കറിന്റെ നേതൃത്വത്തിൽ ഹാബിറ്റാറ്റ് ഗ്രൂപ്പ് ഈ വീട് പൂർത്തിയാക്കിയത്.

തൂണുകൾക്കു മുകളിൽ

കോൺക്രീറ്റ് തൂണുകളിൽ ആറ് അടി ഉയർത്തിയാണ് കെട്ടിടം പണിതിരിക്കുന്നത്. 300 ചതുരശ്രയടിയോളം ഇവിടെ അധികമായി ലഭിക്കുന്നുണ്ട്. ആവശ്യാനുസരണം ഈ ഭാഗം പഠനമുറിയായോ പാർക്കിങ്ങിനായോ തൊഴുത്തായോ ഉപയോഗിക്കാം. വേണമെന്നുള്ളവർക്ക് കുറച്ചുകൂടി ഉയർത്തിപ്പണിത് സെല്ലാർ ഏരിയ വിശാലമായി ഉപയോഗിക്കാം. പില്ലറും കോൺക്രീറ്റുമടക്കം 5.5 ലക്ഷം രൂപയ്ക്കാണ് ഹാബിറ്റാറ്റ് ഈ വീട് പൂർത്തിയാക്കിയത്. അവ ഇല്ലാതെ 4.75 ലക്ഷമാണ് ഹാബിറ്റാറ്റിന്റെ നിർമാണച്ചെലവ്.

sankar-1

പ്രബലിത മൺകട്ടകൊണ്ടാണ് ചുമരുകൾ. വെള്ളം കെട്ടിനിന്ന് ചുമരുകൾക്ക് കേടുപാടുണ്ടാകാതിരിക്കാൻ 80 സെമീ ഉയരത്തില്‍ സിമന്റ് ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്തു. ദുരന്തപരിരക്ഷയ്ക്കായി ലിന്റലും പ്ലിൻത് ബീമും മുഴുവനായും നൽകിയിട്ടുണ്ട്. മൂലകളിൽ എട്ട് എംഎം കമ്പി നൽകി.

ഉപയോഗശൂന്യമായ ഓടുകൾ കൊണ്ട് ഫില്ലർ സ്ലാബ് രീതിയിലാണ് മേൽക്കൂര വാർത്തത്. ചിരട്ട, സംസ്കരിച്ച മുള എന്നിവയും മേൽക്കൂരയിൽ ഉപയോഗിച്ചിട്ടുണ്ട്. ജനലുകൾക്കും വാതിലുകൾക്കും പുനരുപയോഗിച്ച തടിയാണ് ഉപയോഗിച്ചിരിക്കുന്നത്. വാതിലുകൾക്ക് ഫ്രെയിം നൽകിയിട്ടില്ല. അകത്തെ വാതിലുകൾ സ്വകാര്യത മാത്രം ലക്ഷ്യമാക്കിയുള്ളതാണ്; സുരക്ഷയ്ക്കു വേണ്ടിയുള്ളതല്ല എന്ന താണ് അതിനു കാരണം. ചതുരശ്രയടിക്ക് 11 രൂപ വിലയുള്ള ടൈൽ ആണ് തറയിൽ.

sankar-4

ലിവിങ് റൂമിലെ ഇൻബിൽറ്റ് ഇരിപ്പിടം ബാദ്ഷാ സ്റ്റോണിലാണ് പണിതത്. ആവശ്യമെങ്കിൽ ഒരാൾക്ക് ഇവിടെ കിടക്കുകയും ചെയ്യാം. ലിവിങ്ങിന്റെ ഒരു ഭാഗത്ത് മേശയും കസേരയും ഇട്ട് ഊണിടമാക്കുകയും ചെയ്യാം. അടുക്കള, കിടപ്പുമുറി എന്നിവയും ഈ നിലയിലുണ്ട്. ഇരുമ്പിൽ തീർത്ത ഗോവണിയിലൂടെ മുകളിലേക്കെത്തുന്നത് കിടപ്പുമുറിയിലേക്കാണ്. ഇവിടെ നിന്ന് ടെറസിലേക്കിറങ്ങാം. ആവശ്യമെങ്കിൽ ഭാവിയിൽ മുറികൾ കൂട്ടിയെടുക്കാനുള്ള സൗകര്യത്തിന് ടെറസ് ഒഴിച്ചിട്ടിരിക്കുന്നു. ദുരന്തസമയത്ത് രക്ഷാപ്രവർത്തനത്തിനുള്ള സൗകര്യം കൂടി കണക്കിലെടുത്താണിത്.

ഗോവണിക്കു മുകളിൽ സ്കൈലൈറ്റ് കൊടുത്തതിനാൽ വീടിനുള്ളിൽ വെളിച്ചത്തിന് ഒരുകുറവുമില്ല. എക്സ്റ്റീരിയറിൽ പുട്ടി ഇട്ട് ടെറാക്കോട്ട പെയിന്റിൽ പരുപരുത്ത സ്റ്റക്കോ ഫിനിഷ് നൽകി. വീടിനുള്ളിൽ ചൂട് കുറവാണ്.

സൂനാമി, ഭൂകമ്പം എന്നീ ദുരന്തങ്ങൾ ബാധിച്ച ഒട്ടേറെ പ്രദേശങ്ങളിൽ വീട് നിർമിച്ചു നൽകിയിട്ടുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ വൈദഗ്ധ്യവും അനുഭവസമ്പത്തും ഈ വീടിന് മുതൽക്കൂട്ടായെന്ന് ശങ്കർ പറയുന്നു. ഈ വീടു തന്നെ ഇതിന്റെ ഇരട്ടി വലുപ്പത്തിൽ 11 ലക്ഷം രൂപയ്ക്ക് പണിയാനാകും. കാലഘട്ടത്തിന്റെ ആവശ്യം ഇത്തരം വീടുകളാണെന്ന് ശങ്കർ അടിവരയിടുന്നു.‌ ■

sankar-3

നിർമാണ ചെലവ്

∙സിമന്റ്– ` 35,000 ∙മാനുഫാക്ചേർഡ് സാൻഡ്– `17,500 ∙മെറ്റൽ– `13,000 ∙സ്റ്റീൽ– `46,000 ∙മുള – `1,500 ∙കോൺക്രീറ്റ് ഷട്ടറിങ്– `18,000 ∙കോൺക്രീറ്റ് ബ്ലോക്ക്– `18,000 ∙മൺകട്ട – `1,10,000 ∙റൂഫ് ടൈൽ– `3,000 ∙ജനൽ, വാതിൽ ഷട്ടർ– `35,000 ∙ഇലക്ട്രിക്കൽ ഫിറ്റിങ്– `18,000 ∙പൈപ്പ്– `10,000 ∙കോട്ടാ സ്റ്റോൺ– `4,000 ∙പ്ലാസ്റ്ററിങ്– `14,000 ∙പെയിന്റിങ്– `14,000 ഫ്ലോറിങ്–` 9,000 പണിക്കൂലി– `1,84,000 ലക്ഷം

sankar-2