Wednesday 05 February 2020 02:22 PM IST

പ്ലോട്ടിനു നടുവിൽ കിണർ, വെള്ളംകുടി മുട്ടാതെ കലക്കനൊരു പ്ലാനിട്ടു; 4 സെന്റിൽ ഒരുങ്ങിയ അങ്ങാടി വീട്

Sreedevi

Sr. Subeditor, Vanitha veedu

angadi-veedu

അഗ്രഹാരങ്ങളുടെ ക്രിസ്ത്യൻ പതിപ്പാണ് തൃശൂർ ജില്ലയിലെ കുന്നംകുളത്തെ അങ്ങാടി വീടുകൾ. നാല് ദിക്കും ദേവാലയങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇവിടെ അങ്ങാടിയും വീടുകളും വീതി കുറഞ്ഞ റോഡിന്റെ ഇരുവശത്തും തൊട്ടുതൊട്ടുനിൽക്കുന്നു. അറബികളും ഗ്രീക്കുകാരുമെല്ലാം ഒരുകാലത്ത് ഇവിടെ കച്ചവടത്തിനെത്തിയിരുന്നു. അങ്ങാടിവീടുകളിൽ താമസിച്ച ശീലിച്ച ഡോ. ജെഫി ചെറിയും അമ്മ ശാന്ത ചെറിയാനും ആ സ്ഥലം നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലായിരുന്നു.

അങ്ങനെയാണ് നാല് സെന്റിൽ, ഡോ. ജെഫി ചെറിക്കും അമ്മ ശാന്തയ്ക്കും വേണ്ടി ആർക്കിടെക്ട് ദമ്പതിമാരായ ഗുരുപ്രസാദ് റാണെയും മാനസിയും സ്പ്ലിറ്റ് ഹൗസ് എന്ന വീട് ഡിസൈൻ ചെയ്തു നിർമിച്ചത്. ആധുനിക ശൈലിയിൽ, സൗകര്യങ്ങളെല്ലാമുള്ള, മൂന്നു കിടപ്പുമുറികളോടു കൂടിയ വീട് വേണമെന്നതായിരുന്നു ആവശ്യം. പിന്നെ, പ്ലോട്ടിന്റെ ഏകദേശം നടുവിലുള്ള, നിറയെ വെള്ളമുള്ള കിണർ സംരക്ഷിക്കാൻ പരമാവധി ശ്രമിക്കണമെന്നും.

angadi-4

സ്ഥലപരിമിതി അനുഭവപ്പെടാതെ ഉൾത്തളം ഒരുക്കുന്നതിനായിരുന്നു മുൻഗണന. പടിഞ്ഞാറൻ വെയിലിൽ നിന്നും ഉൾത്തളത്തെ സംരക്ഷിക്കേണ്ടതുകൊണ്ട് മുൻവശത്തും, തൊട്ടുതൊട്ടു വീടുകൾ ഉള്ളതുകൊണ്ടു വശങ്ങളിലും, ചുരുക്കം ജനാലകളേ കൊടുക്കാൻ പറ്റുമായിരുന്നുള്ളൂ. അതുകൊണ്ട് അകത്തളത്തിൽ കാറ്റും വെളിച്ചവും ഉറപ്പാക്കുന്നത് മറ്റൊരു വെല്ലുവിളിയായിരുന്നു. വീടിന് കുറുകെ, മേൽക്കൂരയിൽ, വെളിച്ചത്തിന് കടന്നു വരാൻ ഒരു വിടവ് നൽകാം എന്ന ആശയത്തിലേക്കാണ് ആർക്കിടെക്ടുമാർ എത്തിയത്. സ്ലിറ്റ് ഹൗസ് (slit house) എന്ന പേര് അങ്ങനെയാണ് ഉണ്ടായത്.

angadi-2

സ്വീകരണമുറിയും ഊണുമുറിയും ഒരേ ഹാളിന്റെ ഭാഗമായി ക്രമീകരിച്ചത് ലളിതമാക്കാനും സ്ഥലനഷ്ടം പരമാവധി കുറയ്ക്കാനുമാണ്. പാളികൾ മുകളിലേക്കു പൊക്കിവയ്ക്കാവുന്ന (uptilting) ജനലാണ് സ്വീകരണമുറിയിൽ. പടിഞ്ഞാറുനിന്നുള്ള വൈകുന്നേരത്തെ വെയിൽ ശക്തമാകുമ്പോൾ താഴ്ത്തിവയ്ക്കാം.

angadi-6

L ആകൃതിയുള്ള സോഫയുടെ എതിർവശത്ത് ഒരു ഇരിപ്പിടം കൂടിയുള്ളത് നന്നായിരിക്കുമെന്നുതോന്നി. ഗോവണിയുടെ താഴെയുള്ള കോർട്‌യാർഡിന് അതിരിട്ട് ഇൻബിൽറ്റ് ബെഞ്ച് എന്ന ആശയം അങ്ങനെ വന്നതാണ്. അകത്ത് കുടുതൽ സ്ഥലമുണ്ടെന്നു തോന്നിക്കാൻ, വീടിനു പിന്നിലെ മതിലിനോടു ചേർത്ത് ഒരു കോർട്‌യാർഡ് ഉണ്ടാക്കി. ഡൈനിങ്ങിൽനിന്ന് ഇവിടേക്കിറങ്ങാം. മൈൽഡ് സ്റ്റീൽകൊണ്ടു നിർമിച്ച ഗോവണി ഭാരം തോന്നിക്കാത്തതും അതേ സമയം ബലവത്തുമാണ്.

angadi-5

നിറയെ വെള്ളമുള്ള പഴയ കിണർ സംരക്ഷിച്ചുനിർത്തി, ഊണിടത്തിനും അടുക്കളയ്ക്കും മധ്യേ കോറിഡോർ ആക്കി. അമ്മയുടെ സൗകര്യാർഥം ചെറിയ അടുക്കളയാണ്. താഴെ ഒരു കിടപ്പുമുറിയുമുണ്ട്. ഈ വീട്ടിൽ മുകളിൽ നിന്ന് വെളിച്ചം വീഴുന്നയിടത്തെ വലിയ ചുമരിൽ വയർ കൊണ്ടുണ്ടാക്കിയ തുമ്പികളുടെ ഒരു ആർട് വർക്ക് ഉണ്ട്. മുകളിൽ ഫാമിലി ലിവിങ്ങും രണ്ട് കിടപ്പുമുറികളും മാത്രം.

angadi-7

ഈ കോളനിയിലെ മറ്റു വീടുകൾ പലതും വളരെ പഴയതാണ്. കുമ്മായം പൊളിഞ്ഞിളകിയതിലൂടെ പുറത്തുകാണുന്ന വെട്ടുകല്ലിന്റെ ചുവപ്പ് ഏതോ പൗരാണിക നഗരത്തെ ഓർമ്മപ്പെടുത്തും. ആ വീടുകൾക്കിടയിൽ പുതിയ ശൈലിയുള്ള എക്സ്റ്റീരിയറും ഇന്റീരിയറും വേറിട്ടു നിൽക്കാതിരിക്കാൻ ചില ഭിത്തികൾ വെട്ടുകല്ല് പുറത്തുകാണുന്ന വിധത്തിൽ ക്രമീകരിച്ചു. ഫർണിച്ചർ ഉൾപ്പെടെ എല്ലാം ഈ വീടിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്.

angadi-3

ഡിസൈൻ: ഗുരു പ്രസാദ് റാണെ, മാനസി,

ആർക്കിടെക്ട് ടീം, ഭൂമിജ ക്രിയേഷൻസ്, പട്ടാമ്പി

ഫോൺ: 9895943158

angadi-1