Wednesday 15 May 2019 03:54 PM IST : By

ഉപയോഗമില്ലെന്നു കരുതി എഴുതി തള്ളാൻ വരട്ടെ; വീട് പണിയുടെ ചെലവ് കുറയ്ക്കണോ, ഇതാ മാർഗം

hme

ഏതെല്ലാം കാര്യത്തിന് എത്ര പണം ചെലവാകും എന്നു മനസ്സിലാക്കുകയാണ് ചെലവ് ചുരുക്കലിന്റെ ആദ്യപടി. സ്ട്രക്ചർ – 40 ശതമാനം, ആക്സസറീസ് – 20 ശതമാനം, ഇന്റീരിയർ – 20 ശതമാനം, ഭംഗി കൂട്ടാനുള്ള അലങ്കാരങ്ങൾ – 20 ശതമാനം എന്നിങ്ങനെയായിരിക്കും ഉദ്ദേശ ചെലവ്. അൽപമൊന്നു ശ്രദ്ധിച്ചാൽ ഇന്റീരിയർ, അലങ്കാരങ്ങൾ എന്നിവയ്ക്കു ചെലവാകുന്ന തുകയുടെ നല്ലൊരു ശതമാനം ലാഭിക്കാനാകും. ടെക്സ്ചറുകൾ ഉൾപ്പെടുന്ന രീതിയിൽ വീടിന്റെ സ്ട്രക്ചർ നിർമിക്കുകയാണ് ഇതിനുളള വഴി. അങ്ങനെയാകുമ്പോൾ പ്രത്യേക മുതൽ മുടക്കില്ലാതെ ഇന്റീരിയറിന് പൊലിമയും ഭംഗിയും ലഭിക്കും. മണ്ണോ മൺകട്ടയോ കൊണ്ടു നിർമിക്കുന്ന ചുമരിൽ ടെക്സ്ചർ ഇഫക്ട് വരുന്ന രീതിയിൽ മണ്ണ് പൂശുന്നത് (മഡ് പ്ലാസ്റ്ററിങ്) ഉദാഹരണം. ഇതായിരിക്കും ആ ഇന്റീരിയറിന്റെ ഹൈലൈറ്റ്. ഇഷ്ടിക ഉപയോഗിച്ചാണ് ചുമര് കെട്ടുന്നതെങ്കിൽ പ്രത്യേക പാറ്റേണിൽ കട്ട കെട്ടിയും, കുറച്ചുഭാഗം തേക്കാതെ ഒഴിച്ചിട്ടും നാടകീയത സൃഷ്ടിക്കാനാകും.

സൗജന്യമായി ലഭിക്കുന്ന നിർമാണവസ്തുക്കൾ (No Cost Materials) ഉപയോഗിക്കുകയാണ് ചെലവ് നിയന്ത്രിക്കാനുള്ള മറ്റൊരു മാർഗം. വീടു വയ്ക്കാൻ പോകുന്ന സൈറ്റിൽ നിന്നു ലഭിക്കുന്ന മണ്ണും കല്ലുമൊക്കെ പ്രയോജനപ്പെടുത്തുന്ന രീതിയാണിത്. മണ്ണ് ഇടിച്ചുറപ്പിച്ച് അടിത്തറയും ചുമരുമൊക്കെ നിർമിക്കുന്ന ‘റാംഡ് എർത്’ നിർമാണരീതിയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. മണ്ണും വെള്ളവും മാത്രമാണ് ഇതിലെ ചേരുവ. ഇത്തരത്തിൽ നിർമിക്കുന്ന വീടുകൾക്ക് ഉറപ്പിനോ ബലത്തിനോ യാതൊരു കുറവുമില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചുമരിന്റെ കനത്തിൽ തടിയുടെ ഫ്രെയിം പിടിപ്പിച്ച് അതിനുള്ളിലേക്കു മണ്ണ് നിറച്ച ശേഷം ഇടിച്ചുറപ്പിച്ചാണ് റാംഡ് എർത് ചുമര് നിർമിക്കുന്നത്. ഏറ്റവും മുകളിൽ കോൺക്രീറ്റ് കൊണ്ടുള്ള കണക്ടഡ് ബീം നൽകി അതിൽ മേൽക്കൂര ഉറപ്പിക്കുകയും ചെയ്യാം.

ഉപയോഗമില്ല എന്നു കരുതുന്ന നിർമാണവസ്തുക്കൾ പ്രയോജനപ്പെടുത്തിയും ചെലവു ചുരുക്കാം. ക്വാറിയിൽ ഉപേക്ഷിച്ചിരിക്കുന്ന കരിങ്കൽപാളികൾ പ്രയോജനപ്പെടുത്തുന്നത് ഉദാഹരണം. നല്ല നിറവും ടെക്സ്ചർ ഫിനിഷുമുള്ള പാറക്കല്ലുകൾ ഇക്കൂട്ടത്തിലുണ്ടാകും. ചുമര് നിർമിക്കാൻ ഇവ കുറെയൊക്കെ പ്രയോജനപ്പെടുത്താം. ഭാവനാത്മകമായ സമീപനമാണ് ഇവിടെ ആവശ്യം. ആർക്കിടെക്ടിനും ഡിസൈനർക്കുമൊക്കെ ഇക്കാര്യത്തിൽ വളരെയധികം സഹായിക്കാനാകും. വീട്ടുകാരുടെ പങ്കാളിത്തവും നിർണായകമാണ്.

വെന്റിലേഷനു വേണ്ടി ജനാലകൾ നൽകുന്നതാണ് നാം സാധാരണയായി പിന്തുടരുന്ന രീതി. ഇതിനു പകരം ജാളികൾ നൽകുന്നത് ചെലവ് മൂന്നിലൊന്നായി കുറയ്ക്കും. ടെറാക്കോട്ട, ജിഐ, കോൺക്രീറ്റ്, തടി എന്നിവകൊണ്ടൊക്കെ ജാളി നിർമിക്കാനാകും. കോർട്‌യാർഡുകളിലും മറ്റും വലിയ ജനാലകളും പാർട്ടീഷനും നൽകേണ്ടി വരുമ്പോൾ വില കൂടിയ ഗ്ലാസിനു പകരം ജാളി പ്രയോജനപ്പെടുത്താം.

‘ഫില്ലർ സ്ലാബ്’ ടെക്നിക് പ്രയോജനപ്പെടുത്തിയാൽ മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിന്റെ ചെലവ് 30 ശതമാനം വരെ കുറയ്ക്കാം. കോൺക്രീറ്റിനുള്ളിൽ ഓട്, ചിരട്ട എന്നിവ കൂടി വയ്ക്കുന്ന രീതിയാണിത്. സിമന്റ്, മെറ്റൽ, മണൽ എന്നിവയുടെ അളവ് ഗണ്യമായി കുറയ്ക്കുകയും അതുവഴി പണം ലാഭിക്കുകയും ചെയ്യാമെന്നതാണ് മെച്ചം. സാധാരണ കോൺക്രീറ്റ് മേൽക്കൂരയെ അപേക്ഷിച്ച് വീടിനുള്ളിൽ ചൂട് കുറവായിരിക്കും എന്നതും ഫില്ലർ സ്ലാബ് മേൽക്കൂരയുടെ സവിശേഷതയാണ്. മുറിയിൽ നിന്നു നോക്കുമ്പോൾ സീലിങ്ങിന്റെ അടിഭാഗത്ത് ഓടോ ചിരട്ടയോ കാണുന്ന രീതിയിലോ അല്ലാതെയോ ഇതു നടപ്പാക്കാം. ഓട് കാണുന്ന രീതിയാണെങ്കിൽ പ്രത്യേക പാറ്റേൺ വരുംവിധം ഓട് അടുക്കണം. ഇതു കാണാൻ മനോഹരമായിരിക്കും. ■

വിവരങ്ങൾക്ക് കടപ്പാട്;


ഹസൻ നസീഫ്
ആർക്കിടെക്ട്
ഉർവി ഫൗണ്ടേഷൻ
തിരുവനന്തപുരം