എല്ലാ വർഷവും വെള്ളം കയറുന്ന സ്ഥലത്ത് മൺവീട് വച്ചാൽ ഒരു പ്രളയം കഴിഞ്ഞാൽ വീട് ബാക്കി കാണുമോ? ഈ ചോദ്യം ഡോക്ടർ അനീഷും ഗ്രീഷ്മയും ഒരുപാട് തവണ അഭിമുഖീകരിച്ചുകാണും. എന്നാൽ ഡോ. വി സുരേഷ് എന്ന ശാസ്ത്രജ്ഞന്റെ മൺവീടിനെക്കുറിച്ച് അറിയുന്നവർ ഈ ചോദ്യം ചോദിക്കാറില്ല. ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് സയൻസിൽ"Rammed Earth" ൽ Research ചെയ്തിരുന്ന വി.സുരേഷ് ആണ് തിരുവല്ല വള്ളംകുളത്ത് മണിമലയാറിന്റെ തീരത്ത് വീട് ഡിസൈൻ ചെയ്തു നിർമ്മിച്ചത്.

" തറ നിരപ്പിൽ നിന്നും ഏകദേശം മൂന്നടി വരെ വെള്ളം എല്ലാവർഷവും കയറുന്ന പ്ലോട്ട് ആണ്.ട്രെഡീഷനൽ ലുക്ക്, ഉറപ്പ്, ഈട് , വെള്ളം കയറിയാൽ കുഴപ്പം ഉണ്ടാക്കരുത് എന്നിവയായിരുന്നു അനീഷിൻെറ ആവശ്യങ്ങൾ. "Rammed earth Rough texture type" ആയാണ് മുഴുവൻ കെട്ടിടവും നിർമ്മിച്ചിരിക്കുന്നത്. പഴമ ക്കുവേണ്ടി സ്കൂൾ പൊളിച്ച് കിട്ടിയ ഓട്, പഴയ കെട്ടിടം പൊളിച്ചു കിട്ടിയ മുഖപ്പ് തുടങ്ങിയവ ഉപയോഗപ്പെടുത്തി." സുരേഷ് പറയുന്നു.

പറമ്പിലെ തന്നെ മണ്ണ് അരിച്ച് ചില പ്രത്യേക പശകൾ ചേർത്ത് ഭിത്തിയുടെ കനത്തിലും വീതിയിലുമുള്ള അച്ചിൽ ഇടിച്ചുറപ്പിച്ചാണ് ഈ രീതിയിൽ ഭിത്തി നിർമിക്കുന്നത്. വളരെ ശാസ്ത്രീയമായ ഈ രീതിയിൽ മണ്ണ് റീകോൺസ്റ്റിറ്റ്യൂട്ട് ചെയ്യാൻ അതായത് മണ്ണിന്റെ ഘടന പുനർ നിർമ്മിക്കാൻ 48 മണിക്കൂർ വെള്ളത്തിൽ ഇടുന്നതിനാൽ ഓരോ മഴയും വെള്ളപ്പൊക്കവും വീടിന്റെ ബലം കൂട്ടുകയേ ഉള്ളൂ. അതിനാൽ ഇതിന് ഇഷ്ടിക ഭിത്തിയേക്കാൾ 40 ശതമാനം ഉറപ്പ് കൂടുതലാണെന്ന് സുരേഷ് അവകാശപ്പെടുന്നു.

നാലുകെട്ട് ശൈലിയിൽ നിർമ്മിച്ച വീടിന്റെ മുകളിൽ തടി കൊണ്ട് തട്ട് വിരിച്ച് അതിനു മുകളിൽ ഒരു ഹാൾ കൂടി എടുത്തിരിക്കുന്നു. ഈ ഹാൾ കുടുംബ കൂട്ടായ്മകൾക്ക് ഉപയോഗിക്കാം. മാത്രമല്ല, താഴത്തെ മുറികളിൽ ചൂട് കുറയ്ക്കാനും സഹായിക്കും. മൂന്ന് കിടപ്പുമുറികൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉള്ള ഈ 2100 ചതുരശ്രയടി വീട് നിർമാണസമയത്ത് തന്നെ പ്രളയത്തെ അഭിമുഖീകരിച്ചിരുന്നു.

റാംഡ് എർത്ത് ശൈലിയിൽ നിർമ്മിച്ച ഈ വീടിന്റെ ഭിത്തികൾ തേയ്ക്കുകയോ പെയിന്റ് അടിക്കുകയോ ചെയ്തിട്ടില്ല. പരുപരുത്ത പ്രതലം കാഴ്ചയിലും സുന്ദരവും പ്രകൃതിയോട് ഏറ്റവും ചേർന്ന് നിൽക്കുന്നതുമാണ്. പുറത്തു ചൂടാകുമ്പോൾ അകത്ത് തണുപ്പും മഴക്കാലത്ത് അകത്ത് ചൂടും പ്രദാനം ചെയ്യുമെന്നതും ഇത്തരം വീടുകളുടെ പ്രത്യേകതയാണ്. തേക്കും ആഞ്ഞിലിയുമാണ് നിർമ്മാണത്തിന് ഉപയോഗിച്ച തടികൾ. കോഴഞ്ചേരിയിലെ ഒരു സ്കൂൾ പൊളിച്ചപ്പോൾ കിട്ടിയ ഓട് പുനരുപയോഗിച്ചു. പഴയ കെട്ടിടം പൊളിച്ചപ്പോൾ ബാക്കിയായ കല്ലും കുമ്മായവും ഓടുമെല്ലാം പുനരുപയോഗിച്ചു ഭിത്തി കെട്ടി ഒരു ബാത്റൂമും ഈ വീട്ടിൽ കാണാം.

തീർത്തും പ്രകൃതിദത്തമായ നിർമാണസാമഗ്രികൾ ഉപയോഗിച്ച് നിർമ്മിച്ച ഇത്തരം വീടുകൾ ഭാവിയിൽ പൊളിക്കുമ്പോഴും ഭൂമിയെ മലിനപ്പെടുത്തുന്നില്ല. മറ്റു ജീവികളെപ്പോലെ പരിസ്ഥിതിയുടെ ഭാഗമായി ജീവിക്കാൻ ശ്രമിക്കുന്ന മനുഷ്യർക്ക് മാതൃകയും പ്രോത്സാഹനവുമാണ് ഇത്തരം വീടുകൾ.

കടപ്പാട്: വി. സുരേഷ്
ഫോൺ: 94479 34889, 87620 30642