Monday 18 January 2021 04:34 PM IST

കേട്ടാല്‍ വെറും മൂന്ന് കിടപ്പുമുറി വീട്, അകത്ത് കയറി കണ്ടാൽ വലിയ വീടിന്റെ സൗകര്യങ്ങൾ, 1700 സ്ക്വയർഫീറ്റ് വീട് വിശാലമാക്കിയ ആർക്കിടെക്ട് ടെക്നിക്ക്

Ali Koottayi

Subeditor, Vanitha veedu

gadhi1

കൊല്ലം പരവൂരിലെ സുജിത്തിന്റെയും നയനയുടെയും വീട് കാഴ്ചയിൽ മാത്രമല്ല, ചുറ്റുപാടിന്റെ നന്മകൾ ആസ്വദിക്കാൻ കഴിയുന്നതിലും അതിശയിപ്പിക്കും. ഇതു സാധ്യമാവുന്നത് പ്രകൃതിയെ കൂടി വീടിന്റെ ഭാഗമാക്കി മാറ്റിയതുകൊണ്ടാണ്.അധികം ചെലവില്ലാതെ മൂന്ന് കിടപ്പുമുറി വീട് എന്നതാണ് സുഹൃത്തും കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെ ആർക്കിടെക്ചർ വിഭാഗം പ്രഫസറുമായ ഗാഥിയോട് സുജിത് പറഞ്ഞത്. ഭാര്യ നയനയും ജോലിക്കാരിയായതുകൊണ്ടുതന്നെ എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയുന്ന രീതിയിലാവണം വീട് എന്ന് നിർബന്ധമുണ്ടായിരുന്നു. മിനിമലിസ്റ്റിക് രീതി തന്നെയാണ് ഗാഥിയുടെയും ഇഷ്ടം.

gadhi4

1700 ചതുരശ്രയടിയാണ് വിസ്തീർണം. പക്ഷേ, കാണുന്നവർ ഇതൊരിക്കലും സമ്മതിച്ചു തരില്ല. കാഴ്ചയിലുള്ള വീടിന്റെ എടുപ്പ് തന്നെയാണ് വലിയ വീടായി തോന്നിക്കുന്നത്. ചുറ്റുമതിലിന്റെ ചെറിയ ഭാഗം ഡൈനിങ്ങിന്റെ ഭിത്തിയോട് ചേർത്ത് നൽകിയതാണ് ഒരു സീക്രട്ട്. മുൻവശത്തെ ലാൻഡ്സ്കേപ്പിനെ പിറകിൽ നിന്ന് വേർതിരിക്കാനും ഇതുപയോഗിച്ചു.കണ്ടുമടുത്ത വീടുകളുടെ കാഴ്ചയല്ല എക്സ്റ്റീരിയറിന്. ഇരുനില വീടാണെന്ന് പെട്ടെന്ന് മനസ്സിലാകാത്ത രീതി. മുറ്റത്തിന് അത്യാവശ്യം സ്ഥലം മാറ്റിവച്ചാണ് വീട് പണിതത്. ബഫല്ലോ ഗ്രാസും കോൺക്രീറ്റ് നടപ്പാതയും പെബിൾസും ഒരുക്കിയ മുറ്റം, ഒരേ സമയം ലളിതവും ആകർഷകവുമാണ്. കുട്ടികളായ ഗാഥയ്ക്കും നൈതികിനും ഓടിക്കളിക്കാന്‍ പാകത്തിലുള്ളത്.

gadhi6

ലീനിയർ പ്ലോട്ടിനനുസരിച്ചാണ് വീടിന്റെ ഡിസൈൻ. വീടിന്റെ തീമിനോട് ചേർന്ന് നിൽ‌ക്കുന്ന പോർച്ച്. സിറ്റ്ഔട്ടില്ല, പകരം പോർച്ചിൽനിന്നു ലിവിങ്ങിലേക്ക് ഒാപൻ നടപ്പാത. ഇരുവശങ്ങളിലും പെബിൾസ് വിരിച്ചതിന്റെ ചന്തം.മുറ്റത്തുണ്ടായിരുന്ന മരങ്ങൾ മുറിക്കാമെന്ന് സുജിത് പറഞ്ഞെങ്കിലും അത് നിലനിർ‌ത്തി തന്നെ വീടൊരുക്കാമെന്ന് ഗാഥി ഉറപ്പ് കൊടുത്തു. മരങ്ങള്‍ നിലനിർത്തിയതിന്റെ ഗുണം ഇപ്പോൾ ലഭിക്കുന്നുണ്ടെന്ന് സുജിത്തിന്റെ സാക്ഷ്യം.‘‘ഒഴിവു സമയങ്ങളിൽ ലിവിങ്ങിനു പുറത്തെ പടികളിൽ വന്നിരിക്കും. നല്ല തണലും കാറ്റുമാണ് ഇവിടെ. പ്രിയപ്പെട്ട ഇടവും ഇതുതന്നെയാണ്.’’

gadhi7

ഭിത്തി നിറയുന്ന ജനലുകൾ ആണ് എക്സ്റ്റീരിയറിലെ പ്രധാന ആകർ‌ഷണം. സുരക്ഷ കണക്കിലെടുത്ത് ഇങ്ങനെ ജനൽ നൽകണോ എന്ന സുജിത്തിന്റ ആശങ്ക ഇപ്പോൾ പഴങ്കഥയായി. താമസം തുടങ്ങിയതിനു ശേഷം ഇതാണ് കൂടുതൽ ഇഷ്ടമായതെന്ന് സുജിത്.ഡൈനിങ് ഏരിയയിൽ, മുകളിലെ നിലയിലെ കിടപ്പുമുറിയുടെ പുറത്തെ ഭിത്തിയിൽ, ലിവിങ്ങിന് ഒരുവശത്ത്... തുടങ്ങിയ ഇടങ്ങളിലാണ് ഭിത്തിയില്ലാതെ മുഴുവൻ ജനലുകള്‍ നൽകിയത്. ഗ്ലാസ് ഷട്ടറിൽ അഴികൾ നൽകി ക്രമീകരിച്ചു. ഡൈനിങ് ഏരിയയിലെ ഒരു പാളി മുറ്റത്തേക്ക് തുറക്കാവുന്ന വാതിലിന്റെ ജോലി ചെയ്യുന്നു. കാറ്റും വെളിച്ചവും അകത്തളത്തിലെത്താൻ വേറെന്ത് വേണം?

gadhi3

രാത്രി വീടിനകത്തെ വെളിച്ചം പുറത്തേക്കു കാണുന്നതിന്റെ മനോഹാരിതയും ലഭിക്കും.എല്ലാ മുറികളിലും വലിയ ജനലുകൾക്ക് സ്ഥാനം നൽകിയിട്ടുണ്ട്. വീട് പ്രകൃതിയോട് ചേർന്നു നിൽക്കുമ്പോൾ തന്നെയാണ് വീടിനകത്ത് സുഖകരമായ അന്തരീക്ഷം ഉണ്ടാവുക. വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് മരങ്ങൾ നിലനിർത്തിയത് ഉച്ചയ്ക്ക് ശേഷമുള്ള വെയിലിൽ നിന്ന് വീടിനെ സംരക്ഷിക്കുന്നതിനാണ്.അകത്തളത്തിലെ ചൂട് ഉയർ‌ന്ന് പുറത്ത് പോവാൻ സ്റ്റെയർ ലാൻഡിങ്ങിൽ വെന്റിലേഷൻ നൽ‌കിയിട്ടുണ്ട്. ഇവിടെ കൊതുകുവലയും നൽ‌കി. കുത്തിനിറച്ചുള്ള ഒരു അലങ്കാരത്തിനും മുതിർന്നിട്ടില്ല. ആവശ്യത്തിന് മാത്രമുള്ളവ ഉൾപ്പെടുത്തി. എല്ലാ ഇടങ്ങളും ഫ്രീയായി കിടക്കുന്ന രീതി. ഒരു അലങ്കാരത്തിനും മുതിരാത്ത പ്ലെയിൻ ഭിത്തികളാണിവിടെ. മിനിമലിസത്തിന്റെ യഥാര്‍ഥ രൂപം. വീടിന്റെ സൗന്ദര്യവും ഇതുതന്നെയാണ്.

gadhi2

വിശാലമായ ഇടങ്ങൾ‌ അകത്തളത്തിന് ലക്ഷ്വറി ഫീൽ നല്‍കുന്നുണ്ട്. മൂന്ന് കിടപ്പുമുറികൾ വിശാലമായി ക്രമീകരിച്ചു. എല്ലാ മുറികളിലും സ്റ്റഡി ടേബിളും വാഡ്രോബും നൽ‌കി. ഓരോ ഇടങ്ങളിലേക്കും അനുയോജ്യമായ ഫർണിച്ചർ വരച്ച് പണിയിച്ചെടുത്തതിലും ആർക്കിടെക്ടിന്റെ മിടുക്ക് കാണാം. ചെലവ് കുറച്ച് വീട് ചെയ്യുന്നതിലല്ല ഗാഥി ശ്രദ്ധിച്ചത്; ചെലവാക്കുന്ന പണത്തിന്റെ മൂല്യം ഉറപ്പ് വരുത്തുന്നതിലാണ്. ടൈൽ ആണ് തറയിൽ വിരിച്ചത്. ഡൈനിങ്ങിൽ കുറച്ചിടത്ത് തടി ഫ്ലോറിങ് ചെയ്തിട്ടുണ്ട്. കട്ടിളകൾക്ക് ഉപയോഗിച്ചു ബാക്കി വന്ന തടിച്ചീന്തുകൾ കൊണ്ടാണ് ഇത് ചെയ്തത്. തേക്കിലും പ്ലാവിലും ആയിരുന്നു തടിപ്പണികൾ. സ്റ്റെയറിന്റെ പടിയിലും തടി ഫ്ലോറിങ് തന്നെ. താഴത്തെ നിലയിൽ ലിവിങ്, രണ്ട് കിടപ്പുമുറി, ഡൈനിങ്, കിച്ചൻ, വർക്ഏരിയ എന്നിവയും മുകളിൽ ഒരു കിടപ്പുമുറിയും ക്രമീകരിച്ചു. ‘U’ ആകൃതിയുള്ള അടുക്കളയിൽ സൗകര്യത്തിനും സ്റ്റോറേജിനും കുറവില്ല.

gadhi5

ഡിസൈൻ: എം ഗാഥി

gadhi_mm@yahoo.co.in

Tags:
  • Vanitha Veedu