Wednesday 23 June 2021 04:19 PM IST : By സ്വന്തം ലേഖകൻ

8200 ചതുരശ്രയടിയുളള ഒറ്റനില വീട്, ആകെയുളളത് മൂന്ന് കിടപ്പുമുറി മാത്രം, ട്രഡീഷനല്‍–കന്റെംപ്രറി ഡിസൈനുകളുടെ സമന്വയം

thrikakara 1

 റോഡ് വളരെയധികം ഉയരുകയും ആ നിരപ്പിൽ മണ്ണിട്ടു പൊക്കിയ ശേഷം നിർമിച്ച പുതിയ വീടുകൾ ചുറ്റും  വരികയും ചെയ്തതോടെയാണ് പോളും കുടുംബവും വീട് പുതുക്കാൻ നിർബന്ധിതരായത്. നവീകരണത്തിനായി ഡിസൈൻ ഡീകോഡ് ടീമിനെ സമീപിക്കുമ്പോൾ പുതിയതായി എന്തൊക്കെ സൗകര്യങ്ങൾ വേണം എന്ന കാര്യത്തിൽ നല്ല ബോധ്യമുണ്ടായിരുന്നു.

thrikakara 5

ധാരാളം മരങ്ങളുള്ള, പച്ചപ്പു നിറഞ്ഞ ചുറ്റുപാടാണ് രൂപകൽപനയെ സ്വാധീനിച്ച പ്രധാന ഘടകം.  പഴയ വീടിന്റെ ഡിൈസനിനോട് നീതി പുലർത്തിക്കൊണ്ടും അതേസമയം തനിമയുള്ള രചനാഭാഷയിലും പുതിയ വീടിനു രൂപം നൽകുക എന്നതായിരുന്നു നയം. 4500 ചതുരശ്രയടിയിൽ മൂന്ന് കിടപ്പുമുറിയുള്ള രീതിയിലായിരുന്നു പഴയ വീട്. വീട്ടുകാരുടെ ജീവിതശൈലിക്ക് ഇണങ്ങും വിധം പൊതുഇടങ്ങൾ  കൂടുതലായി ഉൾപ്പെടുത്തി വീട് 8200 ചതുരശ്രയടിയായി വിപുലപ്പെടുത്തി. കിടപ്പുമുറികളുടെ  എണ്ണം  മൂന്നായി നിലനിർത്തിക്കൊണ്ടായിരുന്നു മാറ്റങ്ങളെല്ലാം. അതായിരുന്നു പ്രധാന വെല്ലുവിളിയും.‘സോങ്ങ് ഓഫ് സ്പേസസ്’ എന്ന ആശയത്തിലൂടെയാണ് ഡിസൈൻ ടീം ഈ പ്രതിസന്ധിക്കു മറുപടി നൽകിയത്. വീട്ടുകാർക്ക് നവ്യാനുഭവവും അതിഥികൾക്ക് മറക്കാനാവാത്ത ഓർമയും സമ്മാനിക്കുന്ന രീതിയിലാണ് ഓരോ ഇടവും ചിട്ടപ്പെടുത്തിയിരിക്കുന്നത്.

thrikakara 3

പാരമ്പര്യത്തികവിന്റെയും ആധുനികതയുടെയും സമന്വയമാണ് വീടിന്റെ സൗന്ദര്യം. അതിൽ പ്രകടമാകുന്ന കയ്യടക്കമാണ് രൂപകൽപനാ മികവിന്റെ നേർസാക്ഷ്യം. എല്ലാ മുറികളുടെയും ഏത് കോണിൽ നിന്നാലും ചുറ്റുമുള്ള ലാൻഡ്സ്കേപ്പിന്റെ ഭംഗി ആസ്വദിക്കാം.  അതാണ് പുതിയ കുരിക്കൽ വീടിന്റെ സുപ്രധാന സ വിശേഷത. വലിയ ഗ്ലാസ് ഭിത്തി, പാഷ്യോ, വരാന്ത എന്നിവയുടെ വിന്യാസത്തിലൂടെയാണ് ഈ മാജിക് സാധ്യമാക്കിയത്. കർട്ടൻ ഇരുവശത്തേക്കും മാറ്റിക്കഴിഞ്ഞാൽ കാഴ്ചയ്ക്കു തടസ്സമായി നടുവിൽ ഫ്രെയിം പോലും വരാത്ത രീതിയിലാണ് ജനാലകളുടെയും ഗ്ലാസ് ഭിത്തിയുടെയും നിർമാണം. ചെറിയ കാര്യങ്ങളിൽ പോലും അത്രമാത്രം സൂക്ഷ്മതയാണ് ഡിസൈൻ ടീം പുലർത്തിയത്. ഒന്നര ഏക്കറിലാണ് വീട്. ചെടികളും മരങ്ങളും  നിറഞ്ഞ രീതിയിലാണ് ബാക്കി സ്ഥലം മുഴുവൻ. ചെറിയൊരു ഫാമും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്വൈരവിഹാരം നടത്തുന്ന വളർത്തു മൃഗങ്ങളെ വീട്ടിനുള്ളിലിരുന്നു തന്നെ കണ്ടാസ്വദിക്കാം.

thrikakara 4

അച്ഛനും അമ്മയും മകനും അടങ്ങുന്നതാണ് കുടുംബം. മൂന്ന് കിടപ്പുമുറി മതിയെന്ന് വീട്ടുകാർ നിർബന്ധം പിടിച്ചതും അതുകൊണ്ടാണ്. പൊതു ഇടങ്ങളാണ് കൂടുതൽ എങ്കിലും സ്വകാര്യത ഉറപ്പാക്കും വിധമാണ് വീടിന്റെ ഡിസൈൻ. പബ്ലിക്, സെമി പബ്ലിക്, പ്രൈവറ്റ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് മുറികളുടെ വിന്യാസം. ഒരുവിധത്തിലും ദൃശ്യമാകുന്നതല്ല ഈ വേർതിരിവ് എന്നതിനാൽ വീടിന്റെ വിശാലമായ അന്തരീക്ഷത്തെ ഒരുവിധത്തിലും ബാധിക്കുന്നില്ല. ഫോർമൽ ലിവിങ്ങിനു പിന്നിലായി ഫോയറിൽ നിന്നു നേരിട്ടു പ്രവേശിക്കാവുന്ന രീതിയിലാണ് ഗെസ്റ്റ് ബെഡ്റൂം. പബ്ലിക് ഏരിയയുടെ ഭാഗമാണ് ഇവിടം.  അടുക്കള, ഡൈനിങ് സ്പേസ് എന്നിവിടങ്ങളാണ് സെമി പബ്ലിക് ഏരിയയുടെ ഭാഗമായി വരുന്നത്. ഫാമിലി ലിവിങ്, രണ്ട് കിടപ്പുമുറി എന്നിവ  തീർത്തും സ്വകാര്യമായ പ്രൈവറ്റ് ഏരിയയിൽ ഉൾപ്പെടുന്നു.

thrikakara 7

ഒന്നര ഏക്കറിൽ ഒറ്റനില വീട് നിർമിക്കുമ്പോൾ ആവശ്യത്തിന് തലയെടുപ്പില്ലെങ്കിൽ വീട് ശ്രദ്ധിക്കപ്പെടില്ല. എന്നു മാത്രമല്ല, കാഴ്ചയ്ക്ക് അഭംഗി തോന്നുകയും ചെയ്യും. ഇതു മനസ്സിലാക്കി ഉയരം കൂട്ടിയാണ് വീടൊരുക്കിയത്. 10 അടി പൊക്കത്തിലാണ് ലിന്റൽ. മേൽക്കൂരയുടെ സ്ലാബ് ആകട്ടെ 15 അടി പൊക്കത്തിലും. ഏഴ് അടി പൊക്കത്തിൽ ലിന്റലും 11 അടി പൊക്കത്തിൽ മേൽക്കൂരയും നൽകുകയാണ് സാധാരണ ചെയ്യുക. വിശാലമായ ലാൻഡ്സ്കേപ്പിനോട് രൂപംകൊണ്ട് പൊരുത്തപ്പെടാനും വിസ്തൃതി കൂടിയ മുറികളിൽ ആവശ്യത്തിനു കാറ്റും വെളിച്ചവും എത്താനും പൊക്കക്കൂടുതൽ നൽകുന്ന സഹായം ചെറുതല്ല.

thrikakara 2

രൂപകൽപനയിൽ പ്രകടിപ്പിച്ച അതേ കയ്യടക്കം ഇന്റീരിയർ അലങ്കാരങ്ങളിലും ദൃശ്യമാണ്. പക്വതയാർന്ന രീതിയിലാണ് മെറ്റീരിയൽ, അവയുടെ നിറം, ടെക്സ്ചർ എന്നിവയുടെയെല്ലാം തിരഞ്ഞെടുപ്പ്. ഓരോ ഇടത്തിന്റെയും ഉപയോഗം അനുസരിച്ച് സൂക്ഷ്മതയോടെ ചെയ്തിട്ടുള്ള ചെറിയ കാര്യങ്ങളും വിശദാംശങ്ങളിൽ പുലർത്തിയിരിക്കുന്ന കൃത്യതയും വീട്ടകം കൂടുതൽ പ്രകാശമാനമാക്കുന്നു.

thrikakara 6

ഡിസൈൻ: ബിജോ വർഗീസ്, ഷെറിൽ മേരി ഗാർഷ്യ

ഡിസൈൻ ഡീകോഡ്, കൊച്ചി

bijo@designdecode.in

Tags:
  • Vanitha Veedu