Friday 26 March 2021 03:25 PM IST

15 കൊല്ലം പഴയ വീട് 12 ലക്ഷത്തിന് ഒരുങ്ങി മൊഞ്ചത്തിയായതിങ്ങനെ...

Sreedevi

Sr. Subeditor, Vanitha veedu

sreedevi 1

വീടിന്റെ പഴക്കം എന്നതിലേറെ സൗകര്യങ്ങളുടെ കുറവാണ് മലപ്പുറം അരീക്കോടിനടുത്ത് തീക്കോടുള്ള അബ്ദുറഹ്മാൻ കളറിക്കാടനെ വീടിനൊരു ട്രീറ്റ്മെന്റ് വേണം എന്ന ചിന്തയിലേക്ക് നയിച്ചത്. പതിനഞ്ച് വർഷം പഴക്കമേയുള്ളൂ വീടിന്. അരീക്കോടുള്ള കോൺക്രീനോ ആർക്കിടെക്ട്സിലെ ജാബിറും സൈനുൾ ആബിദുമാണ് വീടിന് പുതിയ മുഖം നൽകിയത്.

sreedevi 3

വീടിന്റെ എലിവേഷൻ അടിമുടി മാറ്റി. അറേബ്യൻ ഛായയുളള, വലിയ തൂണുകളോടു കൂടിയ വീട് എല്ലാവരുടെയും മനം കവർന്നു. ടെറസിലും മേൽക്കൂരയിലും വീഴുന്ന മഴവെള്ളം ഒഴുക്കിക്കളയാനുള്ള നാല് ഇഞ്ച് പൈപ്പുകൾ ഈ സുന്ദരൻ തൂണുകൾക്കുള്ളിലൂടെയാണ് പോകുന്നത്.

sreedevi 2

അകത്തളത്തിനും കിട്ടി നല്ല മാറ്റങ്ങൾ. ചെറിയ മുറികൾ എല്ലാം ഒരുമിച്ചു ചേർന്ന് വലുതായി. നാലു കിടപ്പുമുറികൾ മൂന്നായെങ്കിലും എല്ലാം വലുതും വിശാലവുമായി. ഹാളിനും അടുക്കളയ്ക്കും വലുപ്പം കൂടി. അകത്തുനിന്ന് ഒരു ഗോവണി പുതുതായി പണിത് മുകളിലെ നിലയിൽ ഒരു ഹാൾ കൂടി കൂട്ടി. എന്നിട്ടും 1100 ചതുരശ്രയടിയിൽ, 12 ലക്ഷത്തിന് വീട് ഒതുങ്ങി. കോവിഡ് അനുബന്ധമായി വന്ന ചില പ്രശ്നങ്ങളാണ് ചിലവ് അല്പം കൂട്ടിയതെന്ന് ജാബിർ പറയുന്നു. പത്ത് ലക്ഷത്തിനുള്ളിൽ തീരേണ്ടതായിരുന്നു.

sreedevi 4

 പഴയ വീടിന്റെ പരമാവധി ഭാഗങ്ങൾ പുനരുപയോഗിച്ചാണ് വീട് പുതുക്കിയത്. കോൺക്രീറ്റ് ജനലുകൾക്ക് പെയിന്റ് കൊണ്ട് മഹാഗണിയുടെ നിറം നൽകി. പഴയ വാതിലുകൾ പലതും പുനരുപയോഗിച്ചു. പണ്ടത്തെ വീട്ടിലെ ടൈൽ ഫ്ലോറിങ്ങിനോടു ചേരുന്ന ടൈൽ ആണ് പുതുക്കിയപ്പോഴും ഉപയോഗിച്ചത്. ജോയിന്റുകൾ കാണാതിരിക്കാൻ അവിടെ മാത്രം കറുത്ത ടൈൽ കൊണ്ട് ബോർഡർ നൽകി. ഇങ്ങനെ ഒന്ന് ശ്രമിച്ചപ്പോൾ അടിമുടി മാറ്റവും അഴകുമാണ് വീടിനു കിട്ടിയത്.

sreedevi 5

കടപ്പാട്: കോൺക്രീനോ ആർക്കിടെക്ചർ ഇന്റീരിയേഴ്സ്, അരീക്കോട്

മെയിൽ: concrinoarchitects@gmail.com

ഫോൺ: 9745930533

Tags:
  • Vanitha Veedu