ആലപ്പുഴ കളർകോട് ദേശീയ പാതയെ അഭിമുഖീകരിക്കുന്ന 4.5 സെന്റിൽ ഒരു വീട് വേണമായിരുന്നു ദിലീപിനും കുടുംബത്തിനും. പ്രകൃതിയെ പ്രയാസപ്പെടുത്താത്ത വീട്. മറ്റൊരു ഡിസൈനറെക്കൊണ്ട് പ്ലാൻ വരപ്പിച്ചെങ്കിലും തൃപ്തി വരാതെ മനസ്സിനു യോജിച്ച ഒരാളെ തേടി നടക്കുകയായിരുന്നു അവർ. ആ അലച്ചിൽ ഫലം കണ്ടു. വെല്ലുവിളികൾ ഏറെയുള്ള പ്ലോട്ടിൽ വീട്ടുകാർ ആഗ്രഹിച്ചതുപോലുള്ള വീട്, ഫർണിഷിങ് ഉൾപ്പെടെ 27.5 ലക്ഷത്തിനു തീർത്തു ആർക്കിഫെക്സ് ആർക്കിടെക്ചർ സ്റ്റുഡിയോയിലെ ശാലിനിയും രമേഷും.

റോഡരികിൽ നീളത്തിൽ കിടക്കുന്ന പ്ലോട്ടിൽ മൂന്ന് മീറ്റർ സെറ്റ്ബാക്ക് വിട്ടശേഷം വീട് പണിയാൻ വളരെ കുറച്ച് ഇടമേ ലഭിക്കൂ എന്നതായിരുന്നു പ്രധാന പ്രതിസന്ധി. അതുകൊണ്ടുതന്നെ 1700 ചതുരശ്രയടിയുള്ള വീട് ലംബമായാണ് വളരുന്നത്. ഒരു വീടിനു വേണ്ട എല്ലാ സൗകര്യങ്ങളും, നാല് കിടപ്പുമുറികളും സ്റ്റഡി, ഹോബി ഏരിയ ഉൾപ്പെടെ, മൂന്ന് നിലയിൽ, ആറ് തട്ടുകളിലായി ക്രമീകരിച്ചിരിക്കുന്നു.

ചെറിയ പ്ലോട്ടിലെ വീട് എന്ന ഞെരുക്കം അനുഭവപ്പെടാത്ത വിധത്തിലാണ് പ്ലാൻ. കിടപ്പുമുറികൾക്കും ബാത്റൂമുകൾക്കും മാത്രമാക്കി ഭിത്തികൾ ചുരുക്കിയത് വിശാലത തോന്നിക്കാനും ചെലവു നിയന്ത്രിക്കാനും സഹായിച്ചു. ഇതേ കാരണത്താൽ കാഴ്ചയിൽ ഭാരം അനുഭവപ്പെടുന്ന വസ്തുക്കളും നിറങ്ങളും ഒഴിവാക്കി. കോൺക്രീറ്റിന്റെ ഉപയോഗം നിയന്ത്രിച്ചതും ഇടുക്കവും ചെലവും നിയന്ത്രിക്കാനുള്ള ചിന്തയാണ്. ഗോവണി, മുകളിലെ നിലകൾ ഇവയെല്ലാം കോൺക്രീറ്റിങ് ഒഴിവാക്കി, ജിഐ ചട്ടക്കൂടിലാണ് നിർമിച്ചത്. ജിഐ ഫ്രെയിമിൽ ബെയ്സൺ പാനൽവിരിച്ച് മുകളിൽ ഫ്ലോർ പെയിന്റ് അടിച്ചാണ് ഗോവണിയും ഒന്നാം നിലയും രണ്ടാം നിലയും നിർമിച്ചത്. കോൺക്രീറ്റ് കുറഞ്ഞതോടെതന്നെ ചെലവ് കുറഞ്ഞു. മുകളിലെ നിലകളിലെ മുറികൾ വേർതിരിക്കാൻ ബെയ്സൺ പാനലും കുറച്ചിടത്ത് എഎസി ബ്ലോക്കുകളുമാണ് ഉപയോഗിച്ചത്.

മുകളിലെ നിലകൾക്ക് താരതമ്യേന ഭാരം കുറവായതിനാൽ അടിത്തറയും അതനുസരിച്ചാണ് നിർമിച്ചത്. കോളം–ഫൂട്ടിങ് ശൈലിയിൽ നിർമിച്ച അടിത്തറയ്ക്കുമേൽ സിമന്റ് കട്ടകൾ ഉപയോഗിച്ച് പുറംഭിത്തികൾ പണിതു. ഇംഗ്ലിഷ് അക്ഷരമായ ‘A’ യുടെ ആകൃതിയിലുള്ള മേൽക്കൂരയും ചെലവു നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒന്നാം നില മുതൽ വീടിന്റെ മുന്നിലെയും പിന്നിലെയും പുറംഭിത്തികളുടെ സ്ഥാനം കൂടി മേൽക്കൂരയാണ് നിർവഹിക്കുന്നത് എന്നതാണ് ചെലവു കുറയുന്നതിന്റെ രഹസ്യം. ചരിഞ്ഞ മേൽക്കൂര തിരഞ്ഞെടുത്തതിനു പിറകിൽ മറ്റൊരു രഹസ്യം കൂടിയുണ്ട്. പ്ലോട്ടിന്റെ അരികിലൂടെ കടന്നുപോകുന്ന ഹൈടെൻഷൻ ലൈനിൽ നിന്ന് ലംബമായും തിരശ്ചീനമായും വിടേണ്ട അകലം പാലിക്കാൻ ചരിഞ്ഞ മേൽക്കൂര സഹായിക്കും. മാത്രമല്ല, രണ്ടാമത്തെ നിലയിൽ ഹോബി റൂമും ഒരു കിടപ്പുമുറിയും ലഭിക്കാനും ചരിഞ്ഞ മേൽക്കൂര കാരണമായി. കോൺക്രീറ്റ് ഓടാണ് മേൽക്കൂരയിൽ പതിച്ചത്.

മികച്ച പ്ലാനിങ്ങിലൂടെ ചെലവ് നിയന്ത്രിക്കാമെന്ന് ശാലിനി പറയുന്നു. സ്ട്രക്‌ചർ കഴിയുന്നതുവരെ അനാവശ്യ ചെലവുകൾ നിയന്ത്രിച്ചാൽ നന്നായി ഇന്റീരിയർ ചെയ്യാനും സാധിക്കും. ചെറിയ വീടായതിനാൽ വീട്ടുകാർക്ക് ധാരാളം സ്റ്റോറേജ് ആവശ്യമായിരുന്നു. ഗോവണിയുടെ താഴെയുള്ള ഏരിയ കൂടാതെ, സാധ്യമായിടത്തെല്ലാം സ്റ്റോറേജും ബുക്ക് ഷെൽഫും നിർമിച്ചു. എംഡിഎഫും എച്ച്ഡിഎഫും ഷെൽഫുകളുടെയും കബോർഡുകളുടെയും നിർമാണത്തിന് ഉപയോഗിച്ചു. പഴയ തടി കൊണ്ടുള്ള പ്രധാന വാതിൽ മാറ്റി നിർത്തിയാൽ തടി ഉപയോഗിച്ചിട്ടേയില്ല എന്നു പറയാം. ചൂടു കുറയ്ക്കണമെന്നത് മനസ്സിൽ വച്ച് ധാരാളം ജനലുകളും ബാൽക്കണികളും നൽകിയിട്ടുണ്ട്. ജനലുകൾ യുപിവിസി കൊണ്ടാണ്. ജിഐ കട്ടിളകളും ജിഐ ഫ്രെയിമിൽ ഗ്ലാസ് ഇട്ടവയും റെഡിമെയ്ഡ് വാതിലുകളുമാണ് മുറികൾക്കെല്ലാം.
താഴത്തെ നിലയിൽ മാത്രമേ വിട്രിഫൈഡ് ടൈൽ വിരിച്ചിട്ടുള്ളൂ. മുകളിലെ രണ്ട് നിലകളിലെയും മുറികളിൽ ബെയ്സണ്‍ പാനൽ വിരിച്ച് മുകളിൽ ഫ്ലോർ പെയിന്റ് അടിക്കുകയാണ് ചെയ്തത്. കിച്ചൻ കൗണ്ടർടോപ്പിന് നാനോവൈറ്റ് സ്ലാബ് ഉപയോഗിച്ചു. മതിലിന്റെയും ഗെയ്റ്റിന്റെയും നിർമാണത്തിന് ജിഐ ട്യൂബും ജിഐ ഷീറ്റുമാണ്.

കടപ്പാട്: എസ്. രമേഷ് കൃഷ്‌ണൻ, ആർ. ശാലിനി
ആർക്കിഫെക്‌സ് ആര്‌ക്കിടെക്‌ചർ സ്റ്റുഡിയോ, ആലപ്പുഴ
archifexarchitects@gmail.com