ലോഹം കൊണ്ട് എന്ത് ഡിസൈൻ തയാറാക്കണമെങ്കിലും കെ.എസ്. മാനുവൽ റെഡിയാണ്. ഇതിങ്ങനെ വളയുമോ, ഇതിലിങ്ങനെയൊക്കെ ചെയ്യാമോ എന്നു ചോദിച്ചുപോകും മാനുവലിന്റെ സൃഷ്ടികൾ കണ്ടാൽ. അതിപ്പോൾ ആർട് വർക് ആയാലും അലങ്കാരവസ്തുക്കളായാലും ഇനി അതല്ല ഫർണിച്ചർ ആയാലും കാണുന്നവർ അതിശയത്തോടെ നോക്കുമെന്നുറപ്പ്.
വീടിന്റെ ഗെയ്റ്റ്, ലാന്റ്സ്കേപ്പിനു മോടികൂട്ടാനുള്ള ശിൽപങ്ങൾ, ചുമര് ഹൈലൈറ്റ് ചെയ്യാനുള്ള വോൾ ആർട്, ക്യൂരിയോസ്, ഡിസൈനർ ലൈറ്റുകൾ എന്നുവേണ്ട നെയിംബോർഡിലെ ലോഹാക്ഷരങ്ങൾ വരെ മാനുവലിന്റെ കൈകൾക്കു വഴങ്ങും. കോർട്ടൻ സ്റ്റീൽ, ചെമ്പ്, പിത്തള, സ്റ്റെയിൻലെസ് സ്റ്റീൽ... ഏതിൽ വേണമെന്നു പറഞ്ഞാൽ മതി. ഇനി ഇതൊന്നുമല്ല ആക്രിക്കടയിൽ നിന്നു ശേഖരിച്ച പഴയ ഇരുമ്പുകമ്പിയാണെങ്കിലും പ്രശ്നമില്ല. മനസ്സിൽ കാണുന്ന ഡിസൈൻ മാനുവൽ യാഥാർഥ്യമാക്കിത്തരും.
‘‘ചിലർ ഇന്ന രീതിയിൽ വേണമെന്ന് പറയുകയേയുള്ളൂ. ചിലർ വരച്ചു കാണിക്കും. ആർക്കിടെക്ടുമാരൊക്കെ ത്രീഡി ഡ്രോയിങ് നൽകും. എന്തായാലും അവരുദ്ദേശിക്കുന്ന പോലെ തന്നെ ചെയ്തു നൽകും.’’ മാനുവൽ പറയുന്നു.
മുൻപ് പാർക്കുകൾ, ഓഫിസ് തുടങ്ങിയ ഇടങ്ങളിലായിരുന്നു ‘മെറ്റൽ ആർട്’ സാന്നിധ്യമറിയിച്ചിരുന്നതെങ്കിൽ ഇപ്പോൾ വീടുകളുമായി ബന്ധപ്പെട്ട ജോലിയാണ് കൂടുതലും ലഭിക്കുന്നത്. പൊതുവായ തീം അനുസരിച്ച് ഓരോ കാര്യങ്ങളും ഡിൈസൻ ചെയ്യുന്ന രീതിക്കാണ് ഇപ്പോൾ പ്രചാരം.
‘‘പണ്ട് വീടിനുള്ളിൽ സ്റ്റീൽ അധികം ഉപയോഗിക്കാറില്ലായിരുന്നു. ഇപ്പോഴത് മാറി. മുൻപ് തിളങ്ങുന്ന ഗ്ലോസി ഫിനിഷിനോടായിരുന്നു മിക്കവർക്കും പ്രിയം. അതിനും മാറ്റം വന്നു. റസ്റ്റിക് ഫിനിഷിനാണ് ഇപ്പോൾ ആരാധകർ കൂടുതൽ. അതുകാരണം സ്റ്റീൽ കൂടുതൽ സ്വീകാര്യമായി.’’ മാനുവൽ ചൂണ്ടിക്കാട്ടുന്നു.
പാർട്ടീഷനിലും മറ്റും സ്റ്റീൽ ഷീറ്റിൽ സിഎൻസി കട്ടിങ് വഴി ഡിസൈൻ നൽകുന്ന ജോലിയും മാനുവൽ ചെയ്യാറുണ്ട്. കൊച്ചി ഇടപ്പള്ളിയിൽ ക്രിയേറ്റീവ് ആർട് സ്റ്റുഡിയോ എന്ന പേരിൽ സ്ഥാപനം നടത്തുകയാണ് മാനുവൽ.