ബെംഗളൂരു ബ്രൂക്ക്‌ഫീൽഡിലെ ഈ റസ്റ്ററന്റിനെ വേറിട്ടു നിർത്തുന്നത് അറബിക് തീമിന്റെ മനോഹാരിത നിറഞ്ഞ കാഴ്ചകളാണ്. മൾട്ടി ക്യൂസിൻ റസ്റ്ററന്റായ ഒർബിസിന്റെ ഡിസൈൻ നിർവഹിച്ചിരിക്കുന്നത് തലശേരി മിറാക്കി ഡിസൈൻസിലെ ആർക്കിടെക്ട് റെസ്‌വിൻ അഹമ്മദ് ആണ്.

അറബിക്, കോണ്ടിനെന്റൽ വിഭവങ്ങളാണ് ഇവിടുത്തെ ഹൈലൈറ്റ്. അതുകൊണ്ടുതന്നെ റസ്റ്റന്റിന്റെ തീം അറബിക് വേണമെന്നതിന് വലിയ ആലോചനയൊന്നും വേണ്ടിവന്നില്ല. 9000 ചതുരശ്രയടിയിൽ മൂന്നു നിലകളിലായാണ് റസ്റ്ററന്റ് ഒരുക്കിയിരിക്കുന്നത്. ഇതു കൂടാതെ മെസനൈന്‍ ഫ്ലോറും ക്രമീകരിച്ചിട്ടുണ്ട്. മജ്‌ലിസ് ആയാണ് മെസനൈൻ ഫ്ലോർ സ്ജ്ജീകരിച്ചിരിക്കുന്നത്.
താഴത്തെ നിലയിൽ റിസപ്ഷൻ ഏരിയ, ടേക് എവേ കൗണ്ടർ, ലൗഞ്ച് എന്നിവയാണ് വരുന്നത്. 700 ചതുരശ്രയടിയിലാണ് കിച്ചൻ ഒരുക്കിയത്. റോഡിൽ നിന്ന് രണ്ട് മീറ്റർ കയറിയാണ് റസ്റ്റന്റ്. അതുകൊണ്ട് ഈ രണ്ടു മീറ്റർ ഭാഗത്ത് ഷവർമ, ഗ്രിൽ, ജ്യൂസ് കൗണ്ടർ തുടങ്ങിയവ സെറ്റ് ചെയ്തു.

ക്ലേ ടൈലും ഷെറാ ബോർഡുമാണ് എക്സ്റ്റീരിയർ അലങ്കരിക്കാൻ ഉപയോഗിച്ചത്. ലളിതമായ നിറങ്ങളാണ് എക്സ്റ്റീരിയറിൽ നൽകിയത്. ഡാർക് ബ്രൗൺ ആണ് തീം. ടെറാക്കോട്ട – ഡാർക് ബ്രൗൺ കോംബിനേഷനാണ് എക്സ്റ്റീരിയറിൽ. ജാളിക്ക് ഗോൾഡൻ ഫിനിഷ് നൽകിയിട്ടുണ്ട്.

ഇന്റീരിയറിൽ കസേരകളിലും ഹാങ്ങിങ് ലൈറ്റുകളിലും ഫ്ലോറിങ്ങിലുമെല്ലാം ബെയ്ജ് – ബ്രൗൺ കോംബിനേഷൻ പിന്തുടർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ ഗോൾഡൻ ബീഡിങ്ങും ജാളി ഹൈലൈറ്റ് ചെയ്യാൻ ഗോൾഡൻ ഫിനിഷും നൽകി. കളർ തീമാണ് ഇന്റീരിയറിന് പ്രധാനമായും ഭംഗിയേകുന്നത്.
ഒന്നാമത്തെ നിലയിലാണ് മെയിൻ സീറ്റിങ്. രണ്ടാമത്തെ നില ബാങ്ക്വെറ്റ് ഹാൾ ആണ്. 100 പേരെ ഉൾക്കൊള്ളിക്കാവുന്ന ഈ ഹാൾ 25 പേരുടെ കോൺഫറൻസ് റൂമായി മാറ്റാനും ആവശ്യാനുസരണം സാധിക്കും. സ്ലൈഡിങ് കർട്ടൻ വഴി ഇത് എളുപ്പത്തിൽ സാധ്യമാക്കാം. മൂന്നാം നിലയിൽ സ്റ്റാഫിനു താമസസൗകര്യമൊരുക്കി. പൈൻ വുഡ്, മൾട്ടിവുഡ് എന്നിവയാണ് തടിപ്പണിക്കായി ഉപയോഗിച്ചത്. ഫാബ്രിക്കും വളരെ ശ്രദ്ധയോടെയാണ് തിരഞ്ഞെടുത്തത്. കസേരകൾ ചൈനയിൽ നിന്ന് കസ്റ്റമൈസ് ചെയ്തവയാണ്.