Tuesday 20 April 2021 03:17 PM IST

മുറികളെയും ചുറ്റുപാടിനേയും കോർത്തിണക്കുന്ന മാജിക്! വീണ്ടും തരംഗമാകുന്ന ബേ വിൻഡോയുടെ രഹസ്യം

Ali Koottayi

Subeditor, Vanitha veedu

bay window 1

കൊളോണിയൽ ശൈലിയുടെ ഭാഗമായിരുന്നു ബേ വിൻഡോ. പഴയ പള്ളികളിലും പൊതു നിർമിതികളിലും ഇത് വേണ്ടുവോളം കാണാം. വീടിനെ ചുറ്റുപാടിന്റെ നന്മയിലേക്ക് കോർത്തുവയ്ക്കുന്ന കണ്ണികൂടിയാണിത്. പുറത്തേക്ക് തള്ളി സാധാരണ ജനലിനേക്കാളും വലുപ്പത്തിൽ ക്രമീകരിക്കുന്ന ബേ വിൻഡോ വീടിന്റെ എക്സ്റ്റീരിയർ കാഴ്ചയും ആകർഷകമാക്കുന്നു. ജനലിനോട്  ചേർന്നൊരുക്കുന്ന ഇരിപ്പിടങ്ങള്‍ പുറത്തെ കാറ്റും കാഴ്ചയും ആസ്വദിക്കാൻ പാകത്തിലുള്ളതാണ്.

bay window 10

വീടിന്റെ ഓരോ ഇടങ്ങളിൽ നിന്നും തൊട്ടടുത്ത ഇടങ്ങളിലേക്ക് കണക്‌ഷൻ നൽകുന്നതിന്റെ ജോലി പൊതുവേ വാതിലുകൾക്കും ജനലുകൾക്കുമാണ് ഉണ്ടാവുക. പഴയകാല വീടുകളിൽ മുറികളിൽ നിന്ന് മുറികളിലേക്ക് തുറക്കുന്ന വാതിലുകൾ കണ്ടിട്ടില്ലേ? പൊതു ഇടമായ ഹാളിലേക്ക് തുറക്കുന്ന ജനലുകളുമുണ്ടാവും. അതിന്റെ പുതിയകാല പതിപ്പാണ് ഈ ബേ വിൻഡോ. രണ്ടാം നിലയിലെ കിടപ്പുമുറിയിൽ നിന്ന് താഴത്തെ ഡൈനിങ് ഹാളിലേക്കാണ് ഈ ജനൽ തുറക്കുന്നത്. ഡബിൾഹൈറ്റ് ഹാളിന്റെ മുകൾ ഭാഗത്ത് പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് ക്രമീകരണം. റബ്‌വുഡിലാണ് നൽകിയത്. വായിച്ചിരിക്കാനായി ചാരുപടിയോടെ ഇരിപ്പിടവും നൽകിയിട്ടുണ്ട്. പുസ്തകം സൂക്ഷിക്കാന്‍ ഡ്രോയറും ക്രമീകരിച്ചു. താഴെ ആരെങ്കിലും വന്നാലോ വിളിച്ചാലോ കാണാം എന്നതാണ് മറ്റൊരു പ്രത്യേകത. കർട്ടനും നൽകിയിട്ടുണ്ട്.

ഡിസൈൻ: വാജിദ് റഹ്മാൻ

bay window 6

കല്ലടയാറിന്റെ തീരത്താണ് വീട്. അതുകൊണ്ടുതന്നെ ആറിന്റെ കാഴ്ചയും കാറ്റും വീടിനകത്തിരുന്ന് ആസ്വദിക്കാനാവുന്ന രീതിയിൽ ജനലുകൾ ക്രമീകരിച്ചു. താഴത്തെ നിലയിലെ കിടപ്പുമുറിയുടെ ജനലാണ് പ്രകൃതിയുമായി സംവദിക്കുന്നത്. സ്ലാബ് ചെയ്ത് അതിനുമുകളിൽ മറൈൻ പ്ലൈ– മൈക്ക ഫിനിഷ് കൊടുത്തു. വാഡ്രോബ്, ഡ്രോയർ എന്നിവയ്ക്കും ഇേത ഫിനിഷ് തന്നെ. ബേ വിൻഡോയുടെ അടിഭാഗത്തും സ്റ്റോറേജ് ഒരുക്കി. കല്ലടയാറിലേക്ക് തുറക്കുന്ന ജനലിനരികിൽ എത്രനേരം വേണമെങ്കിലും ഇരിക്കാം. കാറ്റും കാഴ്ചയും മനസ്സ് തണുപ്പിക്കും.   

ഡിസൈൻ: ആശിഷ് ജോൺ മാത്യൂ

bay window 5

വീടിന്റെ മുൻവശത്തേക്ക് തുറക്കുന്ന ഭിത്തി നിറയുന്ന വലിയ ജനൽ. പുറത്തേക്ക് തളളി നിൽക്കുന്ന ജനലിന്റെ ഡിസൈൻ എക്സ്റ്റീരിയർ‌ ആകർഷകമാക്കുന്നതിനും സഹായിക്കുന്നു. മറുവശത്ത് ഡൈനിങ് ഏരിയ, 11 അടി വീതിയുള്ള വലിയ ജനൽ ഡൈനിങ് ഏരിയയിൽ കാറ്റും കാഴ്ചയും നിറയ്ക്കുന്നു. ജിഐ സ്ട്രാപ് കൊണ്ടാണ് ജനലിന് അഴികൾ നൽകിയത്. പ്ലൈവുഡ്–വെനീർ കോംബിനേഷനിൽ ചുറ്റും വുഡൻ പാനലിങ് ചെയ്തു. ഒപ്പം എൽ‌ഇഡി സ്പോട് ലൈറ്റിന്റെ ഭംഗിയും. ജനലിനോട് ചേർന്ന് ടൈൽ പതിച്ച് ഇരിപ്പിടം ക്രമീകരിച്ചു. റോമൻ ബ്ലൈൻഡും നൽകി.

ഡിസൈൻ: അസർ ജുമാൻ

bay window 3

അകത്ത് മണ്ണ് തേച്ചും പുറത്ത് തേക്കാതെയും നിർത്തിയ ഭിത്തി. മൺവീടിന്റെ കിടപ്പുമുറിയിൽ നൽകിയ ബേ വിൻഡോ ആണിത്. അഴികളില്ലാത്ത ജനൽ കോർട്‍യാർഡിലേക്കാണ് തുറക്കുന്നത്. മഹാഗണി തടി കൊണ്ടാണ് കട്ടിള. പാളികൾ ജിഐ ഫ്രെയിമിൽ‌ മുള്ളിലം എന്ന നാടൻ തടി കൊണ്ടാണ്. ബേ വിൻഡോയിൽ ഇരിപ്പിടം ക്രമീകരിച്ചതും മഹാണിയിലാണ്. അതുകൊണ്ടു തന്നെ കിടപ്പുമുറിയിൽ ഇരിക്കാൻ മറ്റു ഫർണിച്ചർ ഇട്ട് സ്ഥലം കളയേണ്ടി വന്നില്ല. ഒപ്പം കിടപ്പുമുറിയെ കോർട്‍യാർഡിന്റെ പച്ചപ്പുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു.

ഡിസൈൻ: അഹമ്മദ് ഉനൈസ്

bay window 2

ലിവിങ് ഏരിയയിൽ, സാധാരണ വലുപ്പത്തിൽ അഴികളൊക്കെയുളള എപ്പോഴെങ്കിലും തുറക്കുന്ന  ഒരു ജനല്‍ നൽ‌കാറാണ് പതിവ് രീതി. പുറത്തെ  പച്ചപ്പ് അകത്തിരുന്ന് ആസ്വദിക്കാൻ പാകത്തിലാണ് ഈ ബേ വിൻഡോ ക്രമീകരിച്ചത്.  കൊയ്‍ല എന്ന ഇംപോർട്ഡ് തടിയിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന രീതിയിലാണ് ജനൽ ക്രമീകരിച്ചത്. ഗ്ലാസ് ഷട്ടറും സ്റ്റെയിൻലസ് സ്റ്റീലിൽ അഴികളും നല്‍കി. 200 സെമീ വീതിയും 180 സെമീ  നീളവുമുണ്ട്. ഗ്രാനൈറ്റ് കൊണ്ടാണ് ഇരിപ്പിടം ക്രമീകരിച്ചത്.

ഡിസൈൻ: സോനു വർഗീസ്

bay window 7

ഫാമിലി ലിവിങ്, ടിവി കാണുന്ന ഏരിയ മാത്രമായി ചുരുങ്ങിപ്പോവാറാണ് പതിവ്, വായിച്ചോ സംസാരിച്ചിരിക്കാനോ പറ്റാറില്ലെന്ന് ചുരുക്കം. വലിയ ഹാളിൽ വീട്ടുകാർക്ക് ഒത്തുകൂടാൻ പാകത്തിലാണ് ഈ ബേ വിൻഡോ ക്രമീകരിച്ചിരിക്കുന്നത്. ഇരിക്കാനും കിടക്കാനും പാകത്തില്‍ സിംഗിൾ കട്ടിലിന്റെ വീതിയില്‍ ഇറ്റാലിയൻ മാർബിൾ നൽകിയാണ് ഇരിപ്പിടം ക്രമീരിച്ചത്. നിരക്കി നീക്കാവുന്ന രീതിയില്‍ യുപിവിസി ഫ്രെയിമിൽ ആണ് ജനലിന്റെ ക്രമീകരണം, അഴികൾ നൽകിയിട്ടില്ല, ജനലിനരികിൽ വീട്ടിലെ അംഗങ്ങൾക്കെല്ലാവർക്കും ഇരിക്കാനുള്ള സൗകര്യമുണ്ട്. ഒപ്പം ഡൈനിങ് ഏരിയയിലേക്ക് എത്തുന്ന കാറ്റും കാഴ്ചയും.

ഡിസൈൻ: മുഹമ്മദ് മിര്‍ഷാദ്

bay window 9

പച്ചപ്പിലേക്ക് തുറക്കുന്ന ജനൽ വരുന്ന ഭാഗത്ത് തന്നെ കുട്ടികളുടെ കിടപ്പുമുറിയും ക്രമീകിച്ചു. സ്ഥലം ലാഭിക്കാവുന്ന രീതിയിലാണ് വാഡ്രോബുകൾ ജനലിനും ഭിത്തിയോടും ചേർന്ന് ക്രമീകരിച്ചത്. പുറത്തെ പച്ചപ്പിന്റെ കാഴ്ച കണ്ടിരിക്കാൻ പാകത്തിൽ ജനലിനടുത്ത് ഇൻബിൽറ്റായി ഇരിപ്പിടം ക്രമീകരിച്ചു. കുഷൻ നൽകിയിട്ടുണ്ട്. പ്ലൈവുഡിലാണ് വാഡ്രോബ് നൽകിയത്. കുട്ടികളുടെ കളിപ്പാട്ടങ്ങൾ സൂക്ഷിക്കുന്നതിന് ജനലിനോട് ചേർന്ന ഇരിപ്പിടത്തിന് താഴെ സ്റ്റോറേജും നൽകിയിട്ടുണ്ട്.

ഡിസൈൻ: സിന്ധു. വി

bay window 8

അകത്തളത്തിലെ ചെറിയ ഇടങ്ങൾ പോലും പ്രയോജനമുള്ളതാക്കി മാറ്റുന്നതിലാണ് ഡിസൈനറുടെ കഴിവ്. ഇവിടെ വീടിന്റെ രണ്ടാം നിലയിൽ ഹാളില്ല, ബ്രിഡ്ജ്  മാത്രമെയുള്ളൂ. അവിടെ ഇരിക്കാനും കിടക്കാനുമുള്ള ഇടം എന്ന രീതിയിലാണ് ഈ ബേ വിൻഡോ ക്രമീകരിച്ചത്.  താഴത്തെ ലിവിങ്ങിലേക്കുള്ള കണക്‌ഷൻ കൂടിയാണ് ഇത്. റബ്‌വുഡില്‍ വീതിയോടെ ഇരിപ്പിടം നൽകി. ‘ഹാങ് ഔട്ട് സ്പേസ്’ എന്ന രീതിയിലാണ് ബേ വിൻഡോ ക്രമീകരിച്ചത്. ജിഐ പൈപ്പില്‍ നൽകിയ അഴികൾ പുറത്തേക്ക് തള്ളിയാണ് ക്രമീകരിച്ചത്. ജനൽ അഴികളുടെ തുടർച്ചയായി തന്നെ ഇൻബിൽറ്റായി ഇരിപ്പിടം ക്രമീകരിച്ചതുകൊണ്ടു തന്നെ സ്ഥലവും പണവും ലാഭിക്കാനായി.  മെയിന്റനൻസ് കുറവായിരിക്കും എന്നതും ഇൻബിൽറ്റ് ഫർണിച്ചറിന്റെ ഗുണമാണ്. ലൈറ്റായി, സിംപിൾ ആയി ഒരുക്കിയെടുക്കാമെന്നതിന് മാതൃകയാണ് ഈ ബേ വിൻഡോ ν

ഡിസൈൻ: വാജിദ് റഹ്മാൻ

Tags:
  • Vanitha Veedu