Saturday 29 June 2019 05:06 PM IST : By ശ്രീദേവി

‘വഴിയരികിൽ നിന്ന് കുപ്പി പെറുക്കുമ്പോൾ കൂട്ടുകാർ ആക്രിക്കാരി എന്നുവിളിച്ച് കളിയാക്കിയിരുന്നു’; മാലിന്യത്തെ അലങ്കാരമാക്കി അപർണ!

quppi21

ഒഴിഞ്ഞ കുപ്പികൾ ശേഖരിച്ച് പെയ്ന്റ് ചെയ്തും ചിത്രങ്ങൾ വരച്ചും മനോഹരമായ അലങ്കാര വസ്തുവാക്കി മാറ്റുകയാണ് കൊല്ലം കല്ലട സ്വദേശി അപർണ. റോഡരികിലെ മാലിന്യക്കൂരമ്പാരത്തിൽ തിരഞ്ഞ് ഒരു പെൺകുട്ടി കുപ്പി പെറുക്കി ഹാൻഡ്ബാഗിൽ നിറയ്ക്കുന്നു. എന്തിനാണ് കുപ്പി ശേഖരി‍ക്കുന്നതെന്ന് ചോ‍ദിച്ചാൽ‌ മറുപടി ഇങ്ങനെ: ‘‘ഈ കുപ്പിക്കുള്ളിലെല്ലാം സുന്ദരിയായ മാലാഖയുണ്ട്, അതിനെ പുറത്തെടുക്കാനാ.’’

കൊല്ലം കല്ലട സ്വദേശി അപർണയാണ് കുപ്പി പെറുക്കുന്നത്. ‘‘വഴിയരികിൽനിന്ന് കുപ്പി പെറുക്കുമ്പോൾ കൂട്ടുകാർ ആക്രിക്കാരി എന്നു വിളിച്ച് കളിയാക്കിയിരുന്നു. പെറുക്കിയെടുത്ത കുപ്പിയിൽ പെയ്ന്റ് ചെയ്തും ചിത്രം വരച്ചും അവർക്കു തന്നെ സമ്മാനിച്ചു. കഴിഞ്ഞ ജലദിനത്തിൽ കൂട്ടുകാരൊടൊത്ത് അഷ്ടമുടിക്കായലിന്റെ തീരത്തെ മാലിന്യങ്ങൾ ശേഖരിച്ച് ‘അഷ്ടമുടിയെ ഇഷ്ടമുടിയാക്കാം’ എന്ന പരിപാടി സംഘടിപ്പിച്ചു. ശേഖരിച്ച മാലിന്യത്തിൽ നിന്ന് വിവിധ കരകൗശല വസ്തുക്കൾ നിർമിച്ച് അവിടെത്തന്നെ വിൽപന നടത്തി. ’’- അപർണ പറയുന്നു.

quppi23

‘‘മനോഹരമാക്കിയ കുപ്പികൾ എന്തുകൊണ്ട് വരുമാനമാർഗമാക്കിക്കൂടാ എന്ന ചിന്തയിൽ നിന്നാണ് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ‘quppi’ എന്ന പേജും അക്കൗണ്ടും  തുടങ്ങിയത്. വിൽപനയും സമൂഹ മാധ്യമങ്ങൾ വഴി തന്നെ.

ഇതുകൂടാതെ കയർ, ചിരട്ട, ടെറാക്കോട്ട തുടങ്ങിയവ കൊണ്ടും അലങ്കാര വസ്തുക്കളും സമ്മാനങ്ങളും അപർണ നിർമിക്കുന്നു. വിശേഷ ദിവസങ്ങളിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനുള്ള കുപ്പിയിൽ ഫോട്ടോ ട്രാൻസ്ഫറിങ്ങും ചെയ്യും. മൺറോതുരുത്തിലെ ശിങ്കാരപ്പള്ളിയിലെ വീട്ടിൽ പാഴ്കുപ്പികളിൽ തന്റെ മാന്ത്രിക വിരലുകളാൽ വിസ്മയം തീർത്തു കൊണ്ടിരിക്കുകയാണ് ഈ മാലാഖ.

quppi22