Tuesday 02 March 2021 01:37 PM IST : By സ്വന്തം ലേഖകൻ

വസ്ത്രാലങ്കാരം മാത്രമല്ല വീടൊരുക്കിയതിലും സമീറ സനീഷ് പുലിയാണ്, രണ്ടു വീടുകളെ കോർത്തിണക്കിയ സമീറ മാജിക്

sameera 1

സമീറ അവതരിപ്പിച്ച പല ഫാഷൻ സ്റ്റേറ്റ്മെന്റുകളും ഹിറ്റ് ആയി മാറിയിട്ടുണ്ട്. കൊച്ചി ഏരൂരിലെ സമീറയുടെ വീട്ടിലും ആ ഫാഷൻ സെൻസ് കണ്ടറിയാം. പഴയ ഒരു വീടിനെ എങ്ങനെ മാറ്റിയെടുക്കാമെന്നതിന് ഇതിലും നല്ല ഒരു ഉദാഹരണം വേറെയില്ല. 12 വർഷം മുൻപാണ് മൂന്നു സെന്റിൽ 450 ചതുരശ്രയടിയുള്ള കൊച്ചു വീട് സമീറ വാങ്ങുന്നത്. ചെറിയ ഹാൾ, രണ്ട് കിടപ്പുമുറി എന്നിവയടങ്ങുന്ന കുഞ്ഞു വീട്. ഹാളിന്റെ ഭാഗമായിരുന്ന അടുക്കളയെ സമീറ ഡൈനിങ് ആക്കി മാറ്റി. പുതിയതായി ചെറിയ അടുക്കള കൂട്ടിയെടുത്തു. വീടിനു വെള്ള നിറം നൽകി. വെള്ളയല്ലാതെ മറ്റൊരു നിറവും സമീറയുടെ മനസ്സിലുണ്ടായിരുന്നില്ല. ഫർണിച്ചറും ഫർണിഷിങ്ങും മാറ്റി. അതോടെ വീട് ‘ക്ലാസ്’ ആയി.

sameera 3

എന്നാൽ കഥയിൽ ട്വിസ്റ്റ് വരുന്നത് മൂന്നു വർഷം മുൻപാണ്. ഇതോടു ചേർന്നുള്ള മൂന്ന് സെന്റിലെ രണ്ടു മുറി വീട് വിൽപനയ്ക്കു വച്ചപ്പോൾ സമീറ അതു വാങ്ങി. കാരണം, ആദ്യത്തെ വീട്ടിൽ ഒരു ബെഡ്റൂം ബാത്അറ്റാച്ഡ് അല്ല. അതിഥികൾ വരുമ്പോൾ അതൊരു ബുദ്ധിമുട്ടായിരുന്നു. ഇവിടത്തെ വരാന്തയിൽ തടി കൊണ്ടുള്ള മേശയും ബെ‍ഞ്ചും നൽകി. അഭിമുഖമായിരിക്കുന്ന രണ്ടു വീടുകൾക്കും നടുവിലുള്ള മുറ്റമാണ് ഇപ്പോൾ ഈ വീടിന്റെ ഹൈലൈറ്റ്. രണ്ടു വീടുകളെയും തമ്മിൽ ബന്ധിപ്പിച്ച് സിമന്റ് ബോർഡ് സീലിങ്ങും പർഗോളയും നൽകി. സമീറ വരച്ചു കാണിച്ച് പണിയിപ്പിച്ചതാണ് ഇവിടം.

sameera 2

നടുമുറ്റത്തിന്റെ ഇഫക്ട് ആണ് ഇവിടെ മുറ്റത്തിന്. മൂന്നു വയസ്സുകാരൻ ലൂക്കയ്ക്ക് ഓടിക്കളിക്കാൻ ഇഷ്ടം പോലെ സ്ഥലം! നിറയെ ചെടികളും കിളിക്കൂടുമൊക്കെ വച്ച് സമീറ ഇവിടം സുന്ദരമാക്കിയിട്ടുണ്ട്. കൊച്ചു വീടാണ് സൗകര്യമെന്ന് സമീറ പറയുന്നു. ‘‘എരമല്ലൂരിൽ മറ്റൊരു വീടുണ്ട്. അവിടെ മാതാപിതാക്കളാണ് താമസം. അവിടെ ഇടയ്ക്ക് പോകുമ്പോഴും ഇവിടെ വന്നാലേ എനിക്കു സമാധാനമാകൂ.’’

sameera 4

ലോക്ഡൗൺ കാലത്ത് ടെറസ്സിൽ കൃഷിയും തുടങ്ങിയിട്ടുണ്ട്. വീട്ടിലേക്കുള്ള പച്ചക്കറി ഇപ്പോൾ ഇവിടുന്ന് തന്നെ കിട്ടും. സമീറയുടെ തന്നെ പെയിന്റിങ്ങുകളാണ് വീടിന് മോടി കൂട്ടുന്നത്. വീട്ടിലേക്കുള്ള കൊച്ചു കൊച്ചു സാധനങ്ങൾ വാങ്ങുക എന്നതാണ് സമീറയുടെ ഹോബി. ‘‘ജോലിയിലെ എന്റെ സ്ട്രെസ്സ് തീർക്കുന്നത് ഇത്തരം ഷോപ്പിങ്ങിലൂടെയാണ്. ഇവിടെയെത്തുന്ന സിനിമാക്കാർ പലരും പറയാറുണ്ട്, ‘വെറുതെ ഞങ്ങൾ വലിയ വീടു വച്ചു’ എന്ന്.

sameera5
Tags:
  • Vanitha Veedu