Thursday 16 July 2020 10:29 AM IST

ട്രഡീഷണൽ വീടിന് മോഡേൺ ഇന്റീരിയർ; ലക്ഷ്വറിലുക്ക് വരുത്തിയത് ഇങ്ങനെ

Sreedevi

Sr. Subeditor, Vanitha veedu

1111

വീട് മോഡേൺ ആണെങ്കിലും ചുറ്റുപാടുകളോടു യോജിച്ച രീതിയിൽ ഇന്റീരിയർ ഒരുക്കുക എന്നതാണ് പുതിയ വീടുകളിലേക്ക് എല്ലാവരും ആവശ്യപ്പെടുന്നത്. കോർട്‌യാർഡുകളും ഇന്റീരിയർ പ്ലാന്റുകൾ നിറഞ്ഞ അകത്തളവും ശൈലി ഭേദങ്ങൾ ഇല്ലാതെ എല്ലാതരം വീടുകളിലും ഇടം പിടിക്കാൻ കാരണം ഇതുതന്നെയാണ്. കോട്ടയം വാകത്താനത്തുള്ള ഈ വീട് പുറംകാഴ്ചയിൽ പരമ്പരാഗത ശൈലിയാണ് പിൻതുടർന്നതെങ്കിലും തികച്ചും മോഡേൺ ആണ് അകത്തളക്രമീകരണങ്ങൾ. കോട്ടയത്തെ ജോർജ് അസോഷ്യേറ്റ് എന്ന നിർമാണകമ്പനിയിലെ എൻജിനീയർ എ.എൽ.ജോർജ് ആണ് വീടിന്റെ പ്ലാൻ തയാറാക്കിയത്. ചാലക്കുടി ആസ്ഥാനമായ ഡിസൈൻ ടീം വുഡ് നെസ്റ്റ് ഇന്റീരിയേഴ്സ് അകത്തള ക്രമീകരണങ്ങൾ നടത്തി.
ഫോർമൽ ലിവിങ് റും

1117


ബജറ്റിൽ ഒതുങ്ങണം എന്ന നിബന്ധന മാത്രമേ വീട്ടുകാർ വുഡ് നെസ്റ്റ് ടീമിനു മുന്നിൽ പ്രധാനമായി വച്ചിരുന്നുള്ളൂ. നിബന്ധനകളുടെ ചതുരക്കൂട്ടിൽ അല്ലാത്തതിനാൽ ക്രിയാത്മകമായ സമീപനം ഡിസൈനർമാരിൽനിന്നു ലഭിച്ചു. ഇളം നിറങ്ങളാണ് എല്ലാ മുറികളിലും മുന്നിട്ടു നിൽക്കുന്നത്. ഊണുമുറിയിലേക്ക് തുറന്ന രീതിയിലാണ് ഫോർമൽ ലിവിങ്. എന്നാൽ, ഒരേ മുറിയുടെ ഇരു ഭാഗങ്ങൾ ആണെങ്കിലും ഇവിടെ ഇരുന്നാൽ ഫാമിലി ലിവിങ് കാണാൻ സാധിക്കില്ല. രണ്ട് മുറികളെയും വേർതിരിക്കാൻ പ്രാർത്ഥന ഏരിയ ഉപയോഗിച്ചു. വോൾ പേപ്പർ കൊണ്ടാണ് ഭിത്തികൾ ഭംഗിയാക്കിയിരിക്കുന്നത്. അകത്ത് കാറ്റും വെളിച്ചവും നിറയ്ക്കാൻ പരമാവധി ജനലുകൾ ഈ മുറിയിൽ ഉണ്ടെങ്കിലും ഒരല്‌പം ഔപചാരികത നൽകാൻ ബ്ലൈൻഡ് ഉപയോഗിച്ച് ജനലുകൾ മറച്ചിരിക്കുന്നു.
ഫാമിലി ലിവിങ് റൂം

1113


നിറങ്ങളാലും കൃത്രിമപ്രകാശത്താലും സമ്പന്നമാണ് ഫാമിലി ലിവിങ് റൂം. മാത്രമല്ല, ഒരു ഭിത്തി മുഴുവൻ ഗ്ലാസ് ജനൽ നിർമിച്ചു പുറത്തെ പച്ചപ്പിനുള്ളിലേക്ക് ഈ മുറിയെ ലയിപ്പിച്ചിരിക്കുന്നു. ഇഷ്ടാനുസരണം പുറത്തേക്കിറങ്ങി ഗ്ലാസ് ഭിത്തിയോടു ചേർന്ന വെർട്ടിക്കൽ ഗാർഡനും പുറത്തെ മുറ്റവും ആസ്വദിക്കാം. ഈ മുറിയിലും വോൾപേപ്പർ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
ഡൈനിങ് ഏരിയ

1116


മനോഹരമായ ഒരു കോർട്‌യാർഡ് ആണ് ഡൈനിങ്ങിന്റെ ആകർഷണം. പ്രതീകാത്മകമായി പ്രകൃതിയുടെ ഒരു തുണ്ട് അകത്തളത്തിൽ കൊണ്ടുവന്നതാണ് ഇത്. വീടിന്റെ കേന്ദ്രബിന്ദുവായി ഈ കോർട്‌യാർഡ് പ്രവർത്തിക്കുന്നു. പരിചരണം എളുപ്പമായ ചെടികളാണ് ഇവിടെ ക്രമീകരിച്ചത്. ഫർണിച്ചർ എല്ലാം വീടിന്റെ പ്രത്യേകതകൾക്കിണങ്ങും വിധം പ്രത്യേകം പറഞ്ഞു നിർമിച്ചതാണ്.
അടുക്കള

1114


ഊണുമുറിയിലേക്കു തുറന്ന അടുക്കളയാണ്. സിന്തറ്റിക് പിവിസി ബോർഡിൽ പിയു കോട്ടിങ് ചെയ്ത കബോർഡുകൾ ചിതലിനെയും ഈർപ്പത്തെയും ചെറുക്കും. നാനോ വൈറ്റ് കൊണ്ടാണ് കൗണ്ടർ ടോപ്പ്. തുറന്ന അടുക്കളയായതിനാൽ വർക്കിങ് കിച്ചനിലാണ് പാചകം കൂടുതൽ നടക്കുന്നത്.
ബെഡ് റൂം

1115


അച്ഛനമ്മമാരും മൂന്ന് ആൺമക്കളുമടങ്ങുന്ന കുടുംബമായതിനാൽ നാല് കിടപ്പുമുറികൾ ഉണ്ട്. വോൾ പേപ്പറും കൺസീൽഡ് ലൈറ്റിങ്ങും ഓരോ കിടപ്പുമുറിയെയും ‘സ്പെഷൽ’ ആക്കാൻ സഹായിച്ചു. വാതിൽ തുറന്നാൽ കോർട്‌യാർഡ് കാണാവുന്ന വിധത്തിലാണ് താഴത്തെ പ്രധാന കിടപ്പുമുറിയുടെ സ്ഥാനക്രമീകരണം. ജോയിന്റ് ഫ്രീ ആയ വിട്രിഫൈഡ് ടൈലും തടിയുടെ ഡിസൈനുള്ള ടൈലുമാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്.

1112

കടപ്പാട്: വുഡ്നെസ്റ്റ് ഇന്റീരിയേഴ്സ്, ചാലക്കുടി, ഫോൺ: 7025935555, www.woodnestinteriors.com