Thursday 24 September 2020 02:59 PM IST

വീട്ടുകാര്‍ കൂട്ടത്തോടെ വരയ്ക്കാനിറങ്ങി, ഇന്റീരിയര്‍ മിനുങ്ങി സുന്ദരിയായി; ഒന്ന് കാണേണ്ടതു തന്നെ ഈ വീട്‌

Sunitha Nair

Sr. Subeditor, Vanitha veedu

interior

ഭാര്യ ഇൻഫോപാർക്കിലെ ഉദ്യോഗസ്ഥ. കൂടാതെ, ബേക്കിങ്, കാൻഡിൽ മേക്കിങ് തുടങ്ങിയ ചില ഹോബികളുമുണ്ട്. ഭർത്താവ് കളമശേരി പോളിടെക്നിക് കോളജിലെ ലക്ചററും. പോരാത്തതിന് മൂന്നു വയസ്സുള്ള ഇരട്ടകൾ സാറയുടെയും ക്ലാരയുടെയും കുസൃതികളും. അപ്പോൾ പിന്നെ തിരക്കിന്റെ കാര്യം പറയേണ്ടല്ലോ? സൂര്യ ആൻ ജോസഫിന്റെയും ടിജോ ജോസ് ടോമിന്റെയും ജീവിതം ഇങ്ങനെ മുന്നോട്ടു പോകുമ്പോഴാണ് കൊറോണ വരുന്നത്. പിന്നെ, ലോക്ഡൗണായി; വീട്ടിലിരുപ്പായി. അപ്പോഴാണ് മിക്കവരെയും പോലെ ഇവരും മാറ്റിവച്ച ചില ആഗ്രഹങ്ങളൊക്കെ പൊടി തട്ടിയെടുക്കുന്നത്.

nt3


മൂന്നു വർഷം മുൻപു വാങ്ങിയ കൊച്ചി വെണ്ണലയിലെ 1100 ചതുരശ്രയടിയുള്ള വീടിന്റെ ഇൻറീരിയർ മിനുക്കിയെടുക്കുക എന്നതായിരുന്നു അതിൽ പ്രധാനം. പെയിന്റിങ്ങിലെ ചില പരീക്ഷണങ്ങൾക്കാണ് ഇവർ മുൻഗണന നൽകിയത്. ലാവൻഡർ - മഞ്ഞ - ഗ്രേ കോംബിനേഷനിലാണ് ഇന്റീരിയർ ക്രമീകരിച്ചിരിക്കുന്നത്. ന്യൂക്ലിയസ് ലാവൻഡർ എന്നാണ് വില്ലയുടെ പേര്. ലാവൻഡർ തീം തിരഞ്ഞെടുക്കാൻ കാരണം അതാണ്.  ഇവരുടെ ക്രിയാത്മകതയാണ് ചുമരുകൾക്ക് അലങ്കാരമായത്. ലിവിങ് സ്പേസിലെ ടിവി വോളിൽ പെയിന്റ് ഡ്രിപ്പിങ് പാറ്റേൺ നൽകി. സിറിഞ്ചിൽ പെയിന്റ് നിറച്ച് ഭിത്തിയുടെ മുകളിൽ വച്ച് പതുക്കെ അമർത്തുമ്പോൾ പെയിന്റ് പതിയെ താഴേക്ക് ഒലിച്ചിറങ്ങി ഭംഗിയുള്ള പാറ്റേൺ സൃഷ്ടിക്കും. എവിടെ വരെയാണോ ഈ ഡിസൈൻ വേണ്ടത് അതിനു കുറച്ചു മുകളിൽ വച്ചു നിർത്തണം. കാരണം,  നിർത്തിയതിനു ശേഷവും കുറച്ചു നേരം കൂടി പെയിന്റ് ഒലിച്ചിറങ്ങും. അപ്പോൾ അതു കണക്കു കൂട്ടി ചെയ്യണമെന്ന് സൂര്യ ഓർമിപ്പിക്കുന്നു.

nt2


ലിവിങ് സ്പേസിന്റെ ഒരു ചുമരിൽ മഞ്ഞ നിറം നൽകിയിട്ടുണ്ടായിരുന്നു. ചെറിയ ലിവിങ് സ്പേസിൽ മഞ്ഞ വന്നപ്പോൾ കുറച്ച് ഇടുങ്ങിയതായി തോന്നി. അതിനാൽ കുറച്ചിടത്ത് ലാവൻഡർ, ഗ്രേ നിറത്തിൽ ബ്രിക് പാറ്റേൺ ചെയ്തു. മറ്റൊരു ചുമരിൽ വൃത്താകൃതിയിലുള്ള പാറ്റേൺ നൽകിയിട്ടുണ്ട്. വൃത്താകൃതിയിലുള്ള സ്പോഞ്ച് പെയിന്റിൽ മുക്കി ഭിത്തിയിൽ വച്ച് കറക്കിയാണ് ഇതു ചെയ്തെടുത്തത്. ഉണങ്ങിയ ശേഷം വീണ്ടും അതുപോലെ തന്നെ ഒരിക്കൽ കൂടി ചെയ്യണം. മക്കളുടെ കൈപത്തി ലാവൻഡർ, മഞ്ഞ പെയിന്റിൽ മുക്കി പതിച്ചതാണ് അടുക്കളയുടെ ആകർഷണം. അങ്ങനെ അവരും വീടു പെയിന്റിങ്ങിൽ പങ്കാളികളായി.

nt4


പ്രധാന വാതിലിനോടു ചേർന്നുള്ള ജനൽപ്പാളിയിൽ ഗ്ലാസ് പെയിന്റിങ് ചെയ്തു ഭംഗിയേകി. സൂര്യയുടെ വിരൽത്തുമ്പിൽ വിരിഞ്ഞ ചിത്രശലഭങ്ങളാണ് ജനലിന് അഴകേ കുന്നത്. " സാധാരണ ഗ്ലാസ് ഒരിടത്തു വച്ചാണല്ലോ പെയിന്റ് ചെയ്യുക. ജനലിൽ ചെയ്തപ്പോൾ പെയിന്റ് താഴേക്ക് ഒഴുകി വരുന്നതൊരു പ്രശ്നമായിരുന്നു. ലൈനറിന്റെ കട്ടി കൂട്ടിയും ഒഴുകി വരുന്നത് അപ്പപ്പോൾ തുടച്ചു കളഞ്ഞുമാണ് പ്രശ്നം പരിഹരിച്ചത്." സൂര്യ പറയുന്നു.
സ്റ്റെയർകെയ്സിന്റെ ചുമരിൽ ഒരു മരം വരച്ചിട്ടുണ്ട്. ടിജോ ഔട്ട്ലൈൻ വരച്ചു കൊടുത്ത് പെയിന്റ് ചെയ്യിപ്പിച്ച ഈ മരത്തിന് ഒരു പ്രത്യേകതയുണ്ട്. ഇതിന്റെ താഴത്തെ ശിഖരം സൂര്യയുടെ ലൈഫ് സൈക്കിളും മുകളിലെ ശിഖരം ടിജോയുടെ ലൈഫ് സൈക്കിളുമാണ് പ്രതിനിധീകരിക്കുന്നത്. രണ്ടു പേരുടെയും ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങളാണ് ഇതിൽ. ശിഖരങ്ങൾ തമ്മിൽ കൂട്ടി മുട്ടുന്നയിടത്ത് ഇവരുടെ വിവാഹ ചിത്രം പതിച്ചു.


" കടുംനിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഒരു ചുമരിൽ മാത്രം നൽകുക. മറ്റു ചുമരുകളിൽ അതിനോട് ഇണങ്ങുന്ന ഇളം നിറങ്ങൾ നൽകാം. പ്രകാശം നല്ലതു പോലെ ലഭിക്കുന്ന ഇടങ്ങളിലേ കടുംനിറങ്ങൾ നൽകാവൂ. ഇവിടെ ഞങ്ങൾ ജനലിന് അഭിമുഖമായാണ് കടും നിറങ്ങൾ നൽകിയത്. കൂടുതൽ ഈടിനായി എക്സ്റ്റീരിയർ എമൽഷൻ പെയിന്റ് ആണ് ഇന്റീരിയറിലും അടിച്ചത്. അൽപം ക്ഷമയുണ്ടെങ്കിൽ ആർക്കും വീട്ടിൽ നിറങ്ങളുടെ ഇന്ദ്രജാലം തീർക്കാം." സൂര്യയും ടിജോയും അനുഭവ പാഠങ്ങൾ പകർന്നു നൽകുന്നു.