Thursday 30 May 2019 04:14 PM IST : By സ്വന്തം ലേഖകൻ

ജാളിയുടെ ജാലം, മേൽക്കൂരയുടെ മൊഞ്ച്! ടെറാക്കോട്ട, പ്രകൃതിക്കും ചൂടു കുറവിനും

terracotta

നമ്മുടെ ഉപേക്ഷ കൊണ്ടുമാത്രം സമൂഹത്തിൽനിന്ന് ആട്ടിപ്പായിക്കപ്പെട്ട നിർമാണസാമഗ്രിയാണ് ടെറാക്കോട്ട. പ്രകൃതിയോടു ചേർന്നു നിൽക്കുമെന്നും ഏതു ചൂടിലും വീടിനുള്ളിൽ കുളിരു പകരുമെന്നും ചെലവു നിയന്ത്രിക്കാൻ സഹായിക്കുമെന്നുമെല്ലാം അറിഞ്ഞിട്ടും ടെറാക്കോട്ടയോട് മലയാളികൾ അയിത്തം കാട്ടി. കളിമൺ ഖനനം കേരളത്തിൽ നിരോധിച്ചതോടെ ടെറാക്കോട്ട വ്യവസായത്തിന് പിടിച്ചുനിൽക്കാൻ സാഹചര്യമില്ലാതായി. പുറംനാടുകളിൽനിന്ന് മണ്ണ് ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് നാമിപ്പോൾ. ചൂട് അസഹ്യമാകുമ്പോൾ മാത്രം ടെറാക്കോട്ടയെക്കുറിച്ച് ആലോചിച്ചിട്ടു കാര്യമില്ല. വീട് നിർമാണത്തിന്റെയും നിത്യജീവിതത്തിന്റെയും ഓരോ ഘട്ടങ്ങളിലും ടെറാക്കോട്ടയ്ക്ക് സ്ഥാനം കൊടുക്കാം. പ്രകൃതിയുടെ കരുതൽ നേരിട്ട് അനുഭവിക്കാം.

ഭിത്തിക്ക് ഉത്തമം

∙ ഭിത്തി പണിയാനുള്ള ടെറാക്കോട്ട ഹോളോബ്രിക്ക് മൂന്ന് തരത്തിലുണ്ട്. 1.ഒന്നിൽ കൂടുതൽ നിലകളുള്ള കെട്ടിടം പണിയുന്നിടത്തേക്കുള്ളത് (Solid & Perforated bricks). അതായത്, ഭാരം താങ്ങാൻ ശേഷിയുള്ള കട്ടകൾ. 2. ഒറ്റനില കെട്ടിടം പണിയാനുള്ള കട്ട (Hollow Bricks). 3. പാർട്ടീഷൻ ഭിത്തികൾ പണിയാൻ മാത്രമുള്ള വീതി കുറഞ്ഞ കട്ട ( Hollow Partition Bricks).

∙ രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങൾ നിർമിക്കേണ്ടിവരുമ്പോൾ ബീമുകൾക്കു പകരം ഒന്നാമത്തെ തരം ഹോളോബ്രിക് ഉപയോഗിക്കാം. 35x17.5x15 സെമീ വലുപ്പമുള്ള കട്ടയാണ് ഏറ്റവും വലുത്. പത്ത് കിലോയോളം ഭാരമുണ്ട് ഒരു കട്ടയ്ക്ക്. 30x15x15 സെമീ, 23x15x7.5 സെമീ വലുപ്പമുള്ള കട്ടകളും ഈ വിഭാഗത്തിലുണ്ട്. ഉള്ളിൽ ചെറിയ വായു അറകളുണ്ട്. വായു അറകളില്ലാതെ നിർമിക്കുന്ന ടെറാക്കോട്ട കട്ടകളും ഭാരം താങ്ങുക എന്ന ലക്ഷ്യത്തോടെ വിപണിയിലുണ്ട്. 23x11x7.5 സെമീ അല്ലെങ്കിൽ അതിലും ചെറുതോ ആണ് ഈ കട്ടകൾ.

∙ ഒന്നോ രണ്ടോ നിലയുള്ള സാധാരണ വീടുകൾക്കു വേണ്ടിയുള്ള ഹോളോബ്രിക് 40x20x15 സെമീ, 35x17.5x15 സെമീ, 30x15x15 സെമീ, 30x15x10 സെമീ, 30x10x5 സെമീ, 23x11x7.5 സെമീ എന്നീ വലുപ്പങ്ങളിലാണുള്ളത്. വീടിന്റെ പുറം ഭിത്തികളും പ്രധാന ഭിത്തികളും നിർമിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ഇതിൽ ഏറ്റവും വലിയ ഇഷ്ടിക, 12 സാധാരണ ഇഷ്ടികയ്ക്കു പകരം വയ്ക്കാം. എന്നാൽ ഇഷ്ടികയേക്കാൾ ഭാരം കുറവുമാണ്.

∙ അകത്തെ ഭിത്തികൾ നിർമിക്കാൻ വീതി കുറഞ്ഞ പാർട്ടീഷൻ ബ്രിക് വിപണിയിലുണ്ട്. 40x15x20 സെമീ, 30x10x20 സെമീ, 30x7.5x23 സെമീ എന്നീ വലുപ്പത്തിലുള്ള പാർട്ടീഷൻ കട്ടകളാണുള്ളത്.

∙ പ്രകൃതിദത്ത നിർമാണ സാമഗ്രിയായ കളിമണ്ണ് ഉപയോഗിക്കുന്നതിനാൽ ടെറാക്കോട്ട ഹോളോ ബ്ലോക്കുകൊണ്ട് ഭിത്തി പണിയുമ്പോൾ വീടിനുള്ളിൽ ചൂട് വലിയ ശതമാനം കുറയും. കട്ടകൾക്കുള്ളിലുള്ള വായു അറകൾ പുറത്തെ ചൂട് അകത്തുകടക്കുന്നത് വലിയൊരു പരിധിവരെ തടയുകയും ചെയ്യും.

∙ എവിടെയാണ് വീടുപണിയുന്നത് എന്നതനുസരിച്ചാണ് ടെറാക്കോട്ട തരുന്ന സാമ്പത്തിക ലാഭം കണക്കാക്കേണ്ടത്. കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് ടെറാക്കോട്ട ഫാക്ടറികൾ ഉള്ളത്. അവയിൽ പലതും പ്രവർത്തനം നിർത്തുകയോ കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്. ദൂരം കൂടുന്നതനുസരിച്ച് ട്രാൻസ്പോർട്ടേഷൻ ചെലവു കൂടും. ടിപ്പറിൽ കൊണ്ടുവന്ന് ചരിച്ചാൽ കട്ടകൾ പൊട്ടുമെന്നതിനാൽ ഓരോന്നായി ചുമന്ന് കയറ്റുകയും ഇറക്കുകയും ചെയ്യേണ്ടിവരും. ഇത്തരം സാഹചര്യങ്ങളിൽ ടെറാക്കോട്ട വീട് സാമ്പത്തിക ലാഭമുണ്ടാക്കില്ല.

∙ മിനുസമുള്ള പ്രതലമാണ് കട്ടകൾക്ക്. ഇഷ്ടികകളുടെ ഗ്രൂവ് ഉള്ള ഭാഗം ചേർത്തുവച്ച് ചാന്ത്കൊണ്ട് ഒട്ടിച്ചാൽ മതി. സിമന്റിന്റെയും കമ്പിയുടെയും ഉപയോഗം നിയന്ത്രിക്കാനാകുമെന്നതാണ് ഇതിന്റെ ഗുണം. മാത്രമല്ല, മണലിനു ദൗർലഭ്യം നേരിടുന്ന ഈ സമയത്ത് ഏറ്റവും യോജിക്കുന്ന നിർമാണസാമഗ്രിയാണ് ടെറാക്കോട്ട. റീസൈക്ക്ൾ ചെയ്യാനാകില്ല എന്നതും മണ്ണിൽ അലിഞ്ഞുചേരില്ല എന്നതും ടെറാക്കോട്ടയുടെ ന്യൂനതയാണ്.

∙ സിമന്റ് തേച്ച വീടുകൾ ഇഷ്ടപ്പെടുന്നവർക്കും ടെറാക്കോട്ട തിരഞ്ഞെടുക്കാം. ഫാക്ടറി നിർമിതമായതിനാൽ രണ്ട് വശവും മിനുസമാണ്. വളരെ കുറച്ച് ചാന്ത് മാത്രമേ തേപ്പിനു വേണ്ടിവരൂ. തേക്കാതെ ഇഷ്ടികയിൽ നേരിട്ട് പെയിന്റോ പോളിഷോ അടിക്കുകയുമാകാം.

∙ ഇലക്ട്രിക്കൽ– പ്ലമിങ് ലേഔട്ടുകൾ നേരത്തേ തയാറാക്കിയാൽ പ്രയാസമില്ലാതെ നിർമാണം പൂർത്തിയാക്കാം. ഭിത്തി നിർമിക്കാനുള്ള കട്ടകൾ വ്യത്യസ്ത വീതിയിൽ ലഭിക്കുന്നതുകൊണ്ട് കട്ടകൾ പൊട്ടിക്കാതെതന്നെ പൈപ്പുകൾ വിന്യസിക്കാം. ആവശ്യമാണെങ്കിൽ കട്ടർ ഉപയോഗിച്ച് കട്ടകൾ മുറിക്കാനുമാകും.

∙ നിയന്ത്രിതമായാണ് ശബ്ദം അകത്തേക്കു വിടുന്നത് എന്നതാണ് മറ്റൊരു മേന്മ. വായു അറകൾ ഉള്ളതിനാൽ ഈർപ്പം പിടിക്കുകയുമില്ല.

∙ ടെറാക്കോട്ട ഹോളോബ്ലോക്ക് ഭൂമിയിലേക്കു ചെലുത്തുന്ന ഭാരം കുറവായതിനാൽ പൈലിങ് ഒഴിവാക്കി അടിത്തറ നിർമിക്കാം. മണ്ണിന് ഉറപ്പില്ലാത്ത സ്ഥലങ്ങളിലേക്ക് ഇത്തരം ചെലവുകുറഞ്ഞ നിർമാണം അനുയോജ്യമാണ്.

∙ ടെറാക്കോട്ട വീടുകളിൽ കാർപെറ്റ് ഏരിയ കൂടുതൽ ലഭിക്കും. എന്നാൽ നിറത്തിന്റെ പ്രത്യേകത മൂലം അകം ഭിത്തികൾക്ക് ഇളം നിറമുള്ള പെയിന്റ് അടിച്ചില്ലെങ്കിൽ അകത്തളത്തിൽ വെളിച്ചം കുറയാൻ സാധ്യതയുണ്ട്.

t4

ചൂടു കുറയ്ക്കും മേൽക്കൂര

വാർക്കുന്നതിനു പകരം ഹോളോ റൂഫിങ് ബ്ലോക്കുകൾ ഉപയോഗിക്കാം. 36x25x15 സെമീ, 36x25x10സെമീ എന്നീ രണ്ട് വലുപ്പത്തിലുള്ള ഹോളോബ്ലോക്കുകളും ക്ലേ ചാനലുകളും ഉപയോഗിച്ചാണ് ഇത്തരത്തിൽ മേൽക്കൂര നിർമിക്കുന്നത്. ചാനലുകൾക്കിടയിലൂടെ കമ്പി ഇറക്കി ബലപ്പെടുത്തി, ചാനലുകളിൽ കട്ടകൾ ലോക്ക് ചെയ്താണ് ഇത്തരത്തിൽ മേൽക്കൂര നിർമിക്കുന്നത്. ഇതിനു മുകളിൽ ടൈൽ വിരിച്ച് മുകളിലെ നിലയുടെ ഫ്ലോറിങ് ചെയ്യാം. വിദഗ്ധനായ എൻജിനീയറുടെ മേൽനോട്ടം ആവശ്യമാണ്.

∙ ചെലവും ചൂടും കുറയുമെന്നതാണ് ഹോളോ റൂഫിങ് ബ്ലോക്കുകൾ ഉപയോഗിച്ച് വാർക്കുന്നതിന്റെ മേന്മ. ബലത്തിന് യാതൊരു കുറവുമില്ല.

∙ ഫില്ലർ സ്ലാബ് അല്ലെങ്കിൽ ഹോളോ റൂഫിങ് ബ്രിക്ക് ആണ് റൂഫിങ്ങിനുള്ള മറ്റൊരു ഉപാധി. കോൺക്രീറ്റിന്റെ കനത്തിന്റെ പകുതി ഫില്ലർ സ്ലാബ് നികത്തുമെന്നതാണ് നേട്ടം. കോൺക്രീറ്റിന്റെ ഉപയോഗം കുറയ്ക്കാമെന്നതും ചെലവു കുറയുമെന്നതും നേട്ടമാണ്.

∙ കോൺക്രീറ്റ് സീലിങ്ങിൽ ഒട്ടിക്കുന്ന ചെറിയ ഓടുകൾ ഒരുകാലത്ത് ട്രെൻഡ് ആയിരുന്നെങ്കിലും അവ അടർന്നു വീഴാനുള്ള സാധ്യത കൂടുതലായതിനാൽ ഇപ്പോൾ അത്തരം ഓടുകൾക്ക് ഡിമാൻഡ് കുറവാണ്.

∙ മേൽക്കൂരയിൽ പതിക്കുന്ന ഓട് ഒറ്റപ്പാത്തിയും ഇരട്ടപ്പാത്തിയുമുണ്ട്. പല വലുപ്പത്തിലും ഡിസൈനിലും ലഭിക്കും. മതിലിലും മറ്റും പതിക്കുന്ന അഞ്ച് രൂപ വിലയുള്ള ചെറിയ ഓട് മുതൽ 50 രൂപ വിലയുള്ള 40x23 സെമീ, 28x18 സെമീ എന്നീ വലുപ്പമുള്ള ഓടുകൾ സാധാരണയാണ്. കമ്പനിക്കനുസരിച്ച് വിലയിൽ മാറ്റംവരും.

∙ ഇറക്കുമതി ചെയ്യുന്ന ഓടുകളാണ് ഇപ്പോൾ കേരളത്തിലെ വിപണിയിൽ കൂടുതൽ ചെലവാകുന്നത്. പോർച്ചുഗൽ, വിയറ്റ്നാം, മലേഷ്യ എന്നിവിടങ്ങളിൽനിന്നെല്ലാം ഓട് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. നമ്മുടെ നാട്ടിൽ നിർമിക്കുന്ന ഓടുകൾക്കുള്ള കളിമണ്ണും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുകയാണ്.

∙ റൂഫിങ് ഓടിന്റെ പിറകുവശം മറയ്ക്കാൻ സീലിങ് ഓട് ഉപയോഗിക്കാം. പൂവോട് എന്ന് പൊതുവേ അറിയപ്പെടുന്ന പൂവിന്റെ ചിത്രം ആലേഖനം ചെയ്ത ഓട്, ഗ്രൂവ് ഡിസൈനുള്ള ഓട്, ഡിസൈൻ ഇല്ലാത്ത പ്ലെയിൻ ഓട് എന്നിങ്ങനെ പല സീലിങ് ഓടുകളുണ്ട്.

t2

ഭംഗി കൂട്ടാൻ ക്ലാഡിങ് ടൈൽ

∙ ക്ലാഡിങ്ങിന് ടെറാക്കോട്ട ടൈലുകൾ ഉപയോഗിക്കുന്നത് ട്രെൻഡാണ്. ഇഷ്ടിക കൊണ്ടു നിർമിച്ച കെട്ടിടമാണെന്നു തോന്നിക്കുന്ന വിധത്തിൽ ഭിത്തിയിൽ ടെറാക്കോട്ട ടൈൽ ക്ലാഡ് ചെയ്യാം. പരുക്കൻ ലുക്ക് മാത്രമല്ല പരിചരണം കുറയ്ക്കാനും ഇതു സഹായിക്കും.

∙ മേൽക്കൂരയിൽ ടെറാക്കോട്ട ഓട് പതിക്കുന്നത് ഒരു കാലത്ത് സാധാരണമായിരുന്നെങ്കിലും വെള്ളമിറങ്ങി ചോർച്ചയ്ക്ക് സാധ്യതയുള്ളതിനാൽ അത്തരം ടൈലുകൾക്ക് ഇപ്പോൾ ആവശ്യക്കാർ കുറവാണ്.

∙ പാർട്ടീഷൻ ബ്രിക്കിന്റെ പൊള്ളയായ ഭാഗത്തു വച്ചു മുറിച്ച്, മിനുസമുള്ള ഇരു പ്രതലങ്ങളും ക്ലാഡിങ്ങിന് ഉപയോഗിക്കാം. ഇതു ചെലവു കുറയ്ക്കാനും സഹായിക്കും.

∙ വളരെയധികം ആശയങ്ങളുള്ള ഒരു ആർക്കിടെക്ടിനോ ഡിസൈനർക്കോ ഭിത്തി നിർമിക്കാനുള്ള ടെറാക്കോട്ട ബ്ലോക്കുകൾ എല്ലാം തന്നെ മൾട്ടിപർപ്പസ് ആണ്. ജാളി നിർമിക്കാൻ ഉപയോഗിക്കുന്ന കട്ടകൾ വരെ ക്ലാ‍ഡിങ്ങിനുപയോഗിക്കുന്നവരുണ്ട്.

∙ ടെറാക്കോട്ട മ്യൂറൽ വളരെ പ്രചാരം ലഭിച്ച ഒന്നാണ്. ചെറിയ ടൈലുകളായാണ് ഇത്തരം മ്യൂറൽ നിർമിക്കുന്നത്. ഡിസൈൻ അനുസരിച്ച് ഓരോ ടൈലുകളും നമ്പർ ചെയ്തു സ്പോട്ടിലെത്തിക്കും. സിമന്റ് സ്ലറി ഉപയോഗിച്ച് ചുമരിൽ പതിപ്പിക്കാം.

∙ വേവിൽ വ്യത്യാസം വരുത്തി ചുവപ്പിന്റെയും കറുപ്പിന്റെയും വ്യത്യസ്ത ഷേഡുകളിൽ ടെറാക്കോട്ട മ്യൂറൽ തയാറാക്കുന്നു. എന്നാൽ മറ്റു നിറങ്ങൾ നൽകാനാകില്ല എന്നത് ടെറാക്കോട്ടയുടെ ന്യൂനതയാണ്.

t3

തറയിലും ടെറാക്കോട്ട

∙ ടെറാക്കോട്ട ഉൽപന്നങ്ങളിൽ ഏറ്റവും പ്രശസ്തവും തലമുറകളായി ഉപയോഗിച്ചു വരുന്നതുമാണ് തറയോട്. കേരളത്തിൽ ഇപ്പോൾ കിട്ടുന്ന തറയോടിന് ഗുണമേന്മ കുറവാണ് എന്ന് വ്യാപകമായ പരാതിയുണ്ട്. പെട്ടെന്ന് പൊട്ടുമെന്നതാണ് പരാതി. ഗുണമേന്മയുള്ള കളിമണ്ണുകൊണ്ട് നിർമിച്ചതാണ് എന്ന് നേരിട്ടു ചൂളയിൽപോയിക്കണ്ട് ഉറപ്പാക്കിയശേഷം വേണം തറയോടു വാങ്ങാൻ.

∙ വിദേശരാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന തറയോട് വിപണിയിലുണ്ട്. പല നിറത്തിലും വലുപ്പത്തിലും ഇത്തരം തറയോടു ലഭിക്കുന്നുണ്ട്. എന്നാൽ ഗുണമേന്മയെക്കുറിച്ച് മനസ്സിലാക്കിവരുന്നേയുള്ളൂ.

∙ തറയോട് ഗുണമേന്മയുള്ളതാണെങ്കിൽപോലും വെള്ളം അതിവേഗം വലിച്ചെടുക്കുന്നതിനാൽ പെട്ടെന്ന് കറയാകാൻ സാധ്യതയുണ്ട്. കറയുള്ള ഭാഗം ചുരണ്ടി മാറ്റി പോളിഷ് ചെയ്യാം.

∙ മഴവെള്ളം ഭൂമിയിലേക്ക് ഇറക്കാൻ പ്രതലത്തിൽ ദ്വാരങ്ങളുള്ള ടെറാക്കോട്ട പേവിങ് ടൈലിനെക്കാൾ മികച്ചതായി മറ്റൊന്നില്ല. ഇടയിലുള്ള ദ്വാരത്തിലൂടെ പുല്ല് മുളപ്പിച്ച് പൂന്തോട്ടം ഭംഗിയാക്കാം. വേനലിൽ ടൈൽ ചുട്ടുപഴുത്ത് അകത്ത് ചൂട് വർധിക്കുന്നത് ഒഴിവാക്കാൻ ടെറാക്കോട്ട പേവിങ് ബ്ലോക് സഹായിക്കും.

∙ ഇടയിൽ സിമന്റിട്ട് ഉറപ്പിക്കേണ്ടാത്തതിനാൽ ഒരിടത്തുനിന്ന് ഇളക്കിമാറ്റി പുനരുപയോഗിക്കാമെന്നതും ടെറാക്കോട്ട ബ്ലോക്കിന്റെ പ്രത്യേകതയാണ്.

∙ ടെറാക്കോട്ട കിണർ റിങ് വിപണിയിൽ താരതമ്യേന പുതിയ ഉൽപന്നമാണ്. കിണറ്റിൽ കോൺക്രീറ്റ് റിങ് വാർക്കുന്നതിനു പകരം ടെറാക്കോട്ട റിങ് ഇറക്കാം. മൺകൂജയിൽ വെള്ളം നിറച്ചുവയ്ക്കുന്നതിന്റെ അതേ ഗുണമേന്മ ടെറാക്കോട്ട റിങ് ഇറക്കുമ്പോൾ ലഭിക്കും. തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിലാണ് ടെറാക്കോട്ട കിണർ റിങ്ങിന് കൂടുതൽ പ്രചാരം.

ടെറാക്കോട്ട ഉൽപന്നങ്ങൾ നേരിട്ടു ചെന്ന് കണ്ട് വേണം തിരഞ്ഞെടുക്കാൻ. കട്ടകളുടെയാകട്ടെ, ഓടിന്റെയാകട്ടെ വലുപ്പവും വിലയും ലഭ്യതയുമെല്ലാം മണ്ണിന്റെ ലഭ്യതയ്ക്കും ആവശ്യക്കാരുടെ ഡിമാൻഡിനുമനുസരിച്ച് വ്യത്യാസപ്പെടും. അതുകൊണ്ടുതന്നെ ഉൽപന്നം ആവശ്യമായ അളവിൽ ഉണ്ടെന്ന് ഉറപ്പാക്കിയശേഷം നിർമാണം ആരംഭിക്കുക. ■

t5

വിവരങ്ങൾക്കു കടപ്പാട് :

ആർ.എസ്. ലിസ, ആർക്കിടെക്ട്, തിരുവനന്തപുരം

ബലിയപട്ടം ടൈൽ വർക്സ് ലിമിറ്റ‍ഡ്, കണ്ണൂർ

ഡിസൈൻ കോർപറേറ്റ് ആർക്കിടെക്ട്, കണ്ണൂർ