Friday 29 January 2021 04:14 PM IST

വീടിനേക്കാൾ സൗകര്യങ്ങൾ ഫ്ലാറ്റിലൊരുക്കാനാകുമോ? ഇല്ല, എന്നാണ് മറുപടിയെങ്കിൽ തൃശൂർ ശോഭ സിറ്റിയിലെ ഈ ഫ്ലാറ്റൊന്നു കാണണം, 1700 സ്ക്വയർഫീറ്റിൽ മാജിക് ഫ്ലാറ്റ്

Ali Koottayi

Subeditor, Vanitha veedu

flat7

വിശാലമായ അകത്തളം, ആവശ്യത്തിൽ കൂടുതൽ സ്റ്റോറേജ്, ഹോട്ടൽ മുറികളെ വെല്ലുന്ന പ്രീമിയം അലങ്കാരങ്ങളും ഫർണിച്ചറും, ഓട്ടമേഷൻ സംവിധാനം. പക്ഷേ, ഇപ്പറഞ്ഞതൊന്നുമല്ല ഈ ഫ്ലാറ്റിനെ വ്യത്യസ്തമാക്കുന്നത്. അകത്തളത്തിൽ ഒറ്റയടിക്ക് രൂപവും ഉപയോഗവും മാറ്റാവുന്ന ഇടങ്ങളുണ്ട്. അതായത് ഒരേ ഇടം തന്നെ രണ്ട് പ്രയോജനം തരുന്ന മാജിക്. കുട്ടികൾക്ക് കളിക്കാനുള്ള ഇടങ്ങൾ, മൂന്ന് കിടപ്പുമുറിയേ ഉള്ളുവെങ്കിലും രണ്ട് കുടുംബങ്ങളെ കൂടി അധികം ഉൾകൊള്ളാൻ കഴിയുന്ന രീതിയിലുള്ള അകത്തളം, സ്യൂട്ട് റൂമുകളുടെ ഫീൽ... ഇങ്ങനെ സാധാരണ ഫ്ലാറ്റിന്റെ ഉപയോഗത്തിനപ്പുറം ഒരു വീട് തരുന്നതെല്ലാം വേണം. ഹൈലൈറ്റ് ഇന്റീരിയേഴ്സിനെ ഫ്ലാറ്റ് ഏൽപ്പിക്കുമ്പോൾ പ്രൈവറ്റ് ജെറ്റ് പൈലറ്റ് കൂടിയായ വീട്ടുകാരൻ നൗഷാദിന്റെ ആവശ്യങ്ങൾ ഇവയൊക്കെയായിരുന്നു.ഫോയർ ഏരിയയിലേക്ക് കയറിവരുന്നിടത്ത് ഷൂറാക്കിനടുത്താണ് ഓട്ടമേഷനുമായി ബന്ധപ്പെട്ട എല്ലാ ഉപകരണങ്ങളുടെ നിയന്ത്രണങ്ങളും നൽകിയിരിക്കുന്നത്. പുറമേനിന്ന് വരുന്ന ആർക്കും ഇത് കാണാനും കഴിയില്ല. ഫോയറിനും ലിവിങ്ങിനുമിടയിൽ നിരക്കി നീക്കാവുന്ന ഒരു പാർട്ടീഷൻ വാതിൽ നൽകിയിട്ടുണ്ട്. കണ്ടാൽ ഒരു വൈറ്റ് കളർ പാനൽ മാത്രമായേ തോന്നൂ, അതായത് വീടുകൾക്കുള്ളതു പോലെ ഒരു ഫോയറും അവിടെ നിന്ന് പ്രവേശിക്കാവുന്ന ലിവിങ്ങും.ലിവിങ് ഏരിയയിൽ നിന്ന് കിടപ്പുമുറികളിലേക്ക് പ്രവേശിക്കാം. പക്ഷേ, പുറമെ നിന്ന് വരുന്ന ആർക്കും കിടപ്പുമുറിയുടെ വാതില്‍ കാണാൻ കഴിയില്ല. മാസ്റ്റർ‌ െബഡ്റൂമിന്റെ വാതിൽ വുഡൻ ഫിനിഷ് ലാമിനേറ്റ് ആണ്. ഭിത്തിയുടെ പാനലിങ് വാതിലിലും തുടരുന്ന രീതിയിലാണ്. കണ്ടാൽ പാനലിങ്, തുറന്നാൽ കിടപ്പുമുറി. മറ്റു കിടപ്പുമുറികളുടെ വാതിലുകള്‍ നിരക്കി നീക്കാവുന്ന രീതിയിൽ ക്രമീകരിച്ചു.

flat 1

കൃ‍ത്രിമ പുല്ല് പിടിപ്പിച്ച ഗ്രീൻ വോൾ, വുഡൻ ഫ്ലോറിങ്, അലുമിനിയം സ്ട്രിപ്പിൽ മൂഡ് ലൈറ്റിങ്, ടിവി എന്നിവയടങ്ങിയ വിശാലമായ ലിവിങ് മാത്രമല്ല ഇവിടുത്തേത്... ടിവി യൂണിറ്റിന് നേരെ എതിർവശത്തെ വെള്ള നിറത്തിലുളള പാനലിങ്ങിൽ നിന്ന് ക്യൂൻ സൈസ് മെത്ത പ്രത്യക്ഷപ്പെടും. തൊട്ടടുത്തുള്ള സോഫയ്ക്ക് പകൽ മാത്രമേ സോഫയുടെ ജോലിയുള്ളൂ. രാത്രി മെത്തയാക്കി മാറ്റാം. അതായത്, രണ്ട് മെത്തകൾ അധികമായി ഉള്ള ലിവിങ് റൂം അതിഥികൾക്കുവേണ്ടി കിടപ്പുമുറിയായി രൂപം മാറും.

flat3

ഗെസ്റ്റ് ബെഡ് റൂമിൽ സ്റ്റഡി ടേബിൾ, സോഫ എന്നിവ നൽകിയിട്ടുണ്ട്. പക്ഷേ, ഇവിടെ ഒരു ഡൈനിങ് ടേബിൾ ഒളിച്ചിരിക്കുന്നുണ്ട്. സ്റ്റഡി ടേബിള്‍ ഒന്നു നിവർത്തിയാൽ ഡൈനിങ് ടേബിളായി മാറും. താഴെ നൽകിയ കറുത്ത ഷെൽഫിൽ എട്ട് കസേരകൾ അടുക്കിവച്ചിട്ടുണ്ട്. കിടപ്പുമുറിയാക്കി മാറ്റാൻ സോഫ ഒന്ന് നിവർത്തിയാൽ‌ മാത്രം മതി. അതായത് പകൽ ഡൈനിങ് ടേബിളും സോഫയും രാത്രി കിടക്കയും സ്റ്റഡി ടേബിളും.

flat2

രണ്ടാമത്തെ കിടപ്പുമുറി കുട്ടികൾക്ക് കളിക്കാനുള്ള ഇടമാണ്! ഒരു സ്റ്റഡി ടേബിൾ മാത്രമുള്ള മുറിയിൽ ബാക്കിയുള്ളത് വിശാലമായ ഇടം. പക്ഷേ, കിടക്കാറാവുമ്പോൾ വാഡ്രോബ് ഒന്ന് തോട്ടാൽ മെത്ത നിവർന്ന് വരും. ഈ മുറിയിൽ നിന്ന് ബാൽക്കണിയിലേക്കും ഇറങ്ങാം. സ്യൂട്ട് റൂം രീതിയിലാണ് മാസ്റ്റർ ബെ‍ഡ്റൂം ക്രമീകരിച്ചത്. ഇടുക്കം തോന്നാതിരിക്കാന്ഞ്ചൻ മീറ്റർ നീളമുള്ള വാഡ്രോബിന്റെ ഷട്ടറുകള്‍ ഗ്ലാസിൽ നൽകി. ഹൈഡ്രോളിക് സിസ്റ്റമുള്ള ബെഡിനടിൽ സ്റ്റോറേജ് ഉണ്ട്.

flat4

മോഡുലര്‍ ഓപൻ കിച്ചൻ ആണ്. മെറ്റൽ എന്ന് തോന്നിക്കുന്ന സ്റ്റീൽ നിറത്തിലുളള കാബിനറ്റും കൊറിയൻ ടോപ്പും നൽകി. വർക്ഏരിയയും ക്രമീകരിച്ചു. ബിൽഡറുടെ പ്ലാനിൽ ലിവിങ്, ഡൈനിങ് എന്നത് ഒരിടത്തായിരുന്നു. അതിനെ ലിവിങ് മാത്രമാക്കി വിശാലമാക്കി മാറ്റി. ഇവിടെ നിന്നാണ് കിച്ചനിലേക്കുള്ള പ്രവേശനം.

flat6

നാലുപേർക്ക് ഇരിക്കാവുന്ന ബ്രേക്ഫാസ്റ്റ് ടേബിൾ വീട്ടുകാർക്ക് മതിയാവും. അതിഥികൾ വരുമ്പോൾ, നിവർത്താവുന്ന ഡൈനിങ് ടേബിൾ‌ ഉപയോഗിക്കുകയും ചെയ്യാം. സൗകര്യങ്ങൾ ഒരുക്കാന്‍ ഇടങ്ങളുടെ വലുപ്പം ഒരു പ്രശ്നമേയല്ല എന്ന് തെളിയിക്കുകയാണ് ഈ മാജിക് ഫ്ലാറ്റ്.

flat5

ഡിസൈൻ: ആർക്കിടെക്ട് ശ്രീജിത് ശ്രീകണ്ഠൻ

ഹൈലൈറ്റ് ഇന്റീരിയേഴ്സ്, കോഴിക്കോട്

info@hiliteinteriors.com

Tags:
  • Vanitha Veedu