Thursday 07 January 2021 11:54 AM IST : By സ്വന്തം ലേഖകൻ

ഗോഡൗൺ ആക്കി വെറുതെ സ്ഥലം പാഴാക്കേണ്ട; വീടിനു മുകളിലെ ട്രസ് ഏരിയ പ്രയോജനപ്പെടുത്താൻ അഞ്ചു വഴികൾ

truss-roof3331

ലക്ഷങ്ങൾ മുടക്കി നിർമിക്കുന്ന ട്രസ് റൂഫിന് കീഴിലുള്ള സ്ഥലം വെറുതേ പാഴാക്കുന്നവരാണ് കൂടുതലും. പലയിടത്തും വീട്ടിലെ ‘നെഗറ്റീവ് എനർജി സ്പേസ്’ ആയിരിക്കും ട്രസ് ഏരിയ. ആവശ്യമില്ലാത്ത സാധനങ്ങളെല്ലാം തള്ളാനുള്ള ഇടമായി മാത്രം ട്രസ് ഏരിയയെ കണക്കാക്കുന്നതാണ് ഇതിനു കാരണം. ചോർച്ച ഒഴിവാക്കാനായാണ്  പലരും പഴയ വീടിനു മുകളിൽ ട്രസ് റൂഫ് പിടിപ്പിക്കുന്നത്. നിർമാണഘട്ടത്തിൽ അൽപമൊന്ന് ശ്രദ്ധിച്ചാൽ മുടക്കുന്ന പണത്തിന് ഇരട്ടി മൂല്യം ലഭിക്കുന്ന രീതിയിൽ ട്രസ് ഏരിയയെ മാറ്റിയെടുക്കാം. അതിനുള്ള അഞ്ച് വഴികൾ ഇതാ...

1. ഒരുക്കാം ഉഗ്രൻ യൂട്ടിലിറ്റി ഏരിയ – ട്രസ് ഏരിയയിൽ പൈപ്പ് കണക്‌ഷനും പവർ പ്ലഗും കൂടി നൽകിയാൽ വാഷിങ് മെഷീൻ ഇവിടെ വയ്ക്കാം. കുറച്ചു സ്ഥലത്ത് ഓപൻ ടെറസ് കൂടി ക്രമീകരിച്ചാൽ തുണി ഉണങ്ങാനുള്ള സൗകര്യവുമായി. അൽപം വലിയ തേപ്പ് മേശ കൂടിയുണ്ടെങ്കിൽ തുണി മടക്കി വയ്ക്കലും ഇസ്തിരിയിടലുമടക്കം തുണിനനയുമായി ബന്ധപ്പെട്ട മുഴുവൻ ജോലികളും ഇവിടംകൊണ്ടു തന്നെ തീർക്കാം. വീടിനുള്ളിലെ സ്ഥലം ഒട്ടും പാഴാകില്ല.

2. അടിപൊളി പാർട്ടി ഏരിയ – ചെറിയ കുടുംബസംഗമങ്ങൾ ബർത് ഡേ പാർട്ടി എന്നിവയ്ക്ക് വേറെ സ്ഥലം അന്വേഷിക്കേണ്ട. മനസ്സുവെച്ചാൽ ട്രസ് ഏരിയെ പാർട്ടി സ്പേസ് ആയി മാറ്റിയെടുക്കാം. ഗ്യാസ് അടുപ്പും പാത്രങ്ങളും വയ്ക്കാനുള്ള കൗണ്ടർടോപ്പ്, പാത്രം കഴുകാൻ ചെറിയൊരു സിങ്ക്, വാഷ്ബേസിൻ എന്നീ സൗകര്യങ്ങളാണ് ഇതിനു വേണ്ടത്. സ്ഥലം നഷ്ടപ്പെടുത്താത്ത വിധം പാരപ്പെറ്റിനേട് ചേർന്ന് ഇൻബിൽറ്റ് ഇരിപ്പിടങ്ങളും ഒരുക്കാം.

truss44bbhh

3. കുറഞ്ഞ ചെലവിൽ ഓഫിസ് സ്പേസ്– വർക് ഫ്രം ഹോം രീതിയിൽ സ്വസ്ഥമായിരുന്നു ജോലി ചെയ്യാനുള്ള സ്ഥലവും ട്രസ് ഏരിയയിൽ ഒരുക്കാം. കാറ്റും വെളിച്ചവും കടക്കാനുള്ള സൗകര്യമാണ് അത്യാവശ്യം വേണ്ടത്. വർക് സ്പേസിൽ ലൈറ്റും ഫാനും നൽകണം. ലാപ്ടോപ്, മൊമൈൽ എന്നിവ ചാർജ് ചെയ്യാനുള്ള പ്ലഗ് പോയിന്റും വേണം.  മേശയ്ക്കും കസേരയ്ക്കുമൊപ്പം ഫയലുകളും മറ്റും സൂക്ഷിക്കാനുള്ള ഷെൽഫ് കൂടിയുണ്ടെങ്കിൽ നന്നാകും.

മറ്റുള്ളവർ എത്തുന്ന തരത്തിലുള്ള ഓഫിസാണ് വേണ്ടതെങ്കിൽ  വീടിനു പുറത്തുകൂടി സ്റ്റെയർകെയ്സ് നൽകാം. ചെലവ് കുറഞ്ഞ രീതിയിലുള്ള ജിഐ സ്റ്റെയർ ആണ് ഇതിന് അനുയോജ്യം.

4. ജിം അല്ലെങ്കിൽ ഹെൽത് ക്ലബ് – ട്രെഡ്മിൽ, വ്യായാമത്തിനുള്ള സൈക്കിൾ എന്നിവയ്ക്കും ട്രസ് ഏരിയയിൽ സ്ഥലം കണ്ടെത്താം. പവർ പ്ലഗ് നൽകണം. കാറ്റ് കയറിയിറങ്ങാനുള്ള സൗകര്യം വേണം. ഒരു വാഷ്ബേസിൽ കൂടി ഉണ്ടെങ്കിൽ നന്നാകും.

5. കുട്ടികളുടെ പ്ലേ ഏരിയ – വേണമെങ്കിൽ ട്രസ് ഏരിയയിൽ റിക്രിയേഷൻ ഹാൾ ഒരുക്കാം. ചെസ്, കാരംസ് തുടങ്ങിയവ കളിക്കാനായി ഇവിടെ ഇൻബിൽറ്റ് മേശയും ഇരിപ്പിടങ്ങളും നിർമിച്ചിടാം. തയ്യൽ മെഷീൻ ഉണ്ടെങ്കിൽ അതും വയ്ക്കാം. പത്രം, മാസിക തുടങ്ങിയവയൊക്കെ ഫയൽ ചെയ്തു സൂക്ഷിക്കുന്ന ശീലമുള്ളവർക്ക് അതിനും ഇവിടെ സ്ഥലം കണ്ടെത്താം.

ട്രസ് റൂഫിന് താഴെ പൊതുവെ ചൂട് വളരെ കൂടുതലായിരിക്കും. അതിനാൽ ആവശ്യത്തിനു കാറ്റും വെളിച്ചവും കടക്കുന്ന രീതിയിൽ ട്രസ് ഏരിയ ഡിസൈൻ ചെയ്യുകയാണ് ഏറ്റവും ആദ്യം വേണ്ടത്. ഫോൾസ് സീലിങ് നൽകുന്നതും ട്രസ് വെന്റിലേറ്ററുകൾ പിടിപ്പിക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും.

truss22
Tags:
  • Vanitha Veedu