Saturday 13 March 2021 12:39 PM IST

പുതിയ വീടുകളിൽ ടിവി ഏരിയ എവിടെ വേണം? ട്രെൻഡ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Ali Koottayi

Subeditor, Vanitha veedu

tv 1

അതിവേഗം വളർന്ന ഇലക്ട്രോണിക് സാങ്കേതിക വിദ്യയാണ് ടെലിവിഷൻ. വയർലെസ് വഴി ശബ്ദങ്ങൾക്കൊപ്പം ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്യാവുന്ന ടെലിവൈസർ കണ്ടുപിടിച്ച് ജോൺ ലോഗി ബെയേർഡ് ആ വിപ്ലവത്തിന് തുടക്കമിട്ടു. പിൽക്കാലത്ത് ടെലിവിഷന്റെ പിതാവ് എന്ന വിശേഷണം നൽകി ലോകം അദ്ദേഹത്തെ ആദരിച്ചു. ആദ്യ കാലങ്ങളിൽ‌ വീട്ടിലെ വെളിച്ചം കുറഞ്ഞ മുറിയായിരുന്നു ടിവി വയ്ക്കാനായി തിരഞ്ഞെടുത്തിരുന്നത്. ജനലുകൾ തുറക്കാൻ അനുവാദമില്ലാത്ത ഇടങ്ങൾ. വെളിച്ചത്തിലും വ്യക്തതയോടെ കാണാവുന്ന സെറ്റുകൾ വിപണിയിലെത്തിയതോടെ ടിവി, അതിന്റെ ഇരിപ്പിടം ഹാളിലേക്ക് പറിച്ചു നട്ടു. വീടുകളിലും അകത്തളങ്ങളിലും വന്ന കാലാനുസൃത മാറ്റങ്ങൾ ടിവി ഏരിയയെയും അടിമുടി മാറ്റി. ടിവിയോടൊപ്പം അത് സ്ഥാപിക്കുന്ന ഇടവും മോടി കൂട്ടാൻ തുടങ്ങി.

∙ പുതിയ കാലത്തെ വീടുകളിൽ ലിവിങ് ഏരിയകളിലായി ടിവിയുടെ സ്ഥാനം. ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, അപ്പർ ലിവിങ് തുടങ്ങി ഒരു വീട്ടിൽ ഒന്നിലധികം ടിവി യൂണിറ്റ് സെറ്റ് ചെയ്യുന്നു. പ്രായമായവര്‍ക്ക് അവരുടെ മുറികളിലും. ചിലർ മാസ്റ്റർ ബെഡ്റൂമിലും ടിവി ക്രമീകരിക്കുന്നു.

∙ ഫാമിലി ലിവിങ്ങാണ് ടിവി യൂണിറ്റ് ഒരുക്കാനുള്ള ഇടമായി നിലവിൽ തിരഞ്ഞെടുക്കുന്നത്. വീടിന്റെ ഡിസൈനിനോട് ചേർന്നും കളർ കോംബിനേഷനിലും ക്രമീകരിക്കുന്ന ഇവിടത്തെ ഭിത്തിയിൽ പാനലിങ് ചെയ്ത് ടിവി പിടിപ്പിക്കുന്നു.

∙ അംഗങ്ങൾ ഒത്തുകൂടുന്ന ഇടം എന്ന നിലയ്ക്ക് അതിനാവശ്യമായ ഇരിപ്പിടങ്ങൾ ഒരുക്കുക എന്നതാണ് പ്രധാനം. ഇരിപ്പിടം ആയാസരഹിതവും സുഖപ്രദവുമായിരിക്കണം. അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് സൗകര്യം ഒരുക്കണം. പ്രായമായവർക്ക് ഈസി ചെയർ‌ നൽകാനും ശ്രദ്ധിക്കണം.

∙ഇരുന്നും കിടന്നും ടിവി കാണുന്നവരാണ് അധികവും. അതനുസരിച്ച് ഇരിപ്പിടങ്ങൾ ഒരുക്കാം. ‘എൽ’ ഷേപ്പ് സോഫകളാണ് ടിവി ഏരിയയിലേക്ക് അനുയോജ്യം.

∙ വീട്ടുകാർ കൂടുതൽ‌ സമയം ചെലവഴിക്കുന്ന ഇടം എന്ന നിലയ്ക്ക് ഇവിടെ നൽകുന്ന കളർ തീമിലും ശ്രദ്ധിക്കണം. പാഷ്യോ, ഫാമിലിയാർഡ്, കോർട്‍യാർ‌ഡ് തുടങ്ങിയവയ്ക്കടുത്ത് ക്രമീകരിക്കുന്നതാണ് ടിവി ഏരിയക്ക് കൂടുതല്‍ നല്ലത്.

∙ വുഡൻ ഫ്ലോറിങ് ആണ് കൂടുതൽ അനുയോജ്യം. കാർപെറ്റ് വിരിക്കുന്നതും നല്ലതാണ്.

∙ സുഖകരമായ കാഴ്ചയ്ക്ക് സ്ക്രീനിന്റെ വലുപ്പമനുസരിച്ച് സ്ക്രീനിൽ നിന്ന് ഇരിപ്പിടത്തിലേക്ക് ദൂരം ക്രമീകരിക്കണം. 50 ഇഞ്ച് ടിവി ആണെങ്കിൽ മൂന്ന് മീറ്റർ അകലെ എന്ന രീതിയിലാണ് ഇരിപ്പിടങ്ങൾ ഒരുക്കേണ്ടത്. കണ്ണിന്റെ ലെവലിന് അനുസരിച്ച് ടിവി സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം.

∙പ്ലൈവുഡിന്റെ പാനലിങ്ങും അനുബന്ധ വസ്തുക്കൾ വയ്ക്കാനായി ഷെൽഫും ഒരുക്കുന്നതാണ് പുതിയ രീതി. ഇലക്ട്രിക് വയറുകളും കൺസീൽഡ് ആയിരിക്കും. ഇരിപ്പിടത്തോട് ചേർന്ന് റിമോട്ട് വയ്ക്കാനുളള സൗകര്യം ഒരുക്കുകയും വേണം.

∙ഹോം തിയറ്റർ ക്രമീകരിക്കുന്നവർ ചാനല്‍ കാണുന്നതിനും ഓണ്‍ലൈൻ സ്ട്രീമിങ്ങിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതും പുതിയ കാലത്തെ ട്രെൻഡാണ്.

1.

tv5

2.

tv3

3.

tv 2

4.

tv4

5.

tv6

6.

tv7