Friday 19 March 2021 04:16 PM IST

വുഡൻ ഫ്ലോർ എന്നാൽ തേക്ക് കഷണങ്ങൾ മാത്രമല്ല ; തെങ്ങും പനയും കൊണ്ടും നിലമൊരുക്കാം...

Sreedevi

Sr. Subeditor, Vanitha veedu

floor 1

തടി എന്ന് തീരുമാനിച്ചാൽ നമ്മുടെ നാട്ടിൽ ഏറ്റവും പ്രകൃതിദത്തമായി ലഭിക്കുന്ന തടികളിൽ കുറച്ചുകാലം മുൻപ് വരെ തെങ്ങും പനയുമൊക്കെ സുലഭമായിരുന്നു. തെങ്ങും പനയും മറ്റ് നിർമാണപ്രവർത്തനങ്ങൾക്ക് എന്ന പോലെ ഫ്ലോറിങ്ങിനും പ്രയോജനപ്പെടുത്താം. ഉറപ്പുള്ളത്, പ്രകൃതിയോടു യോജിച്ചത്, എളുപ്പത്തിൽ ലഭിക്കും, വീട്ടിൽ തന്നെ ഉള്ളത് പ്രയോജനപ്പെടുത്താം എന്നിങ്ങനെ ഒട്ടേറെ ഗുണങ്ങൾ തെങ്ങിനും പനയ്ക്കുമുണ്ട്.

നല്ല മൂപ്പെത്തിയ തെങ്ങ് അല്ലെങ്കിൽ പനയുടെ തടിയാണ് നിലമൊരുക്കാനും ഉപയോഗിക്കുന്നത്. വീടു നിർമാണത്തിനു വേണ്ടി പ്ലോട്ട് ഒരുക്കുമ്പോൾ തെങ്ങോ പനയോ മുറിക്കേണ്ടിവരികയാണെങ്കിൽ അത് നിലം നിർമിക്കാൻ പ്രയോജനപ്പെടുത്താം. മൂപ്പെത്തിയ തെങ്ങോ പനയോ മുറിക്കേണ്ടിവന്നാൽ അത് പലകകളാക്കി ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുകയുമാകാം.തെങ്ങിനെ നാലോ അഞ്ചോ കഷണങ്ങളാക്കി മുറിച്ചാൽ കടയ്ക്കലുള്ള, കാഠിന്യമുള്ള രണ്ടോ മൂന്നോ കഷണങ്ങൾ മാത്രമാണ് മിക്കവാറും പ്രയോജനപ്പെടുത്താനാവുക. മുകളിലേക്കു പോകുംതോറും തടി മൃദുവായി വരും. ഒന്നര ഇഞ്ച് കനവും മൂന്നോ നാലോ ഇഞ്ച് നീളവുമുള്ള കഷണങ്ങളാക്കി മാറ്റിയാണ് നിലത്ത് പതിക്കുന്നത്. സ്ക്രൂ ചെയ്ത് പിടിപ്പിക്കുന്നതാണ് നല്ലത്. അതിനു ശേഷം സാൻഡ്പേപ്പർ ഇട്ട് വൃത്തിയാക്കിയശേഷം പോളിഷ് അടിക്കുമ്പോൾ നിലം ഉപയോഗയോഗ്യമാകും.

ഗുണങ്ങൾ എന്ന പോലെ കുറച്ചു ദോഷങ്ങളും തെങ്ങിന്റെയും പനയുടെയും തടിക്കുണ്ട്. നന്നായി സാൻഡ്പേപ്പർ ഇട്ട് മിനുസപ്പെടുത്തി, പോളിഷ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അല്ലെങ്കിൽ പോളിഷ് പോയാൽ നിലത്തു കൂടി നടക്കുമ്പോൾ കാലിൽ ആര് കുത്താൻ സാധ്യതയുണ്ട്. രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ പോളിഷ് ചെയ്ത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. തെങ്ങിനേക്കാൾ അപകടകരമാണ് പനയുടെ നാരുകൾ. തെങ്ങും പനയും അറുത്തെടുക്കാനുള്ള പ്രയാസമാണ് മറ്റൊന്ന്. ബ്ലേഡ് വളഞ്ഞുപോകും എന്ന കാരണം പറഞ്ഞ് മില്ലുകാർ ഇത് പ്രോത്സാഹിപ്പിക്കാറില്ല. പനയുടെ തടിയിൽ ചോറ് കൂടുതൽ ആയതിനാൽ അറുത്തെടുക്കാൻ കൂടുതൽ പ്രയാസമാണ്. എന്നാൽ പനയുടെയും തെങ്ങിന്റെയും തടിയുടെ ഭംഗി ഈ പ്രശ്നങ്ങളെ മുഴുവൻ തരണം ചെയ്യാൻ സഹായിക്കും.

floor 2

തെങ്ങ് അല്ലെങ്കിൽ പന കൊണ്ടു ജോലിചെയ്യുന്നത് നാടൻ ആശാരിമാർ തന്നെയാണ്. കൂടുതൽ അധ്വാനം വേണ്ടിവരുന്നതിനാൽ പണിക്കൂലി കൂടുതൽ ആയിരിക്കും. പാലക്കാട് ജില്ലയിലും തമിഴ്നാട്ടിലുമാണ് പനകൊണ്ടുള്ള പണികളും പണിക്കാരും കൂടുതൽ. പണ്ട് തെങ്ങും പനയും പട്ടിക, കഴുക്കോൽ ആവശ്യങ്ങൾക്കാണ് കൂടുതൽ ഉപയോഗിച്ചിരുന്നത്. കഴുക്കോലിന് കോൽ കണക്കിനാണ് കണക്കാക്കുക. അത് നാല് കഷ്ണേ കിട്ടൂ. തെങ്ങ് മുറിക്കാനുള്ള വാൾ ഇടയ്ക്കിടെ മാറ്റേണ്ടിവരും. ആര് കൂടുതൽ ആയതിനാൽ തെങ്ങിന്റെ പണി കൂടുതൽ ആണ്. പ്രതലം ഹാർഡ് ആണ്. മണിക്കൂർ കണക്കിനാണ് ചാർജ് ചെയ്യുന്നത്. ബെൻസിൽ വച്ച് ആകുമ്പോൾ റെയിലിന്റെ മുകളിൽ വച്ചാണ് ചെയ്യുന്നത്. ഒരാൾ മതി പണിക്ക്. തടി കൂടുതൽ നഷ്ടമാവില്ല. കൈ കൊണ്ട് ഉപയോഗിക്കുമ്പോൾ പർഫക്ഷൻ കുറയും.നാടൻ തെങ്ങ് അല്ല ഉപയോഗിക്കുന്നത്. കടൽപ്പുറങ്ങളിൽ നിൽക്കുന്ന പടിഞ്ഞാറൻ തെങ്ങ് ആണ് ഫ്ലോറിങ് ചെയ്യാൻ ഏറ്റവും യോജിക്കുന്നത്. ഉപ്പിന്റെ സാന്നിധ്യമുള്ളതിനാൽ ആര് പൊന്തില്ല. നാടൻ തെങ്ങിന് ആര് ഉണ്ടാകും. കാറ്റ് കാലത്ത് തടി തിരിയാനും ആര് പൊന്താനും സാധ്യതയുണ്ട്.

floor3

കരിമ്പനയിൽ ആര് പൊന്തില്ല. കരിമ്പന എക്സ്പേർട്ടിനെ കാണിച്ചു വേണം മുറിക്കാൻ. വണ്ണം ആല്ല കരിമ്പനയുടെ അളവുകോൽ. ഒരു തെങ്ങിന്റെ വണ്ണമുള്ള കരിമ്പനയാണ് അനുയോജ്യം. വണ്ണമുള്ള കരിമ്പനയിൽ ആരിനെ അടുക്കും ചിട്ടയുമില്ലാതെ ചിതറിയാണ് വളരുക. വണ്ണം കുറഞ്ഞ കരിമ്പനയിൽ ആര് ചോറിനുള്ളിൽ തിങ്ങി ഒതുങ്ങിയിരിക്കും. കരിമ്പനയാണ് കൂടുതൽ യോജിച്ചത്. വർക്ക് ചെയ്യാൻ കുറച്ചധികം ഹാർഡ് ആണ്. പാലക്കാട് വണ്ടിത്താവളമാണ് അമ്പത് കൊല്ലം ഗാരണ്ടി കിട്ടും.

Tags:
  • Vanitha Veedu