അടുത്തിടെ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച ഒരു പാട്ടുണ്ടല്ലോ, ‘എൻജോയ് എൻചാമി.’ ജീവിതത്തെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് മുഴുവൻ ആ പാട്ടിലുണ്ട്. പഞ്ചഭൂതങ്ങളെയും പ്രകൃതിയെയും ഒരുപോലെ കണക്കിലെടുത്തും ബഹുമാനിച്ചുമാണ് ഞങ്ങളുടെ വീടും പൂർത്തിയാക്കിയത്.
ചെങ്ങന്നൂരിനടുത്ത് കൊഴുവല്ലൂർ എന്ന ഗ്രാമത്തിലാണ് വീട്. കാലപ്പഴക്കവും സൗകര്യങ്ങളുടെ കുറവുമായിരുന്നു പഴയ വീടിന്റെ പ്രശ്നങ്ങൾ. ഏകദേശം 75 സെന്റ് ഉള്ളതിനാൽ പഴയതു നിലനിർത്തി തന്നെയാണ് പുതിയ വീടു നിർമിച്ചത്. റോഡ് നിരപ്പിൽ നിന്ന് താഴേക്ക് ചരിഞ്ഞ പ്ലോട്ടാണ്. തട്ട് നിരപ്പാക്കാതെ, വിസ്തൃതി കൂടിയ ഭാഗത്ത് വീട് വയ്ക്കാൻ എതിർപ്പുകൾക്കിടയിലും ഞങ്ങൾ ഒന്നിച്ചു തീരുമാനിച്ചു.
രോഷ്നി ഒരു ആർക്കിടെക്ട് കൂടി ആയതിനാൽ ചൂടുപിടിച്ച ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് വീട് എന്ന ആശയം ഉരുത്തിരിഞ്ഞത്. എന്നാൽ പ്രകൃതിയിൽ നിന്ന് വേറിട്ടതല്ല വീട് എന്ന ചിന്തയിൽ ഞങ്ങളെല്ലാം ഒറ്റക്കെട്ടായിരുന്നു. ആ സമയത്താണ് ആർക്കിടെക്ട് ജി. ശങ്കറിന്റെ വീടിനെക്കുറിച്ചറിയുന്നത്. ഞങ്ങളുടെ സങ്കല്പങ്ങളുമായി ആ വീടിന് സാമ്യങ്ങൾ ഒരുപാടുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ വീടിന്റെ ആർക്കിടെക്ട് ജി. ശങ്കർ ആകണമെന്ന് ആഗ്രഹിച്ചു. അബുദാബിയിൽ നിന്ന് ശങ്കറിനെ കാണാൻ മാത്രം തിരുവനന്തപുരത്തെത്തിയ ഞങ്ങളുടെ ആവശ്യങ്ങളെല്ലാം ക്ഷമയോടെ കേട്ട്, പലതും അംഗീകരിച്ച്, ചിലതെല്ലാം തിരുത്തി ഏകദേശം ആറ് മാസമെടുത്തു 2100 ചതുരശ്രയടിയുള്ള പ്ലാൻ അവസാനഘട്ടത്തിലെത്താൻ.

കൊളോണിയൽ രീതിയിലുള്ള എലിവേഷൻ ആയിരുന്നു ഞങ്ങളുടെ സ്വപ്നത്തിൽ. നീലഗിരിയിലെല്ലാം കാണുന്ന ബംഗ്ലാവ് മോഡലിലുള്ള എലിവേഷൻ. ഹാബിറ്റാറ്റിലെ പത്മ രാജി എന്ന ആർക്കിടെക്ടാണ് ഞങ്ങളുടെ മനസ്സിനിണങ്ങിയ ഈ എലിവേഷൻ വരച്ചുതന്നത്. കൺസ്ട്രക്‌ഷൻ എൻജിനീയർ മാവേലിക്കര ഹാബിറ്റാറ്റിലെ വിനോദ് കുമാർ ആയിരുന്നു.

ഞങ്ങളുടെ ജീവിതശൈലിക്ക് അനുയോജ്യമായാണ് പ്ലാൻ തയാറാക്കിയത്. അതുകൊണ്ടുതന്നെ സാമ്പ്രദായിക രീതിയിലുള്ള സിറ്റ്ഔട്ട് ഇല്ല. പുറത്തിരുന്ന് വായിക്കാനോ അതിഥിയെ പുറത്തിരുത്തി സംസാരിക്കാനോ താൽപര്യപ്പെടാത്തതിനാലാണ് ഇങ്ങനെ ചെയ്തത്. മുൻവശത്ത് ചെറിയൊരു ലോഞ്ചും പിന്നിലും ഡൈനിങ്ങിനോടു ചേർന്നും പാഷ്യോയും നിർമിച്ചു. നല്ല കാറ്റ് കിട്ടുന്ന ഏരിയയായതിനാൽ അത് പ്രയോജനപ്പെടുത്താനാണ് ഇത്തരത്തിൽ കൂടുതൽ വാതിലുകൾ വച്ചത്.

ഫോയറിൽ നിന്ന് തുറന്ന അകത്തളത്തിലേക്കു പ്രവേശിക്കുന്നു. ഫോർമൽ ലിവിങ്, ഡൈനിങ് ഏരിയകളെയും ഫാമിലി ലിവിങ്ങിനെയും വേർതിരിക്കുന്നത് കോർട്‌യാർഡ് ആണ്. വീടിനുള്ളിൽ ഔപചാരികതകൾ ഏറ്റവും കുറവുമതി എന്നു കരുതുന്നവരാണ് ഞങ്ങൾ. അതുകൊണ്ടുതന്നെ, ഇഷ്ടമുള്ളയിടത്ത് ഇരിക്കാനും വേണ്ടിവന്നാൽ ഉച്ചമയക്കത്തിനുമുള്ള സൗകര്യം ലിവിങ് ഏരിയകളിൽ വേണമെന്ന് ആദ്യമേ ആവശ്യപ്പെട്ടിരുന്നു. ഫോർമൽ-ഫാമിലി ലിവിങ്ങുകളിലെ ഇൻബിൽറ്റ് ഇരിപ്പിടങ്ങളുടെ രഹസ്യമിതാണ്. ഇവയുടെ അടിവശം സ്റ്റോറേജുമാണ്.
വലിയ ഊണുമേശ വേണ്ട എന്നത് ഞങ്ങളുടെ സ്വഭാവസവിശേഷതകൾക്ക് അനുസരിച്ചെടുത്ത തീരുമാനമാണ്. മിക്ക സമയത്തും ലളിതമായ ഭക്ഷണരീതിയാണ്. ഇത് ടേബിളിൽ ഇരുന്നു തന്നെ കഴിക്കണം എന്ന നിർബന്ധവുമില്ല. അടുക്കളയുടെ ഡിസൈനിനെയും ഇത് സ്വാധീനിച്ചിട്ടുണ്ട്. തുറന്ന അടുക്കള വേണ്ട എന്നതുപോലെ വർക്ഏരിയ വേണ്ട എന്ന തീരുമാനവുമെടുത്തു.

വർക്ഏരിയയില്ല എന്നത് പലരും അദ്ഭുതത്തോടെയാണ് കണ്ടത്. ‘ഞാൻ ഒരു കുല പഴം തന്നാൽ നിങ്ങൾ അത് എവിടെ സൂക്ഷിക്കും’ ഞങ്ങളുടെ ഒരു സുഹൃത്ത് ചോദിച്ചതാണ്. ‘ഞങ്ങൾ സന്തോഷത്തോടെ സ്വീകരിച്ച് പഴയ വീട്ടിൽ കൊണ്ടുപോയി തൂക്കിയിടും’ എന്നു മറുപടിയും കൊടുത്തു. അനാവശ്യമായ ഇടങ്ങൾ വേണ്ട എന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്തില്ല. കിടപ്പുമുറികൾ ഉറങ്ങുന്ന സമയം മാത്രം ഉപയോഗിക്കാറുള്ളതിനാൽ കൂടുതൽ വലുപ്പം ആവശ്യമില്ല. ബാത്റൂമിനും വലിയ വലുപ്പം വേണ്ട. ഒന്നു തെന്നിയാൽ ചുമരിൽ പിടിക്കാൻ കഴിയണം. ഒരു ബാത്റൂമിന്റെ സീലിങ്ങിൽ സൺലിറ്റ് കൊടുത്തിട്ടുണ്ട്.

ഇന്റർലോക് മൺകട്ടകൾ കൊണ്ടാണ് ഭിത്തികളുടെ നിർമാണം. അകത്ത് മഡ് പ്ലാസ്റ്ററിങ് ചെയ്തു. മണ്ണ്, ചെറിയ അളവിൽ സിമന്റ്, ടാർ, മണ്ണെണ്ണ, കരി ഇവയായിരുന്നു മഡ് പ്ലാസ്റ്ററിങ്ങിലെ ചേരുവകൾ. പുറംഭിത്തികളിൽ മണ്ണിൻ ടെക്സ്ചറുള്ള പെയിന്റ് അടിച്ചു. വീടു പണിയാൻ പ്ലോട്ട് വൃത്തിയാക്കിയപ്പോൾ മുറിക്കേണ്ടി വന്ന മരങ്ങൾ കൊണ്ടാണ് തടിപ്പണികൾ ചെയ്തത്.

പണിക്കാരെ കിട്ടാനുള്ള പ്രയാസവും ലോക്ക്ഡൗണുമെല്ലാം പ്രതിബന്ധങ്ങൾ തീർത്തെങ്കിലും വീടിന്റെ ഹൈലൈറ്റ് ആയി ഫ്ലോറിങ്. ജയ്സാൽമീർ, കോട്ട സ്റ്റോണുകൾ ഇടകലർത്തിയിടുന്നതിന്റെ സൗന്ദര്യം മണ്ണിൻ നിറവുമായി ചേർന്നു പോകുന്നു. മേൽക്കൂര ചരിച്ചു വാർത്ത ഭാഗമൊഴികേ ഫില്ലർ സ്ലാബ് വിരിച്ചാണ് വാർത്തത്. ലാൻഡ്സ്കേപ്പിൽ തന്തൂർ സ്റ്റോണിനിടയിൽ മെക്സിക്കൻ ഗ്രാസ് വച്ച് വഴിയും ബഫല്ലോ ഗ്രാസിട്ട് മറ്റു ഭാഗങ്ങളും മനോഹരമാക്കി. വിദേശത്തിരുന്നാണ് ഞങ്ങൾ വീടുപണിയുടെ വിശദാംശങ്ങൾ അറിഞ്ഞിരുന്നത്. ഞങ്ങളുടെ അച്ഛൻമാരാണ് നാട്ടിൽ നിന്ന് വീടുപണിക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകിയത്. അവരുടെ ക്ഷമയും അധ്വാനവും കൂടിയാണ് ഈ വീട്.