Monday 08 November 2021 02:19 PM IST

ചെലവ് കുറയ്ക്കാൻ 10 വഴികൾ

Sreedevi

Sr. Subeditor, Vanitha veedu

cost

ചില നിയന്ത്രണങ്ങളും ബുദ്ധിപൂർവമായ ചിന്തകളും സമന്വയിപ്പിച്ചാൽ വീടുപണിയുടെ ചെലവ് നിയന്ത്രിക്കാം. അതിനു സഹായിക്കുന്ന 10 അറിവുകൾ.

> പ്ലാനിങ് കൃത്യമാകുക എന്നത് വീടുപണിയെ സംബന്ധിച്ച് സുപ്രധാന കാര്യമാണ്. നിർമാണസാമഗ്രികളുടെ വില, പണിക്കൂലി എല്ലാം മുൻകൂട്ടി അന്വേഷിച്ച് കയ്യിലെ ബജറ്റിൽ ഒതുങ്ങുന്ന പ്ലാൻ തയാറാക്കുക. അനുമതി വാങ്ങുന്നതിനു മുമ്പ് പ്ലാൻ എത്ര വേണമെങ്കിലും മാറ്റിവരയ്ക്കാം. എന്നാൽ, നിർമാണം ആരംഭിച്ച ശേഷം പ്ലാനിൽ മാറ്റങ്ങൾ വരുത്താതിരിക്കുന്നതാണ് നല്ലത്. ട്രെൻഡ് മാറുന്നത് പെട്ടെന്നാണ്. വീടുപണി പുരോഗമിക്കുമ്പോൾ ട്രെൻഡ് അനുസരിച്ച് മുൻകൂട്ടി നിശ്ചയിച്ച നിർമാണസാമഗ്രിയിൽ മാറ്റം വരുത്തുന്നതും ചെലവു കൂട്ടും.

> തട്ടുകളുള്ള സ്ഥലത്താണ് വീടുവയ്ക്കുന്നതെങ്കിൽ തട്ടിന്റെ നടുവിൽ വേണം വീടിനു സ്ഥാനം കാണാൻ. ഏതെങ്കിലും അരികിലേക്ക് വീട് നീങ്ങിയാൽ അടിത്തറയ്ക്കു വേണ്ടി കൂടുതൽ കുഴിക്കുകയോ മണ്ണിടുകയോ വേണ്ടിവരും.

> പലപ്പോഴും രണ്ട് നില കെട്ടിടത്തിന് ആവശ്യമായതിലേറെ ഉറപ്പ് നമ്മുടെ നാട്ടിലെ വീടുകളുടെ അടിത്തറകൾക്കുണ്ടാകാറുണ്ട്. ആവശ്യത്തിലേറെ കരിങ്കല്ല് കുത്തി നിറച്ചും ബീം വാർത്തും ചെലവും കൂട്ടേണ്ടതില്ല. ഉറപ്പുള്ള ഭൂമിയാണെങ്കിൽ ഭാരം താങ്ങുന്ന ഭിത്തികളുടെ താഴെ മാത്രം ബീം മതി.

> കെട്ടിയ ഭിത്തി പൊളിക്കുക, പുതിയ മുറികൾ കൂട്ടിച്ചേർക്കുക തുടങ്ങിയ നിസ്സാരമെന്നു വിചാരിക്കുന്ന കാര്യങ്ങൾ ചെലവു കൂട്ടും. വൃത്തം, സമചതുരം എന്നിവയാണ് കട്ടയുടെ അളവ് ഏറ്റവും കുറച്ചുപയോഗിക്കുന്ന ആകൃതികൾ.

cost3

> മേൽക്കൂര പല തട്ടായി വാർക്കുമ്പോൾ ചെലവു കൂടും. ഓരോ തവണത്തെ വാർപ്പിനും മെഷീൻ വാടകയ്ക്ക് എടുക്കണം, പണിക്കാരുടെ സ്പെഷൽ ഭക്ഷണം ഇങ്ങനെ ചെലവ് കൂടുന്ന വഴി അറിയില്ല. ഫില്ലർ സ്ലാബ് രീതിയിൽ മേൽക്കൂര വാർക്കുന്നത് 30 ശതമാനം വരെ ചെലവ് കുറയ്ക്കും. വീടിനുള്ളിലെ ചൂട് കുറയ്ക്കാനും ഇതു സഹായിക്കും.

> വീടിനകത്ത് ആവശ്യത്തിനു കാറ്റും വെളിച്ചവും കിട്ടാനും അതേസമയം സ്വകാര്യത നഷ്ടപ്പെടാതിരിക്കാനും ജാളികൾ പ്രയോജനപ്പെടുത്താം. ഇതിന് ചെലവും കുറവാണ്. ടെറാക്കോട്ട ജാളികളോ പെർഫറേറ്റഡ് ഷീറ്റ് വാങ്ങി പ്രത്യേകം ജാളി നിർമിക്കുന്നതിലോ ലാഭം ഇഷ്ടിക പ്രത്യേക രീതിയിൽ അടുക്കി ഉണ്ടാക്കുന്നതാണ്.

cost1

> ഇരുനിലവീടുകളിൽ കോൺക്രീറ്റ് സ്‌റ്റെയർ വാർക്കുന്നതിലും ചെലവ് കുറവ് മെറ്റൽ ഫ്രെയിമിൽ പടികൾ പിടിപ്പിക്കുന്നതാണ്. സ്ഥലം ലാഭിക്കാനും ഇതു സഹായിക്കും.

> ഭിത്തി നിർമിക്കുന്ന സാമഗ്രി ഏതാണെന്ന് നേരത്തേ തീരുമാനിച്ചാൽ അതിന്റെ നീളത്തിനനുസൃതമായി മുറികളുടെ നീളവും വീതിയും തീരുമാനിക്കാം. കട്ടകൾ മുറിക്കാതെ ഭിത്തി നിർമിക്കാം എന്നതാണ് ഇതിന്റെ ഗുണം. പണിക്കൂലിയും കട്ട പാഴാക്കുന്നതും കുറയ്ക്കാം.

> ഒറ്റ നില വീടുകളിൽ ഭാവിയിൽ മുകളിൽ മുറിയെടുക്കാൻ എന്നു പറഞ്ഞ് ഗോവണി വാർത്തിടുന്ന പതിവുണ്ട്. പണച്ചെലവും സ്ഥലനഷ്ടവും മാത്രമാണ് ഇതിന്റെ പരിണിത ഫലം. ഗോവണി വേണമെങ്കിൽ മെറ്റൽ ഫ്രെയിമിൽ ഉണ്ടാക്കാവുന്നതാണ്. അതിനുള്ള സ്ഥലം ഉണ്ടായിരിക്കണം എന്നേയുള്ളൂ. ടെറസിലേക്കുള്ള ഗോവണി വാർക്കുന്നതിനു പകരം മെറ്റൽ ഫ്രെയിമിൽ പെർഫറേറ്റഡ് ഷീറ്റിട്ട് നിർമിക്കാം.

cost2

> സിറ്റ്ഔട്ട്, വർക്ഏരിയ, വരാന്ത തുടങ്ങിയ മുറികൾ വാർക്കാതെ ട്രസ്സ് റൂഫ് നൽകി ഒാടുമേയാം. രണ്ട് – അഞ്ച് രൂപ വിലയ്ക്ക് പഴയ ഓട് ലഭിക്കും. ഇതുപയോഗിക്കുന്നതും ചെലവ് കുറയ്ക്കും.