സ്ട്രക്ചറിൽ മാറ്റം വരുത്താതെ മൂന്നു മാസത്തിനുള്ളിൽ പുത്തനാക്കിത്തരണം! ഇതായിരുന്നു കൊച്ചി പൈപ്പ് ലൈൻ റോഡിലെ 3 BHK ഫ്ലാറ്റ് ഏൽപ്പിക്കുമ്പോൾ വീട്ടുകാരായ ആനന്ദും വിദ്യയും ആർക്കിടെക്ട് ടീമിന് നൽകിയ നിർദേശങ്ങളുടെ സാരാംശം .
മിനിമം മാറ്റങ്ങൾ. വളരെക്കുറച്ചു സമയം. ഇടുക്കം തോന്നിക്കുന്ന രീതിയിലുള്ള 1282 സ്ക്വയർഫീറ്റ് ഫ്ലാറ്റിനെ വിശാലസുന്ദരമായി മാറ്റിയെടുക്കണം! ആർക്കിടെക്ട് ടീം ഇതൊരു വെല്ലുവിളിയായി എറ്റെടുക്കുകയായിരുന്നു.
വെളിച്ചക്കുറവായിരുന്നു ഇന്റീരിയറിന്റെ പ്രധാന പോരായ്മ. ചുമരിലെ ചുമപ്പും തവിട്ടും പെയിന്റ് മാറ്റിയതോടെ ഇതിന് ഏറെക്കുറെ പരിഹാരമായി.
ചുമപ്പുനിറം ഹൈലൈറ്റർ വോളിൽ മാത്രം ഒതുക്കി ബാക്കിയിടങ്ങളിലെല്ലാം വെള്ളയും ഇളംനിറങ്ങളും നൽകി. വീട്ടുകാർക്കിഷ്ടപ്പെട്ട പേസ്റ്റൽ നിറക്കൂട്ടിലേക്ക് കിടപ്പുമുറികളെ മാറ്റി.
ലിവിങ്, ഡൈനിങ് എന്നിവയോടു ചേർന്നുള്ള ബാൽക്കണിയിലേക്ക് തുറക്കുന്ന പഴയ തടിവാതിൽ മാറ്റി പകരം വലിയ ഓപനിങ് നൽകിയാൽ കൂടുതൽ വെളിച്ചവും കാറ്റും ഉള്ളിലെത്തുമായിരുന്നു. ഭിത്തി പൊളിക്കുന്നതിനോട് വീട്ടുകാർക്ക് യോജിപ്പില്ലാത്തതിനാൽ അതൊഴിവാക്കി. ചുമരിന് ഇളംനിറം നൽകിയതിനോടൊപ്പം ഇവിടെ പുതിയ ലൈറ്റുകൾ നൽകി.
ചെലവ് നിയന്ത്രിക്കണം എന്നുണ്ടായിരുന്നതിനാൽ തറയിലും മാറ്റമൊന്നും വരുത്തിയില്ല. വാക്സ് പോളിഷ് ചെയ്ത് വിട്രിഫൈഡ് ടൈൽ തറയുടെ ഭംഗി കൂട്ടി. ഫോൾസ് സീലിങ് പുതിയതായി നൽകി.
സ്ഥലം പാഴാക്കാത്ത ഫർണിച്ചർ
ഓരോ ഇടങ്ങൾക്കും യോജിച്ച ഡിസൈനിലുള്ള ഫർണിച്ചർ തന്നെ തിരഞ്ഞെടുത്തു. സ്ഥലം ഒട്ടും പാഴാക്കാത്ത ഡിസൈനിനായിരുന്നു മുൻഗണന. പുതിയ ഫർണിച്ചറിനൊപ്പം ചുമരിൽ പെയിന്റിങ്ങുകൾ കൂടി അണിനിരന്നതോടെ ഇന്റീരിയർ അപ്പാടെ മാറി.
പഴയ ഫ്ലാറ്റ് വാങ്ങുകയായിരുന്നു ആനന്ദും വിദ്യയും. കിച്ചൻ കാബിനറ്റ്, വാഡ്രോബ് എന്നിവയെല്ലാം ഉള്ളനിലയിലായിരുന്നു ഫ്ലാറ്റ്. ചുമപ്പ്, പർപ്പിൾ തുടങ്ങി കടുംനിറങ്ങളിലായിരുന്നു ഇവ.
ചെലവ് കൈവിട്ടുപോകും എന്നതിനാൽ ഇവ പൂർണമായി നീക്കാൻ പോയില്ല. ശ്രദ്ധാപൂർവം പെയിന്റ് നീക്കം ചെയ്തു. ഇപ്പോഴത്തെ ട്രെൻഡിന് യോജിച്ച ന്യൂട്രൽ നിറങ്ങൾ പുതിയതായി നൽകി.
ഫോയറിലേക്കുള്ള ഫർണിച്ചർ പ്രത്യേകം ഡിസൈൻ ചെയ്തു പണിയിപ്പിച്ചെടുത്തു. ഇതിനു ചേരുന്ന ചുമരലങ്കാരങ്ങൾ കൂടി നൽകിയതോടെ ഹൃദ്യമായി സ്വാഗതമോതുന്ന ഇടമായി ഫോയർ മാറി.
കസ്റ്റംമെയ്ഡ് ഡിസൈനിൽ നിർമിച്ചെടുത്തതാണ് ടിവി യൂണിറ്റും. ലിവിങ് സ്പേസിന് അടുത്തായി ചുമരിൽ ഗണപതി ഭഗവാന്റെ ചിത്രവും അതിനു താഴെയായി പൂജാ സ്പേസും ഒരുക്കി.
The Revamped Gem എന്നാണ് ഫ്ലാറ്റിനു നൽകിയിരിക്കുന്ന പേര്. തേച്ചുമിനുക്കിയ രത്നം തന്നെയാണ് ഇപ്പോൾ ഈ ഫ്ലാറ്റ്.
ഡിസൈൻ: സ്റ്റുഡിയോ വിസ്ത ആർക്കിടെക്ട്സ്, കടവന്ത്ര, കൊച്ചി, info@studiovistaar.com