പ്രകൃതിയോട് ചേർന്ന് നിൽക്കണം, അകത്തളത്തിൽ മഡ് പ്ലാസ്റ്ററ്ററിങ്ങിന്റെ കുളിര് നിറയണം, പുറംഭിത്തി തേക്കാതെ നിർത്തി ആകർഷകമാക്കണം തൃശൂർ ജില്ലയിലെ പെരിങ്ങനം സ്വദേശി കണ്ണനും ഭാര്യ ദീപികയ്ക്കും വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു ഇതെല്ലാം. മനസ്സിൽ കണ്ട പോലെ വീട് യാഥാർഥ്യമാക്കി നൽകിയത് കോസ്റ്റ്ഫോർഡിലെ എൻജീനിയർ ശാന്തിലാൽ.

വീടു വയ്ക്കാൻ ആശിച്ചു വാങ്ങിയ സ്ഥലത്ത് ഒരു ചെറിയ പഴയ ഓട് മേഞ്ഞ വീടുണ്ടായിരുന്നു. അത് പൊളിച്ചാണ് വീട് പണിതത്. ആ വീടിന്റെ ഓട് പുനരുപയോഗിച്ചു. പഴയ തടി വാങ്ങി ഉപയോഗിച്ചാണ് വീട്ടിലേക്കുള്ള ഫർണിച്ചറുകൾ ഒരുക്കിയത്. മൂന്ന് കിടപ്പുമുറി, ലിവിങ്, ഡൈനിങ്, കോർട്‌യാർഡ്, അപ്പർ ലിവിങ്, സിറ്റ് ഔട്ട്, കിച്ചൻ, വർക്ക് ഏരിയ തുടങ്ങിയവയാണ് സൗകര്യങ്ങൾ.

ഒരു കിടപ്പുമുറിയിൽ വുഡൻ ഫ്ലോർ നൽകി മറ്റിടങ്ങളിൽ വിട്രിഫൈഡ് ടൈൽ പരീക്ഷിച്ചു. വെട്ടുകല്ലിലാണ് ഭിത്തി. കിച്ചൻ ഒഴിച്ച് അകത്തളത്തിലെ മറ്റിടങ്ങളിൽ മഡ് പ്ലാസ്റ്ററിങ് ചെയ്തു. അകത്ത് തന്നെ ചിലയിടങ്ങൾ തേക്കാതെ നിർത്തിയിട്ടുമുണ്ട്. ഫില്ലർ സ്ലാബിലാണ് കോൺക്രീറ്റ് വാർത്തത്.

താഴത്തെ നിലയിൽ ഒരു കിടപ്പുമുറിയും മുകളിൽ രണ്ടു കിടപ്പുമുറിയും ക്രമീകരിച്ചു. എസിപി അലുമിനിയത്തിൽ കാബിനറ്റ് നൽകിയാണ് കിച്ചനിൽ സ്റ്റോറേജ് ഒരുക്കിയത്. ആകെ വിസ്തീർണ്ണം 2100 സ്ക്വയർഫീറ്റ്.

മുള വാങ്ങി ട്രീറ്റ് ചെയ്ത് മുകളിലെ ലിവിങ്ങിൽ അലങ്കാരമായി നൽകിയതും സൈനിങ്ങിലേക്ക് തുറന്നിരിക്കുന്ന അകത്ത് മഴ എത്തിക്കുന്ന കോർട്‌യാർഡും വീട്ടുകാരുടെ പ്രത്യേക ഇഷ്ടങ്ങളായിരുന്നു. കാറ്റും വെളിച്ചവും മഴയും തണുപ്പും സമ്മാനിക്കുന്ന വീട് അതിഥികൾക്കും പ്രിയപ്പെട്ടതാകുന്നു.