ന്യൂസീലൻഡിലെ ശാന്തസുന്ദരമായ ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ തങ്ങളുടെ വീടിന്റെ വിശേഷങ്ങളുമായി അപ്പുവും ടെസ്സയും പറഞ്ഞു തുടങ്ങി. ‘‘വിശ്വസിക്കാനേ പറ്റില്ല! ആറ് മണിക്കു തന്നെ ഇവിടെ കടകൾ അടയ്ക്കും, ഡിന്നറും കഴിഞ്ഞ് എട്ടു മണിയാവുമ്പോഴേ ഇവിടത്തുകാർ ഉറങ്ങിക്കഴിയും. വിൽക്കാനായി ഡവലപേഴ്സ് പരസ്യം ചെയ്തതു കണ്ടാണ് പ്ലോട്ട് വാങ്ങിയത്. ഇവിടെ അങ്ങനെയാണ്. സ്ഥലം സബ്ഡിവിഷനുകളാക്കി തിരിച്ച് കൗൺസിൽ തന്നെ ഒാരോ ഡവലപേഴ്സിനു കൊടുക്കും. അവർ അത് പരസ്യം ചെയ്യും. 712 സ്ക്വയർ മീറ്ററാണ് ഞങ്ങളുടേത്. ഏകദേശം 20 സെന്റിൽ താഴെ.

പ്ലോട്ട് വാങ്ങിയാൽ ഇഷ്ടമുള്ള ബിൽഡറെ കൊണ്ട് നമ്മുടേതായ പ്ലാനോ, ബിൽഡറുടെ മോഡൽ പ്ലാനുകളോ പണിയിപ്പിക്കാം. മുഴുവൻ കാര്യങ്ങളും ബിൽഡർ തന്നെ സബ്കോൺട്രാക്റ്റ് ചെയ്യും. സ്ഥലം വാങ്ങുന്നതിനു പുറമേ, വീടുപണിയുടെ ഒാരോ ഘട്ടവും ന്യൂസീലൻഡിലെ ലാൻഡ്, ബിൽഡിങ് റൂളുകൾക്ക് അനുസരിച്ചാണോ എന്നത് കൗൺസിൽ പരിശോധിക്കും. ബിൽഡിങ് നിയമാനുസൃതമാണോ എന്നു പരിശോധിച്ച ശേഷം നമ്മുടെ കൈയിൽ നിന്നു വാങ്ങിയ ഡെപ്പോസിറ്റ് ഡവലപേഴ്സ് തിരിച്ചുതരും. ടൈൽ, റൂഫ്, കാർപറ്റ് തുടങ്ങിയവ മാത്രം നമ്മൾ തിരഞ്ഞെടുത്തു കൊടുത്താൽ മതി. ‘വോക് ത്രൂ’ സമയത്ത് ലൈറ്റുകളും സ്വിച്ചുകളും എവിടെ വേണമെന്നു പറയാം. താക്കോൽ കൈമാറുമ്പോൾ കൗൺസിലിന്റെ എല്ലാ രേഖകളും നമുക്കു ലഭിക്കും.

ഒരു നില വീടുകളാണ് അധികവും. ചില സ്ഥലങ്ങളിൽ മാത്രമേ രണ്ടു നിലയ്ക്ക് കൗൺസിൽ അംഗീകാരം കൊടുക്കൂ. മുൻവശത്ത് ഫെൻസ് കാണില്ല, മറ്റു മൂന്ന് വശങ്ങളിലും ആവാം. വീട് കൈമാറ്റം നടത്തി ആറു മാസത്തിനകം മുൻവശത്ത് പുൽത്തകിടി ചെയ്താൽ കൗൺസിൽ നമുക്ക് പൈസ തരുമെന്നതിനാൽ എല്ലാവരും അതു ചെയ്യും. പുൽത്തകിടി പരിപാലിക്കുകയും ചെയ്യും!

വുഡൻ ഫ്രെയിമുകളിലാണ് ഭിത്തി. ഇപ്പോൾ ചിലർ സ്റ്റീലിലും ചെയ്യുന്നുണ്ട്. ഫോയർ, ലോഞ്ച്, ലിവിങ്, മൂന്ന് ബെഡ്റൂം, ഡബിൾ ഗാരിജ് എന്നിവയാണ് ഞങ്ങളുടെ വീട്ടിൽ. സീറ്റിങ്ങും ഡൈനിങ്ങും ഒാപൻ കിച്ചനും ചേരുന്ന വലിയ യൂണിറ്റാണ് ലിവിങ്. നാടുമായി നോക്കുമ്പോൾ ഇൗ ഒാപൻ ലിവിങ് ആണ് ഏറ്റവും വ്യത്യസ്തമായി തോന്നിയിട്ടുള്ളത്.ലോഞ്ചിനും ലിവിങ്ങിനും ഇടയിൽ ഒരു സ്ലൈഡിങ് പാർട്ടീഷൻ കൊടുത്തിട്ടുണ്ട്. മാസ്റ്റർ ബെഡ്റൂമിന് വോക്ഇൻ വാഡ്രോബും ബാത്റൂമും ഉണ്ട്. പിന്നെ, ഒരു കോമൺ ബാത്റൂമും. നാട്ടിലെപ്പോലെ, എല്ലാ ബെഡ്റൂമിനും ടൊയ്‍ലറ്റ് എന്ന ഏർപ്പാടേ ഇവിടെ ഇല്ല.

മലയാളികൾ മിക്കവാറും കർട്ടൻ നാട്ടിൽ നിന്നുകൊണ്ടുവരും. ഇവിടെ അതിന് വലിയ വിലയാണ്. തെർമൽസും, ബ്ലോക് ഒൗട്ട് കർട്ടനും ഉണ്ടെങ്കിൽ സൂര്യപ്രകാശത്തെയും തണുപ്പിനെയും പ്രതിരോധിക്കാം. വീടുകൾക്ക് തണുപ്പിനെ പ്രതിരോധിക്കാൻ ഹീറ്റിങ് യൂണിറ്റും ഡബിൾ ഗ്ലേസ് ഗ്ലാസും ആർഗോൺ ഗ്യാസ് സംവിധാനവും കാണും. പിറകിൽ ഫിഗും ചെറിയും പ്ലമ്മും വച്ചിട്ടുണ്ട്.ന്യൂസീലൻഡിന്റെ സൗത്ത് െഎലണ്ടിലാണ് ക്രൈസ്റ്റ് ചർച്ച്. ന്യൂസീലൻഡിലെ മൂന്നാമത്തെ വലിയ നഗരം. ഇവിടത്തെ ശാന്തതയും സമാധാനവുമാണ് ഏറ്റവുമധികം ആകർഷിച്ചിട്ടുള്ളത്. ജോലിയും ജീവിതവും ബാലൻസിൽ കൊണ്ടുപോകുന്ന രാജ്യം. പിരിമുറുക്കം ഇല്ലേയില്ല. കുട്ടികൾക്ക് എട്ടാം ക്ലാസ് വരെ പരീക്ഷയേ ഇല്ല. വാരാന്ത്യങ്ങൾ അവധി. ആ ദിവസങ്ങളിൽ ഇവിടത്തുകാർ വീട്ടിലിരിക്കാറേ ഇല്ല. ഒൗട്ട്ഡോർ ആക്ടിവിറ്റികൾക്കാണ് പ്രാധാന്യം. കൗൺസിൽ നടത്തുന്ന പരിപാടികളും കൂട്ടുകാരുടെ ഒത്തുചേരലുകളുമായി സന്തോഷിക്കാം.
ഇൗ ക്രൈസ്റ്റ് ചർച്ച് ആണ് ഭീകരാക്രമണത്തിന്റെ പേരിൽ ഇൗയിടെ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. മറ്റാരെക്കാളും ഞങ്ങൾ തന്നെയാണ് ഏറ്റവും ഞെട്ടിയത്. 20- 25 മിനിറ്റ് ഡ്രൈവ് മാത്രമേ ഉള്ളൂ ആ മോസ്കിലേക്ക്. അതിനു മുന്നിലെ ഹെഗ്‍ലി പാർക്ക് ആണ് ലോകത്തിലെ രണ്ടാമത്തെ വലിയ സിറ്റി പാർക്ക്. പല കമ്മ്യൂണിറ്റി പരിപാടികളും അവിടെയാണ് നടക്കാറുള്ളത്.കുടിയേറ്റക്കാരെ ഇനി എങ്ങനെ കാണുമെന്ന് പേടിച്ച ഞങ്ങളോടുള്ള അവരുടെ പ്രതികരണമായിരുന്നു അമ്പരപ്പിച്ചത്. അവർ നമ്മുടെ വിശേഷങ്ങൾ തിരക്കിക്കൊണ്ടിയിരുന്നു, കൂടുതൽ കരുതലോടെ ചേർത്തുപിടിച്ചു. ‘‘ആർ യു ഒാകെ? ഇല്ലെങ്കിൽ അവധിയെടുത്തോളൂ...’’ എന്ന സ്നേഹത്തിന് എത്ര നന്ദി പറയണം... ഇൗ രാജ്യത്തെ എങ്ങിനെ സ്നേഹിക്കാതിരിക്കും....