രണ്ടേമുക്കാൽ സെന്റിലെ കൊച്ചുവീട്. 30 വർഷത്തിലേറെ പഴക്കമുണ്ട്, അടിത്തറയ്ക്ക് ഭാരം താങ്ങാനുള്ള ശേഷി കുറവാണ്. പ്രശ്നങ്ങൾ ഒരുപാട് ഉണ്ടെങ്കിലും പൊളിക്കേണ്ട, പുതുക്കിപ്പണിയാം എന്നായിരുന്നു ആർക്കിടെക്ട് അക്ഷയ് കെ. മേനോന് തോന്നിയത്. അധ്വാനം, മൂലധനം, പ്രകൃതിവിഭവങ്ങൾ ഇതെല്ലാം പാഴാക്കാതിരിക്കാൻ പൊളിച്ചുകളയൽ കുറയ്ക്കണം എന്നു വിശ്വസിക്കുന്ന ആർക്കിടെക്ട് യുവത്വത്തിന്റെ പ്രതീകമാണ് അക്ഷയ്. കെട്ടിടത്തിന് ഘടനാപരമായ ഉറപ്പ് കുറവാണെങ്കിൽപ്പോലും വിജയകരമായി സൗകര്യങ്ങൾ വർദ്ധിപ്പിക്കാമെന്ന് ഈ പുതുക്കിപ്പണിയലിലൂടെ അക്ഷയ് ഉറപ്പിച്ചു.
താഴത്തെ നിലയിൽ വലിയ രീതിയിലുള്ള പൊളിക്കലുകൾ സാധ്യമായിരുന്നില്ല. മിക്ക ഭിത്തികളും ലോഡ് താങ്ങുന്നവയായിരുന്നു എന്നതാണ് കാരണം. അതുകൊണ്ടുതന്നെ വീടിനെ ഓപ്പൻ പ്ലാനിലേക്ക് മാറ്റാൻ കഴിഞ്ഞില്ല. ബാത്റൂം പൊതുവായി പങ്കിടുന്ന രണ്ട് കിടപ്പുമുറികളുണ്ടായിരുന്നു. അതിൽ ഒന്ന് ഡൈനിങ് റൂമും മറ്റേത് ബാത്റൂം അറ്റാച്ഡ് ബെഡ്റൂമും ആക്കിമാറ്റി. പഴയ സ്റ്റോറേജ് റൂം മാറ്റി അവിടെ ഗോവണിക്കു സ്ഥാനം കണ്ടെത്തി. താഴത്തെ നിലയിൽ ഘടനാപരമായി ഇത്രയും മാറ്റങ്ങളേ വരുത്തിയിട്ടുള്ളൂ. പഴയ ഭിത്തികൾ ഇഷ്ടികകൊണ്ടുള്ളവയായതിനാൽ താഴത്തെ നിലയിലെ പുതുക്കലുകൾക്കെല്ലാം ഇഷ്ടിക തന്നെ ഉപയോഗിച്ചു.
ജനലുകളും വാതിലുകളും മാറ്റിയത് വീടിന് പുതുമ തോന്നിക്കാൻ സഹായിച്ചു. പഴയ ജനലുകളുടെയും വാതിലുകളുടെയും പാളികളും ഗ്രില്ലും പൂർണമായി പുനരുപയോഗിച്ചു. ടെറസിലേക്കുള്ള ഗോവണിയുടെ കൈപ്പിടിയായും കോർട്‌യാർഡിന്റെ സേഫ്ടി ഗ്രിൽ ആയുമാണ് അഴികൾ പുനരുപയോഗിച്ചത്.
മുകളിൽ ലോബിയും രണ്ട് കിടപ്പുമുറികളും പുതിയതു നിർമിച്ചു. പുതിയതായെടുക്കുന്ന മുറികളുടെ ഭാരം താങ്ങാനുള്ള കഴിവ് അടിത്തറയ്ക്ക് ഇല്ലാത്തതിനാൽ സ്റ്റീൽ ഫ്രെയിമിലാണ് മുകളിലെ നില നിർമിച്ചത്. കോൺക്രീറ്റ് ഇന്റർലോക്ക് ബ്രിക്ക് ഉപയോഗിച്ച് ഭിത്തികളും നിർമിച്ചു. ഭിത്തികൾ തേക്കാതെ പോയിന്റ് ചെയ്ത് മുകളിൽ പെയിന്റ് അടിക്കുകയാണ് ചെയ്തത്. ഈർപ്പമടിക്കാൻ സാധ്യതയുള്ള പുറംഭിത്തികൾ വാട്ടർപ്രൂഫിങ് ഏജന്റ് ഉപയോഗിച്ചും അകത്തെ ഭിത്തികൾ പുട്ടി ഉപയോഗിച്ചും പോയിന്റ് ചെയ്തു. സ്റ്റീൽ സാൻഡ്‌വിച്ച് പാനൽ ഉപയോഗിച്ച്, ഒരു വശത്തേക്കു മാത്രം ചരിവ് സൃഷ്ടിച്ച് മേൽക്കൂര നിർമിച്ചു.
ചെറിയ പ്ലോട്ടിലെ ബിൽഡിങ് റൂൾസിന് അനുസൃതമായി മുകളിലെ നിലയിലെ ഒരു കിടപ്പുമുറിക്കും ലോബിക്കും തുറക്കാവുന്ന ജനാലകൾ കൊടുക്കാൻ സാധിക്കുമായിരുന്നില്ല. സീലിങ്ങിനോടു ചേരുന്ന ഭാഗത്ത് ഭിത്തിയിൽ ക്ലിയർ വിൻഡോ നൽകുകയാണ് ചെയ്തത്.
പഴയ ബിൽഡിങ് റൂൾസ് അനുസരിച്ചു പണിത വീട് ആയതിനാൽ പ്ലോട്ടിലെ സെറ്റ്ബാക്ക് കുറവാണ്. സിമന്റും മണലുമൊക്കെ ഇറക്കാൻ സ്ഥലമില്ലായിരുന്നു. മുകളിലെ നിലയ്ക്ക് ഇന്റർലോക്ക് ബ്രിക്ക് ഉപയോഗിക്കാൻ ഇത് ഒരു കാരണമായി. ആ പ്രദേശത്തെ ഏറ്റവും പഴയ വീടുകളിൽ ഒന്നായതിനാൽ ചുറ്റുപാടുകളേക്കാൾ താഴ്ന്നാണ് ഈ വീടിന്റെ സ്ഥാനം. അതുകൊണ്ട് ഡ്രെയിനേജ് സംവിധാനത്തിലും മാറ്റങ്ങൾ വരുത്തേണ്ടിവന്നു. പുറത്തുനിന്ന് ടെറസിലേക്ക് ഉണ്ടായിരുന്ന പഴയ ഗോവണി പൊളിച്ചപ്പോൾ അവിടെ കുറച്ചു സ്ഥലം കിട്ടി. ഇവിടെ കാർപോർച്ച് നിർമിച്ച് സ്ലൈഡിങ് ഗേറ്റും നൽകി. ഇന്റീരിയർ കൂടി പുതുക്കിയതോടെ സൗകര്യപ്രദമായ വീട് എന്ന സ്ഥാനമാറ്റം കിട്ടി പുത്തൂരുള്ള ഈ വീടിന്.
ചിത്രങ്ങൾ: മുരളി അബിമാനി
PROJECT FACTS:
Area: 1600 sqft Owner: ഗോപകുമാർ & രജനി Location: പുത്തൂർ, പാലക്കാട് Design: Akshay Menon Architects + Planners, പാലക്കാട് Email: akshaymenonarchitects@gmail.com