Monday 02 August 2021 03:30 PM IST

അധോലോകത്തിന്റെ വീടു കാണാം; തൃശൂരു വരെ പോയാൽ മതി!

Sunitha Nair

Sr. Subeditor, Vanitha veedu

sunitha 1

ഡാർക് സീൻ പ്രതീക്ഷിച്ചു വരുന്നവരെയെല്ലാം നിരാശപ്പെടുത്തും ഈ അധോലോക വീട്. തൂവെള്ള നിറത്തിൽ ചിരി തൂകി നിൽക്കുന്ന ഈ വീട് ചാലക്കുടിയിലെ അധോലോകം റസ്റ്ററന്റ് ഉടമ ജിസ് മോൻ ജോണിന്റെയാണ്. മുരിങ്ങൂരിൽ അഞ്ചര സെന്റിൽ 1700 ചതുരശ്രയടിയിലുള്ള വീടിന്റെ ഇന്റീരിയർ ഒരുക്കിയത് ജിസ്മോന്റെ ഭാര്യയും ഗൃഹനാഥയുമായ ദിവ്യയാണ്. 

sunitha 8

ജിസ്മോനും ദിവ്യയ്ക്കും വീടിനെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാൽ വീടിന്റെ ഏകദേശ രൂപം വരച്ച് സുഹൃത്ത് കൂടിയായ തൃശൂർ പരിയാരത്തെ കളർ വില്ല എന്ന ഡിസൈൻ സ്ഥാപനത്തിലെ ഡിസൈനർ ജിതിനെ ഏൽപ്പിച്ചു. അതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി, കണക്കുകൾ ശരിയാക്കി ജിതിൻ കൂടുതൽ ഭംഗിയാക്കി.

sunitha 5

താഴത്തെ നിലയിൽ രണ്ടു കിടപ്പുമുറികൾ വേണമെന്നായിരുന്നു ഇവർക്ക് ആഗ്രഹം. കൂടാതെ, കോർട് യാർഡും  വേണം. എന്നാൽ, ലിവിങ്, ഫാമിലി ലിവിങ്, കോർട് യാർഡ്, അടുക്കള എന്നിവയോടൊപ്പം ഒരു കിടപ്പുമുറിയേ പറ്റുകയുള്ളൂ എന്ന അവസ്ഥ വന്നു. അല്ലെങ്കിൽ ഫാമിലി ലിവിങ്ങോ കോർട് യാർഡോ വേണ്ടെന്നു വയ്ക്കണം. അങ്ങനെയാണ് അടുക്കള നീളത്തിൽ നൽകാമെന്ന ആശയം ഉരുത്തിരിയുന്നത്. ഒപ്പം, ലിവിങ്ങും ഫാമിലി ലിവിങ്ങും നീളത്തിലാക്കി. അതോടെ എല്ലാം പെർഫെക്ട് ഒകെ. വീട്ടുകാർ ആഗ്രഹിച്ചതു പോലെ എല്ലാ മുറികളും ഉൾപ്പെടുത്താനായി. മുകളിലെ നിലയിൽ രണ്ടു കിടപ്പുമുറികളാണുള്ളത്.

sunitha 2

കോർട് യാർഡിൽ ജിഐ പർഗോള നൽകി ചെടികൾ പടർത്തി. താഴെ പുല്ല് വിരിച്ചു. ലിവിങ് - ഫാമിലി ലിവിങ്ങിനോടു ചേർന്നുള്ള ഈ കോർട് യാർഡിൽ വെർട്ടിക്കൽ ഗാർഡൻ കൂടി നൽകിയതോടെ ഇന്റീരിയറിന്റെ മാറ്റ് കൂട്ടുന്ന ഇടമായി ഇവിടം മാറി. 

sunitha 4

തേക്കിൻ തടി കൊണ്ടാണ് ജനലുകളും വാതിലുകളും. മുറികളിലെല്ലാം വെള്ള വിട്രിഫൈഡ് ടൈൽ വിരിച്ചു. ലിവിങ് റൂമിൽ മൾട്ടി വുഡ് കൊണ്ട് ചില ഇന്റീരിയർ വർക് ചെയ്തതൊഴിച്ചാൽ മറ്റ് അലങ്കാരങ്ങളൊന്നുമില്ല. പുതിയതായി ഫർണിച്ചർ പണിതതിനൊപ്പം പഴയവ പുതുക്കി ഉപയോഗിച്ചു. അടുക്കളയിലെ കാബിനറ്റുകളും കിടപ്പുമുറിയിലെ വാ ഡ്രോബുകളും എസിപി ഷീറ്റ് കൊണ്ടു നിർമിച്ചു.

sunitha 7

വെള്ള-നീല കോംബിനേഷനിലുള്ള ഈ വീട്ടിൽ അമിതാലങ്കാരങ്ങളൊന്നുമില്ല. അതു കൊണ്ടു തന്നെ ഉദ്ദേശിച്ച ബജറ്റിൽ വീടു പണി പൂർത്തിയാക്കാനായി. ചതുരശ്രയടിക്ക് 46 രൂപ വിലയുള്ള ടൈലാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. കാബിനറ്റുകൾക്ക് എ സിപി ഷീറ്റ് ഉപയോഗിച്ചതും പഴയ ഫർണിച്ചർ പുതുക്കിയെടുത്തതും ചെലവു കുറച്ചു.

sunitha 3

തേക്കിൻ തടി ലാഭത്തിൽ മരം മുറിച്ച് വാങ്ങി. ലേബർ കോൺട്രാക്ട് നൽകിയതും പണം ലാഭിച്ചു. ചെലവ് നിയന്ത്രിച്ച് ആശിച്ചതു പോലെ വീടു പണിയാനായതിൽ കോൺട്രാക്ടർ പൈനാടത്ത് വർഗീസിന്റെ സംഭാവന ശ്രദ്ധേയമാണെന്ന് വീട്ടുകാർ പറയുന്നു.

sunitha 6
Tags:
  • Vanitha Veedu