Friday 18 November 2022 04:31 PM IST

തറവാട് പൊളിച്ചിട്ടും മായാതെ ഓർമകൾ; തറവാടിന്റെ പുനർജന്മം പോലെ പുതിയ വീട്...

Sreedevi

Sr. Subeditor, Vanitha veedu

punar1

തിരുവനന്തപുരം പോത്തൻകോടുള്ള ഈ വീടിന് അർബൈൻ ഐവി ആർക്കിടെക്ട്സ് ഇട്ട പേര് ‘പുനർജനി’ എന്നാണ്. ബാങ്ക് ഉദ്യോഗസ്ഥരായ ഹരികൃഷ്ണന്റെയും നീതുവിന്റെയും തറവാടാണ് ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് പുനരുജ്ജീവിപ്പിച്ചത്.

punar3 സ്വീകരണമുറി

കുടുംബാംഗങ്ങളെല്ലാം ഓരോ വിശേഷദിവസവും ആഘോഷിച്ചത് തറവാട്ടിലായിരുന്നു. എല്ലാറ്റിലുമുപരി, തൊട്ടടുത്തുതന്നെയുള്ള കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് എല്ലാവരും എത്തും, അമ്പലത്തിൽ കൊടിയിറങ്ങുംവരെ തറവാട്ടിലും ഉത്സവമായിരിക്കും. പഴയ പ്രൗഢിയും സൗകര്യങ്ങളും ചോരാതെ അത്തരമൊരു തറവാടിന് പുനർജന്മമേകണം. നീതുവും ഹരികൃഷ്ണനും അർബൻ ഐവി ആർക്കിടെക്ട്സിനു മുന്നിൽവച്ചത് ഈ ആവശ്യമാണ്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം വീട്ടുകാർ മോഹിച്ച വീടിന്റെ പ്ലാൻ തയാറായി.

പുതിയ വീടിനോട് സ്വാഭാവികമായി ഉണ്ടാകാവുന്ന അകൽച്ച കുറയ്ക്കാൻ പരമ്പരാഗതശൈലിയെ കൂട്ടുപിടിക്കുകയാണ് ആർക്കിടെക്ട് ടീം ആയ നാൻസി മേരി ആൻ, എ. എസ്. നിഖിൽ, എ. ആർ. വിഷ്ണു, ആനന്ദ് രവീന്ദ്രൻ എന്നിവർ കണ്ടുപിടിച്ച വഴി. എന്നാൽ നവീന ആശയങ്ങളും ജീവിതശൈലിയും പിൻതുടരുന്ന വീട്ടുകാർക്ക് മോഡേൺ സൗകര്യങ്ങളെല്ലാം നൽകുകയും വേണം.

puna2 വരാന്ത

ചുറ്റുപാടുകളേക്കാൾ അല്പം ഉയർന്ന സ്ഥലത്താണ് വീടിരിക്കുന്നത്. തൊട്ടടുത്തുതന്നെ കുടുംബക്ഷേത്രവുമുണ്ട്. അത്തരമൊരു ചുറ്റുപാടിലേക്ക് ചേരുന്നതും ‘ട്രെഡീഷനൽ ടച്ച്’ ഉള്ള വീടാണ്. ക്ഷേത്രത്തിലെ ഉത്സവത്തിന് വീട്ടിലെത്തുന്ന ബന്ധുക്കൾക്കെല്ലാം താമസസൗകര്യം ഒരുക്കണം. അതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. അതേസമയം, അതിഥികൾ ഉള്ള ദിവസങ്ങളിലും വീട്ടുകാരുടെ സ്വകാര്യജീവിതത്തിന് തടസ്സമുണ്ടാകരുത് എന്നും ആർക്കിടെക്ട് ടീം ആഗ്രഹിച്ചു.

സ്വകാര്യത നഷ്ടപ്പെടാതിരിക്കാൻ വീടിനെ രണ്ട് ബ്ലോക്കുകളാക്കി മാറ്റി. വരാന്തയും ഗെസ്റ്റ് ലിവിങ്ങും പ്രധാന കെട്ടിടത്തിൽ നിന്ന് വേറിട്ടു നിൽക്കുന്നു. ഗെസ്റ്റ് ലിവിങ്ങിന് ഗെസ്റ്റ്ഹൗസിന്റെ കൂടി റോൾ നൽകി. ഇതിനുവേണ്ടി ഗെസ്റ്റ് ലിവിങ്ങിനോട് ഒരു വാഷ്ഏരിയയും ബാത്റൂമും കൂട്ടിച്ചേർത്തു. പുറത്തുനിന്നും ഈ ബാത്റൂമിലേക്ക് പ്രവേശിക്കാൻ സൗകര്യമുണ്ട്.

punar5 ഡബിൾ ഹൈറ്റ് രണ്ട് നിലകളെയും ബന്ധിപ്പിക്കുന്നു, അർബൈൻ ഐവി ടീമായ നാൻസി മേരി ആൻ, എ. എസ്. നിഖിൽ, എ. ആർ. വിഷ്ണു, ആനന്ദ് രവീന്ദ്രൻ

ഫാമിലി ലിവിങ്, ഡൈനിങ്, അടുക്കള, കിടപ്പുമുറികൾ ഇവയെല്ലാം ചേർന്ന ബ്ലോക്ക് വീട്ടുകാർക്ക് നൂറ് ശതമാനം സ്വകാര്യത ഉറപ്പാക്കുന്നു. ഇവിടത്തെ മുറികളെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒന്നു വിളിച്ചാൽ ഏതു മുറിയിലും കേൾക്കും.

ഡബിൾഹൈറ്റ് ഉള്ള ഡൈനിങ് ഏരിയ എല്ലാ മുറികളുടെയും കേന്ദ്രബിന്ദുവാണ്. ഭാവിയിൽ ഒരു ഭിത്തി പണിത് മുറിയാക്കി മാറ്റാവുന്ന ഒരു സ്ഥലം കോമൺ ഏരിയയുടെ ഭാഗമായി ഉണ്ടാകണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഡൈനിങ്ങിന്റെ ഭാഗമായ ചെറിയ ഏരിയ ഇത്തരത്തിൽ പ്രയോജനപ്പെടുത്താം. കിഡ്സ് ഏരിയ എന്ന നിലയിലാണ് ഇപ്പോൾ ഈ സ്ഥലം ഉപയോഗിക്കുന്നത്. ഹരികൃഷ്ണൻÐ നീതു ദമ്പതിമാരുടെ മകന്റെ പഠനവും കളിയുമെല്ലാം ഇവിടെയാണ്. കോമൺ ഏരിയയിൽ എവിടെ നിന്നാലും ഇങ്ങോട്ട് കണ്ണെത്തും. ബാത്റൂം അറ്റാച്ഡ് ആയ ഈ ഏരിയ ഭാവിയിൽ അടച്ച് മുറിയാക്കി മാറ്റാം.

punar4 കിടപ്പുമുറി, ഹരികൃഷ്ണനും നീതുവും മകൻ അയാൻഷിനൊപ്പം

തിരക്കുപിടിച്ച ജീവിതരീതി പിൻതുടരുന്ന വീട്ടുകാരുടെ എളുപ്പത്തിന് ഓപ്പൻ കിച്ചനാണ് തിരഞ്ഞെടുത്തത്. മാത്രവുമല്ല, ഒരു ഏരിയയും വേറിട്ടു നിൽക്കരുതെന്ന് വീട്ടുകാർ പ്രത്യേകം നിഷ്കർഷിച്ചിരുന്നു.

തറവാടിന്റെ ഓർമകൾ സംരക്ഷിക്കുന്ന വീടായതിനാൽ പ്രൗഢി ഒട്ടും കുറയ്ക്കാതെയാണ് അകത്തളം ഡിസൈൻ ചെയ്തത്. തേക്കാണ് തടിയുടെ ആവശ്യങ്ങൾക്കെല്ലാം ഉപയോഗിച്ചത്. വീടിന്റെ കോമൺ ഏരിയകളിലെല്ലാം ആത്തംകുടി ടൈൽ വിരിച്ച് ആകർഷകമാക്കി. കിടപ്പുമുറികളിൽ വിട്രിഫൈഡ് ടൈൽ ആണെങ്കിലും നിറവും ടെക്സ്ചറും വീടിന്റെ മറ്റു ഘടകങ്ങളോടു ചേർന്നു നിൽക്കും. ഹാൻഡ്റെയിലുകൾക്കു നൽകിയിരിക്കുന്ന ഗ്രിൽ പോലും ‘മിനിമൽ’ അല്ല. വീടിന്റെ ഓരോ ഘടകവും, ചെറുതാണെങ്കിൽപ്പോലും, ഏതെങ്കിലും തരത്തിലുള്ള വിശദാംശങ്ങളോടു കൂടിയതാണ്. അകത്തളത്തിനും ട്രെഡീഷനൽ ടച്ച് നൽകാൻ ആർക്കിടെക്ട് ടീം തിരഞ്ഞെടുത്ത മാർഗമാണിത്.

ഓടിട്ട, ചരിഞ്ഞ മേൽക്കൂരയാണ് എക്സ്റ്റീരിയറിന്റെ ഗാംഭീര്യം. പകുതി തുറന്ന ബാൽക്കണി ഇതിന്റെ മാറ്റുകൂട്ടുന്നു. ഇവിടെ നിന്ന് ക്ഷേത്രാന്തരീക്ഷം അനുഭവിക്കാനാകും.

Project Facts

Area: 3500 Sqft

Owner: Harikrishnan & Neethu

Location : Pothencode, Trivandrum

Design: Urbane Ivy, Trivandrum & Kochi

Email Id: urbaneivy@gmail.com