Tuesday 01 February 2022 12:26 PM IST : By സെബാസ്റ്റ്യൻ ജോസ്, ആർക്കിടെക്ട്, ശില്പി ആർക്കിടെക്ട്സ്, കൊച്ചി

ഫ്ലെക്സിബിലിറ്റിയാണ് 2022 ന്റെ ഡിസൈൻ മന്ത്രം, മാറ്റങ്ങളെ ഉൾക്കൊള്ളണം...

3 സെബാസ്റ്റ്യൻ ജോസ്, ആർക്കിടെക്ട്

പുതിയ വീടുകളുടെ എണ്ണം കുറയുമെന്നും പണിയുന്ന വീടുകൾ കൂടുതൽ ചെറുതാകുമെന്നുമാണ് ഞങ്ങൾ ആർക്കിടെക്ടുകൾ പേടിച്ചിരുന്നത്. പക്ഷേ, സംഭവിച്ചത് നേരെ തിരിച്ചാണ്. കുറച്ചു കാലത്തേക്കെങ്കിലും ലോകം വീടിനുള്ളിലേക്ക് ചുരുങ്ങിയതോടെ പുതിയ വീട് വയ്ക്കാനും പഴയ വീട് നവീകരിക്കാനും സമീപിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി.

Untitled

ഡിസൈനിന്റെ കാര്യത്തിൽ 25 വർഷത്തിനുള്ളിൽ സംഭവിച്ചതിൽ കൂടുതൽ മാറ്റങ്ങൾ കഴിഞ്ഞ രണ്ട് വർഷത്തിലുണ്ടായി. അനിശ്ചിതത്വങ്ങൾ വിട്ടുമാറാത്തതിനാൽ ഇതു തുടരുകയും ചെയ്യാം.

താമസിക്കാനും ഉറങ്ങാനുമുള്ള സ്ഥലം എന്നതിനപ്പുറം വീട് പലവിധ പ്രവർത്തനങ്ങൾക്കുള്ള ‘മൾട്ടി പർപ്പസ് സ്പേസ്’ ആയി എന്നതാണ് സുപ്രധാന മാറ്റം. ഇന്ന് വീടു തന്നെയാണ് സ്കൂളും കോളജും ഓഫിസും ഉല്ലാസ സ്ഥലവുമെല്ലാം. ഇത് വീട്ടകത്തിന്റെ അതിർവരമ്പുകളെ പുനർനിർവചിച്ചു. പുതിയ ഇടങ്ങൾ വീടിന്റെ ഭാഗമായി. ഉള്ള ഇടങ്ങൾ പുതിയ ആവശ്യങ്ങൾക്കൊത്ത് പരുവപ്പെട്ടു. ഒാൺലൈൻ ക്ലാസ്, വർക് ഫ്രം ഹോം എന്നിവയ്ക്കുള്ള സൗകര്യങ്ങൾ ആവശ്യങ്ങളുടെ പട്ടികയിൽ മുന്നിൽത്തന്നെ ഇടംപിടിച്ചു. ചിലർ ഇതിനു പ്രത്യേകം മുറി വേണമെന്നു നിഷ്കർഷിക്കുമ്പോൾ മറ്റുചിലർ കിടപ്പുമുറിയിലും ഫാമിലി ലിവിങ്ങിലും വിദഗ്ധമായി സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെടും. പുതുപ്പള്ളിയിലെ അമേരിക്കൻ മലയാളിയുടെ വീടിന്റെ പണി പകുതിയായ ശേഷമാണ് ഓഫിസ് റൂം കൂട്ടിച്ചേർത്തത്. കാരണം ഒന്നര വർഷമായി വീട്ടിലിരുന്നാണ് അദ്ദേഹം ജോലി ചെയ്യുന്നത്.

2

കുടുംബാംഗങ്ങളിൽ കൂടുതൽ പേരും ഒരുമിച്ച്, കൂടുതൽ സമയം വീടിനുള്ളിൽ ചെലവഴിക്കാൻ തുടങ്ങിയതോടെ വീട്ടകം കൂടുതൽ വിശാലമാകുന്ന കാഴ്ചയാണ് എല്ലായിടത്തും. വരാന്ത, ബാൽക്കണി എന്നിങ്ങനെ എയർ കണ്ടീഷൻ ചെയ്യാത്ത ഇടങ്ങൾക്കും സ്വീകാര്യത കൂടുന്നു. പൂന്തോട്ടം കാണാൻ മാത്രമുള്ളതല്ലെന്നും അവിടെ സമയം ചെലവഴിക്കാനുള്ളതാണെന്നുമുള്ള തിരിച്ചറിവ് വന്നതോടെ പ്രകൃതിയിലേക്ക് തുറക്കുന്ന ഇടങ്ങളോടുള്ള ഇഷ്ടവും കൂടി. മുറ്റത്ത് സ്ഥലമുണ്ടെങ്കിലും ഇല്ലെങ്കിലും ഇൻഡോർ പ്ലാന്റ്സ് വീടിനകത്ത് ഇടംപിടിക്കുന്നുണ്ട്.

വളർത്തുമൃഗങ്ങളോടുള്ള ഇഷ്ടം കൂടിയതും അവയ്ക്കായുള്ള ഇടം ഡിസൈനിന്റെ ഭാഗമായതുമാണ് ലോക്ഡൗണിന്റെ മറ്റൊരു ‘ആഫ്റ്റർ ഇഫക്ട്’.

മാറ്റങ്ങൾ ഇതോടെ അവസാനിച്ചു എന്നല്ല. ലോകം പഴയതുപോലെ ആകുമോ എന്നും വ്യക്തമല്ല. മാറ്റങ്ങളെ ഉൾക്കൊള്ളാൻ കഴിയും വിധം ഡിസൈൻ ചെയ്യുക എന്നതാണ് ഇപ്പോൾ പ്രധാനം.

വീട്ടിലിരിക്കുന്ന സമയം കൂടി. ഒപ്പം വീട്ടിലിരുന്നു ചെയ്യേണ്ട കാര്യങ്ങളുടെ എണ്ണവും കൂടി. ഇതിനുള്ള സ്ഥലവും സൗകര്യങ്ങളും ഉൾപ്പെടുത്തി വേണം വീട് ഡിസൈൻ ചെയ്യാൻ. കുറേ നാളുകൾക്കു ശേഷം സാഹചര്യങ്ങൾ പഴയതുപോലെയാകുമ്പോൾ ഇവയൊന്നും ബാധ്യതയാകാനും പാടില്ല. ഡിസൈൻ മുൻപത്തെക്കാളും ‘ആലോചന’ ആവശ്യപ്പെടുന്ന കാലമാണിപ്പോൾ. വിവേകത്തോടെ വേണം ഓരോ തീരുമാനവും.