Saturday 11 April 2020 01:06 PM IST

ഇ-വേസ്റ്റ് വീട്ടിലുണ്ടോ? ഈ പ്രഫസർ വീട്ടിലെത്തി ശേഖരിക്കും..

Sunitha Nair

Sr. Subeditor, Vanitha veedu

Untitled-1

മാലിന്യ സംസ്കരണം എപ്പോഴും തലവേദനയാണ്. അതിൽ തന്നെ ഇ വേസ്റ്റ് അഥവാ ഇലക്ട്രോണിക് വേസ്റ്റ്. ഭൂമിക്ക് ഇവ മൂലമുണ്ടാകുന്ന ആഘാതം ഊഹിക്കാവുന്നതിലപ്പുറമാണ്.ഇ മാലിന്യം നമ്മുടെ വീട്ടിലെത്തി ശേഖരിച്ചു കൊണ്ടു പോകാൻ ആളുണ്ടെങ്കിലോ? എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നു ചിരിച്ചു തള്ളാൻ വരട്ടെ. സംഗതി സത്യമാണ്. മാലിന്യം ശേഖരിക്കാൻ എത്തുന്ന ആൾ നിസ്സാരക്കാരനല്ല എന്നു കൂടി അറിയുക. കക്ഷി പ്രഫസറാണ്. തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിലെ അസിസ്റ്റന്റ് പ്രഫസർ ജെയ്മോൻ ജേക്കബ്. കഴിഞ്ഞ നാലു വർഷമായി ജെയ്മോന്റെ നേതൃത്വത്തിൽ സംഭരിച്ചത് 30 ടണ്ണിലധികം ഇലക്ട്രോണിക് വേസ്റ്റ് ആണ്.

എൻജിനീയറിങ് കോളജിലെ എൻ എസ്എസ് ചുമതലക്കാർക്ക് ക്ലീൻ കേരള കമ്പനി നടത്തിയ ക്ലാസിൽ നിന്നാണ് ഇ മാലിന്യ ശേഖരണമെന്ന ആശയത്തിനു തുടക്കം. കുട്ടികൾക്ക് ആക്ടിവിറ്റി പോയിന്റിനായി ഓരോരുത്തർക്കും 100 കിലോഗ്രാം ഇ വേസ്റ്റ് ശേഖരിക്കാൻ നിർദേശം കൊടുത്തു. 400 കുട്ടികൾ ചേർന്ന് ശേഖരിച്ച 22 ടൺ വിറ്റപ്പോൾ ആറ് ലക്ഷം രൂപ കിട്ടി. ആ പണം കൊണ്ട് തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിലെ ഒൻപത് ക്ലാസ് മുറികൾ സ്മാർട് ക്ലാസ് റൂമുകളാക്കി. കോളജിനു മുന്നിൽ മനോഹരമായ പുൽത്തകിടി പിടിപ്പിച്ചു.

കുട്ടികളുടെ സഹകരണത്തോടെയുള്ള ഇ വേസ്റ്റ് ശേഖരണം അതോടെ തീർന്നെങ്കിലും മാലിന്യത്തിനെതിരെയുള്ള ജെയ്മോന്റെ പോരാട്ടം അവിടെ തുടങ്ങുകയായിരുന്നു. ഒരു കോളജ് അധ്യാപകൻ ഇതിനു പോകേണ്ട കാര്യമുണ്ടോ എന്നു ചോദിക്കുന്നവരോട് ഇതു തന്റെ നിയോഗമാണെന്നാണ് ജെയ്മോന്റെ മറുപടി. മാലിന്യം ശേഖരിച്ചു സംസ്കരിക്കാൻ കൊടുക്കും മുൻപ് അതു പുനരുപയോഗിക്കാനും ശ്രമിക്കുന്നു.അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഐ എച്ച് ആർഡി ഇടപ്പള്ളി മേഖലാ കേന്ദ്രവും കലൂരിലെ മോഡൽ ഫിനിഷിങ് സ്കൂളും ഐഎച്ച്ആർഡി ജെയ്മോനെ ഏൽപ്പിച്ചു. രണ്ടു സ്ഥാപനങ്ങളും ഇന്നു സ്വന്തം നിലയിൽ വരുമാനമുണ്ടാക്കുന്ന, ഒട്ടേറെ പ്രോജക്ടുകൾ നടപ്പാക്കുന്ന സ്ഥാപനങ്ങളായി വളർന്നു.

ഇൻഫോപാർക്കിലെ ഒരു കമ്പനിയിൽ നിന്നു കിട്ടിയ പഴയ നൂറിലധികം ലാപ്ടോപ്പുകളിൽ പകുതിയും നന്നാക്കിയെടുത്തു. അതിലാണ് സർക്കാർ ഉദ്യോഗസ്ഥരെ മലയാളം പഠിപ്പിക്കുന്നത്.ഇലക്ട്രോണിക് ഉപകരണങ്ങളിൽ പലതിലും ലെഡ്, കാഡ്മിയം എന്നിവയുണ്ട്. ഇതു മണ്ണിൽ കലർന്നാൽ വരും തലമുറകളിൽ ജനിതക വൈകല്യങ്ങൾ ഉണ്ടാകാം. അത് ഒഴിവാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് ജെയ്മോന്റെ ഉദ്യമത്തിന്.

വീട്ടിൽ ഇ വേസ്റ്റുണ്ടെങ്കിൽ 9497432197 എന്ന നമ്പറിൽ വിളിച്ചാൽ മതി. എറണാകുളം നഗരത്തിൽ എവിടെയും ജെയ്മോൻ എത്തി ശേഖരിക്കും. ട്യൂബ് ലൈറ്റും ബൾബും എടുക്കുന്നതല്ല. മറ്റു സ്ഥലങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കാനുള്ള സൗകര്യവും ജെയ്മോൻ ഏർപ്പെടുത്തിയിട്ടുണ്ട്. മകൻ ജ്യോതിസ്സും ഇ വേസ്റ്റ് ശേഖരണത്തിൽ ജെയ്മോനെ സഹായിക്കാറുണ്ട്.